എന്റെ വിലയേറിയ ദൈവമക്കളേ, ഇന്നത്തെ വാഗ്ദത്തം 2 ദിനവൃത്താന്തം 15:7-ൽ നിന്നുള്ളതാണ്: "എന്നാൽ നിങ്ങൾ ധൈര്യമായിരിപ്പിൻ; നിങ്ങളുടെ കൈകൾ തളർന്നുപോകരുതു; നിങ്ങളുടെ പ്രവൃത്തിക്കു പ്രതിഫലം ഉണ്ടാകും." 2 ദിനവൃത്താന്തം 15-ാം അധ്യായത്തിൽ, ദൈവത്തിന്റെ ആത്മാവ് അസര്യാവിന്റെമേൽ വന്നതായി നാം വായിക്കുന്നു. അവൻ ആസാ രാജാവിനെ കാണാൻ ചെന്ന് അവനോട് ഇപ്രകാരം പറഞ്ഞു: "നിങ്ങൾ യഹോവയോടുകൂടെ ഇരിക്കുന്നേടത്തോളം അവൻ നിങ്ങളോടുകൂടെ ഇരിക്കും."  ഇത് നിങ്ങൾ ശ്രദ്ധാപൂർവ്വം ഓർക്കേണ്ട ഒരു കാര്യമാണ്. നിങ്ങൾ അവനോടൊപ്പമുള്ളപ്പോൾ കർത്താവ് നിങ്ങളോടൊപ്പമുണ്ടായിരിക്കും. നിങ്ങൾ അവനെ അന്വേഷിക്കുകയാണെങ്കിൽ നിങ്ങൾ അവനെ കണ്ടെത്തും  എന്നതാണ് മറ്റൊരു പ്രധാന വാഗ്ദത്തം. എന്നാൽ നിങ്ങൾ അവനെ ഉപേക്ഷിക്കുകയാണെങ്കിൽ അവൻ നിങ്ങളെയും ഉപേക്ഷിക്കും.
 
നമുക്ക് 2 ദിനവൃത്താന്തം 15:14-15 കൂടി വായിക്കാം. ജനം മഹാഘോഷത്തോടും ആർപ്പോടും കാഹളങ്ങളോടും കുഴലുകളോടും കൂടെ യഹോവയോടു സത്യംചെയ്തു എന്നും 15-ാം വാക്യത്തിൽ, എല്ലാ യെഹൂദ്യരും സത്യംനിമിത്തം സന്തോഷിച്ചു; അവർ പൂർണ്ണഹൃദയത്തോടെ സത്യംചെയ്തു പൂർണ്ണതാല്പര്യത്തോടുംകൂടെ അവനെ അന്വേഷിച്ചതുകൊണ്ടു അവർ അവനെ കണ്ടെത്തുകയും യഹോവ അവർക്കു ചുറ്റും വിശ്രമം നല്കുകയും ചെയ്തു എന്നും പറയുന്നു.

എന്റെ വിലയേറിയ സഹോദരീ സഹോദരന്മാരേ, പഠിക്കുന്നവർ, കഠിനാധ്വാനം ചെയ്യുന്നവർ, തങ്ങൾക്ക് ഒന്നുമില്ലെന്ന് തോന്നുന്നവർ, നമുക്കെല്ലാവർക്കും അതേ രീതിയിൽ കർത്താവിനെ അന്വേഷിക്കാം. അവനെ നോക്കി, "പിതാവേ, ഞങ്ങൾ അങ്ങിൽ വിശ്വസിക്കുന്നു" എന്ന് പറയുക. പഠിക്കുന്നവർ കർത്താവിനോട് പറയുക, "ഞങ്ങൾക്ക് അങ്ങയുടെ ശക്തിയും ജ്ഞാനവും അറിവും ആവശ്യമാണ്". കർത്താവ് നിങ്ങളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റും. നിങ്ങളുടെ കുടുംബങ്ങളിൽ ബുദ്ധിമുട്ടുകൾ നേരിടുകയും നിങ്ങൾക്ക് അനുഗ്രഹങ്ങൾ ഇല്ലെന്ന് തോന്നുകയും ചെയ്യുന്നവർ കർത്താവിനോട്: "കർത്താവേ, ഞാൻ അങ്ങയെ വിശ്വസിക്കുന്നു. ഞാൻ അങ്ങയുടെ അടുത്തേക്ക് വരുന്നു. എനിക്ക് ആവശ്യമുള്ള എല്ലാ അനുഗ്രഹങ്ങളും ദയവായി നൽകണമേ" എന്ന് വിളിച്ചപേക്ഷിക്കുക. നിങ്ങളുടെ എല്ലാ ആവശ്യങ്ങളും കർത്താവ് തീർച്ചയായും നിറവേറ്റിതരും.

ആസാ രാജാവും അവന്റെ ജനവും പൂർണ്ണഹൃദയത്തോടെ കർത്താവിനെ അന്വേഷിച്ചപ്പോൾ അനുഗ്രഹിക്കപ്പെട്ടതുപോലെ, നിങ്ങൾക്കും അവന്റെ  അനുഗ്രഹങ്ങൾ ലഭിക്കും. ഇപ്പോൾ, നമുക്ക് പ്രാർത്ഥിക്കുകയും ദൈവത്തിന്റെ സമൃദ്ധമായ അനുഗ്രഹങ്ങൾ സ്വീകരിക്കുകയും ചെയ്യാം.

PRAYER:
ഞങ്ങളുടെ സ്നേഹവാനായ സ്വർഗ്ഗീയ പിതാവേ, അങ്ങ് മാത്രമാണ് ഞങ്ങളുടെ ഏക പ്രത്യാശ എന്നതിനാൽ ഞങ്ങൾ അങ്ങയുടെ കാൽക്കൽ വരുന്നു. ഞങ്ങൾ അങ്ങിൽ വിശ്വസിക്കുകയും ഞങ്ങളുടെ വഴികളെല്ലാം അങ്ങയുടെ കൈകളിൽ ഏൽപ്പിക്കുകയും ചെയ്യുന്നു. കർത്താവേ, പഠിക്കുന്നവരെ ശക്തിപ്പെടുത്തുകയും ജ്ഞാനവും അറിവും വിവേകവും നൽകി അനുഗ്രഹിക്കുകയും ചെയ്യണമേ. പൂർണ്ണഹൃദയത്തോടെ അങ്ങയെ മുറുകെപ്പിടിക്കാൻ അവരെ സഹായിക്കണമേ. അങ്ങയോട് വിളിച്ചപേക്ഷിക്കുന്ന ഓരോ കുടുംബത്തെയും അനുഗ്രഹിക്കുകയും, അവരുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റിക്കൊടുക്കുകയും ചെയ്യണമേ. പൂർണ്ണഹൃദയത്തോടെ അങ്ങയെ അന്വേഷിക്കാനും, അങ്ങയോട് വിശ്വസ്തതയോടെ നിലനിൽക്കാനും ഞങ്ങളെ പഠിപ്പിക്കണമേ. ഞങ്ങളുടെ പ്രാർത്ഥനകൾ കേട്ടതിനും, ഞങ്ങളുടെ പഠനകാര്യങ്ങളിലും കുടുംബങ്ങളിലും അങ്ങയുടെ സമൃദ്ധമായ അനുഗ്രഹങ്ങൾ ചൊരിഞ്ഞതിനും അങ്ങേക്ക് നന്ദി. സകല മഹത്വവും ബഹുമാനവും ഞങ്ങൾ അങ്ങേക്ക്  നൽകുന്നു. യേശുവിന്റെ മഹത്തായ നാമത്തിൽ ഞങ്ങൾ പ്രാർത്ഥിക്കുന്നു, ആമേൻ.