എന്റെ പ്രിയരേ! കർത്താവിൽ നിന്നുള്ള ഇന്നത്തെ വാഗ്ദത്തം യോശുവ 1:5-ൽ നിന്നുള്ളതാണ്: "നിന്റെ ജീവകാലത്തു ഒരിക്കലും ഒരു മനുഷ്യനും നിന്റെ നേരെ നിൽക്കയില്ല; ഞാൻ മോശെയോടുകൂടെ ഇരുന്നതു പോലെ നിന്നോടുകൂടെയും ഇരിക്കും; ഞാൻ നിന്നെ കൈ വിടുകയില്ല, ഉപേക്ഷിക്കയും ഇല്ല." നിങ്ങൾക്കെതിരെ നിൽക്കാൻ ആർക്കും കഴിയില്ലെന്ന് കർത്താവ് വാഗ്ദാനം ചെയ്യുന്നു. അവൻ നിങ്ങളെ ഒരിക്കലും ഉപേക്ഷിക്കുകയോ കൈ വിടുകയോ ചെയ്യില്ലെന്ന് നിങ്ങൾക്ക് ഉറപ്പ് നൽകുന്നു. അവൻ നിങ്ങളെ സംരക്ഷിക്കുകയും നിങ്ങളെ കാത്തുസൂക്ഷിക്കുകയും നിങ്ങളുടെ തല ഉയർത്തുകയും ചെയ്യും. അതിനാൽ, ധൈര്യമായിരിക്കുക, ഭയപ്പെടരുത്.
ഒന്നാമതായി, അവൻ നിങ്ങൾക്ക് ജ്ഞാനം നൽകുന്നു. അപ്പൊ. പ്രവൃത്തികൾ 6:10 വായിക്കുക. വിശ്വാസം നിറഞ്ഞ ഒരു മനുഷ്യനായ സ്തെഫാനൊസിനെക്കുറിച്ച് വേദപുസ്തകം ശക്തമായ ഒരു വിവരണം നൽകുന്നു. അവൻ സംസാരിച്ചിരുന്ന ജ്ഞാനത്തെയും പരിശുദ്ധാത്മാവിനെയും എതിർക്കാൻ അവന്റെ എതിരാളികൾക്ക് കഴിഞ്ഞില്ല. അവൻ പ്രഖ്യാപിച്ച സത്യത്തിനെതിരെ നിലകൊള്ളാനോ അവനെ മറികടക്കാനോ അവർക്ക് കഴിഞ്ഞില്ല.
രണ്ടാമതായി, നിങ്ങൾക്കു വിരോധമായി ഉണ്ടാക്കുന്ന യാതൊരു ആയുധവും ഫലിക്കയില്ല. ഈ ജീവിതത്തിൽ നിങ്ങൾക്കെതിരെ പലതരത്തിലുള്ള ആയുധങ്ങൾ ഉയർത്തപ്പെടുന്നതായി നിങ്ങൾ കണ്ടേക്കാം. എന്നാൽ ധൈര്യമായിരിക്കുക! "നിങ്ങൾക്കു വിരോധമായി ഉണ്ടാക്കുന്ന യാതൊരു ആയുധവും ഫലിക്കയില്ല" എന്ന് യെശയ്യാവ് 54:17 പറയുന്നു. ഈ സത്യത്തിൽ നിങ്ങൾക്ക് ഇന്ന് ഉറച്ചുനിൽക്കാം. ആളുകൾ നിങ്ങൾക്കെതിരെ എല്ലാത്തരം ആയുധങ്ങളും അയച്ചേക്കാം. വ്യാജ സാക്ഷികൾ നിങ്ങൾക്കെതിരെ ഉയർന്നുവന്നേക്കാം, ചിലർ നിങ്ങളെ ഒറ്റിക്കൊടുക്കുകയും നിങ്ങളെ പുറകിൽ കുത്തുകയും ചെയ്തേക്കാം. അവർ നിങ്ങളുടെ കഠിനാധ്വാനത്തെയും ഔദ്യോഗിക രംഗത്തെ സംഭാവനകളെയും മനഃപൂർവ്വം തെറ്റായി ചിത്രീകരിക്കുകയും സത്യത്തെ വളച്ചൊടിക്കുകയും അവരുടെ പ്രവർത്തനങ്ങളുടെ ഗുരുതരമായ പ്രത്യാഘാതങ്ങൾ നിങ്ങൾ അനുഭവിക്കേണ്ടിവരുകയും ചെയ്തേക്കാം. അവർ നിങ്ങൾക്കെതിരെ പലവിധത്തിലുള്ള തിന്മകളും ചെയ്തേക്കാം. അവർ നിങ്ങളുടെ കുടുംബത്തിൽ ഭിന്നതയുണ്ടാക്കുകയോ, കുട്ടികളെ വേർതിരിക്കുകയോ നിങ്ങളുടെ വീട്ടിൽ അനാവശ്യ വഴക്കുകൾ സൃഷ്ടിക്കുകയോ ചെയ്തേക്കാം. ഒരു പ്രശ്നത്തിന് പിന്നാലെ മറ്റൊന്നായി വന്ന്, നിങ്ങളുടെ ജീവിതത്തിൽ തുടർച്ചയായ നഷ്ടങ്ങൾ ഉണ്ടാകാൻ ഇടയാക്കിയേക്കാം. നിങ്ങൾക്ക് അവകാശപ്പെട്ട സ്വത്ത് നിങ്ങളിൽ നിന്ന് തടഞ്ഞുവയ്ക്കപ്പെടുകയും നിങ്ങൾക്ക് ലഭിക്കേണ്ട പണം തടയപ്പെടുകയും ചെയ്തേക്കാം. ചിലർ നിങ്ങൾക്കെതിരെ അടിസ്ഥാനരഹിതമായ കോടതി കേസുകൾ പോലും ഫയൽ ചെയ്തേക്കാം. പ്രത്യേകിച്ച്, അവർ നിങ്ങൾക്കെതിരെ വിവാഹമോചനക്കേസുകൾ ഫയൽ ചെയ്യുകയും, നിങ്ങൾക്കെതിരെ കള്ളസാക്ഷ്യം പറയുകയും നിങ്ങളുടെ ജീവിതം തകർക്കാൻ ശ്രമിക്കുകയും ചെയ്തേക്കാം. ദു:സ്വഭാവമുള്ളവരും വഞ്ചകരുമായ ആളുകൾ കാരണം, വർഷങ്ങളോളം നിങ്ങൾക്ക് വിവാഹം കഴിക്കാനോ അല്ലെങ്കിൽ വേദനാജനകമായ ഒരു ബന്ധത്തിൽ നിന്ന് മോചനം നേടാനോ കഴിയാതെ വരികയും, അതുവഴി വലിയ ദുരിതം അനുഭവിക്കേണ്ടി വരികയും ചെയ്തിട്ടുണ്ടാകാം. എന്നാൽ കർത്താവിന്റെ വാഗ്ദത്തം ഓർക്കുക: 'നിങ്ങൾക്കു വിരോധമായി ഉണ്ടാക്കുന്ന യാതൊരു ആയുധവും ഫലിക്കയില്ല; ന്യായായവിസ്താരത്തിൽ നിനക്കു വിരോധമായി എഴുന്നേല്ക്കുന്ന എല്ലാ നാവിനെയും നീ കുറ്റം വിധിക്കും.' ഇത് കർത്താവിന്റെ ദാസന്മാരുടെ അവകാശവും അവരുടെ നീതി അവനിൽനിന്നുള്ളതുമാണ്.
മൂന്നാമതായി, ദൈവം എല്ലാ തിന്മകളെയും നന്മയാക്കി മാറ്റും. ഉല്പത്തി 50:20-ൽ ദൈവം നമ്മെ ഇങ്ങനെ ഓർമ്മിപ്പിക്കുന്നു: "നിങ്ങൾ എന്റെ നേരേ ദോഷം വിചാരിച്ചു; ദൈവമോ, അതിനെ ഗുണമാക്കിത്തീർത്തു." നാം പ്രതികൂല സാഹചര്യങ്ങളെ അഭിമുഖീകരിക്കുമ്പോഴും ഒരു വലിയ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനായി ദൈവം മറഞ്ഞിരുന്ന് പ്രവർത്തിക്കുന്നു എന്ന ശക്തമായ ഒരു ഓർമ്മപ്പെടുത്തലാണിത്. യോസേഫിന്റെ സഹോദരന്മാർ അവനെതിരെ തിന്മ ഉദ്ദേശിച്ചിരുന്നുവെങ്കിലും ദൈവം എല്ലാം നന്മയ്ക്കായി മാറ്റി. പലരെയും രക്ഷിക്കാനായി കർത്താവ് യോസേഫിനെ ഒരു രാജാവിനെപ്പോലെ ഉന്നതമായ സ്ഥാനത്തേക്ക് ഉയർത്തി. കർത്താവ് നിങ്ങൾക്കും ഇതേ കൃപ നൽകും. ദൈവത്തെ സ്നേഹിക്കുന്നവർക്കു, നിർണ്ണയപ്രകാരം വിളിക്കപ്പെട്ടവർക്കു തന്നേ, സകലവും നന്മെക്കായി കൂടി വ്യാപരിക്കുന്നു എന്നു റോമർ 8:28 പറയുന്നു. ദുഷ്ടരായ മനുഷ്യരോ പിശാചോ നിങ്ങൾക്കെതിരെ തിന്മ ആസൂത്രണം ചെയ്തിരിക്കാം. എന്നാൽ കർത്താവ് നിങ്ങളുടെ നന്മയ്ക്കായി എല്ലാം ഒരുമിച്ച് പ്രവർത്തിപ്പിക്കും. യേശുവിന്റെ നാമത്തിൽ ഈ അനുഗ്രഹം ഇന്ന് നിങ്ങളിൽ വർഷിക്കുമാറാകട്ടെ! എല്ലാ തിന്മ നിറഞ്ഞ സാഹചര്യങ്ങളും നന്മയായി മാറട്ടെ. കർത്താവ് നിങ്ങളെ അനുഗ്രഹിക്കുകയും നിങ്ങളുടെ ജീവിതത്തിൽ നീതി സ്ഥാപിക്കുകയും ചെയ്യട്ടെ.
Prayer:
പ്രിയ സ്വർഗ്ഗീയ പിതാവേ, എന്നെ ഒരിക്കലും ഉപേക്ഷിക്കില്ലെന്നും കൈവിടില്ലെന്നും വാഗ്ദാനം ചെയ്തതിന് അങ്ങേക്ക് നന്ദി. എല്ലാ ദുഷിച്ച പദ്ധതികളിൽ നിന്നും തെറ്റായ ആരോപണങ്ങളിൽ നിന്നും വഞ്ചനയിൽ നിന്നും എതിർപ്പിൽ നിന്നും എന്നെ സംരക്ഷിക്കണമേ. സ്തെഫാനൊസിനെ നിറച്ചതുപോലെ, എന്നെയും ദൈവിക ജ്ഞാനത്താലും അങ്ങയുടെ പരിശുദ്ധാത്മാവിന്റെ ശക്തിയാലും നിറയ്ക്കണമേ. എനിക്കു വിരോധമായി ഉണ്ടാക്കുന്ന യാതൊരു ആയുധവും ഫലിക്കാതെ പോകട്ടെ. എല്ലാ പ്രശ്നങ്ങളിൽ നിന്നും എനിക്ക് നീതിയും സ്വാതന്ത്ര്യവും നൽകണമേ. യോസേഫിന്റെ ജീവിതത്തിൽ ചെയ്തതുപോലെ എല്ലാ തിന്മയും നന്മയാക്കി മാറ്റണമേ. എന്നെ മാനിക്കണമേ, എന്റെ തല ഉയർത്തണമേ. എന്റെ ജീവിതത്തിൽ അങ്ങയുടെ നീതി സ്ഥാപിക്കണമേ. എന്റെ കുടുംബവും അങ്ങയുടെ സംരക്ഷണവും സമാധാനവും അനുഗ്രഹങ്ങളും അനുഭവിക്കട്ടെ. യേശുവിന്റെ മഹത്തായ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.

ദൈവരാജ്യം കെട്ടിപ്പടുക്കുന്നതിൽ കൈകോർക്കുക
Donate Now


