സുഹൃത്തേ, ഇന്ന് മത്തായി 1:22-ൽ നിന്ന് ഒരു അത്ഭുതകരമായ വാഗ്‌ദത്തം ഉണ്ട്, “കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും. അവന്നു ദൈവം നമ്മോടുകൂടെ എന്നർത്ഥമുള്ള ഇമ്മാനൂവേൽ എന്നു പേർ വിളിക്കും." ഇന്ന് അവൻ നിങ്ങളോടൊപ്പമുണ്ടെന്ന് കർത്താവ് വാഗ്ദാനം ചെയ്യുന്നു. നിങ്ങൾക്ക് ദുഃഖവും നഷ്ടബോധവും തോന്നുന്നുണ്ടോ? ഒരു കാരണവുമില്ലാതെ നിങ്ങൾക്ക് വിഷാദം അനുഭവപ്പെടുന്നുണ്ടോ? ചിലപ്പോൾ നമുക്ക് നഷ്ടമായതും ദൈവത്തിൽ നിന്ന് വിച്ഛേദിക്കപ്പെട്ടതുമായി തോന്നുന്ന നിരവധി കാര്യങ്ങളെക്കുറിച്ച് നാം ചിന്തിക്കുന്നു. എന്നാൽ അതിനർത്ഥം യേശു നിങ്ങളോടൊപ്പമില്ലെന്നാണോ? അതിനർത്ഥം ദൈവം നിങ്ങളെ ശ്രദ്ധിക്കുന്നില്ലെന്നാണോ? അല്ല, അവൻ നിങ്ങളോടുകൂടെയുണ്ടെന്ന് കർത്താവ് പറയുന്നു. അവന്റെ നാമം തന്നെ അത് പറയുന്നു -  ഇമ്മാനൂവേൽ, ദൈവം നമ്മോടുകൂടെ.

നിങ്ങളിൽ പലർക്കും അറിയാവുന്ന ഒരു കഥയുണ്ട്, 'മണലിലെ പാദമുദ്രകൾ ' എന്ന കഥ. ഒരു മനുഷ്യൻ മണലിലെ കാൽപ്പാടുകളെക്കുറിച്ച് സ്വപ്നം കണ്ടു. അവൻ നോക്കുന്നിടത്തെല്ലാം, രണ്ട് കൂട്ടം കാൽപ്പാടുകൾ ഉണ്ടായിരുന്നു, ഒന്ന് വലുതും ഒന്ന് ചെറുതും. എന്നാൽ അവന് ഏറ്റവും ബുദ്ധിമുട്ടുണ്ടായ സ്ഥലങ്ങളിൽ ഒരു കൂട്ടം കാൽപ്പാടുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവൻ നഷ്ടമനുഭവിക്കുകയും ദുഃഖിക്കുകയും നിരുത്സാഹപ്പെടുകയും ചെയ്തപ്പോൾ മണലിൽ ഒരു കൂട്ടം കാൽപ്പാടുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. നമ്മിൽ പലരേയും പോലെ ആ മനുഷ്യനും ചിലപ്പോഴൊക്കെ അസ്വസ്ഥനായിരുന്നു. അവൻ പറഞ്ഞു, "കർത്താവേ, ഞാൻ നഷ്ടമനുഭവിക്കുകയും ദുഃഖിക്കുകയും ചെയ്ത സമയങ്ങളിൽ, അങ്ങ് എന്റെ അടുത്തൊന്നും ഉണ്ടായിരുന്നില്ല. ഒരു കൂട്ടം കാൽപ്പാടുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ! "

ദൈവം മറുപടി പറഞ്ഞു, "എന്റെ പ്രിയ മകനേ, ആ കാൽപ്പാടുകൾ എന്റേതാണ്. നീ നഷ്ടമനുഭവിക്കുകയും ദുഃഖിക്കുകയും വിഷാദത്തിലാകുകയും ചെയ്തപ്പോൾ ഞാൻ നിന്നെ എന്റെ കൈകളിൽ ചുമന്നു. അതുകൊണ്ടാണ് നീ ഒരു കൂട്ടം കാൽപ്പാടുകൾ മാത്രം കണ്ടത് ". അതെ, എന്റെ പ്രിയ സുഹൃത്തേ, അതാണ് കർത്താവ് ഇന്ന് നിങ്ങളോട് പറയുന്നത്, അവൻ നിങ്ങളെ ചുമക്കുന്നു. നിങ്ങൾക്ക് വിഷാദം തോന്നിയാലും നഷ്ടമനുഭവപ്പെട്ടാലും യേശുവിൽ നിന്ന് അകന്നാലും, അവനിൽ നിന്ന് ഓടിപ്പോകരുത്. അവന്റെ അടുത്തേക്ക് ഓടിവരിക, അപ്പോൾ കർത്താവ് നിങ്ങളെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് നിങ്ങളെ ഓർമ്മിപ്പിക്കും. ഇന്ന്, നിങ്ങളെ തന്റെ ആത്മാവിനാൽ നിറയ്ക്കാനും തന്റെ ആശ്വാസകരമായ സാന്നിധ്യം കൊണ്ട് നിങ്ങളെ ശക്തിപ്പെടുത്താനും കർത്താവിനോട് അപേക്ഷിക്കുക.

PRAYER:
പ്രിയ കർത്താവേ, അങ്ങ് എപ്പോഴും എന്നോടൊപ്പമുണ്ടെന്ന വാഗ്‌ദത്തത്തിന് നന്ദി. എനിക്ക് ഏകാന്തതയോ നഷ്ടബോധമോ തോന്നിയാലും അങ്ങ് ഒരിക്കലും എന്നെ വിട്ടുപോകുകയില്ല. അങ്ങ് 'ഇമ്മാനൂവേൽ', എന്നോടൊപ്പം നടക്കുന്ന എന്റെ ദൈവം ആകുന്നു. എനിക്ക് അങ്ങയെ കാണാൻ കഴിയാത്തപ്പോൾ, അങ്ങ് എന്നെ ചുമക്കുന്നുണ്ടെന്ന് വിശ്വസിക്കാൻ എന്നെ സഹായിക്കേണമേ. എന്റെ മനസ്സ് ഉത്കണ്ഠയാൽ ഭാരമായിരിക്കുമ്പോൾ എന്റെ ഹൃദയത്തെ അങ്ങയുടെ സമാധാനം കൊണ്ട് നിറയ്ക്കണമേ. എനിക്ക് ബലഹീനത തോന്നുമ്പോൾ എന്നെ എഴുന്നേൽപ്പിക്കണമേ, ദിവസത്തിലെ ഓരോ നിമിഷവും അങ്ങയുടെ ആശ്വാസകരമായ സാന്നിധ്യം എന്നെ വലയം ചെയ്യട്ടെ. അങ്ങിൽ നിന്ന് അകന്നുപോകാതെ അങ്ങയുടെ അടുത്തേക്ക് ഓടിവരാൻ ദയവായി എന്നെ നയിക്കേണമേ. കർത്താവേ, എന്നെ അങ്ങയുടെ ഭുജങ്ങളിൽ ചേർത്തുപിടിച്ചതിന് അങ്ങേയ്ക്ക് നന്ദി. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.