ഹാലോ സുഹൃത്തുക്കളെ, ഇന്നത്തെ വാഗ്ദത്ത വചനം ഇപ്രകാരം പറയുന്നു, "ഉറപ്പും ധൈര്യവും ഉള്ളവരായിരിപ്പിൻ;... അവനോടുകൂടെയുള്ളതിലും വലിയൊരുവൻ നമ്മോടുകൂടെ ഉണ്ടു" (2 ദിനവൃത്താന്തം 32:7). ഉറപ്പും ധൈര്യവും ഉള്ളവരായിരിക്കാൻ കർത്താവ് ഇന്ന് നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. എലീശാ പ്രവാചകനെക്കുറിച്ച് അടുത്തിടെ എന്നെ ഓർമ്മിപ്പിച്ച മനോഹരമായ ഒരു കഥ വേദപുസ്തകത്തിൽ ഉണ്ട്. അരാംരാജാവും യിസ്രായേൽരാജാവും തമ്മിൽ ഒരു വലിയ യുദ്ധമുണ്ടായി. അരാമിലെ രാജാവ് യിസ്രായേലിനെ ആക്രമിക്കാൻ തയ്യാറെടുക്കുകയായിരുന്നു. ഒരു ദിവസം, എലീശയുടെ ബാല്യക്കാരൻ രാവിലെ എഴുന്നേറ്റു പുറത്തിറങ്ങിയപ്പോൾ, ഒരു വലിയ സൈന്യം അവരെ വളയുന്നത് കണ്ട് അവൻ ഭയപ്പെട്ടു. ഉടനെ അവൻ എലീശയുടെ അടുത്തേക്ക് ഓടിച്ചെന്ന് പറഞ്ഞു, "യജമാനനേ, ഈ ആളുകളെ നോക്കൂ! അവർ എത്രയോ പേരുണ്ട്. അവർ നമ്മെ നശിപ്പിക്കാൻ പോകുകയാണ്!" എന്നാൽ എലീശ ഭയപ്പെട്ടില്ല. പകരം, അവൻ യഹോവയോട് പ്രാർത്ഥിച്ചു. 2 രാജാക്കന്മാർ 6:17-ൽ നാം ഇത് വായിക്കുന്നു, "എലീശാ പ്രാർത്ഥിച്ചു, യഹോവേ, ഇവൻ കാണത്തക്കവണ്ണം ഇവന്റെ കണ്ണു തുറക്കേണമേ എന്നു പറഞ്ഞു." യഹോവ ബാല്യക്കാരന്റെ കണ്ണു തുറന്നു; എലീശയുടെ ചുറ്റും അഗ്നിമയമായ കുതിരകളും രഥങ്ങളും കൊണ്ടു മല നിറഞ്ഞിരിക്കുന്നതു അവൻ കണ്ടു. അതെ! അവരെ സംരക്ഷിക്കാൻ കർത്താവ് തന്റെ സ്വർഗ്ഗീയസൈന്യത്തെ അയച്ചിരുന്നു. അതുകൊണ്ടാണ് എലീശാ തന്റെ ബാല്യക്കാരനോടു ഇങ്ങനെ പറഞ്ഞത്, "പേടിക്കേണ്ടാ; നമ്മോടുകൂടെയുള്ളവർ അവരോടു കൂടെയുള്ളവരെക്കാൾ അധികം."
എന്റെ പ്രിയ സുഹൃത്തുക്കളേ, ഇന്ന് നാമും ആ ബാല്യക്കാരനെപ്പോലെയാണ്. പലപ്പോഴും, നമ്മുടെ ആത്മീയ കണ്ണുകൾ അടഞ്ഞിരിക്കുകയും ചുറ്റുമുള്ള സാഹചര്യങ്ങൾ നമ്മെ ഭയപ്പെടുത്തുകയും ചെയ്യുന്നു. നാം നമ്മുടെ ഭാവിയെക്കുറിച്ച് ആശങ്കപ്പെടുകയും, “കർത്താവേ, ഞാൻ ഇനി എന്തുചെയ്യും? ഈ സാഹചര്യത്തെ ഞാൻ എങ്ങനെ നേരിടും?” എന്ന് ചിന്തിക്കുകയും ചെയ്യുന്നു. നിങ്ങളിൽ ചിലർ ഗർഭിണികളായിരിക്കുകയും പ്രസവിക്കാൻ കാത്തിരിക്കുകയും ചെയ്തേക്കാം. നിങ്ങൾ ചിന്തിക്കുന്നുണ്ടാകാം, "കർത്താവേ, എനിക്ക് വല്ലാതെ പേടിയാകുന്നു. ഈ കുട്ടിയെ ഞാൻ എങ്ങനെ പ്രസവിക്കും?" നിങ്ങളിൽ ചിലർ നിങ്ങളുടെ പരീക്ഷകൾക്ക് തയ്യാറെടുക്കുകയും നിങ്ങൾ വിജയിക്കുമോ എന്നതിനെക്കുറിച്ച് ആശങ്കാകുലരാകുകയും ചെയ്തേക്കാം. എന്നാൽ ഇന്ന്, നമ്മോടുകൂടെയുള്ളവർ നമുക്ക് എതിരായവരെക്കാൾ വലിയവരാണെന്ന് കർത്താവ് നിങ്ങളെ ഓർമ്മിപ്പിക്കുന്നു.
അതെ, എന്റെ പ്രിയ സുഹൃത്തുക്കളേ! നമ്മോടുകൂടെയുള്ളവൻ ഈ ലോകത്തിലുള്ളവനെക്കാൾ വലിയവനാണ്. നിങ്ങൾ ഒറ്റയ്ക്കല്ല നിങ്ങളുടെ പോരാട്ടങ്ങളെ അഭിമുഖീകരിക്കുന്നത്. കർത്താവിന്റെ സ്വർഗ്ഗീയ സൈന്യം നിങ്ങളെ വലയം ചെയ്യുന്നു, അവൻ തന്നെ നിങ്ങളുടെ അരികിൽ നിൽക്കുന്നു. അതിനാൽ, ഭയപ്പെടരുത്. ഉറപ്പും ധൈര്യവും ഉള്ളവരായിരിക്കുക! കർത്താവിൽ ആശ്രയിക്കുക, അവന്റെ മഹത്തായ സാന്നിധ്യം നിങ്ങളെ നയിക്കുകയും സംരക്ഷിക്കുകയും എല്ലാ വെല്ലുവിളികളെയും മറികടക്കാൻ സഹായിക്കുകയും ചെയ്യും.
PRAYER:
പ്രിയ കർത്താവായ യേശുവേ, ബുദ്ധിമുട്ടുള്ള സാഹചര്യങ്ങൾ, പരീക്ഷകൾ, പ്രസവം, ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വം എന്നിവ അഭിമുഖീകരിക്കുന്നവരിൽ നിന്ന് എല്ലാ ഭയവും ഉത്കണ്ഠയും നീക്കണമേ. അങ്ങയുടെ മഹത്തായ സാന്നിധ്യം കാണാൻ അവരുടെ ആത്മീയ കണ്ണുകൾ തുറക്കണമേ. അവരെ ശക്തിപ്പെടുത്തുകയും വഴികാട്ടുകയും ചെയ്യണമേ. എല്ലാ കുടുംബങ്ങളെയും അങ്ങയുടെ സ്വർഗ്ഗീയ സംരക്ഷണത്താൽ വലയം ചെയ്യണമേ. അവരുടെ ഹൃദയങ്ങളെ ധൈര്യം, വിശ്വാസം, സമാധാനം എന്നിവയാൽ നിറയ്ക്കണമേ. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.

ദൈവരാജ്യം കെട്ടിപ്പടുക്കുന്നതിൽ കൈകോർക്കുക
Donate Now


