എന്റെ വിലയേറിയ ദൈവമക്കളേ, ഇന്നത്തെ വാഗ്ദത്തം ഉല്പത്തി 17:2-ൽ നിന്നുള്ളതാണ്: "എനിക്കും നിനക്കും മദ്ധ്യേ ഞാൻ എന്റെ നിയമം സ്ഥാപിക്കും; നിന്നെ അധികമധികമായി വർദ്ധിപ്പിക്കും." അബ്രാഹാം വളരെക്കാലം മക്കളില്ലാത്തവനായി തുടർന്നു. എന്നിട്ടും, ദൈവം തന്നെ സമൃദ്ധമായി അനുഗ്രഹിക്കുമെന്ന വിശ്വാസത്തിൽ ഉറച്ചുനിൽക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു. "ഞാൻ നിന്നെ ബഹുജാതികൾക്കു പിതാവാക്കിവെച്ചു" എന്ന് ദൈവം അബ്രാഹാമിനോട് പറഞ്ഞതായി റോമർ 4:17-18 ൽ  വായിക്കുന്നു. അബ്രാഹാമിന് മക്കളില്ലായിരുന്നെങ്കിലും താൻ അവനെ അനേകം ജനതകളുടെ പിതാവാക്കിയതായി ദൈവം പ്രഖ്യാപിച്ചു. മരിച്ചവർക്ക് ജീവൻ നൽകുന്നവനും, ഇല്ലാത്തവയെ ഉള്ളവയെപ്പോലെ വിളിക്കുന്നവനുമായ ദൈവത്തിൽ അബ്രാഹാം വിശ്വസിച്ചു. അവന് മക്കളുണ്ടായിരുന്നില്ലെങ്കിലും ദൈവം അവനെ അനേകം ജനതകളുടെ പിതാവാക്കി മാറ്റി. എത്ര വലിയ ദൈവമാണ് നമുക്കുള്ളത്!

ദൈവം അരുളിച്ചെയ്തതുപോലെ തന്നെയായിരുന്നു അവന്റെ പിൻഗാമികളുടെ കാര്യവും സംഭവിച്ചത്. മത്തായി 1:1-17 വരെ  വായിക്കുമ്പോൾ, അബ്രാഹാമിന്റെ സന്തതികളെക്കുറിച്ചുള്ള നിരവധി അനുഗ്രഹകരമായ വിശദാംശങ്ങൾ നാം അവിടെ കാണുന്നു. മത്തായി 1:1 ആരംഭിക്കുന്നത് ഇങ്ങനെയാണ്: "അബ്രാഹാമിന്റെ പുത്രനായ ദാവീദിന്റെ പുത്രനായ യേശുക്രിസ്തുവിന്റെ വംശാവലി." മത്തായി 1:17 ൽ നാം വായിക്കുന്നത് അബ്രാഹാം മുതൽ ദാവീദുവരെ പതിന്നാലും ദാവീദു മുതൽ ബാബേൽപ്രവാസത്തോളം പതിന്നാലും ബാബേൽപ്രവാസം മുതൽ ക്രിസ്തുവിനോളം പതിന്നാലും ആകുന്നു എന്നാണ്. എത്ര അനുഗ്രഹീതമായ പദവിയാണിത്! അബ്രാഹാമിന്റെ വംശാവലിയിലൂടെയാണ് യേശുക്രിസ്തു വന്നത്. തുടക്കത്തിൽ അബ്രാഹാമിന് ഒന്നും ഉണ്ടായിരുന്നില്ല; പക്ഷെ,  അവൻ ദൈവത്തിൽ വിശ്വസിക്കുകയും അവന്റെ വാഗ്‌ദത്തത്തിൽ ഉറച്ചുനിൽക്കുകയും ചെയ്തു. അതുകൊണ്ടാണ് ദൈവം അവനെ സമൃദ്ധമായി അനുഗ്രഹിക്കുകയും നിരവധി സന്തതികളെ നൽകുകയും ചെയ്തത്.

അതുപോലെ, എന്റെ വിലയേറിയ മക്കളേ, "എനിക്ക് മക്കളില്ല", "എനിക്ക് ജ്ഞാനമില്ല", അല്ലെങ്കിൽ "എനിക്ക് അനുഗ്രഹങ്ങളില്ല" എന്ന് പറയരുത്. അബ്രാഹാമിനെപ്പോലെ വിശ്വസിക്കുക! ദൈവത്തെയും അവന്റെ വാഗ്ദത്തങ്ങളെയും മുറുകെപ്പിടിക്കുക. ഹല്ലേലൂയ! ഇപ്പോൾ, നാം പ്രാർത്ഥിക്കാനും ദൈവത്തിന്റെ സമൃദ്ധമായ അനുഗ്രഹങ്ങൾ സ്വീകരിക്കാനും പോകുന്നു. വരൂ, നമുക്ക് ഒരുമിച്ച് പ്രാർത്ഥിക്കാം.

PRAYER:
ഞങ്ങളുടെ വിലയേറിയ സ്വർഗ്ഗീയ പിതാവേ, അങ്ങയുടെ സമൃദ്ധമായ അനുഗ്രഹങ്ങളിൽ വിശ്വസിച്ചുകൊണ്ട് ഞങ്ങൾ അങ്ങയുടെ സന്നിധിയിലേക്ക് വരുന്നു. അബ്രാഹാം അങ്ങിൽ വിശ്വസിക്കുകയും അങ്ങയുടെ വാഗ്‌ദത്തം സ്വീകരിക്കുകയും ചെയ്തതുപോലെ, അങ്ങിൽ വിശ്വസിക്കാനും അങ്ങയുടെ വചനത്തിൽ ഉറച്ചുനിൽക്കാനും ഞങ്ങളെ സഹായിക്കണമേ. തങ്ങളുടെ ജീവിതത്തിൽ കുഞ്ഞുങ്ങളില്ലാത്തതുകൊണ്ടോ, നല്ല ജോലിയോ ജ്ഞാനമോ അനുഗ്രഹങ്ങളോ ഇല്ലാത്തതുകൊണ്ടോ കരയുന്ന അങ്ങയുടെ മക്കളെ അങ്ങ് കടാക്ഷിക്കണമേ. കർത്താവേ, അവരെ അങ്ങയോട് കൂടുതൽ അടുപ്പിക്കണമേ. അവരുടെ വിശ്വാസത്തെ ബലപ്പെടുത്തുകയും, അബ്രാഹാമിനെപ്പോലെ അങ്ങയോട് ചേർന്നുനിൽക്കാൻ അവരെ സഹായിക്കുകയും ചെയ്യണമേ. ഓരോ കുടുംബത്തെയും ഓർക്കുകയും അവരുടെ ജീവിതത്തിൽ അങ്ങയുടെ വാഗ്‌ദത്തങ്ങൾ നിറവേറ്റുകയും ചെയ്യണമേ. അങ്ങയുടെ ഹിതപ്രകാരം അവരെ സമൃദ്ധമായി അനുഗ്രഹിക്കണമേ. യേശുവിന്റെ നാമത്തിൽ ഞങ്ങൾ പ്രാർത്ഥിക്കുന്നു, ആമേൻ.