പ്രിയ സുഹൃത്തേ, നമ്മുടെ കർത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ വിലയേറിയ നാമത്തിൽ ഞാൻ നിങ്ങൾക്ക് വന്ദനം പറയുന്നു. ഇന്ന് ദൈവം നിങ്ങൾക്കായി എബ്രായർ 6:10 -ൽ നിന്ന് അത്ഭുതകരമായ ഒരു വാഗ്‌ദത്തം നൽകുന്നു, “ദൈവം നിങ്ങളുടെ പ്രവൃത്തിയും വിശുദ്ധന്മാരെ ശുശ്രൂഷിച്ചതിനാലും ശുശ്രൂഷിക്കുന്നതിനാലും തന്റെ നാമത്തോടു കാണിച്ച സ്നേഹവും മറന്നുകളവാൻ തക്കവണ്ണം അനീതിയുള്ളവനല്ല.” എത്ര ആശ്വാസമാണ് ഈ വാക്യം നമുക്ക് നൽകുന്നത്! നമ്മുടെ കർത്താവ് നീതിമാനായ ദൈവമാണ്. നിങ്ങളുടെ ഓരോ പ്രാർത്ഥനയും ഓരോ കണ്ണീരും അവന്റെ നിമിത്തം നിങ്ങൾ ചെയ്യുന്ന സ്നേഹത്തിന്റെ ഓരോ ചെറിയ പ്രവൃത്തിയും അവൻ ഓർക്കുന്നു. അവന്റെ രാജ്യത്തിനായി നിങ്ങൾ ചെയ്യുന്ന മറഞ്ഞിരിക്കുന്ന ത്യാഗങ്ങൾ പോലും അവന്റെ മുൻപിൽ വിലപ്പെട്ടതാണ്. പ്രിയ ദൈവപൈതലേ, അവനെ എങ്ങനെ സേവിക്കാമെന്ന് നിങ്ങൾ ചിന്തിച്ചേക്കാം. നിങ്ങൾ ഒരു വേദിയിലോ വലിയൊരു മേടയിലോ ആയിരിക്കേണ്ടതില്ല; നിങ്ങളുടെ സ്വന്തം വീട്ടിൽ നിന്ന് പോലും നിങ്ങൾക്ക് ദൈവത്തിന്റെ ശുശ്രൂഷയ്ക്കുള്ള ഒരു പാത്രമാകാം. നിങ്ങളുടെ പ്രാർത്ഥനകൾ, നിങ്ങളുടെ പ്രോത്സാഹന വാക്കുകൾ, മറ്റുള്ളവരോടുള്ള നിങ്ങളുടെ കരുതൽ എന്നിവയെല്ലാം അവൻ ഓർക്കുന്നു.
എന്റെ സ്വന്തം ജീവിതത്തിൽ എനിക്ക് ഈ സത്യത്തിന് സാക്ഷ്യം വഹിക്കാൻ കഴിയും. 1986-ൽ എനിക്ക് എന്റെ മകൾ ഏഞ്ചലിനെ നഷ്ടപ്പെട്ടപ്പോൾ, എന്റെ ഹൃദയം തകർന്നു, എങ്ങനെ മുന്നോട്ട് പോകണമെന്ന് എനിക്കറിയില്ലായിരുന്നു. എന്നാൽ 1988-ൽ കർത്താവ് എന്നോട് സംസാരിക്കുകയും പ്രത്യേകിച്ച് സ്ത്രീകൾക്കായുള്ള ഒരു പ്രാർത്ഥനാ ശുശ്രൂഷ എനിക്ക് നൽകുകയും ചെയ്തു. അതായിരുന്നു എസ്ഥേർ പ്രാർത്ഥനാ ഗ്രൂപ്പിന്റെ തുടക്കം. എസ്ഥേർ തന്റെ ജനത്തിനുവേണ്ടി ഇടിവിൽ നിന്നതുപോലെ, കുടുംബങ്ങൾക്കും സഭകൾക്കും രാജ്യങ്ങൾക്കും വേണ്ടി പ്രാർത്ഥനയിൽ നിലകൊള്ളാൻ ദൈവം സ്ത്രീകളെ ഉയർത്തി. എങ്ങനെ ആരംഭിക്കണമെന്നോ എന്തുചെയ്യണമെന്നോ എനിക്കറിയില്ലായിരുന്നു, പക്ഷേ കർത്താവ് തന്നെ പടിപടിയായി എന്നെ നയിച്ചു. ഇന്ന്, 30 വർഷത്തിലേറെയായി, ആയിരക്കണക്കിന് ആളുകൾ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. കൂടാതെ നിരവധി സ്ത്രീകളും യുവതികളും ദമ്പതികളും കുട്ടികളും പോലും പ്രാർത്ഥനയിൽ പങ്കുചേർന്നു. എന്റെ ദുഃഖത്തിൽ നിന്ന് ആരംഭിച്ചത് പലർക്കും അനുഗ്രഹത്തിന്റെ ഉറവിടമായിത്തീർന്നു. തീർച്ചയായും, തന്റെ നാമത്തിൽ ചെയ്ത സ്നേഹത്തിൻറെ പ്രവൃത്തി മറക്കാൻ ദൈവം അനീതിയുള്ളവനല്ല.
എന്റെ പ്രിയ സുഹൃത്തേ, നിങ്ങൾക്കും ഈ ശുശ്രൂഷയിൽ ദൈവവുമായി കൈകോർക്കാം. നിങ്ങൾ ഒരു യുവതിയോ വിവാഹിതയായ സ്ത്രീയോ ദമ്പതികളോ അല്ലെങ്കിൽ ഒരു കുട്ടിയോ ആയിരിക്കാം, എങ്കിലും ദൈവത്തിന്റെ പ്രവർത്തനത്തിൽ നിങ്ങൾക്ക് ഇടമുണ്ട്. നിങ്ങൾ പ്രാർത്ഥനയ്ക്ക് സ്വയം സമർപ്പിക്കുമ്പോൾ, ദൈവം നിങ്ങളുടെ പരിശ്രമങ്ങൾ വർദ്ധിപ്പിക്കുകയും തൻറെ നാമത്തിന് മഹത്വം നൽകുകയും ചെയ്യും. ഈ അവസാന നാളുകളിൽ, കുടുംബങ്ങൾക്കും രാഷ്ട്രങ്ങൾക്കും വേണ്ടി ഇടിവിൽ നിൽക്കുന്ന പ്രാർത്ഥനാ പടയാളികളെ അവൻ ഉയർത്തുന്നു. നിങ്ങളുടെ ജീവിതം ചെറുതാണെന്നോ നിങ്ങളുടെ സംഭാവന നിസ്സാരമാണെന്നോ കരുതരുത്. ദൈവം കാണുകയും ഓർക്കുകയും ചെയ്യുന്നു. ഈ വാഗ്‌ദത്തം ഉറപ്പാണ്: “ദൈവം നിങ്ങളുടെ പ്രവൃത്തിയും തന്റെ നാമത്തോടു കാണിച്ച സ്നേഹവും മറന്നുകളവാൻ തക്കവണ്ണം അനീതിയുള്ളവനല്ല.” അതുകൊണ്ട് നമുക്ക് നമ്മെത്തന്നെ താഴ്ത്തി, അവനു സമർപ്പിച്ചുകൊണ്ട് അവന്റെ മനോഹരമായ പദ്ധതിയുടെ ഭാഗമാകാം. നിങ്ങളുടെ പ്രാർത്ഥനകളിലൂടെ അത്ഭുതങ്ങൾ സംഭവിക്കുകയും അവന്റെ നാമം മഹത്വപ്പെടുകയും ചെയ്യും. ഹല്ലേലൂയാ!
PRAYER:
സ്വർഗ്ഗീയ പിതാവേ, ഈ വിലയേറിയ വാഗ്‌ദത്തത്തിന് ഞാൻ അങ്ങേയ്ക്ക് നന്ദി പറയുന്നു. കർത്താവേ, എന്റെ സ്നേഹത്തിന്റെ പ്രയത്‌നം മറക്കാൻ അങ്ങ് അനീതിയുള്ളവനല്ല. ഞാൻ അങ്ങയെ സേവിക്കാൻ ആഗ്രഹിക്കുന്നതുപോലെ എന്റെ ഹൃദയത്തെ ശക്തിപ്പെടുത്തേണമേ. എന്റെ വീട്ടിലും കുടുംബത്തിലും ഒരു പ്രാർത്ഥനാ മധ്യസ്ഥയായി എന്നെ ഉയർത്തേണമേ. എന്റെ ദു:ഖങ്ങൾ പലർക്കും ഒരു അനുഗ്രഹമാക്കി മാറ്റേണമേ. മറ്റുള്ളവർക്കുവേണ്ടി ഞാൻ മധ്യസ്ഥത വഹിക്കേണ്ടതിന് എന്നെ അങ്ങയുടെ ആത്മാവിനാൽ നിറയ്ക്കണമേ. അങ്ങയുടെ മഹത്വത്തിനായി എൻറെ ശുശ്രൂഷയുടെ ഫലം അനേകം മടങ്ങ് വർദ്ധിപ്പിച്ചുതരേണമേ. ഞാൻ എൻറെ സമയം പാഴാക്കാതെ അങ്ങയുടെ രാജ്യത്തിന് ഉപകാരപ്പെടട്ടെ. അങ്ങയുടെ വിശുദ്ധനാമത്തെ മഹത്വപ്പെടുത്താൻ എന്നെ എപ്പോഴും ഒരുക്കണമേ. യേശുവിന്റെ മഹത്തായ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.