എന്റെ സുഹൃത്തേ, നിങ്ങൾ വിശ്വസിക്കുന്നുവെങ്കിൽ, നിങ്ങൾ പ്രാർത്ഥനയിൽ യാചിക്കുന്നത് നിങ്ങൾക്ക് ലഭിക്കും. നിങ്ങൾക്ക് അവനിൽ നിന്ന് ഉത്തരങ്ങൾ ലഭിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു, അതിനുള്ള ഏക മാർഗം വിശ്വസിക്കുക എന്നതാണ്. മത്തായിയുടെ സുവിശേഷം 21:22 ൽ എഴുതിയിരിക്കുന്നതുപോലെ, "നിങ്ങൾ വിശ്വസിച്ചുകൊണ്ടു പ്രാർത്ഥനയിൽ എന്തു യാചിച്ചാലും നിങ്ങൾക്കു ലഭിക്കും." നിങ്ങൾക്ക് ഉത്തരം ലഭിക്കുമെന്ന് വിശ്വസിക്കുക. ഇന്ന്, നിങ്ങൾക്ക് എല്ലാ അനുഗ്രഹങ്ങളും ലഭിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു; ഉത്തരങ്ങളിൽ വിശ്വസിക്കുക. അത് സ്വർഗത്തിൽ നിന്നാണ് നിങ്ങളിലേക്ക് വരുന്നത്. ഒന്നാമതായി, ദൈവം പ്രാർത്ഥനകൾക്ക് ഉത്തരം നൽകുന്നുവെന്ന് വിശ്വസിക്കുക. മർക്കൊസിന്റെ സുവിശേഷം 11:24 - ൽ യേശു ഇങ്ങനെ പറഞ്ഞു, "നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ യാചിക്കുന്നതൊക്കെയും ലഭിച്ചു എന്നു വിശ്വസിപ്പിൻ; എന്നാൽ അതു നിങ്ങൾക്കു ഉണ്ടാകും." നിങ്ങൾ കർത്താവായ യേശുവിനോട് പ്രാർത്ഥിക്കുമ്പോൾ, "കർത്താവേ, ഞാൻ ഇപ്പോൾ പ്രാർത്ഥിച്ചുവെന്ന് എനിക്കറിയാം. എനിക്കത് ഇതിനകം ലഭിച്ചിട്ടുണ്ട്" എന്നു പറഞ്ഞുകൊണ്ടിരിക്കുക. നിങ്ങൾ അത് കാണുന്നില്ലായിരിക്കാം, അനുഭവിക്കുന്നില്ലായിരിക്കാം, അല്ലെങ്കിൽ നിങ്ങളുടെ കൈയിൽ ഇല്ലായിരിക്കാം, എന്നിരുന്നാലും, "കർത്താവേ, ഞാൻ അങ്ങയോട് പ്രാർത്ഥനയിൽ അപേക്ഷിച്ചതുകൊണ്ടാണ് എനിക്ക് അത് ലഭിച്ചത്" എന്ന് പറയുക. നിങ്ങൾ അങ്ങനെ ചെയ്യുകയും അവന് നന്ദി പറയുകയും ചെയ്യുമ്പോൾ അത് നിങ്ങളുടേതായിരിക്കും. രണ്ടാമതായി, ദൈവം നിങ്ങളെ നിരുപാധികമായി സ്നേഹിക്കുന്നുവെന്ന് വിശ്വസിക്കുക. സങ്കീർത്തനം 13:5-ൽ നാം വായിക്കുന്നതുപോലെ, അവന്റെ അചഞ്ചലമായ സ്നേഹത്തിൽ വിശ്വസിക്കുക. മാത്രമല്ല I യോഹന്നാൻ 1:9 ഓർക്കുക, "നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കിൽ അവൻ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാൻ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു." ദൈവം നിങ്ങളെ വളരെയധികം സ്നേഹിക്കുന്നുവെന്ന് നിങ്ങൾ വിശ്വസിക്കുമ്പോൾ, നിങ്ങൾക്ക് ലഭിക്കും.
മൂന്നാമതായി, നിങ്ങൾക്കുവേണ്ടിയുള്ള അവന്റെ പദ്ധതിയിൽ വിശ്വസിക്കുകയും അവനോട് യാചിക്കുകയും ചെയ്യുക. യിരെമ്യാവ് 29:11 ൽ ദൈവം പറയുന്നു, "നിങ്ങളെക്കുറിച്ചു നിരൂപിക്കുന്ന നിരൂപണങ്ങൾ ഇന്നവ എന്നു ഞാൻ അറിയുന്നു." "എന്ത് ചെയ്യണമെന്ന് എനിക്കറിയില്ല, ഏത് വിഷയം തിരഞ്ഞെടുക്കണം, ഏത് ബിരുദം ചെയ്യണം, ആരെ വിവാഹം കഴിക്കണം, ഏത് മേഖലയിൽ ജോലി ചെയ്യണം, വാങ്ങണോ വാടകയ്ക്ക് എടുക്കണോ എന്നിങ്ങനെ ഒന്നും എനിക്കറിയില്ല" എന്നെല്ലാം നിങ്ങൾ പറഞ്ഞേക്കാം. എന്നാൽ നിങ്ങൾ അഭിവൃദ്ധി പ്രാപിക്കുന്നതിനായി ദൈവം പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. നിങ്ങളുടെ ജീവിതത്തിനായുള്ള ഓരോ പദ്ധതിയും ദൈവത്താൽ വിശദീകരിക്കപ്പെട്ടതാണ്. "ഇത് എനിക്ക് തരൂ, അത് എനിക്ക് തരൂ" എന്ന് ഒരിക്കലും പ്രാർത്ഥിക്കരുത്. "അങ്ങയുടെ ഇഷ്ടം നിറവേറട്ടെ. കർത്താവേ, അങ്ങയുടെ പദ്ധതി എനിക്കു കാണിച്ചുതരേണമേ" എന്ന് പറയുക. ഭൂമിയെ സൃഷ്ടിക്കുന്നതിന് മുമ്പുതന്നെ നിങ്ങൾ ദൈവത്തിന്റെ ഹൃദയത്തിലുണ്ടായിരുന്നു. എബ്രായർക്കുള്ള ലേഖനം 4:3-ൽ പ്രഖ്യാപിച്ചിരിക്കുന്നതുപോലെ, "ലോകസ്ഥാപനത്തിങ്കൽ പ്രവൃത്തികൾ തീർന്നുപോയിരിക്കുന്നു." അവന്റെ പദ്ധതിയിൽ വിശ്വസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുക. ദൈവം അത് നിങ്ങൾക്കായി നിറവേറ്റും.
അവസാനമായി, അവന്റെ പ്രവാചകന്മാരിലും ദൈവം അവരിലൂടെ പറഞ്ഞ കാര്യങ്ങളിലും വിശ്വസിക്കുക. യഹോശാഫാത്ത് ശത്രുക്കളെ നേരിട്ടപ്പോൾ, ദിനവൃത്താന്തത്തിന്റെ രണ്ടാം പുസ്തകം 20:20-ലെ വചനം അവൻ വിശ്വസിച്ചു: "നിങ്ങളുടെ ദൈവമായ യഹോവയിൽ വിശ്വസിപ്പിൻ; അവന്റെ പ്രവാചകന്മാരേയും വിശ്വസിപ്പിൻ; എന്നാൽ നിങ്ങൾ കൃതാർത്ഥരാകും." "ദൈവം നല്ലവനാണ്, അവന്റെ ദയ എന്നേക്കും ഉള്ളതല്ലോ " എന്ന് പ്രഖ്യാപിക്കുന്ന ഗായകരുടെ ഒരു സൈന്യവുമായി അവൻ പുറപ്പെട്ടു. ദൈവം വിജയിച്ചു; ശത്രുക്കൾ തമ്മിൽ യുദ്ധം ചെയ്തു, ഒരു തുള്ളി രക്തം പോലും ചൊരിഞ്ഞില്ല. കൊള്ളയും സമ്പത്തും കൊണ്ട് അവൻ മടങ്ങി. അതിനാൽ നിങ്ങൾ വിശ്വസിക്കുക, നിങ്ങൾക്ക് ലഭിക്കും. നിങ്ങൾ യാചിക്കുന്നത് ദൈവം നിങ്ങൾക്ക് നൽകുമെന്ന് വിശ്വസിക്കുക. അവന്റെ സ്നേഹത്തിൽ വിശ്വസിക്കുക. അവന്റെ പദ്ധതിയിൽ വിശ്വസിക്കുക. അവന്റെ പ്രവാചകന്മാരിൽ വിശ്വസിക്കുക. നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ, ഇവയിൽ ഓരോന്നിലും വിശ്വസിച്ച്, നിങ്ങൾ പ്രാർത്ഥിക്കുക. അപ്പോൾ നിങ്ങൾ യാചിക്കുന്നത് നിങ്ങൾക്ക് ലഭിക്കും.
PRAYER:
പ്രിയ കർത്താവേ, ഞാൻ പ്രാർത്ഥിക്കുമ്പോൾ അങ്ങിൽ നിന്ന് എനിക്ക് ഉത്തരങ്ങൾ ലഭിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഞാൻ അത് ഉടൻ കാണുന്നില്ലെങ്കിൽപ്പോലും, അങ്ങ് എന്റെ പ്രാർത്ഥന കേൾക്കുകയും ശരിയായ സമയത്ത് അത് നടപ്പാക്കുകയും ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നു. എന്നോടുള്ള അങ്ങയുടെ അചഞ്ചലമായ സ്നേഹത്തിന് നന്ദി. കർത്താവേ, എന്നോട് ക്ഷമിക്കുകയും എല്ലാ അനീതികളിൽ നിന്നും എന്നെ ശുദ്ധീകരിക്കുകയും ചെയ്യണമേ. എന്റെ ജീവിതത്തിനായുള്ള അങ്ങയുടെ പൂർണ്ണ പദ്ധതി എനിക്ക് കാണിച്ചുതരേണമേ. അങ്ങയുടെ ഇഷ്ടം എന്നിൽ നിറവേറട്ടെ. അങ്ങ് പറഞ്ഞ ഓരോ വാക്കും വിശ്വസിക്കാനും അങ്ങയുടെ സ്നേഹമുള്ള കരങ്ങളിൽ നിന്ന് വലിയ കാര്യങ്ങൾ പ്രതീക്ഷിക്കാനും എന്നെ സഹായിക്കേണമേ. യേശുവിന്റെ മഹത്തായ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.

ദൈവരാജ്യം കെട്ടിപ്പടുക്കുന്നതിൽ കൈകോർക്കുക
Donate Now


