എന്റെ പ്രിയരേ! ഇന്നത്തെ വാഗ്ദത്ത വചനമായ സങ്കീർത്തനം 145:9 ഇപ്രകാരം പറയുന്നു, "യഹോവ എല്ലാവർക്കും നല്ലവൻ; തന്റെ സകലപ്രവൃത്തികളോടും അവന്നു കരുണ തോന്നുന്നു." അവന്റെ കൃപ നിങ്ങളോട് കാണിക്കാൻ കർത്താവ് ആഗ്രഹിക്കുന്നു. അവൻ കൃപ നിറഞ്ഞവനാണ്. നിങ്ങളെ നിരസിക്കുകയോ തള്ളിക്കളയുകയോ ചെയ്യുകയില്ല. അവൻ കരുണാസമ്പന്നനാണ്. നിങ്ങളോട് ക്ഷമിക്കാനും ദയ കാണിക്കാനും തയ്യാറാണ്. അതിനാൽ, ധൈര്യമായിരിക്കുക!

കന്നുകാലികളും വൃക്ഷങ്ങളും ഭൂമി മുഴുവനും ഉൾപ്പെടെ, താൻ സൃഷ്ടിച്ച സകലതിനോടും കർത്താവ് കരുണ കാണിക്കുന്നു. താൻ സൃഷ്ടിച്ച എല്ലാറ്റിനോടും അവൻ കരുണ കാണിക്കുന്നുവെങ്കിൽ നിങ്ങളോടും അവൻ കരുണ കാണിക്കുകയില്ലേ? തീർച്ചയായും, അവൻ ചെയ്യും! അവൻ ദയ കാണിക്കുമ്പോൾ, നാം അർഹരല്ലെങ്കിൽപ്പോലും അവൻ നമുക്ക് കൃപയും കരുണയും നൽകുന്നു. എത്ര അനുകമ്പയും സ്നേഹവുമുള്ള സ്രഷ്ടാവാണ് നമുക്കുള്ളത്! അവന്റെ നന്മയും സമൃദ്ധമായ അനുഗ്രഹങ്ങളും അനുഭവിക്കുന്നത് അതിശയകരമായ കാര്യമാകുന്നു.

കർത്താവ് നന്ദികെട്ടവരോടും ദുഷ്ടന്മാരോടും ദയാലുവാണെന്ന് ലൂക്കൊസ് 6:35 നമ്മെ ഓർമ്മിപ്പിക്കുന്നു. നമ്മുടെ സർവ്വശക്തനായ ദൈവം എല്ലാവർക്കും അവരുടെ ഭൂതകാലം പരിഗണിക്കാതെ നന്മ ചെയ്യുന്നു. ക്രൂശിൽ ഇരിക്കുമ്പോഴും തന്നെ ക്രൂശിച്ചവർക്കുവേണ്ടി യേശു പ്രാർത്ഥിച്ചു, "പിതാവേ, ഇവർ ചെയ്യുന്നതു ഇന്നതു എന്നു അറിയായ്കകൊണ്ടു ഇവരോടു ക്ഷമിക്കേണമേ." അവന്റെ കരുണയും അനുകമ്പയും എത്ര മഹത്തായതാണ്!  അതേ കൃപ നിങ്ങളോടും കാണിക്കാൻ അവൻ ആഗ്രഹിക്കുന്നു.

ഒരുപക്ഷേ നിങ്ങൾക്ക് അർഹതയില്ലെന്നോ ദൈവത്തോട് അവിശ്വസ്തത കാണിച്ചെന്നോ നിങ്ങൾക്ക് തോന്നുന്നുണ്ടാകാം. പരിഭ്രാന്തരാകരുത്. ഇന്ന് യേശുവിന്റെ അടുക്കൽ വന്ന് മാനസാന്തരപ്പെടുക. കർത്താവ് കരുണയുള്ളവനാണ്, നിങ്ങളോട് ക്ഷമിക്കാൻ തയ്യാറാണ്. ലൂക്കൊസ് 19-ൽ സക്കായി എന്ന ഒരു മനുഷ്യനെക്കുറിച്ച് നാം വായിക്കുന്നു. കൈക്കൂലി വാങ്ങുകയും സത്യസന്ധതയില്ലാതെ സമ്പത്ത് ശേഖരിക്കുകയും ചെയ്ത ചുങ്കക്കാരിൽ പ്രമാണിയായിരുന്നു അവൻ. യേശുവിനെ കാണാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും, ജനങ്ങളുടെ വിമർശനത്തെ അവൻ ഭയപ്പെട്ടു. യേശുവിനെ പിന്തുടരുന്നതിന്റെ പേരിൽ ആളുകൾ തന്നെ പരിഹസിക്കുമോ എന്നും, സർക്കാർ ഉദ്യോഗസ്ഥനെന്ന നിലയിലുള്ള തന്റെ സ്ഥാനം നഷ്ടപ്പെടുമോ എന്നും അവൻ ഭയപ്പെട്ടു.

സക്കായി ഉയരം കുറഞ്ഞവനായിരുന്നതിനാലും, വലിയ ജനക്കൂട്ടം ഉണ്ടായിരുന്നതിനാലും അവന് യേശുവിനെ കാണാൻ കഴിഞ്ഞില്ല. ആകയാൽ യേശുവിനെ ഒരുനോക്ക് കാണാൻ അവൻ ഒരു മരത്തിൽ കയറി. യേശു ആ സ്ഥലത്ത് എത്തിയപ്പോൾ, അവൻ ആ മരത്തിന്റെ ചുവട്ടിൽ നിൽക്കുകയും, അവർ മുൻപ് ഒരിക്കലും കണ്ടിട്ടില്ലാത്ത സക്കായിയെ അവന്റെ പേരുചൊല്ലി വിളിക്കുകയും ചെയ്തു. ദൈവമായ യേശുവിന് അവന്റെ ഹൃദയം അറിയാമായിരുന്നു. "സക്കായിയേ, വേഗം ഇറങ്ങിവാ; ഞാൻ ഇന്നു നിന്റെ വീട്ടിൽ പാർക്കേണ്ടതാകുന്നു" എന്നുപറഞ്ഞു. യേശുവിനെ അനുഗമിക്കുന്നതിന്റെ പേരിൽ തന്റെ ജോലി നഷ്ടപ്പെടുമോ അല്ലെങ്കിൽ ജനങ്ങളുടെ വിമർശനം നേരിടേണ്ടിവരുമോ എന്ന ഭയത്താൽ സക്കായി ഒരുപക്ഷേ ഒളിച്ചിരിക്കുകയായിരുന്നിരിക്കാം. എന്നാൽ യേശു അവനെ ശിക്ഷിക്കുകയോ അവന്റെ ഭൂതകാലത്തെ ചോദ്യം ചെയ്യുകയോ ചെയ്തില്ല. അവന്റെ ഭവനം സന്ദർശിക്കാനുള്ള ആഗ്രഹം മാത്രമാണ് അവൻ പ്രകടിപ്പിച്ചത്. സന്തോഷത്തോടെ സക്കായി യേശുവിനെ വീട്ടിലേക്ക് സ്വാഗതം ചെയ്യുകയും അവന്റെ ഭയം അപ്രത്യക്ഷമാകുകയും ചെയ്തു. വഴിയിൽ, അവൻ തന്റെ തെറ്റ് സമ്മതിച്ചുകൊണ്ട്, "കർത്താവേ, എന്റെ വസ്തുവകയിൽ പാതി ഞാൻ ദരിദ്രർക്കു കൊടുക്കുന്നുണ്ടു; വല്ലതും ചതിവായി വാങ്ങീട്ടുണ്ടെങ്കിൽ നാലുമടങ്ങു മടക്കിക്കൊടുക്കുന്നു എന്നു പറഞ്ഞു."

അവൻ തന്റെ സത്യസന്ധമല്ലാത്ത ഇടപാടുകൾ പരസ്യമായി സമ്മതിക്കുകയും കാര്യങ്ങൾ ശരിയാക്കുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. അപ്പോൾ യേശു ഇങ്ങനെ പ്രഖ്യാപിച്ചു, "ഇന്നു ഈ വീട്ടിന്നു രക്ഷ വന്നു." സക്കായിക്കും അവന്റെ കുടുംബത്തിനും കർത്താവ് പരിവർത്തനം കൊണ്ടുവന്നു. നിങ്ങളുടെ ജീവിതത്തിലേക്കും കുടുംബത്തിലേക്കും അതേ പരിവർത്തനം അവൻ കൊണ്ടുവരും. മാനസാന്തരത്തോടെ യേശുവിന്റെ അടുക്കൽ വന്ന പാപിയായ ഒരു സ്ത്രീയെക്കുറിച്ചും ലൂക്കൊസ് 7-ൽ നാം വായിക്കുന്നു. അവൾ അവന്റെ കാൽക്കൽ കരഞ്ഞുകൊണ്ടു നിന്നു, കണ്ണുനീർ കൊണ്ട് അവന്റെ കാൽ നനെച്ചു, തലമുടികൊണ്ടു തുടെച്ചു. എല്ലാവരുടെയും മുന്നിൽവെച്ച്, അവൾ വിലയേറിയ പരിമള തൈലം അവന്റെ പാദങ്ങളിൽ ഒഴിച്ചു.

അവളുടെ ചുറ്റുമുള്ള ആളുകൾ അവളെ ഒരു പാപിയായി അപലപിക്കുകയും പരിഹസിക്കുകയും ചെയ്തെങ്കിലും, യേശു അവളോട് കരുണ കാണിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു, "നിന്റെ പാപങ്ങൾ മോചിച്ചു തിന്നിരിക്കുന്നു. നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു; സമാധാനത്തോടെ പോക." യേശു അവളോട് പൂർണ്ണമായും ക്ഷമിക്കുകയും അവൾക്ക് ഒരു പുതിയ തുടക്കം നൽകുകയും ചെയ്തു. അവൻ അവളുടെ കുറ്റബോധം നീക്കുകയും അവളുടെ അന്തസ്സ് പുനഃസ്ഥാപിക്കുകയും ചെയ്തു. നന്ദികെട്ടവരോടും ദുഷ്ടന്മാരോടും പോലും അവൻ ദയ കാണിക്കുന്നു. ആകയാൽ നിങ്ങൾക്കും അങ്ങനെ തന്നെ ചെയ്യും.

താൻ സൃഷ്ടിച്ച ആരും നശിച്ചുപോകണമെന്ന് കർത്താവ് ആഗ്രഹിക്കുന്നില്ല. എല്ലാവർക്കും ക്ഷമ ലഭിക്കണമെന്നും വിശുദ്ധീകരിക്കപ്പെടണമെന്നും അവന്റെ മക്കളാകണമെന്നും അവന്റെ അനുഗ്രഹങ്ങൾ അനുഭവിക്കണമെന്നും അവൻ ആഗ്രഹിക്കുന്നു. "അവൻ മുഖന്തരവും അവന്നായിട്ടും സകലവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു" എന്ന് കൊലൊസ്സ്യർ 1:16 നമ്മെ ഓർമ്മിപ്പിക്കുന്നു. 2 പത്രൊസ് 3:9 അനുസരിച്ച്,  ആരും നശിച്ചുപോകാതെ എല്ലാവരും മാനസാന്തരപ്പെടുവാൻ അവൻ ഇച്ഛിച്ചു, നമ്മോടു ദീർഘക്ഷമ കാണിക്കുന്നു. ഇന്ന് അവന്റെ വചനം കേൾക്കുക. മനസാന്തരപ്പെടുകയും യേശുവിന്റെ പൈതലായി മാറുകയും ചെയ്യുക. നിങ്ങൾ വിശുദ്ധീകരിക്കപ്പെടുവാൻ വേണ്ടി അവനെ മുറുകെപ്പിടിക്കുകയും നിങ്ങളുടെ പാപമാർഗ്ഗങ്ങൾ ഉപേക്ഷിക്കുകയും ചെയ്യുക. സക്കായിയെയും യേശുവിന്റെ അടുത്ത് വന്ന സ്ത്രീയെയും പോലെ, അവന്റെ പാപമോചനം സ്വീകരിക്കുകയും സമാധാനത്തോടെ ജീവിക്കുകയും ചെയ്യുക. അപ്പോൾ യേശു നിങ്ങളുടെ ഭവനത്തിലേക്ക് വന്ന് നിങ്ങളുടെ കുടുംബത്തോടൊപ്പം താമസിക്കും. കർത്താവ് നിങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കട്ടെ!

PRAYER:
പിതാവേ, ഈ നിമിഷം ഞങ്ങളെ അനുഗ്രഹിക്കണമേ. ഞങ്ങളുടെ ഹൃദയങ്ങളെ ശുദ്ധീകരിച്ച് നിർമ്മലമാക്കണമേ. വിശുദ്ധിയിൽ വളരുകയും അങ്ങയുടെയും മറ്റുള്ളവരുടെയും മുന്നിൽ നീതിയോടെ നടക്കുകയും ചെയ്യാൻ ഞങ്ങളെ സഹായിക്കണമേ. ശരിയായത് പ്രവർത്തിക്കുവാനും അങ്ങയുടെ വഴികളിൽ നടക്കുവാനും അങ്ങയുടെ വചനത്തോട് വിശ്വസ്തരായി നിലകൊള്ളുവാനും ആവശ്യമായ കൃപ ഞങ്ങൾക്ക് നൽകണമേ. ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കുകയും ഞങ്ങളുടെ ജീവിതത്തെ രൂപാന്തരപ്പെടുത്തുകയും ചെയ്യണമേ. അങ്ങയുടെ കരുണയും കൃപയും ഞങ്ങളുടെ കുടുംബങ്ങളിൽ വസിക്കട്ടെ. അങ്ങയുടെ സാന്നിധ്യം എല്ലായ്പ്പോഴും ഞങ്ങളോടൊപ്പം ഉണ്ടാകട്ടെ. യേശുവിന്റെ നാമത്തിൽ ഈ പ്രാർത്ഥന താഴ്മയോടെ അങ്ങയുടെ സന്നിധിയിൽ സമർപ്പിക്കുന്നു. കർത്താവേ, ഞങ്ങളുടെ പ്രാർത്ഥന സ്വീകരിച്ച് ഞങ്ങളോടൊപ്പം വസിക്കണമേ. ആമേൻ. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ!