എന്റെ പ്രിയരേ, കർത്താവ് നിങ്ങൾക്ക് വെളിച്ചവും രോഗശാന്തിയും നിറഞ്ഞ ഒരു ജീവിതം നൽകും. നിങ്ങളുടെ ജീവിതം അവന്റെ പ്രകാശത്താൽ നിറയും. എല്ലാം ഇരുണ്ടതായി തോന്നുകയും നിങ്ങൾക്ക് ആരോഗ്യമില്ലാതിരിക്കുകയും ചെയ്യുന്നതിനാൽ നിങ്ങൾ ബുദ്ധിമുട്ടുകയാണോ? കർത്താവാണ് നിങ്ങളുടെ വെളിച്ചം. ദൈവം നിങ്ങളുടെ പ്രകാശമാണ്. കർത്താവാണ് നിങ്ങളുടെ സൗഖ്യം, അവൻ അത് നിങ്ങൾക്ക് നൽകും. യെശയ്യാവ് 58:8 ഇപ്രകാരം പറയുന്നു, "നിന്റെ വെളിച്ചം ഉഷസ്സുപോലെ പ്രകാശിക്കും; നിന്റെ മുറിവുകൾക്കു വേഗത്തിൽ പൊറുതിവരും." കർത്താവ് ഇന്ന് നിങ്ങൾക്ക് ഈ അനുഗ്രഹം നൽകട്ടെ. പിതാവേ, അങ്ങയുടെ മക്കൾക്ക് പ്രകാശം നിറഞ്ഞ ഒരു ജീവിതം നൽകണമേ. രോഗത്തിന്റെ ബന്ധനത്തിൽ നിന്ന് അങ്ങയുടെ മക്കളെ ഉയർത്തണമേ. കടബാധ്യതയുടെ ബന്ധനത്തിൽ നിന്ന് അവരെ ഉയർത്തണമേ. സ്വന്തം വീടുകളിലുള്ള ദുഷ്ടരായ ആളുകൾ, ദുഷ്ടരായ ബന്ധുക്കൾ, ഭയാനകവും തിന്മ നിറഞ്ഞതുമായ പ്രവൃത്തികൾ ചെയ്യുന്ന കുടുംബാംഗങ്ങൾ എന്നിവർ മൂലം ഉണ്ടായ ദുഷ്കരവും തകർന്നതും പ്രയാസകരവുമായ നാളുകൾ അവസാനിക്കട്ടെ. അവരുടെ ജീവിതത്തിൽ രോഗശാന്തി ഉത്ഭവിക്കട്ടെ. ഞങ്ങൾ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നു. എല്ലാം രൂപാന്തരപ്പെടട്ടെ. എല്ലാം സന്തോഷകരമായ ദിവസങ്ങളായി മാറട്ടെ. യേശുവേ, ഇങ്ങനെ  ചെയ്തതിന് അങ്ങേക്ക് നന്ദി.

എന്റെ പ്രിയരേ, കർത്താവ് നിങ്ങൾക്ക് വെളിച്ചം നൽകും. ഉല്പത്തി 1:3-4 ൽ ദൈവം വെളിച്ചം ഉണ്ടാകട്ടെ എന്നു അരുളിച്ചെയ്തു. അപ്പോൾ വെളിച്ചം ഉണ്ടായി. വെളിച്ചം നല്ലതു എന്നു ദൈവം കണ്ടു, ഇരുളിൽനിന്ന് വെളിച്ചത്തെ  വേർതിരിച്ചു. നിങ്ങൾ അന്ധകാരത്തിലാണോ ജീവിക്കുന്നത്? യേശുവിന്റെ നാമത്തിൽ ഞാൻ കൽപ്പിക്കുന്നു: "വെളിച്ചം ഉണ്ടാകട്ടെ!" അന്ധകാരം നീങ്ങിപ്പോകട്ടെ. വെളിച്ചത്തിൽ നിലനിൽക്കുക. വെളിച്ചത്തിന്റെ മക്കളായിരിക്കുക.

യോഹന്നാൻ 8:12-ൽ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: " ഞാൻ ലോകത്തിന്റെ വെളിച്ചം ആകുന്നു; എന്നെ അനുഗമിക്കുന്നവൻ ഇരുളിൽ നടക്കാതെ ജീവന്റെ വെളിച്ചമുള്ളവൻ ആകും” ജീവന്റെ വെളിച്ചം പ്രാപിക്കുവാനുള്ള വിശുദ്ധിയും കൃപയും കർത്താവ് നിങ്ങൾക്ക് നൽകട്ടെ. സങ്കീർത്തനം 18:28-ൽ പറയുന്നതുപോലെ, " നീ എന്റെ ദീപത്തെ കത്തിക്കും; എന്റെ ദൈവമായ യഹോവ എന്റെ അന്ധകാരത്തെ പ്രകാശമാക്കും." നിങ്ങളുടെ വിളക്ക് അവന്റെ വെളിച്ചത്താൽ നിറയട്ടെ. ജീവന്റെ വെളിച്ചം നിങ്ങളിൽ പ്രകാശിക്കട്ടെ. എല്ലാ അന്ധകാരങ്ങളും വെളിച്ചമാകട്ടെ. സങ്കീർത്തനം 119:105 ഇപ്രകാരം പറയുന്നു, " നിന്റെ വചനം എന്റെ കാലിന്നു ദീപവും എന്റെ പാതെക്കു പ്രകാശവും ആകുന്നു." അവന്റെ വചനം മുറുകെപ്പിടിക്കുക; അപ്പോൾ കർത്താവ് നിങ്ങൾക്ക് കൃപ നൽകുകയും നിങ്ങളുടെ വഴി പ്രകാശിപ്പിക്കുകയും ചെയ്യും. പാപത്തിന്റെയും അന്ധകാരത്തിന്റെയും സകല ബന്ധനങ്ങളിൽ നിന്നും അവൻ നിങ്ങളെ വിടുവിക്കും. അവൻ നിങ്ങളുടെ കണ്ണുകൾക്ക് പ്രകാശം നൽകുകയും നിങ്ങൾ നടക്കേണ്ട വഴി നിങ്ങളെ പഠിപ്പിക്കുകയും ചെയ്യും. 

യെശയ്യാവു 60:1,3 -ൽ, ജാതികൾ നിന്റെ പ്രകാശത്തിലേക്കും രാജാക്കന്മാർ‍ നിന്റെ ഉദയശോഭയിലേക്കും വരും എന്നു അരുളിച്ചെയ്യുന്നു. യേശുവിന്റെ നാമത്തിൽ, ഇത് നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കട്ടെ എന്ന് ഞാൻ കൽപ്പിക്കുന്നു. നിങ്ങളുടെ കണ്ണുകൾ പ്രകാശത്താൽ നിറയുകയും നിങ്ങൾ വിശുദ്ധമായി നിലനിൽക്കുകയും ചെയ്യട്ടെ. മത്തായി 6:22 പ്രകാരം, ശരീരത്തിന്റെ വിളക്കു കണ്ണു ആകുന്നു. അത്തരം പ്രകാശം കൊണ്ട് കർത്താവ് നിങ്ങളെ നിറയ്ക്കട്ടെ. മത്തായി 5:14 അനുസരിച്ച്, നിങ്ങൾ ലോകത്തിന്റെ വെളിച്ചം ആകുന്നു. നിങ്ങളുടെ ജീവിതം അവന്റെ മഹത്വത്തിനായി പ്രകാശിക്കുംവിധം, കർത്താവ് നിങ്ങളെ അവന്റെ വെളിച്ചം  കൊണ്ട് നിറയ്ക്കട്ടെ. 

യിരെമ്യാവ് 30:17 പറയുന്നു, "ഞാൻ നിന്റെ മുറിവുകളെ പൊറുപ്പിച്ചു നിനക്കു ആരോഗ്യം വരുത്തും." ഈ കാരണത്താലാണ് യേശു ക്രൂശിൽ സ്വയം സമർപ്പിക്കുകയും തന്റെ ശരീരം മുറിവേൽക്കാൻ അനുവദിക്കുകയും ചെയ്തത്. യെശയ്യാവ് 53:5-ൽ പറയുന്നതുപോലെ, " അവന്റെ അടിപ്പിണരുകളാൽ നമുക്കു സൌഖ്യം വന്നുമിരിക്കുന്നു." ഈ നിമിഷം തന്നെ, അവന്റെ അടിപ്പിണരുകളാൽ നിങ്ങൾ സൌഖ്യം പ്രാപിക്കാൻ ഞാൻ യേശുവിന്റെ നാമത്തിൽ നിങ്ങളോട് കൽപ്പിക്കുന്നു. യേശുവിന്റെ നാമത്തിൽ ക്രിസ്തുവിന്റെ ജീവൻ നിങ്ങളിൽ പ്രവേശിക്കട്ടെ. കർത്താവേ, സകല അന്ധകാരവും വെളിച്ചമായി മാറട്ടെ. സകല രോഗങ്ങളും വിട്ടുമാറട്ടെ. സകല ബലഹീനതകളും അപ്രത്യക്ഷമാകട്ടെ. സകല കുറവുകളും നീങ്ങിപ്പോകട്ടെ. രോഗശാന്തി ഉണ്ടാകട്ടെ. ക്രിസ്തുവിന്റെ ജീവൻ അവരിലേക്ക് പ്രവേശിക്കട്ടെ. കർത്താവേ, ആസ്ത്മ അവരെ വിട്ടുമാറട്ടെ. അവർക്ക് ആസ്ത്മയിൽ നിന്ന് സൗഖ്യം ലഭിക്കട്ടെ. ഇന്നുമുതൽ തന്നെ അത് അപ്രത്യക്ഷമാകട്ടെ.

PRAYER:
പ്രിയ കർത്തവേ, അങ്ങയുടെ വെളിച്ചവും രോഗശാന്തിയും കൊണ്ട് എന്റെ ജീവിതം നിറയ്ക്കണമേ. എന്റെ ജീവിതത്തിലെ സകല അന്ധകാരവും രോഗവും ബലഹീനതയും കടബാധ്യതയും പാപവും ഭയവും ബന്ധനങ്ങളും നീക്കണമേ. അങ്ങയുടെ വചനം എന്റെ കാലുകൾക്ക് ദീപമായിരിക്കട്ടെ; ഓരോ ചുവടിലും എന്നെ നയിക്കുകയും ചെയ്യണമേ. അങ്ങയുടെ വെളിച്ചത്തിൽ നിലനിൽക്കാനും വിശുദ്ധിയിൽ നടക്കാനും എന്നെ സഹായിക്കണമേ. ക്രിസ്തുവിന്റെ ജീവൻ എന്നെ നിറയ്ക്കുകയും, എന്റെ ശരീരത്തിന് സൗഖ്യവും ഹൃദയത്തിന് സമാധാനവും നൽകുകയും ചെയ്യട്ടെ. എല്ലാ മുറിവുകളും സൗഖ്യമാക്കുകയും ആസ്ത്മ ഉൾപ്പെടെയുള്ള രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവരെ ശക്തിപ്പെടുത്തുകയും ചെയ്യണമേ. ദുരിതപൂർണ്ണമായ ദിവസങ്ങൾ സന്തോഷകരമായ ദിവസങ്ങളായി മാറട്ടെ, അങ്ങയുടെ വെളിച്ചം എന്റെ ജീവിതത്തിലൂടെ പ്രകാശിക്കട്ടെ. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.