പ്രിയ സുഹൃത്തുക്കളെ, ഇന്ന് നിങ്ങളെ കാണുന്നതിൽ എനിക്ക് സന്തോഷമുണ്ട്. സങ്കീർത്തനം 89:15-ലെ വാഗ്ദത്ത വചനത്തെക്കുറിച്ച് നാം ധ്യാനിക്കുകയാണ്: "ജയഘോഷം അറിയുന്ന ജനത്തിന്നു ഭാഗ്യം; യഹോവേ, അവർ നിന്റെ മുഖപ്രകാശത്തിൽ നടക്കും." ഈ വാക്യം വായിച്ചപ്പോൾ എനിക്ക് ഒരു കഥ ഓർമ്മ വന്നു. മലകളാൽ ചുറ്റപ്പെട്ട ഒരു ചെറിയ രാജ്യമുണ്ടായിരുന്നു. വൈകുന്നേരമാകുമ്പോഴേക്കും ആ രാജ്യം മുഴുവൻ ഇരുട്ടിലാകും. വഴികളിലൂടെ നടക്കുന്നവർക്ക് വെളിച്ചം പകരുന്നതിനായി, എല്ലാ വൈകുന്നേരവും ഗ്രാമവാസികൾ വിളക്കുകൾ കത്തിച്ച് വീടുകൾക്ക് പുറത്ത് വെക്കുമായിരുന്നു. ഒരു രാത്രി, ഹന്ന എന്ന ഒരു പെൺകുട്ടി ഒറ്റയ്ക്ക് നടന്നുപോകുകയായിരുന്നു. ഒരു കൊടുങ്കാറ്റ് വീശുകയും മേഘങ്ങൾ ചന്ദ്രനെ മറയ്ക്കുകയും ചെയ്തതിനാൽ അവൾക്ക് വെളിച്ചമൊന്നും ലഭിക്കാതെയായി. ചുറ്റും കനത്ത അന്ധകാരമായിരുന്നു. വീട്ടിലേക്ക് നടക്കാനുള്ള വഴി പോലും അവൾക്ക് കാണാൻ കഴിഞ്ഞില്ല. അങ്ങനെ നടക്കുന്നതിനിടയിൽ, തന്റെ പിന്നിൽ വരുന്ന ഒരു ചെറിയ വെളിച്ചം അവൾ ശ്രദ്ധിച്ചു. അവൾ മുന്നോട്ട് നടക്കുന്തോറും ആ വെളിച്ചം തന്നെ പിന്തുടരുന്നതായി അവൾക്ക് മനസ്സിലായി. കയ്യിൽ ഒരു വിളക്കുമായി അവൾക്ക് പിന്നാലെ നടന്നു വരുന്നത് രാജാവിന്റെ സേവകരിൽ ഒരാളായിരുന്നു. അവൾ ചോദിച്ചു, "നിങ്ങൾ എന്നെ പിന്തുടരുകയാണോ? " അതെ എന്ന് അയാൾ  മറുപടി നൽകി. നിങ്ങൾ ഈ റോഡിലൂടെയാണ് നടക്കുന്നതെന്ന് രാജാവിന് അറിയാമായിരുന്നു, അതിനാൽ നിങ്ങൾ ഈ റോഡിലൂടെ നടക്കുമ്പോൾ നിങ്ങളെ നയിക്കാൻ അദ്ദേഹം എന്നെ അയച്ചു. "ഹന്ന നടപ്പ് തുടർന്നു. കൊടുങ്കാറ്റ് ശമിച്ചില്ല, മേഘങ്ങൾ തെളിഞ്ഞില്ല. എന്നാൽ എങ്ങനെയോ വെളിച്ചം കാരണം അവൾക്ക് നടക്കാൻ എളുപ്പമായി. അവൾ സുരക്ഷിതമായി വീട്ടിലെത്തി. രാജാവിന്റെ വെളിച്ചം അവൾക്ക് വഴികാട്ടിയായതിനാൽ അവൾ ഭയപ്പെട്ടില്ല.

വഴിയിൽ മാറ്റമൊന്നും വന്നിട്ടില്ല. അവളുടെ അവസ്ഥയ്ക്ക് മാറ്റമുണ്ടായില്ല. എന്നാൽ അവളെ നയിച്ചിരുന്ന വെളിച്ചം താൻ എങ്ങോട്ടാണ് പോകുന്നതെന്ന് വ്യക്തമായി കാണാൻ അവളെ സഹായിച്ചു. മോശെ കർത്താവിനോട് ഇങ്ങനെ പറഞ്ഞതായി വേദപുസ്തകത്തിൽ നാം കാണുന്നു: "തിരുസാന്നിദ്ധ്യം എന്നോടുകൂടെ പോരുന്നില്ല എങ്കിൽ ഞങ്ങളെ ഇവിടെനിന്നു പുറപ്പെടുവിക്കരുതേ." ദൈവത്തിന്റെ സാന്നിധ്യത്തിന്റെ പ്രാധാന്യം അവന് അറിയാമായിരുന്നു. ദൈവത്തിന്റെ സാന്നിധ്യം അവന് സന്തോഷം നൽകി. മോശെക്ക് നിരന്തരം മോശമായ വാർത്തകൾ, നിരുത്സാഹങ്ങൾ, നിരാശ, ഭീഷണികൾ എന്നിവ നേരിടേണ്ടിവന്നു. എങ്കിലും അവൻ ഭയപ്പെട്ടില്ല. ദൈവം തന്നോടുകൂടെയുണ്ടെന്ന് അറിഞ്ഞതിനാൽ അവൻ കർത്താവിന്റെ സന്തോഷത്താൽ നിറഞ്ഞു. രണ്ടാമതായി, കർത്താവിന്റെ സാന്നിധ്യം അവന് ധൈര്യം നൽകി. എന്ത് സംഭവിച്ചാലും, "കർത്താവ് എന്നോടൊപ്പമുണ്ട്" എന്ന് അവന് പറയാൻ കഴിഞ്ഞു. അവൻ മുന്നോട്ട് പോകുകയും കർത്താവ് തന്നോട് ചെയ്യാൻ പറഞ്ഞ കാര്യങ്ങൾ ചെയ്യുകയും ചെയ്തു. മൂന്നാമതായി, കർത്താവിന്റെ സാന്നിധ്യം അവന് മാർഗനിർദേശം നൽകി. മോശെയെയും അവന്റെ ജനത്തെയും അവർ പോകേണ്ട സ്ഥലത്തേക്കും അവർ ചെയ്യേണ്ട കാര്യങ്ങളിലേക്കും അടുത്തതായി എന്ത് ചെയ്യണം എന്നതിലേക്കും കർത്താവ് നിരന്തരം നയിച്ചു. കർത്താവിനെ എങ്ങനെ വിശ്വസിക്കണമെന്നും അവൻ തങ്ങൾക്കായി എങ്ങനെ കരുതുന്നുവെന്നും മനസ്സിലാക്കാനും അവൻ അവരെ പഠിപ്പിച്ചു. മോശെ  ജനത്തിനുവേണ്ടി കർത്താവിനോട് അപേക്ഷിച്ചതെല്ലാം അവന് ലഭിച്ചു.

അതുപോലെ,  ഇന്ന്, നിങ്ങൾ കർത്താവിന്റെ സന്നിധിയിൽ നടക്കുമ്പോൾ, അവൻ നിങ്ങളുടെ മാർഗ്ഗനിർദ്ദേശ വെളിച്ചമായിരിക്കും. നിങ്ങളുടെ ജീവിതത്തിലെ സാഹചര്യം എന്തുതന്നെയായാലും, അത് ബുദ്ധിമുട്ടുള്ളതോ കഠിനമോ ഇടുങ്ങിയതോ തടസ്സങ്ങൾ നിറഞ്ഞതോ ആകാം. എന്നാൽ ദൈവത്തിന്റെ മാർഗദർശന വെളിച്ചം അവൻ നിങ്ങൾക്കായി ഒരുക്കിവെച്ച സ്ഥലത്തേക്ക് നിങ്ങളെ നയിക്കും. അവന്റെ സാന്നിധ്യം നിങ്ങൾക്കുമുമ്പായി പോകുകയും നിങ്ങളെ സംരക്ഷിക്കുകയും നിങ്ങളെ സന്തോഷം കൊണ്ട് നിറയ്ക്കുകയും നിങ്ങൾക്ക് ധൈര്യം നൽകുകയും ചെയ്യുമ്പോൾ, നിങ്ങൾക്ക് ഭയമില്ലാതെ മുന്നോട്ട് പോകാം. ഇന്ന് ദൈവത്തിന്റെ സാന്നിധ്യത്തിനായി നമുക്ക് അവനോട് നന്ദി പറയാം.

PRAYER:
പ്രിയ കർത്താവേ, എന്നെയും എന്റെ ഭവനത്തെയും  അങ്ങയുടെ സാന്നിധ്യം കൊണ്ട് നിറച്ചതിന് അങ്ങേയ്ക്ക് നന്ദി. അങ്ങയുടെ സാന്നിധ്യം എന്നെ വലയം ചെയ്യുകയും രക്ഷയുടെ പ്രകാശവും മാർഗനിർദേശവും സന്തോഷവും ധൈര്യവും വിശ്വാസവും നൽകുകയും ചെയ്യുന്നതിന് നന്ദി. ഞാൻ പോകുന്നിടത്തെല്ലാം അങ്ങയുടെ സാന്നിധ്യം എന്റെ മുമ്പായി പോകണമേ; വളഞ്ഞിരിക്കുന്ന എല്ലാ വഴികളെയും നേരെയാക്കണമേ. ഞാൻ നടക്കേണ്ട വഴിയിലേക്ക് എന്നെ നയിക്കുകയും എന്റെ മാർഗ്ഗനിർദ്ദേശ വെളിച്ചമായിരിക്കുകയും ചെയ്യണമേ. അങ്ങയുടെ സന്തോഷവും ധൈര്യവും കൊണ്ട് എന്റെ ഹൃദയം നിറയ്ക്കണമേ. അങ്ങയെ അനുസരിക്കാനും അങ്ങയുടെ വഴികളിൽ നടക്കാനും അങ്ങയെ നിരന്തരം വിശ്വസിക്കാനും എന്നെ സഹായിക്കണമേ. എന്റെ കുടുംബത്തെ സംരക്ഷിക്കുകയും ഞങ്ങൾ എടുക്കുന്ന ഓരോ ചുവടും നയിക്കുകയും ചെയ്യണമേ. എല്ലാ ബുദ്ധിമുട്ടുകളിലും തടസ്സങ്ങളിലും അങ്ങയുടെ സാന്നിധ്യം ഞങ്ങളെ സുരക്ഷിതമായി നയിക്കട്ടെ. അങ്ങയുടെ പ്രകാശം ഞങ്ങളുടെ ജീവിതത്തിൽ പ്രകാശിക്കുകയും അങ്ങയുടെ തിരുഹിതപ്രകാരം ഞങ്ങളെ നയിക്കുകയും ചെയ്യണമേ. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.