എന്റെ പ്രിയ സുഹൃത്തേ, ഇന്ന് നമുക്ക് സങ്കീർത്തനം 84:11 ധ്യാനിക്കാം, അത് ഇപ്രകാരം പറയുന്നു, “നേരോടെ നടക്കുന്നവർക്കു അവൻ ഒരു നന്മയും മുടക്കുകയില്ല.” അതെ, ദൈവസന്നിധിയിൽ നിങ്ങൾ നേരോടെ നടക്കുമ്പോൾ ദൈവം നിങ്ങളെ തന്റെ നന്മയാൽ നിറയ്ക്കും. എന്നാൽ നേരോടെ നടക്കുക എന്നതിന്റെ അർത്ഥമെന്താണ്? സങ്കീർത്തനം 119:1-ൽ നാം ഇങ്ങനെ വായിക്കുന്നു, "യഹോവയുടെ ന്യായപ്രമാണം അനുസരിച്ചു നടപ്പിൽ നിഷ്കളങ്കരായവർ ഭാഗ്യവാന്മാർ."
നിഷ്കളങ്കനായി ജീവിച്ച ഒരു മനുഷ്യനെ, ബാബിലോണിലേക്ക് തടവുകാരനായി കൊണ്ടുപോകപ്പെട്ട ദാനിയേലിനെ, വേദപുസ്തകത്തിൽ നാം കാണുന്നു. ദൈവത്തിന്റെ നിയമങ്ങൾക്ക് വിരുദ്ധമായപ്പോൾ പോലും, തന്റെ ജീവൻ രക്ഷിക്കാൻ വേണ്ടി ഭരണാധികാരികളുടെ കൽപ്പനകൾക്ക് വഴങ്ങാൻ അവന് നിരവധി അവസരങ്ങളുണ്ടായിരുന്നു. എന്നാൽ ദാനിയേൽ വിശ്വസ്തനായി തുടർന്നു. രാജാവിനെ മാത്രം ആരാധിക്കണമെന്ന നിയമം കൊണ്ടുവന്നപ്പോൾ, അവൻ തന്റെ വിശ്വാസം കൈവിട്ടില്ല. ദിവസവും മൂന്നു പ്രാവശ്യം പ്രാർത്ഥിക്കുന്നത് തുടർന്നു. ആ നിയമങ്ങൾ ദൈവവുമായുള്ള തന്റെ ബന്ധത്തെ തടസ്സപ്പെടുത്താൻ അവൻ അനുവദിച്ചില്ല. ദാനിയേലിൻറെ ഹൃദയം എത്ര പ്രസാദകരവും വിശ്വസ്തവുമാണെന്ന് ദൈവം കാണുകയും തക്കസമയത്ത് അതിനെ ആദരിക്കുകയും ചെയ്തു. ദൈവം ദാനിയേലിനെ ഭരണാധികാരികളെ അത്ഭുതപ്പെടുത്തുന്ന സമ്മാനങ്ങൾ നൽകി അനുഗ്രഹിച്ചു, രാജ്യം ഭരിക്കത്തക്കവിധം അവനെ ഉയർത്തി. പക്ഷേ അത് ഒറ്റരാത്രികൊണ്ട് സംഭവിച്ചില്ല. ദാനിയേലിന് നിരവധി പരീക്ഷണങ്ങളും കഷ്ടതകളും ദുരിതങ്ങളും നേരിട്ടു. എന്നിട്ടും അവൻ തന്റെ വിശ്വാസം കാത്തുസൂക്ഷിക്കുകയും ദൈവവചനം അനുസരിക്കുകയും ചെയ്തു. ദൈവം അവനെ നിരാശനാക്കിയില്ല. എല്ലാ നല്ല കാര്യങ്ങളും അവൻ അവന് നൽകി. തന്റെ വിശ്വസ്ത ദാസനിൽ നിന്ന് ഒരു നന്മയും മുടക്കിയില്ല.
ഇന്നും നിങ്ങൾ പറഞ്ഞേക്കാം, "ഞാൻ നീതിമാനാണ്, എന്റെ വഴികൾ നിഷ്കളങ്കമാണ്. എനിക്ക് എവിടെയാണ് പ്രതിഫലം? എന്റെ ജീവിതത്തിൽ എപ്പോഴാണ് നല്ലത് സംഭവിക്കുക?" എന്റെ പ്രിയ സുഹൃത്തേ, നിങ്ങൾ ഒരു പരീക്ഷണത്തിലൂടെയോ കഷ്ടപ്പാടിലൂടെയോ കടന്നുപോകുകയാണെങ്കിൽപ്പോലും, ദൈവം നിങ്ങളെ വിടുവിക്കും. അവൻ തക്കസമയത്ത് നിങ്ങൾക്ക് പ്രതിഫലം നൽകും. ദാനിയേലിനെ ഉയർത്തി ഒരു ഭരണാധികാരിയാക്കിയതുപോലെ, ദൈവം നിങ്ങൾക്കും അതുതന്നെ ചെയ്യും. അവൻ നിങ്ങൾക്ക് രോഗശാന്തി, പൈതൽ, ജീവിതപങ്കാളി, നിങ്ങൾ കാത്തിരുന്ന ജോലി, നിങ്ങളുടെ ബിസിനസ്സിലെ വിജയം, നിങ്ങളുടെ കഷ്ടതകളിൽ നിന്നുള്ള മോചനം എന്നിവ നൽകും, അവൻ നിങ്ങളെ ഉയർത്തി ബഹുമാനിക്കും. നിഷ്കളങ്കർക്ക് അവൻ ഒരു നന്മയും മുടക്കുകയില്ല. അതുകൊണ്ട്, എന്റെ സുഹൃത്തേ, ധൈര്യമായിരിക്കുക. തക്കസമയത്ത് നിങ്ങൾ ബഹുമാനിക്കപ്പെടും. കർത്താവിൽ നിങ്ങളുടെ ആശ്രയവും വിശ്വാസവും നിലനിർത്തുക, നേരോടെ നടക്കുക, അവന്റെ ദൃഷ്ടിയിൽ നീതിപൂർവ്വം ജീവിക്കുക. ദൈവം നിങ്ങളെ മാനിക്കും.
PRAYER:
പ്രിയ കർത്താവേ, അങ്ങയുടെ മുമ്പാകെ നേരോടെ നടക്കുന്നവർക്ക് ഒരു നന്മയും മുടക്കുകയില്ല എന്ന അങ്ങയുടെ വാഗ്‌ദത്തത്തിന് നന്ദി. ദാനിയേൽ ചെയ്തതുപോലെ, വിശ്വസ്തനും, നിർഭയനും, അങ്ങിൽ പൂർണ്ണ വിശ്വാസമുള്ളവനുമായി അങ്ങയുടെ വഴികളിൽ നടക്കാൻ എന്നെ ശക്തിപ്പെടുത്തേണമേ. എന്റെ ജീവിതം അങ്ങയുടെ ദൃഷ്ടിയിൽ പ്രസാദകരമായിരിക്കട്ടെ, എന്റെ ഹൃദയം ഒരിക്കലും അങ്ങിൽ നിന്ന് അകന്നുപോകാതിരിക്കട്ടെ. അങ്ങയുടെ തക്ക സമയത്ത് അങ്ങ് എനിക്ക് പ്രതിഫലം നൽകുമെന്ന് ഞാൻ വിശ്വസിക്കുന്നു. അങ്ങ് എന്നെ സൗഖ്യമാക്കുകയും അനുഗ്രഹിക്കുകയും എനിക്ക് വേണ്ടതെല്ലാം നൽകുകയും എന്നെ ഉയർത്തുകയും ചെയ്യും. കർത്താവേ, നീതിയിൽ നടക്കുന്ന അങ്ങയുടെ മക്കളെ ബഹുമാനിക്കുന്നതിനു അങ്ങേക്ക് നന്ദി. യേശുവിന്റെ നാമത്തിൽ, ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.