എന്റെ പ്രിയരേ, കർത്താവ് ഇന്ന് നിങ്ങളെ ഓർക്കുന്നു. ഇന്നത്തെ വാഗ്ദത്ത വചനം സദൃശവാക്യങ്ങൾ 10:6 ആകുന്നു: "നീതിമാന്റെ ശിരസ്സിന്മേൽ അനുഗ്രഹങ്ങൾ വരുന്നു." നീതിപൂർവം ജീവിക്കാൻ പരിശ്രമിക്കുന്ന ഓരോ പുരുഷനെയും സ്ത്രീയെയും അവൻ കാണുന്നു. നീതിമാന്മാരുടെ ശിരസ്സിന്മേൽ സമൃദ്ധമായ അനുഗ്രഹങ്ങളും പൂർണ്ണമായ പ്രതിഫലവും നൽകുമെന്ന് കർത്താവ് വാഗ്ദാനം ചെയ്യുന്നു. എന്നാൽ ഈ അനുഗ്രഹം ലഭിക്കുന്ന നീതിമാന്മാർ ആരാണ്? ന്യായം പ്രവർത്തിപ്പാനും ദയാതല്പരരായിരിപ്പാനും നിന്റെ ദൈവത്തിന്റെ സന്നിധിയിൽ താഴ്മയോടെ നടക്കാനുമാണ് കർത്താവ് നമ്മിൽ നിന്ന് ആവശ്യപ്പെടുന്നതെന്ന് മീഖാ 6:8 നമ്മോട് പറയുന്നു. നീതി അന്വേഷിക്കുകയും ഹൃദയപൂർവ്വം കരുണ കാണിക്കുകയും മറ്റുള്ളവരോട് ക്ഷമിക്കുകയും മക്കളെ നേർവഴിയിലാക്കുകയും കുടുംബങ്ങളെ നീതിയിൽ നയിക്കുകയും, ദൈവമുമ്പാകെ തങ്ങളെത്തന്നെ താഴ്ത്തുകയും ചെയ്യുന്നവരാണ് ഇവർ.

നാം ഇപ്രകാരം ജീവിക്കുമ്പോൾ കർത്താവ് നീതിയുടെ കിരീടം നമ്മുടെ ശിരസ്സിന്മേൽ വയ്ക്കുന്നു. 2 തിമൊഥെയൊസ് 4:7-8-ൽ പൗലൊസ് പ്രഖ്യാപിക്കുന്നതുപോലെ, അവൻ നല്ല പോർ പൊരുതു, ഓട്ടം തികെച്ചു, വിശ്വാസം കാത്തു. അവനുവേണ്ടി നീതിയുടെ കിരീടം ഒരുക്കിവെച്ചിരിക്കുന്നു. നീതിയുള്ള ന്യായാധിപനായ കർത്താവ് തന്റെ പ്രത്യക്ഷതയെ സ്നേഹിക്കുന്ന എല്ലാവർക്കും അത് നൽകും. രാപ്പകൽ  തന്നോട് നിലവിളിക്കുന്ന തന്റെ തിരഞ്ഞെടുക്കപ്പെട്ടവർക്ക് നീതി നൽകുമെന്നും കർത്താവ് വാഗ്ദാനം ചെയ്യുന്നു. അവൻ ക്ഷമയുള്ളവനാണെങ്കിലും, അവൻ തീർച്ചയായും വേഗത്തിൽ നീതി കൊണ്ടുവരും. നിങ്ങൾ അനീതി, തെറ്റായ ആരോപണങ്ങൾ, വഞ്ചന, കള്ളസാക്ഷ്യങ്ങൾ, അസൂയ, അല്ലെങ്കിൽ അന്യായമായ പെരുമാറ്റം എന്നിവ അനുഭവിച്ചിട്ടുണ്ടെങ്കിൽ, നിരാശപ്പെടരുത്. കർത്താവ് നിങ്ങളുടെ ജീവിതത്തിൽ നീതിയും ന്യായവും സ്ഥാപിക്കും. അവൻ ദുഃഖത്തെ ഇല്ലാതാക്കുകയും നിങ്ങളുടെ കാത്തിരിപ്പ് അവസാനിപ്പിക്കുകയും നിങ്ങളുടെ അനുഗ്രഹങ്ങൾ പുനഃസ്ഥാപിക്കുകയും ചെയ്യും. നിങ്ങളുടെ ജോലിസ്ഥലത്തും പഠനത്തിലും സമൂഹത്തിലും ശുശ്രൂഷയിലും ജോലിയിലും സംഘടനയിലും-നിങ്ങളുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും കർത്താവ് നീതി സ്ഥാപിക്കും. അവൻ നിങ്ങൾക്ക് ഉചിതമായ പ്രതിഫലം നൽകും. നിങ്ങൾക്കെതിരെ ഉയരുന്ന അസൂയയുടെ ഏത് ആത്മാവും പരാജയപ്പെടുകയും നിങ്ങളുടെ മക്കൾ എല്ലാ ദുഷ്ടസ്വാധീനങ്ങളിൽനിന്നും വിടുവിക്കപ്പെടുകയും ചെയ്യും. എല്ലാ അനീതിയുടെയും ലജ്ജയുടെയും കിരീടങ്ങൾക്കും പകരം നീതിയുടെ കിരീടം ലഭിക്കും.

നീതിയുടെ ഈ കിരീടത്തിന്റെ അനുഗ്രഹങ്ങൾ എന്തൊക്കെയാണ്? സങ്കീർത്തനം 112:1-5 അവയെ വെളിപ്പെടുത്തുന്നു. യഹോവയെ ഭയപ്പെട്ടു, അവന്റെ കല്പനകളിൽ ഏറ്റവും ഇഷ്ടപ്പെടുന്ന മനുഷ്യൻ ഭാഗ്യവാൻ. ഒന്നാമതായി, നിങ്ങളുടെ സന്തതി ഭൂമിയിൽ ബലപ്പെട്ടിരിക്കും; നേരുള്ളവരുടെ തലമുറ അനുഗ്രഹിക്കപ്പെടും. ഐശ്വര്യവും സമ്പത്തും നിങ്ങളുടെ വീട്ടിൽ ഉണ്ടാകും; നിങ്ങളുടെ നീതി എന്നേക്കും നിലനിൽക്കും. നിങ്ങളുടെ ഇരുട്ടിൽ വെളിച്ചം ഉദിക്കുകയും എല്ലാ ഇരുട്ടുകളും അപ്രത്യക്ഷമാകുകയും ചെയ്യും. നിങ്ങൾ ദയയും അനുകമ്പയും കരുണയും പെരുമാറ്റത്തിൽ നീതിയും ഉള്ളവരാകയാൽ കർത്താവ് നിങ്ങളെ അനുഗ്രഹിക്കും. മറ്റുള്ളവരും നിങ്ങളോട് സന്മനസ്സോടും അനുകമ്പയോടും കരുണയോടും കൂടി പെരുമാറും.

PRAYER:
പ്രിയ സ്വർഗ്ഗീയ പിതാവേ, നീതിയിൽ നടക്കാനും ന്യായം  പ്രവർത്തിക്കാനും ദയാതല്പരരായിരിപ്പാനും അങ്ങയുടെ മുമ്പിൽ താഴ്മയോടെയിരിക്കാനും എന്നെ സഹായിക്കണമേ. നീതിയുടെ കിരീടം എന്റെ ശിരസ്സിന്മേൽ വയ്ക്കണമേ. എല്ലാ അനീതികളും തെറ്റായ ആരോപണങ്ങളും അസൂയയും സങ്കടവും എന്റെ ജീവിതത്തിൽ നിന്ന് നീക്കണമേ. എന്റെ കുടുംബത്തിലും ജോലിസ്ഥലത്തും പഠനത്തിലും ശുശ്രൂഷയിലും നീതി സ്ഥാപിക്കണമേ. എല്ലാ ഇരുട്ടിലും അങ്ങയുടെ വെളിച്ചം ഉദിക്കട്ടെ. എന്റെ മക്കളെ അനുഗ്രഹിക്കണമേ. ഭൂമിയിൽ അവരുടെ തലമുറകളെ ബലപ്പെടുത്തണമേ. ഞങ്ങളുടെ ഭവനങ്ങളെ സമ്പത്തും സമാധാനവും അനുകമ്പയും നന്മയും കൊണ്ട് നിറയ്ക്കണമേ. കാത്തിരിപ്പിന്റെ എല്ലാ കാലഘട്ടങ്ങളും അവസാനിപ്പിച്ച്, ഞങ്ങൾക്ക് നഷ്ടപ്പെട്ടവ പുനഃസ്ഥാപിക്കണമേ. യേശുവിന്റെ മഹത്തായ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.