എന്റെ സുഹൃത്തേ, യേശു തന്റെ ഹൃദയം നിങ്ങൾക്ക് നൽകാൻ ആഗ്രഹിക്കുന്നു. "മഹത്വത്തിന്റെ പ്രത്യാശയായ ക്രിസ്തു നിങ്ങളിൽ ഇരിക്കുന്നു." ദൈവത്തോടും ജനങ്ങളോടും ഉള്ള സ്നേഹത്തിന്റെ ഹൃദയമായ തന്റെ ഹൃദയത്തെ വഹിക്കാൻ അവൻ തീർച്ചയായും നിങ്ങളെ സഹായിക്കും. യിരെമ്യാവ് 31:33 പറയുന്നു, "ഞാൻ എന്റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളിൽ എഴുതും; ഞാൻ അവർക്കു ദൈവമായും അവർ എനിക്കു ജനമായും ഇരിക്കും." അതെ, നിങ്ങൾക്ക് ദൈവത്തിന്റെ ഹൃദയം ഉണ്ടായിരിക്കും. ഇന്ന്, അവനോട് നിലവിളിച്ച് പറയുക, "കർത്താവേ, എന്റെ കഠിന ഹൃദയം നീക്കം ചെയ്യപ്പെടണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എനിക്ക് യേശുവിന്റെ ഹൃദയം വേണം." യെഹെസ്കേൽ 36:26 പറയുന്നു, "ഞാൻ നിങ്ങൾക്കു പുതിയോരു ഹൃദയം തരും; പുതിയോരു ആത്മാവിനെ ഞാൻ നിങ്ങളുടെ ഉള്ളിൽ ആക്കും; കല്ലായുള്ള ഹൃദയം ഞാൻ നിങ്ങളുടെ ജഡത്തിൽനിന്നു നീക്കി മാംസമായുള്ള ഹൃദയം നിങ്ങൾക്കു തരും." അതെ, എല്ലാവരേയും കുറ്റപ്പെടുത്തുന്ന ഹൃദയം, എളുപ്പത്തിൽ തകരുന്ന ഹൃദയം, നീക്കം ചെയ്യപ്പെടും. ദൈവം നിങ്ങൾക്ക് ഒരു പുതിയ ഹൃദയവും ഒരു പുതിയ ആത്മാവും നൽകും. അത് അവന്റെ സ്വന്തം ഹൃദയമായിരിക്കും.

അതുകൊണ്ടാണ് വെളിപാട് 3:20 പറയുന്നത്, “ ഞാൻ വാതിൽക്കൽ നിന്നു മുട്ടുന്നു; ആരെങ്കിലും എന്റെ ശബ്ദം കേട്ടു വാതിൽ തുറന്നാൽ ഞാൻ അവന്റെ അടുക്കൽ ചെന്നു അവനോടും അവൻ എന്നോടും കൂടെ അത്താഴം കഴിക്കും." നിങ്ങൾ ചെയ്യേണ്ടത് നിങ്ങളുടെ ഹൃദയം തുറന്ന്, "യേശുവേ, എന്റെ ഹൃദയത്തിലേക്ക് വരേണമേ" എന്ന് പറയുക മാത്രമാണ്. അവൻ അകത്തേക്ക് വരാൻ തയ്യാറായിരിക്കുന്നു. അപ്പോൾ ജഡത്തിലുള്ളത് എല്ലാം പോകും. എല്ലാ പാപങ്ങളും പോകും. എല്ലാ ഭയവും ഇല്ലാതാകും. എല്ലാ പൈശാചിക പീഡനവും ഇല്ലാതാകും. എല്ലാ വിഷാദവും ഇല്ലാതാകും. നഷ്ടഭയമൊക്കെയും ഇല്ലാതാകും. യേശുവിന്റെ ജീവൻ നിങ്ങളുടെ ഉള്ളിൽ ഉണ്ടാകും. കൊടുങ്കാറ്റിനും തിരമാലകൾക്കുമിടയിൽ നിന്നുകൊണ്ട് യേശു പറഞ്ഞു, "സമാധാനം, അനങ്ങാതിരിക്ക." അതേ ശക്തിയാണ് ദൈവം നിങ്ങളുടെ ഹൃദയത്തിൽ സ്ഥാപിച്ചിരിക്കുന്നത്. നിങ്ങൾക്കെതിരെ സാഹചര്യങ്ങൾ ഉയർന്നേക്കാം. നിങ്ങൾക്കെതിരെ ദുഷിച്ച പദ്ധതികൾ രൂപപ്പെടാം. തെറ്റായ ആരോപണങ്ങൾ നിങ്ങളെ താഴെയിറക്കാൻ ശ്രമിച്ചേക്കാം. നിങ്ങളുടെ പേര് നശിപ്പിക്കാൻ തെറ്റായ വാക്കുകൾ പറഞ്ഞേക്കാം, പക്ഷേ നിങ്ങളെ ആരാണ് വിളിച്ചതെന്നും നിങ്ങൾ ആരാണെന്നും അറിയാമെന്നതിനാൽ നിങ്ങൾ ഭയപ്പെടുകയില്ല.

നിങ്ങൾ ഒരിക്കലും ദുഷ്ടന്മാരെയോ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളെയോ ഭയപ്പെടുകയില്ല. ലോകം നിങ്ങൾക്കെതിരെ സംസാരിച്ചേക്കാം. സോഷ്യൽ മീഡിയ നുണകൾ പ്രചരിപ്പിക്കുകയും അനേകം ആളുകൾ അത് കാണുകയും ചെയ്തേക്കാം, പക്ഷേ നിങ്ങളുടെ ഹൃദയം സമാധാനം നിറഞ്ഞതായിരിക്കും. നിങ്ങളുടെ കണ്ണുകൾ എല്ലായ്പ്പോഴും നിങ്ങളുടെ ഹൃദയത്തിലേക്ക് പ്രവേശിച്ച, ഈ ലോകത്തിലെ ഏറ്റവും വലിയ പിശാചിനെക്കാൾ വലിയവനായ യേശുവിന്മേൽ സ്ഥിരമായിരിക്കും. അപ്പോൾ അവൻ എന്തു പറയും? അപ്പൊസ്തല പ്രവൃത്തികൾ 13:22 പറയുന്നതുപോലെ, "നീ എനിക്കു ബോധിച്ച പുരുഷനാണ്. എനിക്കു ബോധിച്ച സ്ത്രീയാണ്. നീ എന്റെ ഹിതമൊക്കെയും ചെയ്തു" എന്നുപറയും.  ദൈവം എന്തിന് നിങ്ങളോട് കോപിക്കണം? ഈ ദോഷം അവനിൽ നിന്നുള്ളതല്ല. കൂടുതൽ ആളുകൾ നിങ്ങൾക്കെതിരെ ഉയരുമ്പോൾ, ദൈവം നിങ്ങളെ കൂടുതൽ ഉയർത്തും, കാരണം നിങ്ങളുടെ ഹൃദയം അവന്റെ ഭവനമായി മാറിയിരിക്കുന്നു, നിങ്ങൾ അവന്റെ ഹിതമൊക്കെയും ചെയ്യുന്നു. ഇന്ന്, എന്റെ സുഹൃത്തേ, ലോകത്തെ ഭയപ്പെടരുത്. 1 കൊരിന്ത്യർ 6:17 -ൽ പറയുന്നു, കർത്താവിനോടു പറ്റിച്ചേരുന്നവനോ അവനുമായി ഏകാത്മാവു ആകുന്നു. ഈ ലോകത്തിൽ നിങ്ങള്‍ക്കു വേറെയെന്താണ് ആവശ്യം? യേശുവിനോടുകൂടെ നടക്കുകയും ഇങ്ങനെ പറയുകയും ചെയ്യുക: “ഞാൻ യേശുവിനെ അനുഗമിക്കാൻ തീരുമാനിച്ചിരിക്കുന്നു. പിന്നോട്ടില്ല, പിന്നോട്ടില്ല.”

PRAYER:
പ്രിയ കർത്താവേ, എന്നിൽ നിർമ്മലമായ ഒരു ഹൃദയം സൃഷ്ടിക്കുകയും യേശുവിന്റെ ആത്മാവിനാൽ എന്നെ നിറയ്ക്കുകയും ചെയ്യേണമേ. എന്റെ ഉള്ളിൽ നിന്ന് എല്ലാ കാഠിന്യവും ഭയവും അഹങ്കാരവും ലൌകിക ആഗ്രഹങ്ങളും നീക്കേണമേ. കർത്താവായ യേശുവേ, എന്റെ ഹൃദയത്തിൽ വന്നു, അതിനെ എന്നേക്കും അങ്ങയുടെ വാസസ്ഥലമാക്കേണമേ. എനിക്ക് ചുറ്റുമുള്ള ഓരോ കൊടുങ്കാറ്റിനും അസ്വസ്ഥതയുണ്ടാക്കുന്ന ഓരോ ശബ്ദത്തിനുംമേൽ അങ്ങയുടെ സമാധാനം ഭരിക്കട്ടെ. ഇടത്തോട്ടോ വലത്തോട്ടോ തിരിയാതെ വിശ്വസ്തതയോടെ അങ്ങയെ അനുഗമിക്കാൻ എന്നെ സഹായിക്കണമേ. അങ്ങയുടെ ഹൃദയത്തിന് അനുസരിച്ചവനായി, അങ്ങയുടെ  ഹിതമൊക്കെയും ചെയ്യുന്നവനായി എന്നെ മാറ്റണമേ. അങ്ങ് എപ്പോഴും എന്നോടുകൂടെയുണ്ടെന്ന് അറിഞ്ഞുകൊണ്ട് ധൈര്യത്തോടെ നടക്കാൻ എന്നെ ശക്തിപ്പെടുത്തണമേ. യേശുവിന്റെ മഹത്തായ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.