സുഹൃത്തേ, ഇന്ന് ഞാൻ നിങ്ങളോട് ഒരു കഥ പങ്കുവെക്കാൻ ആഗ്രഹിക്കുന്നു. നഗരത്തിൽ നിന്ന് വളരെ അകലെ താമസിച്ചിരുന്ന ഒരു വൃദ്ധയുണ്ടായിരുന്നു. അവർക്കൊപ്പം  ഒരു കുടുംബവും താമസിച്ചിരുന്നില്ല, അവർ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. തന്റെ ജീവിതത്തിൽ സംഭവിച്ച എല്ലാ അനുഗ്രഹങ്ങൾക്കും അല്ലെങ്കിൽ എന്തിനും, അവർ ഉറക്കെ പ്രാർത്ഥിക്കുകയും "യേശുവേ, ഇതിന് നന്ദി" എന്ന് പറയുകയും ചെയ്യാറുണ്ടായിരുന്നു. അവരുടെ അയൽക്കാർക്ക് അതേ വിശ്വാസമുണ്ടായിരുന്നില്ല. ഒരു അയൽക്കാരൻ അവരെ കളിയാക്കാനും അവരുടെ വിശ്വാസം പരീക്ഷിക്കാനും എന്തെങ്കിലും വഴി ആസൂത്രണം ചെയ്യുകയായിരുന്നു. ഒരു ദിവസം, ഈ വൃദ്ധ ഉറക്കെ പ്രാർത്ഥിച്ചു, "കർത്താവേ, എനിക്ക് ഈ പലചരക്ക് സാധനങ്ങളെല്ലാം വേണം. എനിക്ക് അരി വേണം, എനിക്ക് പഴങ്ങൾ വേണം, എനിക്ക് പച്ചക്കറികൾ വേണം, ഇവയെല്ലാം എനിക്ക് കഴിക്കണം." ഇതെല്ലാം കേട്ട അയൽക്കാരൻ പറഞ്ഞു, “അതെ, ഇതാണ് ശരിയായ സമയം. ഞാൻ അവരെ കബളിപ്പിക്കാൻ പോകുന്നു." അയാൾ എല്ലാം കുറിച്ചെടുത്തു, പലചരക്ക് കടയിൽ പോയി, എല്ലാം വാങ്ങി,
അവരുടെ വീടിനു മുന്നിൽ വച്ചു.

അയാൾ മണി അടിച്ച് അവിടെ നിന്ന് ഓടിപ്പോയി. വൃദ്ധ വാതിൽ തുറന്നപ്പോൾ ബാഗിൽ പലചരക്ക് സാധനങ്ങൾ നിറഞ്ഞിരിക്കുന്നത് കണ്ടു. അവർ വളരെ സന്തോഷവതിയായി പറഞ്ഞു, "യേശുവേ, എനിക്ക് വേണ്ടതെല്ലാം തന്നതിന് നന്ദി". ആ നിമിഷം തന്നെ, അയൽക്കാരൻ ഓടിയെത്തി പറഞ്ഞു, "നോക്കൂ, വൃദ്ധ, ഞാൻ നിന്നെ കബളിപ്പിച്ചു. ഇത് യേശു നിങ്ങൾക്കുവേണ്ടി വാങ്ങിയതല്ല, ഞാൻ നിങ്ങൾക്കുവേണ്ടി വാങ്ങിയതാണ്." വൃദ്ധ ഉടൻ തന്നെ മറുപടി പറഞ്ഞു, "യേശുവേ, ഈ പലചരക്ക് സാധനങ്ങൾക്കെല്ലാം നന്ദി. ഞാൻ ആഗ്രഹിച്ചതെല്ലാം അങ്ങ് എനിക്ക് നൽകി, പിശാചിനെക്കൊണ്ട് പോലും അതിനു വില കൊടുപ്പിച്ചു.” ഇതുകേട്ട അയൽക്കാരൻ വളരെ അസ്വസ്ഥനായി, തന്റെ വീട്ടിലേക്ക് പോയി. ഇത് നിങ്ങളുടെ വിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു രസകരമായ കഥ മാത്രമാണ്.

ഇന്നലെ, നിങ്ങൾ അഭിമുഖീകരിച്ചിരുന്ന ഏത് സാഹചര്യത്തിലും നിങ്ങൾ കർത്താവിൽ ആശ്രയിക്കുകയും അവനിൽ അഭയം തേടുകയും ചെയ്തിരിക്കാം. ഇന്നോ നിങ്ങൾ വഴിതെറ്റിയിരിക്കുന്നുവെങ്കിൽ, അവനിലേക്കു ഓടിച്ചെല്ലുക; കർത്താവ് നിങ്ങളുടെ ശക്തമായ കോട്ടയായിരിക്കും. യെശയ്യാവ് 25:4-ൽ വേദപുസ്തകം പറയുന്നത് അതാണ്: "നീ ദരിദ്രന്നു അവന്റെ കഷ്ടത്തിൽ ഒരു കോട്ടയും കൊടുങ്കാറ്റിൽ ഒരു ശരണവും ഉഷ്ണത്തിൽ ഒരു തണലും ആയിരിക്കുന്നു." അതെ, എന്റെ പ്രിയ സുഹൃത്തേ, കർത്താവാണ് നിങ്ങളുടെ തണൽ. ഈ കഠിനമായ ലോകത്തിൽ നാം അത്രയും അനിശ്ചിതത്വത്തിലായിരിക്കുന്നിടത്ത്, കർത്താവ് നിങ്ങളുടെ സംരക്ഷണമായിരിക്കും. നിങ്ങളുടെ ജീവിതവും നിങ്ങളുടെ മക്കളുടെ ജീവിതവും യേശുവിന്റെ കരങ്ങളിൽ സമർപ്പിക്കുക.

PRAYER:
പ്രിയ കർത്താവേ, ഓരോ കൊടുങ്കാറ്റിലും അങ്ങ് എന്റെ ശക്തമായ കോട്ടയും സുരക്ഷിതമായ ശരണവുമാകുന്നു. ഭയവും അനിശ്ചിതത്വവും ബലഹീനതയും എന്നെ വലയം ചെയ്യുമ്പോൾ, അങ്ങയുടെ അടുത്തേക്ക് ഓടിവരാൻ എന്നെ സഹായിക്കേണമേ. അങ്ങയുടെ ദൈവിക കരുതലിലും തികഞ്ഞ സമയത്തിലും ആശ്രയിക്കാൻ എന്റെ വിശ്വാസം ശക്തിപ്പെടുത്തേണമേ. അത്ഭുതം സംഭവിക്കുന്നതിനു  മുമ്പുതന്നെ നന്ദി പറയാൻ എന്നെ പഠിപ്പിക്കണമേ. അങ്ങയുടെ ശക്തമായ നിഴലിൽ എന്റെ ജീവിതത്തെയും എന്റെ മക്കളുടെ  ജീവിതത്തെയും സംരക്ഷിക്കേണമേ. ഉഷ്ണത്തിൽ എന്റെ തണലും എല്ലാ പ്രശ്നങ്ങളിലും എന്റെ ശരണവും ആയിരിക്കണമേ. കർത്താവേ, എന്നെ ഒരിക്കലും ഉപേക്ഷിക്കാത്തതിന് അങ്ങേക്ക് നന്ദി. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.