എന്റെ പ്രിയരേ, ഇന്നത്തെ വാഗ്ദത്ത വചനം 2 കൊരിന്ത്യർ 1:10-ൽ നിന്നുള്ളതാണ്: "ഇത്ര ഭയങ്കരമരണത്തിൽനിന്നു ദൈവം ഞങ്ങളെ വിടുവിച്ചു, വിടുവിക്കയും ചെയ്യും; അവൻ മേലാലും വിടുവിക്കും." നമ്മുടെ ആത്മാക്കൾക്കും കുടുംബങ്ങൾക്കും ജോലികൾക്കും മക്കൾക്കും ശുശ്രൂഷകൾക്കും ഭീഷണിയാകുന്ന അപകടങ്ങൾ നമുക്ക് നേരിടേണ്ടിവന്നേക്കാം. മരണഭയം, പിശാചിന്റെ ആക്രമണങ്ങൾ, അപ്രതീക്ഷിത പ്രശ്നങ്ങൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. എന്നാൽ കർത്താവ് നമ്മെ വിടുവിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു. ദൈവത്തിന്റെ വചനം മൂന്ന് പ്രധാന സത്യങ്ങളെക്കുറിച്ച് നമ്മെ ഓർമ്മിപ്പിക്കുന്നു: അവൻ നമ്മെ വിടുവിച്ചു, ഇപ്പോഴും അവൻ നമ്മെ വിടുവിക്കുന്നു, അവൻ നമ്മെ മേലാലും വിടുവിക്കും. അതിനാൽ, നമുക്ക് അവനിൽ പ്രത്യാശ വെക്കാം.

ആദ്യം, മരണത്തിന്റെ അപകടത്തിൽ നിന്ന് നമ്മെ വിടുവിച്ചതിന് നമുക്ക് കർത്താവിനോട് നന്ദി പറയാം. നമ്മുടെ ജീവൻ രക്ഷിച്ചതിന് നാം അവനെ എത്രമാത്രം സ്തുതിക്കണം! ദുഷ്ടന്മാരുടെ തന്ത്രങ്ങൾ, അസൂയ, പാപത്തിന്റെ അനന്തരഫലങ്ങൾ എന്നിവയുൾപ്പെടെ, അത് അറിയുകപോലും ചെയ്യാതെ തന്നെ  നമുക്ക് അപകടങ്ങൾ നേരിട്ടിരിക്കാം. എന്നിട്ടും കർത്താവ് നമ്മെ നാശത്തിൽ നിന്ന് രക്ഷിച്ചിരിക്കുന്നു. "നാശത്തിൽ നിന്ന് എന്നെ രക്ഷിച്ചതിന് കർത്താവേ, അങ്ങേയ്ക്ക് നന്ദി!" എന്ന് പറഞ്ഞുകൊണ്ട് നമുക്ക് അവന്റെ വിശുദ്ധ നാമത്തെ സ്തുതിക്കാം.

രണ്ടാമതായി, ഓരോ നിമിഷവും കർത്താവ് നമ്മെ സംരക്ഷിച്ചുകൊണ്ടിരിക്കുന്നു. ഒരിക്കലും അവസാനിക്കാത്ത അവന്റെ കൃപയാലും കരുണയാലുമാണ് നാം നിലനിൽക്കുന്നത്. എല്ലാ ദിവസവും രാവിലെ, നമ്മെ ശക്തിപ്പെടുത്തുന്നതിനും സംരക്ഷിക്കുന്നതിനും അവൻ പുതിയ കരുണകൾ നൽകുന്നു. അതിനാൽ, അവന്റെ  അചഞ്ചലമായ സ്നേഹത്തിനും കരുതലിനും നമുക്ക് അവനോട് നിരന്തരം നന്ദി പറയാം.

മൂന്നാമതായി, കർത്താവ് നമ്മെ വീണ്ടും വിടുവിക്കും. ഈ വാഗ്‌ദത്തത്തിൽ വിശ്വസിച്ചുകൊണ്ട് നമുക്ക് അവനെ മുറുകെപ്പിടിക്കാം. എന്നാൽ, നമ്മുടെ തിരഞ്ഞെടുപ്പുകൾ എന്തുതന്നെയായാലും കർത്താവ് നമ്മെ രക്ഷിച്ചുകൊള്ളും എന്നു കരുതി നാം അശ്രദ്ധമായി ജീവിക്കരുത്. പകരം, നാം വിശുദ്ധിയിൽ നടക്കുകയും നീതിപൂർവം ജീവിക്കുകയും ദൈവത്തെ ബഹുമാനിക്കുകയും വിശ്വസ്തതയോടെ അവന്റെ വചനം അനുസരിക്കുകയും വേണം. നാം അവനിൽ ഉറച്ചുനിൽക്കുമ്പോൾ, അവന്റെ തുടർച്ചയായ സംരക്ഷണത്തിൽ നമുക്ക് ആശ്രയിക്കാൻ കഴിയും.

ഇപ്പോൾ, നമുക്ക് സങ്കീർത്തനം 91:2-10 ൽ നിന്നുള്ള അനുഗ്രഹം സ്വീകരിക്കുകയും ഈ വാക്കുകളെ നമ്മുടെ വ്യക്തിപരമായ വിശ്വാസത്തിന്റെ പ്രഖ്യാപനമായി മാറ്റുകയും ചെയ്യാം: "അവൻ എന്റെ സങ്കേതവും കോട്ടയും ഞാൻ ആശ്രയിക്കുന്ന എന്റെ ദൈവവും ആകുന്നു." അവൻ ഞങ്ങളെ വേട്ടക്കാരന്റെ കണിയിൽ നിന്നും നാശകരമായ മഹാമാരിയിൽനിന്നും വിടുവിക്കും. അവൻ ഞങ്ങളെ തന്റെ തൂവലുകൾകൊണ്ടു മറെക്കും; അവന്റെ ചിറകിൻ കീഴിൽ ഞങ്ങൾ ശരണം പ്രാപിക്കും; അവന്റെ വിശ്വസ്തത  ഞങ്ങളുടെ പരിചയും പലകയുമായിരിക്കും.

രാത്രിയിലെ ഭയത്തെയും പകൽ പറക്കുന്ന അസ്ത്രത്തെയും ഇരുട്ടിൽ സഞ്ചരിക്കുന്ന മഹാമാരിയെയും ഉച്ചെക്കു നശിപ്പിക്കുന്ന സംഹാരത്തെയും ഞങ്ങൾ ഭയപ്പെടേണ്ടതില്ല. ആയിരം പേർ  ഞങ്ങളുടെ വശത്തും പതിനായിരം പേർ ഞങ്ങളുടെ  വലതുവശത്തും വീണാലും ഞങ്ങൾ ഭയപ്പെടുകയില്ല; കർത്താവാണ് ഞങ്ങളുടെ സങ്കേതം. ഞങ്ങളുടെ കണ്ണുകൊണ്ടു തന്നേ ഞങ്ങൾ നോക്കി ദുഷ്ടന്മാർക്കു വരുന്ന പ്രതിഫലം കണ്ടേക്കാമെങ്കിലും, അവന്റെ സംരക്ഷണത്തിൽ ഞങ്ങൾക്ക് സുരക്ഷിതരായിരിക്കാം. ഞങ്ങൾ അത്യുന്നതനെ ഞങ്ങളുടെ വാസസ്ഥലമാക്കി ഇരിക്കുമ്പോൾ ഞങ്ങൾക്കു ഒരു അനർത്ഥവും ഭവിക്കയില്ല; ഒരു ബാധയും ഞങ്ങളുടെ കൂടാരത്തിന്നു അടുക്കയില്ല. നമുക്ക് ഈ വാഗ്‌ദത്തങ്ങളെ മുറുകെപ്പിടിക്കുകയും വിശ്വാസത്തോടെ അവ പ്രഖ്യാപിക്കുകയും ചെയ്യാം. പിതാവേ, അങ്ങയുടെ വചനപ്രകാരം ഞങ്ങളെ കാത്തുസൂക്ഷിക്കുന്നതിന് അങ്ങേയ്ക്ക് നന്ദി. യേശുവേ, ഞങ്ങളെ വിടുവിക്കുന്നതിന് നന്ദി. വിശുദ്ധിയിലും ഭക്തിയിലും നടക്കാനുള്ള കൃപ ഞങ്ങൾക്ക് നൽകണമേ, ഞങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കണമേ.

എന്റെ പ്രിയരേ, നമുക്കു പോരാട്ടം ഉള്ളതു ജഡരക്തങ്ങളോടല്ല, വാഴ്ചകളോടും അധികാരങ്ങളോടും ഈ അന്ധകാരത്തിന്റെ ലോകാധിപതികളോടും സ്വർല്ലോകങ്ങളിലെ ദുഷ്ടാത്മസേനയോടും അത്രേ എന്ന് എഫെസ്യർ 6:12 നമ്മെ ഓർമ്മിപ്പിക്കുന്നു. തിന്മയുടെ ശക്തികൾക്കെതിരായ ആത്മീയ പോരാട്ടങ്ങളെ നാം നേരിടുന്നുണ്ടെങ്കിലും, കുരിശിലെ വിജയത്തിലൂടെ യേശുക്രിസ്തു അവയ്ക്കുമേൽ വിജയം വരിച്ചിരിക്കുന്നു. ഈ ശക്തികൾ നമ്മുടെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്ന അപകടങ്ങളെ അതിജീവിക്കാൻ നമുക്ക് ദൈവത്തിൽ ആശ്രയിക്കാം. യേശുവിന്റെ നാമത്തിൽ അതിശക്തമായ അധികാരമുണ്ട്, കർത്താവ് തന്റെ നാമം തന്റെ മക്കളുടെ മേൽ സ്ഥാപിക്കുന്നു. അതിനാൽ, ധൈര്യത്തോടെയിരിക്കുകയും അവന്റെ ശക്തമായ നാമത്തിൽ ആശ്രയിക്കുകയും ചെയ്യുക.  

PRAYER:
പ്രിയ സ്വർഗ്ഗീയ പിതാവേ, എല്ലാ അപകടങ്ങളിൽ നിന്നും എന്നെ വിടുവിക്കുകയും അങ്ങയുടെ കൃപയാലും കരുണയാലും എന്നെ സംരക്ഷിക്കുകയും ചെയ്യുന്നതിന് അങ്ങേയ്ക്ക് നന്ദി. മരണത്തിന്റെ അപകടങ്ങളിൽ നിന്നും മറഞ്ഞിരിക്കുന്ന ഭീഷണികളിൽ നിന്നും അസൂയയിൽ നിന്നും ദുഷ്ട ഗൂഢാലോചനകളിൽ നിന്നും സകല ദുഷ്ടശക്തികളിൽ നിന്നും എന്നെ രക്ഷിച്ചതിന് നന്ദി. എന്റെ അഭയവും കോട്ടയും പരിചയും രക്ഷകനുമായിരിക്കണമേ. എന്നെയും എന്റെ കുടുംബത്തെയും എല്ലാ അപകടങ്ങളിൽ നിന്നും വിടുവിക്കുകയും ഞങ്ങളുടെ മക്കളെയും ജോലികളെയും ശുശ്രൂഷയെയും ഭവനങ്ങളെയും കാത്തുസൂക്ഷിക്കുകയും ചെയ്യണമേ. വിശുദ്ധിയിലും നീതിയിലും ഭയഭക്തിയിലും അങ്ങയുടെ വചനത്തോടുള്ള അനുസരണയിലും നടക്കാൻ ഞങ്ങളെ സഹായിക്കണമേ. ഞങ്ങളുടെ വിശ്വാസത്തെ ബലപ്പെടുത്തുകയും ഓരോ ദിവസവും അങ്ങിൽ ആശ്രയിക്കാൻ ഞങ്ങളെ പഠിപ്പിക്കുകയും ചെയ്യണമേ. അങ്ങയുടെ ബലമുള്ള ചിറകിൻകീഴിൽ ഞങ്ങളെ മറച്ചുകൊള്ളണമേ. യേശുവിന്റെ നാമം ഞങ്ങളുടെമേൽ സ്ഥാപിക്കണമേ. ഞങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കണമേ. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.