എന്റെ സുഹൃത്തേ, "ഉണർന്നിരിപ്പിൻ; വിശ്വാസത്തിൽ നിലനില്പിൻ; പുരുഷത്വം കാണിപ്പിൻ; ശക്തിപ്പെടുവിൻ." 1 കൊരിന്ത്യർ 16:13 അങ്ങനെ പറയുന്നു. അതെ, നിങ്ങൾക്ക് വിശ്വാസത്തിൽ ഉറച്ചുനിൽക്കാനും നിങ്ങളെത്തന്നെ സംരക്ഷിക്കാനുമുള്ള കൃപ നൽകാൻ ദൈവം ആഗ്രഹിക്കുന്നു. നിങ്ങൾക്ക് ധൈര്യമായിരിക്കാം, നിങ്ങൾ ശക്തരാകും. നിങ്ങൾ എന്താണ് കാത്തുസൂക്ഷിക്കേണ്ടത്? നിങ്ങളുടെ ഹൃദയത്തെ കാത്തുസൂക്ഷിക്കുക. സദൃശവാക്യങ്ങൾ 4:23 പറയുന്നു, “ സകലജാഗ്രതയോടുംകൂടെ നിന്റെ ഹൃദയത്തെ കാത്തുകൊൾക; ജീവന്റെ ഉത്ഭവം അതിൽനിന്നല്ലോ ആകുന്നതു." നിങ്ങളുടെ ഹൃദയം നിങ്ങളുടെ മുഴുവൻ ജീവിതത്തെയും നിയന്ത്രിക്കുന്നു. കൈകഴുകാതെ ഭക്ഷണം കഴിച്ചതിനും ആചാരങ്ങൾ പാലിക്കാത്തതിനും യേശുവിനെയും ശിഷ്യന്മാരെയും പരീശന്മാർ അപലപിച്ചപ്പോൾ യേശു പറഞ്ഞു: "നിങ്ങളുടെ കൈകളല്ല അശുദ്ധി വരുത്തുന്നത്, നിങ്ങളുടെ ഹൃദയമാണ് നിങ്ങളുടെ ജീവിതത്തിലേക്ക് എല്ലാ പാപവും അശുദ്ധിയും കൊണ്ടുവരുന്നത്. എങ്ങനെയെന്നാൽ ദുശ്ചിന്ത, കുലപാതകം, വ്യഭിചാരം, പരസംഗം, മോഷണം, കള്ളസാക്ഷ്യം, ദൂഷണം എന്നിവ ഹൃദയത്തിൽ നിന്നു പുറപ്പെട്ടുവരുന്നു." അതുകൊണ്ടാണ് വെളിപാട് 3:20-ൽ യേശു പറയുന്നത്, "ഞാൻ വാതിൽക്കൽ നിന്നു മുട്ടുന്നു; ആരെങ്കിലും എന്റെ ശബ്ദം കേട്ടു വാതിൽ തുറന്നാൽ ഞാൻ അവന്റെ അടുക്കൽ ചെല്ലും." കർത്താവ് പറയുന്നു, "എന്റെ കുഞ്ഞേ, നിന്റെ ഹൃദയം എനിക്ക് തരൂ. അത് എന്റെ വാസസ്ഥലമാക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു." നിങ്ങളുടെ ഹൃദയത്തെ യേശുവിൽ സൂക്ഷിക്കുക. ദൈവത്തിന്റെ ചിന്തകൾ നിങ്ങളുടെ ജീവിതത്തിലെ എല്ലാ കാര്യങ്ങളെയും ഉത്തേജിപ്പിക്കട്ടെ, കാരണം തന്റെ ചിന്തകൾ വളരെ ഉയർന്നതാണെന്ന് കർത്താവ് പറയുന്നു. അവൻ നിങ്ങളിലേക്ക് വരുമ്പോൾ, അവന്റെ ഉയർന്ന ചിന്തകൾ നിങ്ങളെ ഉയർന്ന സ്ഥലങ്ങളിലേക്ക് ഉയർത്തുകയും അവനോടൊപ്പം സ്വർഗ്ഗീയ സ്ഥാനങ്ങളിൽ നടക്കാൻ നിങ്ങളെ നയിക്കുകയും ചെയ്യും.
രണ്ടാമതായി, അത്യാഗ്രഹത്തിൽ നിന്ന് നിങ്ങളുടെ ഹൃദയത്തെ സൂക്ഷിക്കുക. ലൂക്കൊസ് 12:15-ൽ യേശു പറഞ്ഞു, " സകലദ്രവ്യാഗ്രഹവും സൂക്ഷിച്ചു ഒഴിഞ്ഞുകൊൾവിൻ." ജീവിതം എന്നത് സമ്പത്തിന്റെ സമൃദ്ധിയല്ല; ജീവിതം ദൈവത്തിന്റെ അനുഗ്രഹങ്ങളാലും ദൈവത്തിന്റെ സ്വഭാവത്താലും നിറഞ്ഞതായിരിക്കണം, അതാണ് യഥാർത്ഥ സമ്പത്ത്. എബ്രായർ 13:5 പറയുന്നു, "നിങ്ങളുടെ നടപ്പു ദ്രവ്യാഗ്രഹമില്ലാത്തതായിരിക്കട്ടെ; ഉള്ളതുകൊണ്ടു തൃപ്തിപ്പെടുവിൻ; “ഞാൻ നിന്നെ ഒരുനാളും കൈ വിടുകയില്ല, ഉപേക്ഷിക്കയുമില്ല” എന്നു അവൻ തന്നെ അരുളിച്ചെയ്തിരിക്കുന്നുല്ലോ." നാം പലപ്പോഴും ആ വാഗ്‌ദത്തം അവകാശപ്പെടുന്നു, എന്നാൽ നമ്മുടെ സുരക്ഷിതത്വത്തിനായി സ്വത്തുക്കളെ നോക്കുമ്പോൾ, ദൈവം നമ്മുടെ ജീവിതത്തിൽ ഉണ്ടാകില്ല. ഇന്ന്, മാനസാന്തരപ്പെടുക. മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ; അപ്പോൾ നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കും കൊച്ചുമക്കൾക്കും തലമുറകൾക്കും എല്ലാ അനുഗ്രഹങ്ങളും ലഭിക്കും. മൂന്നാമതായി, അധരങ്ങൾ കൊണ്ടുള്ള തിടുക്കത്തിലുള്ള സംസാരം ഒഴിവാക്കുക. സദൃശവാക്യങ്ങൾ 13:3 പറയുന്നു, “ വായെ കാത്തുകൊള്ളുന്നവൻ പ്രാണനെ സൂക്ഷിക്കുന്നു; അധരങ്ങളെ പിളർക്കുന്നവന്നോ നാശം ഭവിക്കും." നമ്മുടെ വായിലെ വാക്കുകളും നമ്മുടെ ഹൃദയത്തിലെ ധ്യാനങ്ങളും ദൈവത്തിന് പ്രസാദകരമായിരിക്കണം; അപ്പോൾ അവ മനുഷ്യർക്ക് പ്രസാദകരമാകും. അങ്ങനെ ജ്ഞാനത്തിന്റെ വാക്കുകൾ പുറത്തേക്ക് ഒഴുകിവരും. അത്, കുടുംബത്തിലും രാജ്യത്തുടനീളവും ദൈവത്തിന്റെ മുമ്പിലും ബഹുമാനം കൊണ്ടുവരും. യാക്കോബിന്റെ പുസ്തകം പറയുന്നു, "നാവ് എല്ലാ ബന്ധങ്ങളെയും കത്തിക്കുകയും പിശാചിനെ അകത്ത് വന്ന് ഇരിക്കാൻ അനുവദിക്കുകയും ചെയ്യുന്ന തീയാണ്." ഒരിക്കൽ ഒരു ദുരാത്മാവ് ബാധിച്ച ഒരു കൊച്ചു പെൺകുട്ടിക്ക് വേണ്ടി പ്രാർത്ഥിച്ചു, എന്തുകൊണ്ടാണ് ആത്മാവ് വന്നതെന്ന് പ്രസംഗകൻ ചോദിച്ചപ്പോൾ, അമ്മ തന്റെ മകളെ “പിശാച്” എന്ന് വിളിച്ച് ശപിച്ചിരുന്നു, അങ്ങനെ അത് അതിനെ വിളിച്ചിരിക്കുന്നുവെന്ന് കരുതി അകത്തേക്ക് പ്രവേശിച്ചു. നാം എങ്ങനെ സംസാരിക്കുന്നു എന്നതിൽ, പ്രത്യേകിച്ച് നമ്മുടെ കുട്ടികളെക്കുറിച്ച്, നാം ശ്രദ്ധാലുക്കളായിരിക്കണം. നിങ്ങളുടെ കുട്ടിയെ ദൈവത്തിന്റെ ദാനം എന്ന് വിളിക്കുക, നിങ്ങളുടെ ഭർത്താവിനെ ദൈവത്തിന്റെ പ്രതിച്ഛായ എന്ന് വിളിക്കുക. അപ്പോൾ ദൈവം നിങ്ങളുടെ വാക്കുകൾ പ്രാവർത്തികമാക്കും. നിങ്ങൾ എന്ത് പറഞ്ഞാലും അത് നിങ്ങൾക്ക് ലഭിക്കും.
നാലാമതായി, അവിശ്വാസത്തിനെതിരെ ജാഗ്രത പാലിക്കുക. 1 കൊരിന്ത്യർ 16:13 പറയുന്നു, “ ഉണർന്നിരിപ്പിൻ; വിശ്വാസത്തിൽ നിലനില്പിൻ; പുരുഷത്വം കാണിപ്പിൻ; ശക്തിപ്പെടുവിൻ." യോശുവ 1:5 ലും 9 ലും മോശ യോശുവയോട് ഇങ്ങനെ പറഞ്ഞു, " ഉറപ്പും ധൈര്യവുമുള്ളവനായിരിക്ക." ഭയം, സംശയം, അവിശ്വാസം എന്നിവയെ ഒരിക്കലും അനുവദിക്കരുത്, അത് നിങ്ങളെ നശിപ്പിക്കും, കർത്താവ് നിങ്ങളോടൊപ്പമുണ്ടാകില്ല. "വിശ്വസിക്കുവിൻ; എന്നാൽ നിങ്ങൾ ദൈവത്തിന്റെ മഹത്വം കാണും. " യോശുവ വിശ്വസിക്കുകയും പുരോഹിതന്മാരോട് യോർദ്ദാനിലേക്ക് കാൽ വയ്ക്കുവാൻ ആവശ്യപ്പെടുകയും അപ്പോൾ യിസ്രായേലിന് വാഗ്ദത്ത ദേശത്തേക്ക് പ്രവേശിക്കാൻ നദി പിളരുകയും ചെയ്തു. അഞ്ചാമതായി, പിശാചിന്റെ വഞ്ചനയിൽ നിന്ന് കാത്തു സൂക്ഷിക്കുക. 2 കൊരിന്ത്യർ 2:11 പറയുന്നു, " അവന്റെ തന്ത്രങ്ങളെ നാം അറിയാത്തവരല്ലല്ലോ." സാത്താൻ യേശുവിനെ പരീക്ഷിച്ചു, പക്ഷേ മത്തായി 4:1-4 ൽ യേശു ദൈവവചനത്താൽ അവനെ ജയിച്ചു, സാത്താൻ അവനെ വിട്ടുപോയി. അപ്പോൾ പരിശുദ്ധാത്മാവ് ശക്തിയോടും അഭിഷേകത്തോടും കൂടെ വന്നു, ദൂതന്മാർ അവനെ സേവിച്ചു. നിങ്ങൾ ദൈവഹിതം ചെയ്യുമ്പോൾ അതേ അനുഗ്രഹം നിങ്ങൾക്കും ലഭിക്കും; നിങ്ങൾക്കെതിരെ നിലകൊള്ളാൻ ഒന്നിനും കഴിയില്ല, ദൈവഹിതം ചെയ്യുന്നവർ എന്നേക്കും ജീവിക്കും. അതെ, നിങ്ങളുടെ ശുശ്രൂഷ, നിങ്ങളുടെ കുടുംബം, നിങ്ങളുടെ പേര്, നിങ്ങളുടെ സ്വത്തുക്കൾ എന്നിവ എന്നേക്കും നിലനിൽക്കും. അവസാനമായി, കള്ളപ്രവാചകന്മാരെ സൂക്ഷിക്കുക. മത്തായി 7:15 പറയുന്നു, “ കള്ള പ്രവാചകന്മാരെ സൂക്ഷിച്ചുകൊൾവിൻ; അവർ ആടുകളുടെ വേഷം പൂണ്ടു നിങ്ങളുടെ അടുക്കൽ വരുന്നു; അകമെയോ കടിച്ചുകീറുന്ന ചെന്നായ്ക്കൾ ആകുന്നു." 1 യോഹന്നാൻ 4:1 പറയുന്നു, “ആത്മാക്കളെ ശോധന ചെയ്‍വിൻ.” യഥാർത്ഥ പ്രവചനം യേശുവിനെക്കുറിച്ച് സാക്ഷ്യം വഹിക്കുന്നു. യേശുക്രിസ്തുവിനെ രക്ഷകനായി ഏറ്റുപറയാത്തവരും സാത്താൻ അല്ലെങ്കിൽ ദുഷിച്ച ആളുകൾ ചെയ്തതിനെ മാത്രം മഹത്വപ്പെടുത്തുകയും ചെയ്യുന്നവർ കള്ളപ്രവാചകന്മാരാണ്. പരിശുദ്ധാത്മാവ് നിങ്ങളെ നയിക്കട്ടെ. സ്വയം സൂക്ഷിക്കുക, വിശ്വാസത്തിൽ ഉറച്ചുനിൽക്കുക, അപ്പോൾ നിങ്ങൾ പൂർണ്ണജയം പ്രാപിച്ചവരാകും.
PRAYER:
സ്വർഗ്ഗീയ പിതാവേ, എന്റെ ഹൃദയത്തെ കാത്തുസൂക്ഷിക്കാൻ എനിക്ക് കൃപ നല്കണമേ. യേശു എന്റെ ഉള്ളിൽ പൂർണ്ണമായും വസിക്കട്ടെ. എന്റെ ജീവിതത്തിൽ നിന്ന് എല്ലാ അത്യാഗ്രഹവും അവിശ്വാസവും പരുഷമായ വാക്കുകളും നീക്കം ചെയ്യേണമേ. അങ്ങിലുള്ള എന്റെ വിശ്വാസത്തിൽ എന്നെ ഉറപ്പും ധൈര്യവുമുള്ളവനാക്കണമേ. എല്ലാ വഞ്ചനകളിൽ നിന്നും കള്ളപ്രവാചകന്മാരിൽ നിന്നും എന്നെ സംരക്ഷിക്കണമേ. എന്റെ വാക്കുകൾ അങ്ങേക്ക് ജീവനും ബഹുമാനവും കൊണ്ടുവരട്ടെ. എല്ലാ ദിവസവും അങ്ങിൽ ഉറച്ചുനിൽക്കാനും പൂർണ്ണജയം പ്രാപിച്ചവനാകുവാനും എന്നെ സഹായിക്കേണമേ. യേശുവിന്റെ മഹത്തായ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.

ദൈവരാജ്യം കെട്ടിപ്പടുക്കുന്നതിൽ കൈകോർക്കുക
Donate Now


