പ്രിയ സുഹൃത്തേ, ഇന്ന് നമുക്ക് ലൂക്കൊസ് 12:7-ലെ യേശുവിന്റെ ആശ്വാസവാക്കുകളെക്കുറിച്ചു ധ്യാനിക്കാം. “നിങ്ങളുടെ തലയിലെ മുടിപോലും എല്ലാം എണ്ണിയിരിക്കുന്നു; ആകയാൽ ഭയപ്പെടേണ്ടാ; ഏറിയ കുരികിലിനെക്കാളും നിങ്ങൾ വിശേഷതയുള്ളവർ." നമുക്ക് നമ്മുടെ തലയിലെ മുടികൾ പോലും എണ്ണാൻ കഴിയില്ല, പക്ഷേ നമ്മുടെ സ്രഷ്ടാവിന് അവ ഓരോന്നും അറിയാം. സങ്കീർത്തനം 139:15-16-ൽ വേദപുസ്തകം പറയുന്നു, നാം രഹസ്യത്തിൽ ഉണ്ടാക്കപ്പെട്ടപ്പോൾ നമ്മുടെ അസ്ഥിക്കുടം അവനു മറവായിരുന്നില്ല. നാം പിണ്ഡാകാരമായിരുന്നപ്പോൾ അവന്റെ കണ്ണു നമ്മെ കണ്ടു. നമ്മുടെ ശരീരത്തിലെ ഓരോ അവയവവും, നമ്മുടെ ജീവിതത്തിന്റെ ഓരോ വിശദാംശങ്ങളും, നമ്മുടെ ഹൃദയത്തിന്റെ ഓരോ ആവശ്യവും അവനറിയാം. സങ്കീർത്തനം 147:4-ൽ ദൈവം നക്ഷത്രങ്ങളുടെ എണ്ണം നോക്കുന്നു; അവെക്കു ഒക്കെയും പേർ വിളിക്കുന്നു എന്ന് നാം വായിക്കുന്നു. പ്രപഞ്ചത്തെ വളരെ അടുത്തറിയുന്ന ദൈവം നിങ്ങളെ പേരിൽ അറിയുകയും നിങ്ങളെ തന്റെ കൈകളിൽ താങ്ങുകയും നിങ്ങളെ എപ്പോഴും ഓർക്കുകയും ചെയ്യുന്നു.
25 വർഷത്തിലേറെയായി ഞങ്ങളുടെ ശുശ്രൂഷയിൽ തീവ്രപങ്കാളിയായിരുന്ന പരംജിത് എന്ന പ്രിയ സഹോദരിയുടെ സാക്ഷ്യം ഞാൻ നിങ്ങളുമായി പങ്കിടട്ടെ. വിവാഹം കഴിക്കാൻ അവൾ നീണ്ട 10 വർഷം കാത്തിരുന്നു, പലപ്പോഴും ആളുകളാൽ പരിഹസിക്കപ്പെട്ടു, പക്ഷേ യിരെമ്യാവ് 29:11 ഉം സദൃശവാക്യങ്ങൾ 23:18 ഉം അനുസരിച്ച് അവൾക്ക് ഒരു പ്രത്യാശയും ഭാവിയും ഉണ്ടെന്ന് ദൈവം വാഗ്ദാനം ചെയ്തു. 44-ാം വയസ്സിൽ അവൾ അത്ഭുതകരമായി വിവാഹിതയായി. വീണ്ടും അവൾ ഒരു കുഞ്ഞിനായി അഞ്ച് വർഷം കാത്തിരുന്നു, എന്നാൽ സീഷയിലൂടെ പാവപ്പെട്ട കുട്ടികളെ സഹായിക്കാൻ അവൾ തീരുമാനിച്ചപ്പോൾ, ദൈവം അവൾക്ക് മഹിമ എന്ന മകളെ നൽകി അനുഗ്രഹിച്ചു. ഇന്ന്, നിരവധി അവാർഡുകൾ നേടുന്ന കഴിവുള്ള ഗായികയാണ് മഹിമ. പിന്നീട്, അവളുടെ ഭർത്താവിന് മാരകമായ ഒരു വൈദ്യുതാഘാതമേറ്റപ്പോൾ, ഡോക്ടർമാർ പ്രതീക്ഷ കൈവെടിഞ്ഞുവെങ്കിലും യേശു വിളിക്കുന്നു പ്രാർത്ഥനാ ഗോപുരത്തിലെ പ്രാർത്ഥനയിലൂടെ ദൈവം അദ്ദേഹത്തെ പൂർണ്ണമായും സുഖപ്പെടുത്തി. വീണ്ടും, അവൾ സ്വന്തം വീടിനായി ആഗ്രഹിച്ചപ്പോൾ, ദൈവത്തിന്റെ ആലയം നിർമ്മിക്കാൻ അവൾ വിതച്ചു, താമസിയാതെ കർത്താവ് അവൾക്ക് മനോഹരമായ ഒരു വീട് നൽകി. എല്ലാ അനുഗ്രഹങ്ങളും കാത്തിരിപ്പിന് ശേഷം മാത്രം ലഭിച്ചുവെങ്കിലും, തന്റെ സമയത്ത് ദൈവം അവളെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും പൂർത്തീകരിച്ചു.
പ്രിയ സുഹൃത്തേ, ഒരുപക്ഷേ നിങ്ങളും ഒരു അത്ഭുതത്തിനായി കാത്തിരിക്കുകയായിരിക്കാം - അത് വിവാഹം, കുട്ടികൾ, രോഗശാന്തി, സാമ്പത്തികം അല്ലെങ്കിൽ സ്വന്തമായി ഒരു വീട്. "ദൈവം എന്നെ മറന്നുവോ?” എന്ന് പോലും നിങ്ങൾ ചിന്തിച്ചേക്കാം. എന്നാൽ കർത്താവ് അരുളിച്ചെയ്യുന്നു, "ഞാൻ നിന്നെ എന്റെ ഉള്ളങ്കയ്യിൽ വരെച്ചിരിക്കുന്നു." നിങ്ങളുടെ തലയിലെ ഓരോ മുടിയും അവൻ എണ്ണിയിട്ടുണ്ട്, നിങ്ങളുടെ ജീവിതത്തിന്റെ എല്ലാ വിശദാംശങ്ങളും അവൻ അറിയുന്നു. അവന് അസാധ്യമായി ഒന്നുമില്ല. അവൻ സഹോദരി പരംജിത്തിന് മറുപടി നൽകിയതുപോലെ, നിങ്ങൾക്കും അവൻ ഉത്തരം നൽകും. നിങ്ങളുടെ കണ്ണുനീർ പാഴാകില്ല, നിങ്ങളുടെ പ്രാർത്ഥനകൾ മറക്കപ്പെടുന്നില്ല. വിശ്വാസത്തോടെ അവനെ മുറുകെ പിടിക്കുക, അവൻ നിങ്ങളെ സംബന്ധിച്ചുള്ളതെല്ലാം പൂർത്തീകരിക്കും. നിങ്ങളുടെ പേരും ആവശ്യങ്ങളും ഭാവിയും അറിയുന്നവൻ വിശ്വസ്തനാണ്. അവനെ വിശ്വസിക്കുക, അപ്പോൾ നിങ്ങളുടെ ജീവിതത്തിൽ അവന്റെ അത്ഭുതങ്ങൾ നിങ്ങൾ കാണും.
PRAYER:
സ്നേഹവാനായ പിതാവേ, എന്നെ ഇത്ര ആഴമായി അറിഞ്ഞതിന് അങ്ങേക്ക് നന്ദി. കർത്താവേ, എന്റെ തലയിലെ മുടികൾ പോലും അങ്ങ് എണ്ണിയിരിക്കുന്നു. ഞാൻ അങ്ങയുടെ ദൃഷ്ടിയിൽ വിലപ്പെട്ടവളാണെന്ന് ഞാൻ വിശ്വസിക്കുന്നു. കർത്താവേ, എന്റെ കുടുംബത്തിന്റെ എല്ലാ ആവശ്യങ്ങളും ഓർക്കണമേ. ഇന്ന് രോഗശാന്തിയും പുനഃസ്ഥാപനവും അനുഗ്രഹവും നൽകണമേ. എന്റെ ജീവിതത്തിലെ എല്ലാ ദുഃഖങ്ങളും സന്തോഷത്തിന്റെ സാക്ഷ്യമാക്കി മാറ്റണമേ. എന്റെ ജീവിതവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പൂർത്തിയാക്കേണമേ. അങ്ങയുടെ മഹത്വത്തിനായി അത്ഭുതങ്ങൾ സംഭവിക്കട്ടെ. യേശുവിന്റെ മഹത്തായ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.