എന്റെ പ്രിയ സുഹൃത്തേ, ഇന്ന് നിങ്ങളെ അഭിവാദ്യം ചെയ്യാൻ കഴിയുന്നതിൽ എനിക്ക് സന്തോഷമുണ്ട്. യെശയ്യാവ് 58:9-നെ കുറിച്ച് നാം ധ്യാനിക്കുകയാണ്, അവിടെ ഇങ്ങനെ പറയുന്നു, “നീ നിലവിളിക്കും, ഞാൻ വരുന്നു എന്നു അവൻ അരുളിച്ചെയ്യും.” എന്റെ സുഹൃത്തേ, ഈ വാക്യം അനുസരിച്ച്, നിങ്ങളുടെ നിരാശാജനകമായ സാഹചര്യത്തിൽ നിന്ന് നിങ്ങൾ സഹായത്തിനായി നിലവിളിച്ചിട്ടുണ്ടോ? നിങ്ങൾ രോഗശാന്തിക്കായി കർത്താവിനോട് അപേക്ഷിക്കുന്നുണ്ടോ? നിങ്ങളുടെ കുടുംബത്തിന്റെ സമാധാനത്തിനായി നിങ്ങൾ കർത്താവിനോട് അപേക്ഷിക്കുന്നുണ്ടോ? നിങ്ങളുടെ സാമ്പത്തിക സ്ഥിതിയിൽ സഹായം തേടുകയാണോ, ജോലിക്ക് വേണ്ടിയോ, ജീവിതത്തിൽ ഒരു ഉയർച്ചയ്ക്ക് വേണ്ടിയോ, അതോ ഭാവിയിൽ എന്താണ് സംഭവിക്കുന്നതെന്ന് കാണിച്ചുതരാനോ അപേക്ഷിക്കുകയാണോ? എന്റെ സുഹൃത്തേ, ദൈവം നിങ്ങളുടെ സഹായത്തിനായുള്ള നിലവിളി കേൾക്കും, "ഞാൻ വരുന്നു" എന്നു അവൻ പറയും.
അതാണ് നാം സങ്കീർത്തനം 91-ൽ വായിക്കുന്നത്. 15-ാം വാക്യത്തിൽ ഇങ്ങനെ പറയുന്നു, "അവൻ എന്നെ വിളിച്ചപേക്ഷിക്കും; ഞാൻ അവന്നു ഉത്തരമരുളും; കഷ്ടകാലത്തു ഞാൻ അവനോടുകൂടെ ഇരിക്കും; ഞാൻ അവനെ വിടുവിച്ചു മഹത്വപ്പെടുത്തും." അതെ, എന്റെ സുഹൃത്തേ, നിങ്ങൾ കർത്താവിനെ വിളിച്ചപേക്ഷിക്കുമ്പോൾ, അവൻ നിങ്ങളെ വിടുവിക്കും. അവൻ നിങ്ങളുടെ എല്ലാ കഷ്ടതകളിൽ നിന്നും നിങ്ങളെ വിടുവിക്കും. വേദപുസ്തകത്തിൽ, മത്തായി 15-ൽ ഒരു സംഭവം നാം വായിക്കുന്നു. യേശു തന്റെ യാത്രയിൽ മറ്റൊരു നഗരത്തിലേക്ക് യാത്ര ചെയ്യവേ, ഒരു കനാന്യസ്ത്രീ അവനെ സമീപിച്ച്, “കർത്താവേ, ദാവീദ് പുത്രാ, എന്നോടു കരുണ തോന്നേണമേ; എന്റെ മകൾക്കു ഭൂതോപദ്രവം കഠിനമായിരിക്കുന്നു എന്നു നിലവിളിച്ചു പറഞ്ഞു.” അവൾ കർത്താവിനോട് നിലവിളിച്ചു. അവൾ വളരെ നിർബന്ധബുദ്ധിയുള്ളവളായിരുന്നു. ശിഷ്യന്മാർ യേശുവിന്റെ അടുക്കൽ വന്ന്, "അവൾ നമ്മുടെ പിന്നാലെ നിലവിളിച്ചുകൊണ്ടു വരുന്നു; അവളെ പറഞ്ഞയക്കേണമേ എന്നു അവനോടു അപേക്ഷിച്ചു." യേശു ഒരു വാക്കും ഉത്തരം പറഞ്ഞില്ല. എന്നിട്ടും, തന്റെ മകളെ സുഖപ്പെടുത്തണമെന്ന് അവൾ യേശുവിനോട് നിരന്തരം അപേക്ഷിച്ചുകൊണ്ടിരുന്നു. അവൾ അവനോട് നിലവിളിച്ചുകൊണ്ടിരുന്നു. ഒടുവിൽ, യേശു പറഞ്ഞു, “നിന്റെ വിശ്വാസം നിമിത്തം നിന്റെ അപേക്ഷ സാധിച്ചിരിക്കുന്നു.” അവളുടെ മകൾ സുഖം പ്രാപിച്ചു.
അതെ, എന്റെ സുഹൃത്തേ, ദൈവം നിങ്ങളുടെ നിലവിളി കേൾക്കും. എല്ലാ ദിവസവും നിങ്ങൾ കരയുന്നുണ്ടോ? നിങ്ങൾക്ക് ഉറങ്ങാൻ കഴിയുന്നില്ലേ? നിങ്ങളുടെ അവസ്ഥ നിങ്ങളെ വേദനിപ്പിക്കുന്നുണ്ടോ? നിങ്ങൾ പറയുന്നു, "ഞാൻ സഹായം തേടി പോകുന്നിടത്തെല്ലാം ഞാൻ നിരസിക്കപ്പെടുന്നു. ഞാൻ പറയുന്നത് ആരും കേൾക്കുന്നില്ല." രോഗസൗഖ്യം നേടാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? നിങ്ങൾക്ക് ഒരു കുഞ്ഞ് ജനിക്കാൻ ആഗ്രഹമുണ്ടോ? നിങ്ങൾ ഒരു ജീവിത പങ്കാളിക്കായി ആഗ്രഹിക്കുന്നുണ്ടോ? നിങ്ങളുടെ ജീവിതത്തിൽ വർദ്ധനവ് ആഗ്രഹിക്കുന്നുണ്ടോ? എന്റെ സുഹൃത്തേ, ഇന്നലെ പോലും, നിങ്ങൾ യേശുവിനോട് നിലവിളിച്ചപ്പോൾ, "ഞാൻ വരുന്നു" എന്ന് അവൻ പറഞ്ഞു, നിങ്ങൾ അവനെ വിളിക്കുമ്പോൾ, അവൻ നിങ്ങൾക്ക് ഉത്തരം നൽകും. അവൻ നിങ്ങളെ രക്ഷിക്കുകയും നിങ്ങളുടെ എല്ലാ കഷ്ടതകളിൽ നിന്നും നിങ്ങളെ വിടുവിക്കുകയും ചെയ്യും. അതിനാൽ, എന്റെ സുഹൃത്തേ, നിങ്ങളുടെ എല്ലാ കണ്ണുനീരും ഒരു തുരുത്തിയിൽ ശേഖരിക്കപ്പെടുന്നുവെന്ന് ഞാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. നിങ്ങളുടെ കണ്ണുനീർ വെറുതെയാകില്ല. ഇന്ന്, ദൈവം നിങ്ങൾക്ക് ഉത്തരം നൽകും. നിങ്ങൾ ഇപ്പോൾ അവനോട് നന്ദി പറയുകയും പ്രാർത്ഥിക്കുകയും ചെയ്യുമോ?
PRAYER:
കർത്താവായ യേശുവേ, ഇന്ന് ഞാൻ പൂർണ്ണഹൃദയത്തോടെ അങ്ങയോട് നിലവിളിക്കുന്നു. മറ്റാരും കേൾക്കാത്തപ്പോൾ എന്റെ ശബ്ദം കേട്ടതിന് അങ്ങേക്ക് നന്ദി. "ഞാൻ വരുന്നു" എന്ന് അങ്ങ് പറഞ്ഞു, അങ്ങ് അടുത്തുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. എന്റെ കഷ്ടതയിൽ നിന്ന് എന്നെ രക്ഷിക്കണമേ, എനിക്ക് സമാധാനം നൽകണമേ. കർത്താവേ, എന്റെ ശശരീരത്തിൽ തൊട്ടു സൗഖ്യമാക്കേണമേ. എന്റെ കുടുംബത്തെ ഐക്യവും സ്നേഹവും കൊണ്ട് അനുഗ്രഹിക്കണമേ. എന്റെ ജീവിതത്തിൽ കരുതലിനും മുന്നേറ്റത്തിനുമുള്ള വാതിലുകൾ തുറക്കണമേ. തുടർന്നുള്ളത് എന്നെ കാണിക്കുകയും പ്രത്യാശയോടെ എന്റെ പാതയെ പ്രകാശിപ്പിക്കുകയും ചെയ്യേണമേ. എന്റെ ഓരോ കണ്ണുനീരിനെയും വിലമതിച്ചതിന് നന്ദി, എന്റെ എല്ലാ ദുഃഖങ്ങളെയും അങ്ങ് സന്തോഷമാക്കി മാറ്റുമെന്ന് ഞാൻ വിശ്വസിക്കുന്നു. ആമേൻ.