പ്രിയ സഹോദരീ സഹോദരന്മാരേ, ഇന്ന് നമുക്ക് ധ്യാനിക്കാനായി മനോഹരമായ ഒരു വാഗ്‌ദത്തമുണ്ട്. പുറപ്പാട് 23:25-ൽ ഇപ്രകാരം പറയുന്നു, "നിങ്ങളുടെ ദൈവമായ യഹോവയെ തന്നേ സേവിപ്പിൻ; എന്നാൽ അവൻ നിന്റെ അപ്പത്തെയും വെള്ളത്തെയും അനുഗ്രഹിക്കും." കർത്താവിൽ വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്യുന്നത് നമ്മുടെ ജീവിതത്തിലേക്ക്  അനുഗ്രഹങ്ങൾ കൊണ്ടുവരുന്നു. കർത്താവിൽ ആശ്രയിക്കാനും അവൻ നൽകുന്നതിൽ ആനന്ദിക്കാനും സങ്കീർത്തനം 37:3-4 നമ്മെ പഠിപ്പിക്കുന്നു. നാം കർത്താവിൽ ആനന്ദിക്കുമ്പോൾ നമ്മുടെ ഹൃദയത്തിലെ ആഗ്രഹങ്ങൾ അവൻ നമുക്കു നൽകും. യിസ്രായേൽജനത്തെ അനുഗ്രഹിക്കുന്നതിൽ കർത്താവ് പ്രസാദിച്ചു. സംഖ്യാപുസ്തകം 24:1 ൽ നാം ഇത് കാണുന്നു. എന്നാൽ നമ്മുടെ അപ്പവും  വെള്ളവും അനുഗ്രഹിക്കുമെന്ന് ദൈവം വാഗ്ദാനം ചെയ്യുമ്പോൾ അതിന്റെ അർത്ഥം എന്താണ്? അതിനർത്ഥം അവൻ നമ്മുടെ ദൈനംദിന ജീവിതത്തെ അനുഗ്രഹിക്കുകയും നമ്മുടെ ദൈനംദിന ആവശ്യങ്ങൾ നിറവേറ്റിതരുകയും ചെയ്യുന്നു എന്നാണ്.

അപ്പവും വെള്ളവും നമ്മുടെ ജീവിതത്തിലെ ആവശ്യങ്ങളാണ്, കർത്താവ് നമ്മുടെ ദൈനംദിന ആവശ്യങ്ങൾ നിറവേറ്റുന്നു. ദൈവം യിസ്രായേൽ ജനതയോട് വളരെ നല്ലവനായിരുന്നതിനാൽ എല്ലാ ദിവസവും രാവിലെ അവർക്ക് മന്ന നൽകി. അവൻ അവരെ ആരോഗ്യത്തോടെ കാത്തുസൂക്ഷിച്ചു. ആ നാല്പതു വർഷക്കാലം അവരുടെ വസ്ത്രങ്ങൾ ജീർണ്ണിച്ചുപോകുകയോ അവരുടെ കാൽ വീങ്ങുകയോ ചെയ്തില്ല എന്ന് ആവർത്തനപുസ്തകം 8:4 നമ്മോട് പറയുന്നു. എല്ലാ ദിവസവും അവർക്ക് ആഹാരവും വെള്ളവും നൽകിക്കൊണ്ടിരുന്നു. ഈ ലോകത്തിലെ ഓരോ വ്യക്തിക്കും ആഹാരവും വെള്ളവും നൽകാൻ നമ്മുടെ ദൈവം ശക്തനാണ്. ദൈവം നമ്മുടെ ദാതാവാണ്. നാം കർത്താവിൽ ആശ്രയിക്കുകയും അവനെ ആരാധിക്കുകയും ചെയ്യുമ്പോൾ, അവൻ തന്നെ നമ്മുടെ അപ്പവും ജീവജലവുമായി മാറുന്നു.

ലോകത്തിന് ജീവൻ നൽകാനായി സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങിവന്ന ദൈവത്തിന്റെ അപ്പമായ യേശുവിനെക്കുറിച്ച് യോഹന്നാൻ 6:33-ൽ പറയുന്നു. നിത്യജീവങ്കലേക്ക് നയിക്കുന്ന ജീവജലം യേശു നൽകുന്നുവെന്ന് യോഹന്നാൻ 4:14 പറയുന്നു. അതെ, അവൻ തന്നെയാണ് നമുക്ക് ലഭിക്കുന്ന ഏറ്റവും വലിയ അനുഗ്രഹം. കർത്താവിനെ ആരാധിക്കുക എന്നതാണ് നമുക്ക് ദൈവത്തിൽ നിന്ന് അനുഗ്രഹങ്ങൾ പ്രാപിക്കാനുള്ള മാർഗ്ഗം.  മത്തായി 6:11 ൽ നാം വായിക്കുന്നതുപോലെ ഈ വിധത്തിൽ പ്രാർത്ഥിക്കാൻ യേശു ശിഷ്യന്മാരെ പഠിപ്പിച്ചു: "ഞങ്ങൾക്കു ആവശ്യമുള്ള ആഹാരം ഇന്നു തരേണമേ." പ്രാർത്ഥന നമ്മുടെ ജീവിതത്തിൽ അനിവാര്യമാണ്. നാം ദിനംതോറും പ്രാർത്ഥിക്കുകയും ദൈവവചനം വായിക്കുകയും ചെയ്യുമ്പോൾ, അനുഗ്രഹങ്ങൾ നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്നു.

നാം ഒരിക്കലും പ്രാർത്ഥിക്കാൻ മറക്കുകയോ ദൈവം നമുക്കായി ഒരുക്കിവെച്ചിരിക്കുന്ന അനുഗ്രഹങ്ങളെ അവഗണിക്കുകയോ ചെയ്യരുത്. ഞങ്ങളുടെ മക്കൾ ചെറുപ്പമായിരുന്നപ്പോൾ ഞാൻ അവരോട് വേദപുസ്തകം വായിക്കാനും എല്ലാ ദിവസവും പ്രാർത്ഥിക്കാനും പറയാറുണ്ടായിരുന്നു. ദൈവവചനം മനഃപാഠമാക്കാതെ ഞാൻ അവരെ പോകാൻ അനുവദിക്കില്ലായിരുന്നു. ദൈവത്തിന്റെ  വചനം നമ്മുടെ ഹൃദയങ്ങളിൽ സൂക്ഷിക്കുക എന്നത് ദൈവത്തിന്റെ ഓരോ പൈതലിന്റെയും ജീവിതത്തിന് അനിവാര്യമാണ്. അത് ദൈവത്തിനെതിരെ പാപം ചെയ്യുന്നതിൽ നിന്ന് നമ്മെ സംരക്ഷിക്കുകയും കർത്താവിൽ ആനന്ദിക്കാൻ സഹായിക്കുകയും ചെയ്യുന്നു. അതെ, നാം ദൈവത്തിൽ ആനന്ദിക്കുമ്പോൾ, നമ്മുടെ ഹൃദയത്തിലെ ആഗ്രഹങ്ങൾ അവൻ നമുക്ക് നൽകുന്നു. ഞാൻ ചെറുപ്പമായിരുന്നപ്പോൾ എല്ലാ ദിവസവും വേദപുസ്തകം വായിക്കണമെന്ന് അമ്മ നിർബന്ധിച്ചിരുന്നു. എന്നാൽ ഞാൻ അത് അവർക്കുവേണ്ടി മാത്രം വായിക്കുകയും ഉടൻ തന്നെ അടച്ചു വെക്കുകയും ചെയ്യുമായിരുന്നു. അതുകൊണ്ട് യാതൊരു പ്രയോജനവുമുണ്ടായിരുന്നില്ല. നാം വേദപുസ്തകം തുറന്ന്, അതിലുള്ള ഏതെങ്കിലും ഒരു ഭാഗത്തിലുള്ള കുറച്ച് വാക്കുകൾ വായിച്ചിട്ട്, അതുമാത്രം മതിയെന്ന് കരുതാനാവില്ല.

ദൈവവചനം വായിക്കുന്നതിൽ ആനന്ദിക്കുകയും അവനോടൊപ്പം സമയം ചെലവഴിക്കുന്നതിന്റെ സന്തോഷം അനുഭവിക്കുകയും ചെയ്യുമ്പോൾ നമുക്ക് അവന്റെ അനുഗ്രഹങ്ങൾ ലഭിക്കും. കർത്താവ് തന്റെ വചനത്തിലൂടെ നൽകുന്ന വാഗ്‌ദത്തം നമുക്ക് ഒരു കേക്ക് പോലെയാണ്, പ്രാവചനിക വചനം സംസാരിക്കുമ്പോൾ അത് കേക്കിന് മുകളിൽ അലങ്കരിക്കുന്ന പഞ്ചസാരമിശ്രണം പോലെയാകുന്നു. അങ്ങനെ അവന്റെ അനുഗ്രഹങ്ങൾ നമ്മുടെ ജീവിതത്തിൽ ചേർക്കപ്പെടുന്നു. ദൈവവചനം നാം എത്രത്തോളം വായിക്കുന്നുവോ അത്രത്തോളം അവന്റെ അനുഗ്രഹങ്ങൾ നമ്മുടെ ജീവിതത്തിൽ കൂട്ടിച്ചേർക്കപ്പെടുന്നു. ഓരോ ദിവസവും കർത്താവിലുള്ള സന്തോഷം നമ്മുടെ ഹൃദയങ്ങളിൽ വർദ്ധിച്ചുകൊണ്ടിരിക്കും.

യേശു വചനമാണെന്ന് വേദപുസ്തകം നമ്മോട് പറയുന്നു. വചനം ജഡമായി തീർന്നുവെന്ന് യോഹന്നാൻ 1-ൽ നാം വായിക്കുന്നു. അതെ, യേശു ദൈവത്തിന്റെ വചനമാണ്. നാം അവന്റെ വചനം കൂടുതൽ വായിക്കുമ്പോൾ, അവന്റെ സാന്നിധ്യം കൂടുതൽ ആസ്വദിക്കുകയും നാം യേശുവിനെപ്പോലെ ആകുകയും ചെയ്യുന്നു. 2 കൊരിന്ത്യർ 3:18 ൽ നാം തേജസ്സിന്മേൽ തേജസ്സു പ്രാപിച്ചു അവന്റെ പ്രതിമയായി രൂപാന്തരപ്പെട്ടിരിക്കുന്നു എന്ന് വേദപുസ്തകം പറയുന്നു. നാം തേജസ്സിന്മേൽ തേജസ്സിലേക്ക് മാറുകയും ശക്തിക്കുമേൽ ശക്തിയിലേക്ക് ബലപ്പെടുകയും ചെയ്യുന്നു. അപ്പവും വെള്ളവും മാത്രം ലഭിക്കുന്നതിനേക്കാൾ ഉപരിയായി, സ്വർഗ്ഗീയ അനുഗ്രഹങ്ങൾ ലഭിക്കുന്നത് എത്ര വലിയ അനുഗ്രഹമാണ്! പരിശുദ്ധാത്മാവിന്റെ ശക്തിയിലൂടെ കർത്താവിൽ നിന്നാണ് യഥാർത്ഥ സന്തോഷം വരുന്നത്. അപ്പവും വെള്ളവും ഇല്ലാതെ നമുക്ക് കുറച്ച് ദിവസം ജീവിക്കാൻ കഴിഞ്ഞേക്കാം, പക്ഷേ ദൈവമില്ലാതെ നമുക്ക് ഒരു ദിവസം പോലും ജീവിക്കാൻ കഴിയില്ല. അതെ, നാം കർത്താവിനെ ആരാധിക്കുമ്പോൾ, അവന്റെ അനുഗ്രഹങ്ങൾ നമ്മുടെ ആഹാരത്തിലും വെള്ളത്തിലും ഉണ്ടായിരിക്കും. ഈ അനുഗ്രഹം ശാരീരികം മാത്രമല്ല ആത്മീയവും കൂടിയാണ്.

PRAYER:
സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ വചനമനുസരിച്ച്, അങ്ങയുടെ മക്കൾക്ക് അപ്പവും വെള്ളവും നൽകണമേ. ലൌകിക കരുതലിനേക്കാളുപരിയായി, സ്വർഗ്ഗത്തിൽ നിന്നുള്ള യഥാർത്ഥ അപ്പമായ യേശുവിനെയും നിത്യജീവനിലേക്ക് നയിക്കുന്ന ജീവജലത്തെയും അവർക്ക് നൽകണമേ. ഇത് കാണുന്ന എല്ലാവരേയും അങ്ങയുടെ സാന്നിധ്യം കൊണ്ട് നിറയ്ക്കുകയും അങ്ങയുടെ വചനത്തോടുള്ള അഗാധമായ ദാഹം അവർക്ക് നൽകുകയും ചെയ്യണമേ. എല്ലാ ദിവസവും പ്രാർത്ഥിക്കാനും അങ്ങയെ കാത്തിരിക്കാനും അവരെ സഹായിക്കണമേ. അങ്ങയുടെ അഭിഷേകത്തിന്റെ ഇരട്ടി ഭാഗം അങ്ങയുടെ ജനത്തിന്റെ മേൽ ആയിരിക്കട്ടെ. അങ്ങയുടെ ശുശ്രൂഷയ്ക്കായി അവരെ ഉപയോഗിക്കുകയും, പരിശുദ്ധാത്മാവിനാൽ അവരെ അളവില്ലാതെ നിറയ്ക്കുകയും ചെയ്യണമേ. അവരുടെ പാനപാത്രങ്ങൾ അനുഗ്രഹങ്ങളാൽ നിറഞ്ഞുകവിയട്ടെ, അവരുടെ മക്കളെയും അനുഗ്രഹിക്കണമേ. ഓരോരുത്തരുടെയും ജീവിതത്തിൽ അങ്ങയുടെ അത്ഭുതകരമായ വാഗ്ദത്തം നിറവേറ്റണമേ. യേശുവിന്റെ നാമത്തിൽ, ആമേൻ.