എന്റെ പ്രിയ സുഹൃത്തുക്കളേ, ഇന്ന് നാം സങ്കീർത്തനം 111:5-നെക്കുറിച്ച് ധ്യാനിക്കുകയാകുന്നു. അതിൽ ഇപ്രകാരം പറയുന്നു: "തന്റെ ഭക്തന്മാർക്കു അവൻ ആഹാരം കൊടുക്കുന്നു; അവൻ തന്റെ നിയമത്തെ എന്നേക്കും ഓർക്കുന്നു." ഇന്ന് നിങ്ങളുടെ കുടുംബത്തിന്റെ ആവശ്യങ്ങളെക്കുറിച്ച് നിങ്ങൾ ആശങ്കപ്പെടുന്നുണ്ടോ? "ഞാൻ എങ്ങനെ ബില്ലുകൾ അടയ്ക്കാനും ചെലവുകൾ കൈകാര്യം ചെയ്യാനും എന്റെ കുടുംബത്തെ പരിപാലിക്കാനും പോകുന്നു?" എന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടോ? നിങ്ങളുടെ വാടക എങ്ങനെ നൽകും, നിങ്ങളുടെ മക്കൾക്ക് എങ്ങനെ ഭക്ഷണം നൽകും, നിങ്ങളുടെ ചികിത്സാ ചെലവുകൾ എങ്ങനെ കൈകാര്യം ചെയ്യും, അല്ലെങ്കിൽ നിങ്ങളുടെ അടുത്ത നേരത്തെ ഭക്ഷണം എങ്ങനെ കണ്ടെത്തും എന്നിങ്ങനെ ചിന്തിച്ചുകൊണ്ട് നിങ്ങൾ ഒരു വലിയ സാമ്പത്തിക ഭാരം വഹിക്കുന്നുണ്ടാകാം. എന്നാൽ ദൈവം നിങ്ങൾക്ക് ആവശ്യമായവ നൽകുമെന്ന് ഈ വാക്യം ഉറപ്പുനൽകുന്നു. മത്തായി 6:31-32-ൽ നാം വായിക്കുന്നു, "നാം എന്തു തിന്നും എന്തു കുടിക്കും എന്തു ഉടുക്കും എന്നിങ്ങനെ നിങ്ങൾ വിചാരപ്പെടരുതു. സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു ഇതൊക്കെയും നിങ്ങൾക്കു ആവശ്യം എന്നു അറിയുന്നുവല്ലോ." കർത്താവിന് നിങ്ങളെക്കുറിച്ച് കരുതൽ ഉണ്ട്. നിങ്ങൾ കടന്നുപോകുന്ന സാഹചര്യങ്ങൾ അവൻ കാണുന്നുണ്ട്; അവൻ നിങ്ങളെ പരിപാലിക്കും.

ചെന്നൈയിൽ താമസിക്കുന്ന പ്രിയ സഹോദരി. ലതയുടെ കുടുംബത്തിന് അവൻ ചെയ്തത് അതാണ്. തന്റെ കുടുംബത്തെ ദൈവം എങ്ങനെ പരിപാലിച്ചുവെന്ന് അവൾ പങ്കുവെച്ചു. അവൾ  ദാരിദ്ര്യത്തിൽ കഷ്ടപ്പെടുകയായിരുന്നു. അവളുടെ പിതാവ് ഗുരുതരമായ അസുഖവുമായി മല്ലിടുകയായിരുന്നു, കുടുംബം കടുത്ത സാമ്പത്തിക പ്രശ്നങ്ങൾ നേരിടുകയായിരുന്നു. അവർക്ക് ഭക്ഷണം കഴിക്കാൻ പോലും വകയുണ്ടായിരുന്നില്ല, അവളുടെ അമ്മ വളരെയധികം നിരാശയിലായിരുന്നു. അവരുടെ കുടുംബത്തിന് വലിയ ആവശ്യങ്ങളുണ്ടായിരുന്നു, അവർ അതിജീവിക്കാൻ വേണ്ടി പാടുപെടുകയായിരുന്നു. അപ്പോഴാണ് അവളുടെ അമ്മായി അവളെ യേശു വിളിക്കുന്നു പ്രാർത്ഥനാ ഗോപുരവുമായി പരിചയപ്പെടുത്തിയത്. ഡോ. പോൾ ദിനകരൻ ദൈവവചനം പങ്കുവയ്ക്കുകയും ജനങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്ന ഒരു യോഗത്തിൽ അവർ പങ്കെടുത്തു. സഹോദരി. ലത ഈ സന്ദേശത്താൽ വളരെയധികം പ്രോത്സാഹിപ്പിക്കപ്പെടുകയും പ്രാർത്ഥനയിൽ പങ്കുചേരുകയും ചെയ്തു. ആ യോഗത്തിലൂടെ, അവരുടെ കുടുംബത്തിന് ഒരു പുതിയ പ്രത്യാശ ലഭിച്ചു. അതിനുശേഷം ദൈവം അവരുടെ ജീവിതത്തെ പലവിധത്തിൽ രൂപാന്തരപ്പെടുത്താൻ തുടങ്ങി. അവളുടെ സഹോദരന് ഒരു ജോലി ലഭിച്ചു, അവരുടെ ദൈനംദിന ചെലവുകൾക്കായി അവർക്ക് പണം ലഭിക്കാൻ തുടങ്ങി. അവൾക്ക് പഠനം പൂർത്തിയാക്കാൻ കഴിഞ്ഞു, അവളുടെ സഹോദരന്മാർക്കും അത്ഭുതകരമായ ജോലികൾ ലഭിച്ചു. ജോലിസ്ഥലത്ത് എന്തെങ്കിലും ബുദ്ധിമുട്ടുകൾ നേരിടുമ്പോഴെല്ലാം അവർ യേശു വിളിക്കുന്നു പ്രാർത്ഥനാ ഗോപുരത്തെ വിളിച്ച് പ്രാർത്ഥനയ്ക്കായി അപേക്ഷിക്കുമായിരുന്നു. ഓരോ തവണയും, അവരുടെ പ്രാർത്ഥനകൾക്കുള്ള ഉത്തരങ്ങൾ ലഭിക്കുകയും വിടുതൽ അനുഭവിക്കുകയും ചെയ്തു. ഒടുവിൽ, അവർക്ക് സ്വന്തമായി ഒരു ബിസിനസ്സ് ആരംഭിക്കാൻ ദൈവം ഒരു വാതിൽ തുറന്നുകൊടുത്തു. ബിസിനസ്സ് നടത്താൻ അവൻ അവർക്ക് ഒരു സ്ഥലവും നൽകി. അവരുടെ പരിശ്രമങ്ങളെ അവൻ അനുഗ്രഹിക്കാൻ തുടങ്ങി. കുറച്ച് കാലത്തിനുശേഷം, അവരുടെ ബിസിനസ്സ് വളരെയധികം വളർന്നതിനാൽ അവർ രണ്ട് ശാഖകളും രണ്ട് ഓഫീസുകളും സ്ഥാപിച്ചു. അവരുടെ സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടാൻ തുടങ്ങി. 2018ൽ അവർ സ്വന്തമായി കാർ വാങ്ങുകയും അണ്ണാ നഗറിൽ ഒരു വീട് നിർമ്മിക്കുകയും ചെയ്തു. ദൈവം അവരുടെ മുഴുവൻ കുടുംബത്തെയും അനുഗ്രഹിക്കുകയും അവരെ ദാരിദ്ര്യത്തിൽ നിന്ന് ഉയർത്തുകയും ചെയ്തു. എല്ലാ ആവശ്യങ്ങളും അവൻ ശ്രദ്ധിക്കുകയും അവരുടെ അനുഗ്രഹങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്തു. ഇന്ന് അവർ അനേകം അനുഗ്രഹങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്നു. ഒന്നുമില്ലാത്ത അവസ്ഥയിലാണ് അവർ തുടങ്ങിയതെങ്കിലും, ദൈവം അവരെ സമൃദ്ധമായി വർദ്ധിപ്പിച്ചു.

എന്റെ പ്രിയ സുഹൃത്തുക്കളേ, ഒരുപക്ഷേ നിങ്ങളും ഇന്ന് ഇത്തരം ഒരു സാഹചര്യത്തിലൂടെ കടന്നുപോകുന്നുണ്ടാകാം. നിങ്ങൾ പറഞ്ഞേക്കാം, "ഞാൻ കഷ്ടപ്പെടുകയാണ്. എന്റെ കയ്യിൽ ഒന്നുമില്ല. അടുത്തതായി എന്തുചെയ്യണമെന്ന് എനിക്കറിയില്ല ". ഇന്ന്, നിങ്ങളുടെ എല്ലാ ഉത്കണ്ഠകളും കർത്താവിന് സമർപ്പിക്കുക. അവൻ നിങ്ങളെ പരിപാലിക്കും. ഈ സാക്ഷ്യം ദൈവത്തിന്റെ നന്മയുടെയും വിശ്വസ്തതയുടെയും ഓർമ്മപ്പെടുത്തലാണ്. നിങ്ങൾക്ക് ഉള്ളതുമായി കർത്താവിൽ ആശ്രയിക്കുമ്പോൾ, അവൻ നിങ്ങളെ കരുതുകയും നിങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുകയും ചെയ്യും. നിങ്ങൾക്ക് ആവശ്യമുള്ളതെല്ലാം അവനറിയാം, അതിനാൽ സന്തോഷമുള്ളവരായിരിക്കുക. സഹോദരി. ലതയുടെ കുടുംബത്തെ ഓർത്ത ദൈവം നിങ്ങളെയും ഓർക്കുകയും നിങ്ങളുടെ കുടുംബത്തെ പരിപാലിക്കുകയും ചെയ്യും.

PRAYER:
സ്നേഹവാനായ കർത്താവേ, അങ്ങയുടെ ഓരോ പൈതലിനെയും അങ്ങ് പരിപാലിക്കുന്നുവെന്ന് അങ്ങയുടെ വചനത്തിലൂടെ ഞങ്ങളെ ഓർമ്മിപ്പിച്ചതിന് നന്ദി. ഇന്ന്, അവരുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റിത്തരണമേ. അവർക്ക് എന്തൊക്കെ കുറവുണ്ടെങ്കിലും ദയവായി അത് അങ്ങയുടെ ധനത്തിനൊത്തവണ്ണം നൽകണമേ. അവർക്ക് സാമ്പത്തിക അനുഗ്രഹങ്ങൾ നൽകുകയും, തൊഴിൽ അവസരങ്ങൾ തുറന്നുകൊടുക്കുകയും, അവരുടെ കൈകളുടെ പ്രവൃത്തിയെ സമൃദ്ധമാക്കുകയും ചെയ്യണമേ. അവർ സമ്പാദിക്കുന്നതെന്തും വർദ്ധിപ്പിക്കണമേ. അവർ അങ്ങയെ മാനിക്കുന്നതുപോലെ അവരെ അനുഗ്രഹിക്കണമേ. അവരുടെ കുടുംബത്തിലെ ഓരോ അംഗത്തെയും ഓർക്കണമേ, സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്ന് അവരെ ഉയർത്തണമേ. അവർക്ക് ഒന്നിനും കുറവുണ്ടാകരുതേ. അവരുടെ കുട്ടികളുടെ വിദ്യാഭ്യാസം, ചികിത്സാ ആവശ്യങ്ങൾ, ദൈനംദിന ചെലവുകൾ എന്നിവ നൽകണമേ. ഓരോ കുടുംബവും അങ്ങയുടെ നന്മയും വിശ്വസ്തതയും അനുഭവിക്കട്ടെ. യേശുവിന്റെ നാമത്തിൽ ഞങ്ങൾ അങ്ങയുടെ അനുഗ്രഹങ്ങൾ സ്വീകരിക്കുന്നു. ആമേൻ.