എന്റെ സുഹൃത്തേ, ദൈവം നിങ്ങളെ സ്നേഹിക്കുന്നു. അവന്റെ സ്നേഹം അത്ഭുതകരമാണ്. അവൻ നിങ്ങളെ ഒരിക്കലും കൈവിടുകയില്ല, ഉപേക്ഷിക്കയുമില്ല. അവസാനം വരെ അവൻ നിങ്ങളെ സ്നേഹിക്കും. യോഹന്നാൻ 15:9-ൽ യേശു പറയുന്നു, “പിതാവു എന്നെ സ്നേഹിക്കുന്നതുപോലെ ഞാനും നിങ്ങളെ സ്നേഹിക്കുന്നു" യേശു ജഡരൂപത്തിലുള്ള ദൈവമാണ്, അവൻ നിങ്ങളെ സ്നേഹിക്കുന്നു. നിങ്ങൾക്ക് ചുറ്റുമുള്ള പ്രശ്നങ്ങൾ നോക്കുകയും "ദൈവം എന്നെ സ്നേഹിക്കുന്നില്ല" എന്ന് പറയുകയും ചെയ്യരുത്. സകലവും നന്മയ്ക്കായി ഒരുമിച്ച് പ്രവർത്തിക്കും. ഇന്ന് നിങ്ങൾ കാണുന്ന പ്രശ്നങ്ങൾ നാളെ ഉണ്ടാകില്ല,  എന്നാൽ ദൈവത്തിന്റെ സ്നേഹം ഇന്നും നാളെയും നിങ്ങൾക്കായി ഉണ്ട്. നിങ്ങളുടെ എല്ലാ ദുഃഖങ്ങളെയും സന്തോഷമാക്കി മാറ്റുന്നത് അവന്റെ സ്നേഹമാണ്. യേശുവിന്റെ സ്നേഹത്തിൽ വിശ്വസിക്കുക. നിങ്ങളോടുള്ള അവന്റെ സ്നേഹം നിമിത്തമാണ് അവൻ കുരിശിൽ ക്രൂശിക്കപ്പെട്ടത്. ഗലാത്യർ 2:20 പറയുന്നു, അവൻ നിങ്ങളെ സ്നേഹിക്കുകയും നിങ്ങൾക്കുവേണ്ടി തന്നെത്തന്നെ സമർപ്പിക്കുകയും നിങ്ങളുടെ പാപങ്ങൾ, ശാപങ്ങൾ, രോഗങ്ങൾ, ക്ലേശങ്ങൾ എന്നിവ വഹിക്കുകയും തന്റെ യാഗത്തിലൂടെ അവയെല്ലാം നശിപ്പിക്കുകയും നിങ്ങൾക്ക് സ്വതന്ത്രരാകാനും ക്ഷമിക്കപ്പെടാനും സുഖപ്പെടാനും അഭിവൃദ്ധി പ്രാപിക്കാനും ഒടുവിൽ സ്വർഗത്തിൽ പ്രവേശിക്കാനും വഴിയൊരുക്കുകയും ചെയ്തു.

നിങ്ങൾ ഒരു പാപിയാണെങ്കിലും, റോമർ 5:8 പറയുന്നു,"അവൻ നിങ്ങൾക്കായി കുരിശിൽ തന്റെ ജീവൻ നൽകി". ഇത് അവന്റെ   സ്നേഹത്തെ കാണിക്കുന്നു. നിങ്ങളുടെ പാപങ്ങളിൽ നിന്ന് യേശുവിങ്കലേക്ക് തിരിയുക. അവൻ നിങ്ങളോട് ക്ഷമിക്കട്ടെ, നിങ്ങളെ രൂപാന്തരപ്പെടുത്തട്ടെ, നിങ്ങളെ തന്റെ പൈതലാക്കട്ടെ. യെശയ്യാവ് 53:5 പറയുന്നു, നിങ്ങളുടെ അകൃത്യങ്ങൾ നീങ്ങുവാനും നിങ്ങളുടെ അതിക്രമങ്ങൾ ക്ഷമിക്കപ്പെടുവാനും നിങ്ങൾക്കു സമാധാനവും സൌഖ്യവും ഉണ്ടാകുവാനുംവേണ്ടി അവൻ ക്രൂശിക്കപ്പെട്ടു. യേശു തന്റെ ശിഷ്യന്മാരുടെ പാദങ്ങൾ കഴുകി തന്റെ സ്നേഹം പ്രകടിപ്പിച്ചു. യോഹന്നാൻ 13 പറയുന്നു, ' അവസാനത്തോളം അവൻ അവരെ സ്നേഹിച്ചു'. അവനെ പിന്തുടരുമ്പോൾ നിങ്ങൾ നേരിട്ട ലജ്ജ, വേദന, ഉപദ്രവങ്ങൾ, മുറിവുകൾ എന്നിവ അവൻ മനസ്സിലാക്കുന്നു. അവൻ എല്ലാം കഴുകിക്കളയുകയും നിങ്ങൾ അപമാനം നേരിട്ടിടത്ത് ഇരട്ടി ബഹുമാനം നൽകുകയും ചെയ്യും. സ്നേഹം പുനരുത്ഥാനവും കൊണ്ടുവരുന്നു. യേശു മാർത്തയെയും മറിയയെയും ലാസറിനെയും സ്നേഹിച്ചിരുന്നു. അവൻ കരഞ്ഞു ലാസറിനെ പേര് പറഞ്ഞു വിളിച്ചു, അവനെ മരിച്ചവരിൽ നിന്നു ഉയിർപ്പിച്ചു. സ്നേഹം ഉയിർപ്പിക്കുന്നു! അവൻ നിങ്ങളെയും ഉയിർപ്പിക്കും.

നിത്യജീവനെ ആഗ്രഹിച്ച ചെറുപ്പക്കാരനെ യേശു സ്നേഹിച്ചു. മർക്കൊസ് 10:21-ൽ യേശു അവനെ നോക്കി സ്നേഹിച്ചു എന്ന് പറയുന്നു. സ്വർഗ്ഗത്തിനായി കൊതിക്കുന്ന എല്ലാവരും ദൈവത്താൽ സ്നേഹിക്കപ്പെടുന്നു. യേശുവിനുവേണ്ടി എല്ലാം ഉപേക്ഷിക്കുന്നവർക്ക്  നൂറുമടങ്ങു ലഭിക്കുകയും നിത്യജീവനെയും അവകാശമാക്കുകയും ചെയ്യുമെന്ന് മത്തായി 19:29 വാഗ്ദാനം ചെയ്യുന്നു. അതാണ് നിങ്ങളെ സ്വർഗത്തിലേക്ക് കൊണ്ടുപോകുന്ന സ്നേഹം. അവന്റെ സ്നേഹം രോഗശാന്തിയും നൽകുന്നു. ഇടയനില്ലാത്ത ആടുകളായി ജനക്കൂട്ടത്തെ കണ്ടപ്പോൾ യേശു സ്നേഹത്താൽ സ്വാധീനിക്കപ്പെടുകയും എല്ലാവരെയും സുഖപ്പെടുത്തുകയും ചെയ്തു. അവസാനമായി, നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കാൻ അവന്റെ സ്നേഹം നിങ്ങളെ പഠിപ്പിക്കുന്നു. അസൂയയും ദുഷ്ടതയും നിറഞ്ഞ ഈ ലോകത്തിൽ, "പിതാവേ, ഇവരോട് ക്ഷമിക്കണമേ" എന്ന് ക്രൂശിൽ പ്രാർത്ഥിച്ചപ്പോൾ, സ്നേഹിക്കുന്നതിലൂടെയും ക്ഷമിക്കുന്നതിലൂടെയും നന്മ ചെയ്യുന്നതിലൂടെയും യേശു നിങ്ങളെ പൂർണ്ണജയം പ്രാപിച്ചവരാക്കി ഉയർത്തുന്നു. യേശുവിന്റെ ഈ സ്നേഹത്തിൽ ഉറച്ചുനിൽക്കുക. അവന്റെ സ്നേഹം ആസ്വദിക്കുക. എന്റെ സുഹൃത്തേ, യേശു നിങ്ങളെ സ്നേഹിക്കുന്നു.

PRAYER:
കർത്താവായ യേശുവേ, എന്നെ അവസാനം വരെ സ്നേഹിക്കുമെന്ന് വാഗ്ദാനം ചെയ്തതിന് അങ്ങേക്ക് നന്ദി. കുരിശിനും അങ്ങയുടെ ക്ഷമയ്ക്കും രോഗശാന്തിക്കും അങ്ങയുടെ ത്യാഗത്താൽ എനിക്ക് ലഭിച്ച സ്വാതന്ത്ര്യത്തിനും നന്ദി. ഇപ്പോൾ തന്നെ കർത്താവേ, അങ്ങയുടെ പരിപൂർണ്ണസ്നേഹത്താൽ എന്നെ വളയുകയും എന്റെ ഹൃദയത്തിൽ നിന്ന് എല്ലാ ദുഃഖവും ഭയവും നീക്കികളയുകയും ചെയ്യേണമേ. കർത്താവേ, എന്റെ ജീവിതത്തിലെ എല്ലാ നിർജ്ജീവ മേഖലകളെയും അങ്ങയുടെ കൃപയാൽ പുനരുജ്ജീവിപ്പിക്കണമേ, അങ്ങയെപ്പോലെ മറ്റുള്ളവരെ സ്നേഹിക്കാനും ക്ഷമിക്കാനും അങ്ങയെ പൂർണ്ണമായും പിന്തുടരാനും എന്നെ പഠിപ്പിക്കേണമേ. ഞാൻ എപ്പോഴും അങ്ങയുടെ സ്നേഹത്തിൽ നിലനിൽക്കട്ടെ. യേശുവേ, ഞാൻ അങ്ങിൽ എന്റെ പൂർണ്ണ വിശ്വാസം അർപ്പിക്കുന്നു. ആമേൻ.