പ്രിയ സുഹൃത്തേ, ഇന്നത്തെ വാഗ്ദത്ത വചനം 1 യോഹന്നാൻ 2:17-ൽ നിന്നുള്ളതാണ്: "ലോകവും അതിന്റെ മോഹവും ഒഴിഞ്ഞുപോകുന്നു; ദൈവേഷ്ടം ചെയ്യുന്നവനോ എന്നേക്കും ഇരിക്കുന്നു." ഇത് എത്ര വാസ്തവമാണ്! സഭാപ്രസംഗി 2:26-ൽ, തനിക്കു പ്രസാദമുള്ള മനുഷ്യന്നു അവൻ ജ്ഞാനവും അറിവും സന്തോഷവും കൊടുക്കുന്നു; പാപിക്കോ ദൈവം തനിക്കു പ്രസാദമുള്ളവന്നു അനുഭവമാകുവാൻ തക്കവണ്ണം ധനം സമ്പാദിക്കയും സ്വരൂപിക്കയും ചെയ്‍വാനുള്ള കഷ്ടപ്പാടു കൊടുക്കുന്നു എന്ന് വേദപുസ്തകം പറയുന്നു.

"ലോകവും അതിന്റെ മോഹവും ഒഴിഞ്ഞുപോകുന്നു." ഒരു പാപിക്ക് നിരവധി സമ്പത്തുകൾ ശേഖരിക്കാൻ കഴിഞ്ഞേക്കാം  എന്ന് ഈ വാക്യം നമ്മെ ഓർമ്മിപ്പിക്കുന്നു. ദുഷിച്ച വഴികളിലൂടെ അവൻ വലിയ സമ്പത്ത് ശേഖരിക്കുകയും വലിയ പ്രശസ്തി നേടുകയും ചെയ്തേക്കാം. എന്നാൽ ഒരു നിമിഷത്തിനുള്ളിൽ എല്ലാം നഷ്ടപ്പെട്ടേക്കാം. നാം വിജയിക്കുന്നതോ സന്തോഷത്തോടെ ഇരിക്കുന്നതോ കാണാൻ പിശാച് ആഗ്രഹിക്കുന്നില്ല. അവൻ എല്ലാം നശിപ്പിക്കാനും നാം ശേഖരിച്ചതെല്ലാം കവർന്നെടുക്കാനും ശ്രമിക്കുന്നു.

എന്നാൽ, തനിക്കു പ്രസാദമുള്ള മനുഷ്യന്നു അവൻ ജ്ഞാനവും അറിവും സന്തോഷവും കൊടുക്കുന്നു എന്ന് സഭാപ്രസംഗി 2:26 നമ്മോട് പറയുന്നു. ദുഷ്ടന്മാർ സ്വരൂപിച്ചുവെച്ചിരിക്കുന്ന സമ്പത്തും നിക്ഷേപങ്ങളുമെല്ലാം ഒടുവിൽ ദൈവത്തെ പ്രസാദിപ്പിക്കുന്ന ഒരാൾക്ക് കൈമാറപ്പെട്ടേക്കാം. ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നവനാണ് അവനെ പ്രസാദിപ്പിക്കുന്നവൻ. 1 യോഹന്നാൻ 2:17-ൽ, ഇത്തരത്തിലുള്ള ഒരാൾ എന്നേക്കും ജീവിക്കുമെന്ന് നമുക്ക് ഉറപ്പുനൽകുന്നു. അതെ, എന്റെ സുഹൃത്തേ, നമുക്ക് ഈ ജീവിതരീതി തിരഞ്ഞെടുക്കാം - ദൈവഹിതമനുസരിച്ച് ജീവിക്കുകയും അവന്റെ ഉദ്ദേശ്യങ്ങൾ നിറവേറ്റുകയും അവനെ പ്രസാദിപ്പിക്കുകയും ചെയ്യുന്ന ജീവിതം നയിക്കാം.

യേശു ഒരു ധനികനെക്കുറിച്ചും ലാസർ എന്ന ഒരു ദരിദ്രനെക്കുറിച്ചും ഒരു ഉപമ പറഞ്ഞു. ആ ധനികന്റെ വീടിനു തൊട്ടടുത്തായിരുന്നു ലാസർ താമസിച്ചിരുന്നത്. ധനികന്റെ മേശയിൽ നിന്ന് വീഴുന്ന അല്പം അപ്പക്കഷണങ്ങളെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയിൽ അവൻ ദിവസവും അവിടെ കാത്തിരുന്നു. വലിച്ചെറിയപ്പെടുന്ന ഭക്ഷണത്തിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ് അവൻ  ആഗ്രഹിച്ചത്. എന്നാൽ ആ ധനികൻ ഒരിക്കലും അവനെ  ശ്രദ്ധിച്ചില്ല. ലാസർ രോഗിയായിരുന്നതിനാലും അവനെ പരിചരിക്കാൻ ആരും ഇല്ലാതിരുന്നതിനാലും, നായ്ക്കൾ പോലും അടുത്തു വന്ന് അവന്റെ മുറിവുകൾ നക്കിയിരുന്നു.

എന്നാൽ ഇരുവരും മരിച്ചപ്പോൾ ലാസറിനെ ദൂതന്മാർ അബ്രാഹാമിന്റെ അടുക്കൽ കൊണ്ടുപോയി. എന്നാൽ, ആ ധനികൻ യാതനയുടെ സ്ഥലത്തേക്ക് പോയി. തീജ്വാലകളാൽ ചുറ്റപ്പെട്ട അവൻ കഠിനമായ വേദന അനുഭവിച്ചു. അബ്രാഹാമിനൊപ്പം ഇരിക്കുന്ന ലാസറിനെ ദൂരെ കണ്ടപ്പോൾ അവൻ വിളിച്ചുപറഞ്ഞു, "ഞാൻ ഈ അഗ്നിജ്വാലയിൽ കഷ്ടപ്പെടുകയാണ്. ലാസറിനെ അയച്ച്, അവന്റെ വിരൽത്തുമ്പ് വെള്ളത്തിൽ മുക്കി എന്റെ നാവൊന്നു തണുപ്പിക്കാൻ അനുവദിക്കണമേ; കാരണം, ഈ തീജ്വാലയിൽ ഞാൻ അതികഠിനമായ വേദന അനുഭവിക്കുകയാണ്." എന്നാൽ അബ്രാഹാം അവൻ ജീവിച്ചിരുന്ന കാലത്ത് സംഭവിച്ച കാര്യങ്ങൾ അവനെ ഓർമ്മിപ്പിച്ചു. ലാസർ അവന്റെ വീടിന്റെ പടിപ്പുരക്കൽ കിടന്നിരുന്നിട്ടും അവൻ ഒരിക്കലും അവനെ ശ്രദ്ധിക്കുകയോ അവന്റെ കാര്യത്തിൽ കരുതൽ കാണിക്കുകയോ ചെയ്തിരുന്നില്ല.

എന്റെ സുഹൃത്തേ, നാം ദൈവഹിതമനുസരിച്ച് ജീവിക്കുകയും അവനെ പ്രസാദിപ്പിക്കുകയും വേണം. അല്ലെങ്കിൽ, ഈ ലോകത്തിലെ നശ്വരമായ മോഹങ്ങളിൽ മാത്രം ആശ്രയിച്ച് ജീവിക്കേണ്ടിവരും. ലോകവും അതിന്റെ മോഹവും ഒഴിഞ്ഞുപോകുന്നു; എന്നാൽ ദൈവേഷ്ടം ചെയ്യുന്നവനോ എന്നേക്കും ഇരിക്കുന്നു. അത്തരമൊരു വ്യക്തിക്ക് ഈ ലോകത്തിൽ ദൈവത്തിന്റെ സന്തോഷവും അനുഗ്രഹങ്ങളും അനുഭവിക്കാനും ഒടുവിൽ അവനുമായി നിത്യജീവനിൽ പ്രവേശിക്കാനും കഴിയും. ദൈവഹിതം ചെയ്യുന്നവർക്ക് വാഗ്ദാനം ചെയ്യപ്പെടുന്ന ശാശ്വതമായ പ്രതിഫലമാണിത്. ഈ ലോകത്തിന്റെ ക്ഷണികമായ ആഗ്രഹങ്ങൾക്കും സുഖഭോഗങ്ങൾക്കും വേണ്ടി ജീവിക്കുന്നതിനു പകരം ഈ പ്രതിഫലം നേടാൻ നമുക്ക് ശ്രമിക്കാം.

PRAYER:
സ്നേഹവാനായ പിതാവേ, ദയവായി എനിക്കുവേണ്ടി സ്വർഗ്ഗത്തിലേക്കുള്ള വഴി തുറന്നുതരണമേ. ഞാൻ ഒരിക്കലും സ്വർഗ്ഗം നഷ്ടപ്പെടുത്തുകയോ നരകത്തിൽ കഷ്ടത അനുഭവിക്കുകയോ ചെയ്യരുതേ. അങ്ങയുടെ മഹത്വമേറിയ വാസസ്ഥലം, അങ്ങയുടെ മഹത്തായ ഭവനം എനിക്ക് നഷ്ടപ്പെടാതിരിക്കട്ടെ. അങ്ങയുടെ ഇഷ്ടം പ്രവർത്തിക്കാൻ എന്നെ പഠിപ്പിക്കണമേ. അങ്ങയെ അനുസരിക്കാൻ എന്നെ പഠിപ്പിക്കണമേ. അങ്ങയുടെ ശബ്ദം കേൾക്കാനും അങ്ങ് എന്നിൽ നിന്ന് എന്താണ് ആഗ്രഹിക്കുന്നതെന്ന് മനസ്സിലാക്കാനും അങ്ങയോടൊപ്പം നടക്കാനും അങ്ങയുടെ ഇഷ്ടം സന്തോഷത്തോടെ നിറവേറ്റാനും എന്നെ സഹായിക്കണമേ. യേശുവിന്റെ നാമത്തിൽ, ആമേൻ.