“നിന്റെ ഹൃദയത്തിലെ ആഗ്രഹം അവൻ നിനക്കു നല്കട്ടെ; നിന്റെ താല്പര്യമൊക്കെയും നിവർത്തിക്കട്ടെ" സങ്കീർത്തനം 20:4. ഇത് നിങ്ങൾക്കുള്ള ദൈവത്തിന്റെ വാഗ്‌ദത്തമാണ്. നമ്മുടെ ദൈവം നമ്മുടെ ഹൃദയത്തിലെ ആഗ്രഹങ്ങൾ നിറവേറ്റുന്ന ദൈവമാണ്. നമ്മുടെ എല്ലാ പദ്ധതികളും നിറവേറ്റുന്നവനും അവനാണ്. തിരുവെഴുത്ത് പറയുന്നു, " മനുഷ്യന്റെ ഹൃദയത്തിൽ പല വിചാരങ്ങളും ഉണ്ടു. എന്നാൽ ഒരു ദൈവപൈതലിന്റെ ജീവിതത്തിൽ മാത്രമേ ദൈവഹിതം സ്ഥാപിക്കപ്പെടുകയുള്ളൂ." സഭാപ്രസംഗി 3:11-ൽ വേദപുസ്തകം ഇപ്രകാരം പ്രഖ്യാപിക്കുന്നു, “ദൈവം സകലവും അതതിന്റെ സമയത്ത് ഭംഗിയായി ചെയ്യും.” അതെ, അത് നിങ്ങൾക്ക് സംഭവിക്കും, കാരണം അവനാണ് നമ്മുടെ ഹൃദയങ്ങളിൽ ആഗ്രഹങ്ങളെ സ്ഥാപിക്കുന്നത്. അതിനാൽ, ദൈവം നമ്മുടെ ഹൃദയത്തിൽ ഒരു ആഗ്രഹവും പദ്ധതിയും വെക്കുമ്പോൾ, നാം എന്തു ചെയ്യണം? യോഹന്നാൻ 14:13-14 അനുസരിച്ച്, യേശുവിന്റെ നാമത്തിൽ ആഗ്രഹമോ പദ്ധതിയോ നിറവേറ്റാൻ കർത്താവിനോട് നാം അപേക്ഷിക്കണം.
"നിങ്ങൾക്കുവേണ്ടി എല്ലാം ചെയ്യാൻ എന്നെ അനുവദിക്കുക" എന്നും കർത്താവ് പറയുന്നു. വിവാഹം, നിങ്ങളുടെ പഠനം, കുടുംബം, താമസം മാറാനുള്ള തീരുമാനം, ഒരു വസ്തു വാങ്ങൽ, ശുശ്രൂഷ ചെയ്യൽ, അല്ലെങ്കിൽ നിങ്ങളുടെ കുട്ടികൾക്കുള്ള കാര്യങ്ങൾ പരിഹരിക്കൽ എന്നിവയായാലും, കർത്താവ് പറയുന്നു, "എന്നോട് അപേക്ഷിക്കുക, ഞാൻ അത് ചെയ്തുതരും." ലൂക്കൊസ് 18:41-42 ൽ, കുരുടൻ യേശുവിനോട് നിലവിളിച്ചപ്പോൾ കർത്താവ് അവനെ വിളിച്ച്, "ഞാൻ നിനക്കു എന്തു ചെയ്തുതരേണമെന്നു നീ ഇച്ഛിക്കുന്നു?" എന്ന് ചോദിച്ചു. ഇന്ന് അവൻ നിങ്ങളോട് ചോദിക്കുന്നതും അതേ ചോദ്യമാണ്, "ഞാൻ നിങ്ങൾക്കായി എന്തുചെയ്യണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നു?" കുരുടൻ മറുപടി പറഞ്ഞു, "കർത്താവേ, എനിക്ക് കാഴ്ച പ്രാപിക്കേണം." ഉടനെ യേശു പറഞ്ഞു, “കാഴ്ച പ്രാപിക്ക; നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു.” അതുപോലെ, നിങ്ങൾ അവനോട് അപേക്ഷിക്കുമ്പോൾ, അവൻ പറയും, “അനുഗ്രഹം സ്വീകരിക്കുക.” അതെ അവൻ തന്നെ അത് നിങ്ങൾക്കുവേണ്ടി ചെയ്യും.
I രാജാക്കന്മാർ 3:5 - ൽ, "യഹോവ ശലോമോന്നു പ്രത്യക്ഷനായി: നിനക്കു വേണ്ടുന്ന വരം ചോദിച്ചുകൊൾക" എന്നു അരുളിച്ചെയ്തു. ശലോമോൻ ജ്ഞാനം ചോദിച്ചപ്പോൾ, ദൈവം അവന് ജ്ഞാനം മാത്രമല്ല നൽകിയത്, മറിച്ച് സമ്പത്തും മഹത്വവും പ്രശസ്തിയും അതിലധികവും നൽകി. അതെ, നിങ്ങൾ അപേക്ഷിക്കുന്നതിനേക്കാൾ അധികമായി അവൻ നിങ്ങൾക്ക് നൽകും. എന്നാൽ അതിനായി, മത്തായി 6:33 അനുസരിച്ച്, നാം “മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷിക്കണം” എന്ന് കർത്താവ് ആഗ്രഹിക്കുന്നു. അപ്പോൾ "അതോടുകൂടെ ഇതൊക്കെയും നിങ്ങൾക്കു കിട്ടും." നീതിപൂർവം ജീവിക്കാൻ അവൻ നിങ്ങളെ വിളിക്കുന്നു, അങ്ങനെ ചെയ്യുമ്പോൾ എല്ലാ അനുഗ്രഹങ്ങളും അവന്റെ ദാനമായി നിങ്ങൾക്ക് നൽകപ്പെടും. അതിനാൽ, ഭയപ്പെടരുത്. കർത്താവ് തന്നെ ഇന്ന് നിങ്ങൾക്ക് ഈ അനുഗ്രഹം നൽകും.
PRAYER:
സ്നേഹവാനായ സ്വർഗ്ഗീയപിതാവേ, എന്റെ ഹൃദയത്തിലെ ആഗ്രഹങ്ങൾ നിറവേറ്റുകയും അങ്ങയുടെ പൂർണ്ണമായ ഹിതത്തിനനുസരിച്ച് എല്ലാ പദ്ധതികളും നിറവേറ്റുകയും ചെയ്യുന്ന ദൈവമായതിനാൽ ഞാൻ അങ്ങേയ്ക്ക് നന്ദി പറയുന്നു. കർത്താവേ, എന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും പദ്ധതികളും ഞാൻ അങ്ങയുടെ കൈകളിൽ സമർപ്പിക്കുന്നു. അങ്ങയുടെ ഉദ്ദേശ്യവുമായി യോജിക്കുന്ന ആഗ്രഹങ്ങൾ എന്റെ ഉള്ളിൽ വയ്‌ക്കേണമേ, അങ്ങയുടെ ഉചിതമായ സമയത്ത് എനിക്ക് എല്ലാം ഭംഗിയായി ചെയ്തുതരേണമേ. യേശുവേ, അങ്ങ് ആ കുരുടനോട്, "ഞാൻ നിനക്കു എന്തു ചെയ്തുതരേണമെന്നു നീ ഇച്ഛിക്കുന്നു?" എന്ന് ചോദിച്ചു. ഇന്ന് അങ്ങ് എന്നോടും അതുതന്നെയാണ് ചോദിക്കുന്നത്. അതിനാൽ, എനിക്ക് അപേക്ഷിക്കാനോ സങ്കൽപ്പിക്കാനോ കഴിയുന്നതിനേക്കാൾ കൂടുതൽ ചെയ്യാൻ അങ്ങേക്ക് കഴിയുമെന്ന് അറിഞ്ഞുകൊണ്ട് ഞാൻ അങ്ങയുടെ നാമത്തിൽ അപേക്ഷിച്ചുകൊണ്ട് ധൈര്യത്തോടെ വരുന്നു. മുമ്പെ അങ്ങയുടെ രാജ്യവും നീതിയും അന്വേഷിക്കാൻ എന്നെ സഹായിക്കണമേ. അങ്ങയുടെ സമയത്തും അങ്ങയുടെ വഴിയിലും എല്ലാ അനുഗ്രഹങ്ങളും അങ്ങ് കൂടെ തരുമെന്ന് വിശ്വസിക്കുന്നു. കർത്താവേ, എനിക്കുവേണ്ടി ഇത് ചെയ്തതിന് അങ്ങേക്ക് നന്ദി. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.