എന്റെ വിലയേറിയ സുഹൃത്തുക്കളേ, നമ്മുടെ കർത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ മഹത്തായ നാമത്തിൽ ഞാൻ നിങ്ങൾക്കെല്ലാവർക്കും വന്ദനം പറയുന്നു. ഇന്ന് കർത്താവ് ലേവ്യപുസ്തകം 25:19-ൽ നിന്ന് മനോഹരമായ ഒരു വാഗ്ദത്തം നമുക്ക് നൽകുന്നു: "നിങ്ങൾ തൃപ്തിയായി ഭക്ഷിച്ചു അതിൽ നിർഭയം വസിക്കും." ഈ ഭാഗത്തിൽ, ധാന്യങ്ങൾ വിതയ്ക്കുകയോ വിളവെടുക്കുകയോ ചെയ്യാതെ ഒരു വർഷം മുഴുവൻ ഭൂമിക്ക് വിശ്രമം നൽകണമെന്ന് ദൈവം യിസ്രായേൽ ജനതയോട് നിർദ്ദേശിച്ചു. മാനുഷികമായി ചിന്തിച്ചാൽ, ഇത് അസാധ്യമാണെന്ന് തോന്നി. "ഞങ്ങൾ എങ്ങനെ അതിജീവിക്കും? ഞങ്ങൾ എന്ത് കഴിക്കും? " എന്ന് അവർക്ക് ചിന്തിക്കാമായിരുന്നു. എന്നാൽ താൻ തന്നെ അവരെ പരിപാലിക്കുമെന്ന് ദൈവം അവർക്ക് ഉറപ്പ് നൽകി. അവർ സംതൃപ്തിയോടെ ഭക്ഷണം കഴിക്കുമെന്നും നിർഭയം വസിക്കുമെന്നും അവൻ വാഗ്ദാനം ചെയ്തു.

ഇതേ ദൈവമാണ് ഇന്ന് നിങ്ങളോടും സംസാരിക്കുന്നത്. നിങ്ങളുടെ സാഹചര്യം അസാധ്യമാണെന്ന് തോന്നുമ്പോഴും അവനിൽ ആശ്രയിക്കാൻ അവൻ നിങ്ങളോട് ആവശ്യപ്പെടുന്നു. ഒരുപക്ഷേ നിങ്ങളുടെ ആരോഗ്യസ്ഥിതിയുടെ കാര്യത്തിൽ ഡോക്ടർമാർ പ്രതീക്ഷ ഉപേക്ഷിച്ചിട്ടുണ്ടാകാം. ഒരുപക്ഷേ നിങ്ങളുടെ കുട്ടികളുടെ മേലുള്ള പ്രതീക്ഷ നിങ്ങൾക്ക് നഷ്ടപ്പെട്ടിരിക്കാം. നിങ്ങൾ വിജയിക്കാതെ നിരവധി ജോലികൾക്കായി അപേക്ഷിക്കുകയോ ഒരു മാറ്റവും കാണാതെ സ്ഥാനക്കയറ്റത്തിനായി വർഷങ്ങളോളം കാത്തിരിക്കുകയോ ചെയ്തിരിക്കാം. നിങ്ങൾക്ക് ചുറ്റുമുള്ളതെല്ലാം നിരുത്സാഹപ്പെടുത്തുന്നതായി തോന്നിയേക്കാം. എന്നിട്ടും കർത്താവ് പറയുന്നു, "എന്നെ വിശ്വസിക്കുക." അവൻ യിസ്രായേല്യർക്ക് വിശ്വസ്തതയോടെ നൽകിയതുപോലെ, നിങ്ങൾക്കും നൽകും. അസാധ്യമെന്ന് തോന്നുന്ന കാര്യങ്ങൾ അവൻ ചെയ്യും. അവന് നിങ്ങളുടെ രോഗം സൗഖ്യമാക്കാനും നിങ്ങളുടെ കുടുംബത്തെ പുനഃസ്ഥാപിക്കാനും തൊഴിൽ ലഭിക്കുവാനുള്ള വാതിലുകൾ തുറക്കുവാനും നിങ്ങളുടെ ജീവിതത്തിൽ അവൻ അരുളിച്ചെയ്ത എല്ലാ വാഗ്ദത്തങ്ങളും നിറവേറ്റാനും കഴിയും.

ദൈവത്തിൽ നിന്ന് അകന്നുപോയ നിങ്ങളുടെ മക്കൾക്കായി കണ്ണുനീരോടെ പ്രാർത്ഥിക്കുന്ന ഒരു രക്ഷാകർത്താവാണ് നിങ്ങളെങ്കിൽ, നിരാശപ്പെടരുത്. അവരെ കർത്താവിന്റെ കരങ്ങളിൽ സമർപ്പിക്കുക. അവർ എവിടെയാണെന്ന് അവനറിയാം, നിങ്ങളെക്കാൾ ഉപരിയായി അവൻ അവരെ സ്നേഹിക്കുന്നു, അവരെ തന്നിലേക്ക് തിരികെ കൊണ്ടുവരാൻ അവന് കഴിയും. അവന് അസാധ്യമായി ഒന്നുമില്ല. ഇന്ന്, ഭയത്തിന് പകരം വിശ്വാസം തിരഞ്ഞെടുക്കുക. നിങ്ങളുടെ സാഹചര്യങ്ങളേക്കാൾ ഉപരിയായി ദൈവത്തിന്റെ വാഗ്‌ദത്തങ്ങളിൽ വിശ്വസിക്കുക. യിസ്രായേലിനു വേണ്ടി കരുതിയ കർത്താവ് തീർച്ചയായും നിങ്ങളെ പരിപാലിക്കുകയും സംരക്ഷിക്കുകയും  നിർഭയം വസിക്കാൻ ഇടയാക്കുകയും ചെയ്യും.

PRAYER: 
പ്രിയ സ്വർഗ്ഗീയ പിതാവേ, എനിക്ക് ആവശ്യമുള്ളതെല്ലാം ലഭിക്കുമെന്നും അങ്ങയുടെ സംരക്ഷണത്തിൻ കീഴിൽ നിർഭയം വസിക്കുമെന്നും അങ്ങ് നൽകിയ അത്ഭുതകരമായ വാഗ്‌ദത്തത്തിന് നന്ദി. സാഹചര്യങ്ങൾ അസാധ്യമാണെന്ന് തോന്നുമ്പോഴും അങ്ങിൽ ആശ്രയിക്കാനുള്ള വിശ്വാസം എന്നിൽ വർദ്ധിപ്പിക്കണമേ. കാലതാമസം, നിരാശ, ബുദ്ധിമുട്ടുള്ള സാഹചര്യങ്ങൾ എന്നിവയാൽ നിരുത്സാഹപ്പെടാതിരിക്കാൻ എന്നെ സഹായിക്കണമേ. കർത്താവേ, ഞാൻ എന്റെ കുടുംബത്തെയും എന്റെ മക്കളെയും എന്റെ ആരോഗ്യത്തെയും എന്റെ തൊഴിലിനെയും എല്ലാ ഭാരത്തെയും അങ്ങയുടെ കൈകളിലേക്ക് സമർപ്പിക്കുന്നു. അങ്ങിൽ നിന്ന് അകന്നുപോയ എല്ലാ കുട്ടികളെയും തിരികെ കൊണ്ടുവരികയും അങ്ങയുടെ അചഞ്ചലമായ സ്നേഹം അവർക്ക് വെളിപ്പെടുത്തുകയും ചെയ്യണമേ. അസുഖം ബാധിച്ച എല്ലാവർക്കുമായി, പ്രത്യേകിച്ച് നടുവേദന, വൃക്കരോഗങ്ങൾ, മറ്റ് ശാരീരിക ബലഹീനതകൾ എന്നിവയുള്ളവർക്കായി ഞാൻ പ്രാർത്ഥിക്കുന്നു. ഇന്ന്  അങ്ങയുടെ സൗഖ്യദായകമായ കരം നീട്ടി അത്ഭുതങ്ങൾ പ്രവർത്തിക്കേണമേ. അങ്ങയുടെ പരിപൂർണ ഹിതപ്രകാരം തൊഴിൽ, സ്ഥാനക്കയറ്റം, ഉപജീവനം, സമൃദ്ധി എന്നിവയ്ക്കുള്ള വാതിലുകൾ തുറന്നുതരണമേ. അങ്ങയുടെ സമാധാനം ഞങ്ങളുടെ ഹൃദയങ്ങളെ കാത്തുസൂക്ഷിക്കുകയും എല്ലാ ദിവസവും അങ്ങയുടെ ദൈവിക സംരക്ഷണം അനുഭവിക്കാൻ ഞങ്ങളെ ഇടയാക്കുകയും ചെയ്യണമേ. യേശുവിന്റെ മഹത്തായ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.