എന്റെ പ്രിയരേ, നിങ്ങളെ തന്റെ സംരക്ഷണത്തിലും പരിചരണത്തിലും സൂക്ഷിക്കണമെന്ന് കർത്താവ് ആഗ്രഹിക്കുന്നു. സദൃശവാക്യങ്ങൾ 1:33 ഇപ്രകാരം പറയുന്നു, "എന്റെ വാക്കു കേൾക്കുന്നവനോ നിർഭയം വസിക്കയും ദോഷഭയം കൂടാതെ സ്വൈരമായിരിക്കയും ചെയ്യും." കർത്താവിൽ നിന്ന് വരുന്ന ജ്ഞാനം നമ്മെ ഇടർച്ചയിൽ നിന്ന് സംരക്ഷിക്കുകയും ഭയം നീക്കുകയും അപകടത്തിനിടയിലും സമാധാനത്തോടെ ജീവിക്കാൻ നമ്മെ പ്രാപ്തരാക്കുകയും ചെയ്യുന്നു. ഇത് എത്ര മഹത്തായ കൃപയാകുന്നു!
എന്റെ പിതാവ് സഹോദരൻ ഡി. ജി. എസ്. ദിനകരൻ തന്റെ ജീവിതത്തിന്റെ അന്ത്യഘട്ടത്തിൽ അത്യാഹിത വിഭാഗത്തിൽ ആയിരുന്നപ്പോൾ, അദ്ദേഹം വളരെ ക്ഷീണിതനും കഠിനമായ ചുമയാൽ ബുദ്ധിമുട്ടുകയും ചെയ്തിരുന്നു. അപ്പോഴും അദ്ദേഹം ഇങ്ങനെ പ്രാർത്ഥിച്ചു, "കർത്താവേ, ദയവായി എനിക്ക് കുറച്ച് ദിവസങ്ങൾ കൂടി തരണമേ. ശുശ്രൂഷയിലും കാരുണ്യയിലും നിരവധി കടങ്ങളുണ്ട്. ഈ കടബാധ്യതകൾ എന്റെ മകന് ബാക്കിയാക്കി പോകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അതെല്ലം തീർത്ത്, എന്റെ മകന് സമാധാനത്തോടെ ജീവിക്കാനും ശുശ്രൂഷ തുടരാനുമുള്ള വഴി ഒരുക്കാനും എന്നെ സഹായിക്കേണമേ." ഇതിനായി പ്രാർത്ഥിക്കാൻ അദ്ദേഹം എന്റെ കസിൻ എർണസ്റ്റിനോടും മറ്റ് പാസ്റ്റർമാരോടും ആവശ്യപ്പെട്ടു. എന്നിരുന്നാലും, കർത്താവ് എന്റെ പിതാവിനെ തന്റെ സന്നിധിയിലേക്ക് ചേർത്തു. അദ്ദേഹത്തിൻ്റെ ശവസംസ്കാരത്തിനുശേഷം ഞാൻ വല്ലാതെ അസ്വസ്ഥനായിരുന്നു. ഞാൻ ഇങ്ങനെ ചിന്തിച്ചു, "കർത്താവേ, എന്റെ പിതാവിനെപ്പോലെ ഈ ദശലക്ഷക്കണക്കിന് ആളുകൾക്ക് ആരാണ് പിതാവാകാൻ കഴിയുക? ഈ വലിയ ഉത്തരവാദിത്തം എനിക്ക് എങ്ങനെ ഏറ്റെടുക്കാനാകും? ആരാണ് അവരെ വഹിക്കുക?"
ഇരുപത്തിമൂന്ന് ദിവസങ്ങൾക്ക് ശേഷം, സി.എസ്.ഐ. ബിഷപ്പ് റവ. ദേവ കടാക്ഷം സംഘടിപ്പിച്ച യേശു വിളിക്കുന്നു കൺവെൻഷനിൽ സംസാരിക്കാൻ ഞാൻ നാഗർകോവിലിലേക്ക് പുറപ്പെടുമ്പോൾ, എനിക്കുവേണ്ടി പ്രാർത്ഥിക്കാനും എന്നെ ആ യോഗത്തിലേക്ക് അയയ്ക്കാനും എന്റെ പിതാവ് ഇനി ഇല്ലല്ലോ എന്നോർത്ത് ഞാൻ അത്യന്തം ദുഃഖിതനായിരുന്നു. ആ നിമിഷത്തിൽ, കർത്താവ് എനിക്ക് തന്നെത്തന്നെ വെളിപ്പെടുത്തിക്കൊണ്ട് ഇപ്രകാരം പറഞ്ഞു, "മകനേ, ഇതുവരെ നിന്റെ പിതാവിലൂടെയാണ് ഞാൻ നിന്നോട് സംസാരിക്കുകയും നിന്നെ നയിക്കുകയും ചെയ്തത്. ഇനി മുതൽ ഞാൻ തന്നെ നിന്റെ പിതാവായിരിക്കും. ഞാൻ തന്നെ നിന്നെ എല്ലാം പഠിപ്പിക്കും. എന്റെ ജ്ഞാനത്തിനും മാർഗനിർദേശത്തിനും അനുസൃതമായി നിന്റെ ജീവിതത്തെയും കുടുംബത്തെയും ശുശ്രൂഷയെയും നയിക്കുക, അപ്പോൾ എല്ലാം അഭിവൃദ്ധി പ്രാപിക്കും."
കർത്താവ് എന്നോട് പറഞ്ഞു, "നീ ഈ ഭാരം വഹിക്കേണ്ടതില്ല. ഞാൻ അത് വഹിക്കും. ഞാൻ പറയുന്നതുപോലെ നീ ചെയ്യുക". തുടർന്ന് യേശു വിളിക്കുന്നു ശുശ്രൂഷയ്ക്കായി അവൻ എനിക്ക് ഒരു പുതിയ നിർദ്ദേശം നൽകി. ഒരു പ്രാവചനിക ക്യാമ്പ് നടത്താൻ അവൻ എന്നോട് നിർദ്ദേശിക്കുകയും യേശുവിനെക്കുറിച്ച് സാക്ഷ്യം വഹിക്കാൻ ആയിരക്കണക്കിന് ആളുകളെ ഉയർത്തുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമാത്രമല്ല, ലോകമെമ്പാടുമുള്ള പുത്രന്മാരെയും പുത്രിമാരെയും തന്റെ സാക്ഷ്യം ഘോഷിക്കുന്നവരായി ഉയർത്തുമെന്നും അവൻ പറഞ്ഞു.
2008-ൽ ഞങ്ങൾ ഇത് ആരംഭിച്ചു, ആദ്യ ക്യാമ്പിൽ ഏകദേശം 2,000 പേർ പങ്കെടുത്തു. താമസിയാതെ, വലിയ പൊതുയോഗങ്ങൾ നടത്താൻ കർത്താവ് ഞങ്ങളോട് നിർദ്ദേശിച്ചു. പ്രവേശന കവാടങ്ങളിൽ പ്രാർത്ഥനാ യോദ്ധാക്കളെ നിയോഗിക്കുകയും ആളുകൾക്ക് ടെലിവിഷനിലൂടെ യോഗങ്ങൾ കാണാൻ കഴിയുന്ന തരത്തിൽ ക്യാമറകൾ ഉപയോഗിക്കുകയും ചെയ്തു. അക്കാലത്ത്, എൽ.ഇ.ഡി സ്ക്രീനുകൾ ലഭ്യമല്ലാത്തതിനാൽ ഞങ്ങൾ വേദിയിൽ ഒരു വലിയ സ്ക്രീൻ സൃഷ്ടിക്കാൻ 16 പ്രൊജക്ഷൻ ടിവികൾ പരസ്പരം യോജിപ്പിച്ചു. കർത്താവ് അത്ഭുതങ്ങൾ പ്രവർത്തിക്കുകയും അവന്റെ സാന്നിധ്യം യോഗങ്ങളെ നിറയ്ക്കുകയും ചെയ്തു. എന്റെ മക്കളായ സാമും ഷാരോണും ആരാധനയ്ക്ക് നേതൃത്വം നൽകി, പ്രാവചനികമായി സംസാരിക്കാനും ആളുകളെ പേരുപറഞ്ഞ് വിളിക്കാനും കർത്താവ് എനിക്ക് കൃപ നൽകി. ബന്ധനം, വേദന, ദുഃഖം എന്നിവയിൽ നിന്നുള്ള വിടുതലിനെക്കുറിച്ച് ആളുകൾ സാക്ഷ്യം വഹിക്കുകയും പലരും പരിശുദ്ധാത്മാവിന്റെ നിറവ് അനുഭവിക്കുകയും ചെയ്തു. അവരുടെ ജീവിതം രൂപാന്തരപ്പെടുകയും പാപം നീങ്ങി അവരുടെ ജീവിതത്തിലേക്ക് വിശുദ്ധി കടന്നുവരികയും ചെയ്തു.
24 മണിക്കൂറും രാജ്യത്തിനായി പ്രാർത്ഥിക്കാൻ ഡൽഹിയിൽ ഒരു പ്രാർത്ഥനാ ഗോപുരം സ്ഥാപിക്കാനും തുടർന്ന് യെരൂശലേമിലും ഒരു പ്രാർത്ഥനാ ഗോപുരം സ്ഥാപിക്കാനും പ്രാർത്ഥനാ ഗോപുരങ്ങൾ വിപുലീകരിക്കാനും കർത്താവ് എന്നോട് നിർദ്ദേശിച്ചു. കാരുണ്യയിൽ വെള്ളം, ഭക്ഷണം, ആരോഗ്യ സംരക്ഷണം, ഗവേഷണ സൗകര്യങ്ങൾ എന്നിവ ഒരുക്കാനും അവൻ ഞങ്ങളോട് നിർദ്ദേശിച്ചു. കാരുണ്യയെ ഒരു കോളേജിൽ നിന്ന് സർവകലാശാലയായി വളരുവാൻ അവൻ പ്രാപ്തനാക്കുകയും അതിന്റെ ഗവേഷണത്തെയും വികസന പ്രവർത്തനങ്ങളെയും അനുഗ്രഹിക്കുകയും ചെയ്തു. സീഷയെ വിപുലീകരിക്കാനും ദരിദ്രരെയും അശരണരെയും പരിപാലിക്കാനും കർത്താവ് ഞങ്ങളോട് നിർദ്ദേശിച്ചു. ഇതിന്റെ ഭാഗമായി വൃദ്ധസദനങ്ങൾ, പുനരധിവാസ കേന്ദ്രങ്ങൾ, വിദ്യാഭ്യാസ-നൈപുണ്യ പരിശീലന പരിപാടികൾ, വീടുകൾ നഷ്ടപ്പെട്ടവർക്കായുള്ള താമസകേന്ദ്രങ്ങൾ, മെഡിക്കൽ ക്യാമ്പുകൾ, സൗജന്യ ചികിത്സ, കുട്ടികൾക്കും സ്ത്രീകൾക്കും വേണ്ടിയുള്ള സഹായം എന്നിവ ഉൾപ്പെടെ വിവിധ സംരംഭങ്ങൾ ആരംഭിക്കാൻ കഴിഞ്ഞു. ഞങ്ങൾ അവന്റെ നിർദ്ദേശങ്ങൾ അനുസരിച്ചപ്പോൾ, കർത്താവ് വിശ്വസ്തതയോടെ ശുശ്രൂഷയുടെ ആവശ്യങ്ങൾ നിറവേറ്റി, പ്രാർത്ഥനാ ഗോപുരങ്ങളുടെ എണ്ണം വർദ്ധിപ്പിച്ചു, യോഗങ്ങളിലൂടെ ദശലക്ഷക്കണക്കിന് ആളുകളെ അനുഗ്രഹിച്ചു, സർക്കാർ നേതാക്കൾക്കിടയിൽ വാതിലുകൾ തുറന്നുതന്നു, ഞങ്ങളോടൊപ്പം ശുശ്രൂഷയിൽ പങ്കുചേരാൻ അനേകരെ എഴുന്നേൽപ്പിക്കുകയും ചെയ്തു. ഇതാണ് കർത്താവിൽ നിന്ന് വരുന്ന ജ്ഞാനവും മാർഗനിർദേശവും.
എല്ലാ ദിവസവും, രാവിലെ മൂന്നോ നാലോ മണിയോടെ കർത്താവ് എന്നെ ഉണർത്തുകയും എന്താണ് ചെയ്യേണ്ടതെന്ന് എന്നെ കാണിക്കുകയും ചെയ്യുന്നു. ഞാൻ അവന്റെ മാർഗനിർദേശം പിന്തുടരുന്നു. ആരെയും ഭയപ്പെടേണ്ടതില്ല. നാം കർത്താവിന്റെ മുൻപിൽ നീതിയോടെ നടക്കുകയും നേരുള്ളവരും വിശ്വസ്തരുമായിരിക്കുകയും വേണം. ഓരോ പോരാട്ടങ്ങളിലൂടെയും എതിർപ്പുകളിലൂടെയും കർത്താവ് ഞങ്ങൾക്ക് മഹത്തായ കൃപ കാണിച്ചുതന്നിരിക്കുന്നു. ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുന്ന ആയിരക്കണക്കിന് ആളുകളെയും, മുഴുവൻ സമയ ശുശ്രൂഷകരായും സന്നദ്ധപ്രവർത്തകരായും ഞങ്ങളോടൊപ്പം സേവനം ചെയ്യുന്ന ആയിരക്കണക്കിന് ആളുകളെയും ഓർത്ത് ഞാൻ അവനെ സ്തുതിക്കുന്നു. ഈ ശുശ്രൂഷയിലൂടെ അവൻ സമൃദ്ധമായ ഫലം നൽകിക്കൊണ്ടിരിക്കുന്നു. അതോടൊപ്പം, അമൂല്യമായ ഒരു സമ്മാനമായി അവൻ നിങ്ങളെയും ഞങ്ങൾക്ക് നൽകിയിരിക്കുന്നു.
എല്ലാ ദിവസവും രാവിലെ കർത്താവ് തന്റെ ജ്ഞാനവും മാർഗനിർദേശവും നിങ്ങൾക്ക് നൽകട്ടെ എന്നതാണ് എന്റെ പ്രാർത്ഥന. ഇടർച്ചകളില്ലാതെ, ഭയമില്ലാതെ, സമാധാനത്തോടെ ജീവിക്കാൻ അവൻ നിങ്ങളെ പ്രാപ്തരാക്കട്ടെ. നിങ്ങൾ അവന്റെ ഉദ്ദേശ്യങ്ങൾ നിറവേറ്റുകയും കൂടുതൽ ഉയരങ്ങളിലേക്ക് ഉയരുകയും ചെയ്യട്ടെ. കർത്താവ് നിങ്ങളെ തന്റെ ദിവ്യ സംരക്ഷണത്തിൻ കീഴിൽ നിലനിർത്തുകയും തന്റെ ജ്ഞാനത്താൽ നിങ്ങളെ നയിക്കുകയും തന്റെ പൂർണ്ണമായ ഹിതപ്രകാരം സുരക്ഷിതമായും സമാധാനപരമായും നടക്കാൻ നിങ്ങളെ പ്രാപ്തരാക്കുകയും ചെയ്യട്ടെ.
PRAYER:
പ്രിയ കർത്താവേ, അങ്ങയുടെ ജ്ഞാനത്തിൽ നടക്കാനും ഓരോ ദിവസവും അങ്ങയുടെ വഴികാട്ടലിൽ ആശ്രയിക്കാനും എന്നെ സഹായിക്കണമേ. അങ്ങ് എനിക്ക് പിതാവും സംരക്ഷകനും മാർഗദർശകനുമായിരിക്കണമേ. എനിക്ക് വഹിക്കുവാൻ കഴിയാത്ത എല്ലാ ഭാരങ്ങളും അങ്ങ് വഹിക്കണമേ. എന്റെ കുടുംബത്തെ അങ്ങയുടെ വഴികളിൽ നയിക്കുകയും അങ്ങയുടെ മഹത്വത്തിനായി ഞങ്ങളെ ഉപയോഗിക്കുകയും ചെയ്യണമേ. യേശുവിനെക്കുറിച്ച് സാക്ഷ്യം വഹിക്കാനും അവരെ ദശലക്ഷക്കണക്കിന് ആളുകൾക്ക് ഒരു അനുഗ്രഹമാക്കാനും നിരവധി ആളുകളെ എഴുന്നേൽപ്പിക്കണമേ. എല്ലാ ആവശ്യങ്ങളും നിറവേറ്റിതരുകയും, അങ്ങയെ സേവിക്കുകയും ദരിദ്രരെ പരിപാലിക്കുകയും ചെയ്യുന്ന എല്ലാവർക്കും ജ്ഞാനം നൽകുകയും ചെയ്യണമേ. എല്ലാ ദിവസവും രാവിലെ അങ്ങയുടെ പരിശുദ്ധാത്മാവ് എന്നെ നയിക്കുകയും സുരക്ഷിതമായും സമാധാനത്തോടെയും ഭയമില്ലാതെയും നടക്കാൻ എന്നെ സഹായിക്കുകയും ചെയ്യുമാറാകട്ടെ. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.

ദൈവരാജ്യം കെട്ടിപ്പടുക്കുന്നതിൽ കൈകോർക്കുക
Donate Now


