“യഹോവയായ കർത്താവു പ്രവാചകന്മാരായ തന്റെ ദാസന്മാർക്കു തന്റെ രഹസ്യം വെളിപ്പെടുത്താതെ ഒരു കാര്യവും ചെയ്കയില്ല." ആമോസ് 3:7-ൽ നിന്ന് നിങ്ങൾക്കുള്ള ദൈവത്തിന്റെ വാഗ്‌ദത്തമാണിത്. തന്റെ പ്രിയപ്പെട്ടവർക്ക് തന്റെ പദ്ധതികൾ വെളിപ്പെടുത്തുന്നതിൽ ആനന്ദിക്കുന്ന ഒരു ദൈവമാണ് അവൻ. ദിവ്യരഹസ്യങ്ങൾ കേൾക്കാൻ യോഹന്നാൻ യേശുവിന്റെ മാറിൽ ചാരിയിരുന്നതുപോലെ, നിങ്ങൾ അവന്റെ ഹൃദയത്തോട് ചേർന്നുനിൽക്കുന്ന അവന്റെ തിരഞ്ഞെടുക്കപ്പെട്ട പാത്രമാണ്. ഇന്നും യേശുവിൻറെ മനസ്സ് അറിയാനും അവൻറെ പദ്ധതിയിൽ നടക്കാനും നിങ്ങൾക്ക് അവനിൽ ആശ്രയിക്കാം. യേശുവിനും, നിങ്ങളുടെ കുടുംബത്തിനും, ലോകത്തിനും ഉപകാരപ്രദമായ മാന പാത്രമാകാൻ നിങ്ങൾക്ക് കഴിയും. ദൈവത്തിൻറെ വെളിപ്പെടുത്തപ്പെട്ട പദ്ധതിയിൽ നടക്കുന്നവരെ ലോകത്തിന് ആവശ്യമുള്ളതിനാൽ ജനങ്ങൾ നിങ്ങളെ അന്വേഷിക്കും.

അങ്ങനെയെങ്കിൽ, ദൈവം തൻറെ പദ്ധതി എങ്ങനെയാണ് നമുക്ക് വെളിപ്പെടുത്തുന്നത്? പ്രപഞ്ചം എങ്ങനെ പ്രവർത്തിക്കണം, മനുഷ്യൻ എങ്ങനെ ജീവിക്കണം, ചരിത്രത്തിലുടനീളം എന്താണ് സംഭവിക്കേണ്ടത് എന്നതിനെക്കുറിച്ച് ലോകം സ്ഥാപിക്കപ്പെടുന്നതിനു മുമ്പുതന്നെ ദൈവം എല്ലാം ആസൂത്രണം ചെയ്തിരുന്നു എന്ന് എബ്രായർ 4:3 പറയുന്നു. ശത്രു ഇടപെട്ട്,  മനുഷ്യനെ പാപത്തിലേക്ക് നയിക്കുകയും ലോകത്തിലേക്ക് തിന്മയെ കൊണ്ടുവരികയും ചെയ്തെങ്കിലും ദൈവത്തിൻറെ യഥാർത്ഥ ഉദ്ദേശ്യം എല്ലായ്പ്പോഴും നന്മയ്ക്കായിരുന്നു. അതുകൊണ്ട് ദൈവം ഒരു പദ്ധതി തയ്യാറാക്കി. അവൻ മനുഷ്യരൂപം സ്വീകരിച്ചു, യേശുവായി മാറി, നഷ്ടപ്പെട്ടതിനെ വീണ്ടെടുക്കാൻ തന്റെ രക്തം ചൊരിഞ്ഞു. നന്മയെ നമ്മുടെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനും തിന്മയിൽ നിന്ന് നമ്മെ മോചിപ്പിക്കുന്നതിനും അവന്റെ പദ്ധതിയിലേക്ക് നമ്മെ പുനഃസ്ഥാപിക്കുന്നതിനുമുള്ള താക്കോലാണ് അവന്റെ ത്യാഗം.

"എന്റെ പൈതലേ, നിങ്ങളുടെ ഹൃദയം തുറന്ന് എന്നെ സ്വീകരിക്കുക" എന്ന് കർത്താവായ യേശു ഇന്ന്  പറയുന്നു. അവൻ അകത്തേക്ക് വരികയും നിങ്ങളോടൊപ്പം അത്താഴം കഴിക്കുകയും നിങ്ങളുടെ ജീവിതത്തെക്കുറിച്ചുള്ള ദൈവത്തിന്റെ പദ്ധതി വെളിപ്പെടുത്തുകയും ചെയ്യും. അവന്റെ ആത്മാവിലൂടെ, പരിശുദ്ധാത്മാവിലൂടെ, നിങ്ങൾ അവന്റെ ശബ്ദം കേൾക്കുകയും അവന്റെ വചനങ്ങൾ സംസാരിക്കുകയും അവൻ നിങ്ങൾക്കുവേണ്ടി ഒരുക്കിയിരിക്കുന്ന വിധിയിൽ നടക്കുകയും ചെയ്യും. അന്ധകാരം നിറഞ്ഞ ലോകത്തിൽ പോലും, നിങ്ങൾക്ക് ദൈവത്തിന്റെ നന്മ ആസ്വദിക്കാൻ കഴിയും. അതുകൊണ്ടാണ് ദൈവം ഇന്നും പ്രവചനത്തിലൂടെ സംസാരിക്കുന്നത്. അപ്പൊ. പ്രവൃത്തികൾ 2:17 പറയുന്നതുപോലെ, "അന്ത്യകാലത്തു ഞാൻ സകല ജഡത്തിന്മേലും എന്റെ ആത്മാവിനെ പകരും; നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും." നിങ്ങൾക്ക് അവന്റെ ശബ്ദം കേൾക്കാനും അവന്റെ പദ്ധതിയിൽ അഭിവൃദ്ധി പ്രാപിക്കാനും കഴിയും. ഇന്ന് നിങ്ങൾ അവനോട് നിലവിളിക്കുമോ?

PRAYER:
പ്രിയ സ്വർഗ്ഗീയ പിതാവേ, അങ്ങയുടെ ഹൃദയവും പദ്ധതിയും എനിക്ക് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്ന ഒരു ദൈവമായിരിക്കുന്നതിന് അങ്ങേക്ക് നന്ദി. യേശുവേ, എന്റെ ഹൃദയം ഞാൻ അങ്ങേക്കായി തുറക്കുന്നു. ദയവായി അകത്തേക്ക് വരണമേ. എന്നോടൊപ്പം ഇരിക്കണമേ. അങ്ങയുടെ പരിശുദ്ധാത്മാവിനാൽ എന്നെ നിറയ്ക്കണമേ. അങ്ങയുടെ ശബ്ദം വ്യക്തമായി എന്നെ കേൾപ്പിക്കേണമേ. ലോകസ്ഥാപനം മുതൽ അങ്ങ് എനിക്കായി ഒരുക്കിയിരിക്കുന്ന പദ്ധതിയിൽ നടക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ ഭയവും സംശയവും പാപവും ഞാൻ മാറ്റിവെക്കുന്നു. അങ്ങയുടെ പാപമോചനവും നന്മയും ഞാൻ സ്വീകരിക്കുന്നു. അങ്ങേക്കും എന്റെ കുടുംബത്തിനും ഈ ലോകത്തിനും ഉപയോഗപ്രദമായ ഒരു മാനപാത്രമാക്കി എന്നെ മാറ്റേണമേ. പാതയിലെ ഓരോ ചുവടുവയ്പ്പിലും അങ്ങയുടെ പരിശുദ്ധാത്മാവ് എന്നെ നയിക്കുകയും അങ്ങയുടെ പ്രാവചനിക ശബ്ദം മറ്റുള്ളവരിലേക്ക് എത്തിക്കാൻ എന്നെ അനുവദിക്കുകയും ചെയ്യേണമേ. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.