എന്റെ സുഹൃത്തേ, യേശു നിങ്ങൾക്കായി അത്ഭുതങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നു. എന്തുകൊണ്ടാണെന്ന് നിങ്ങൾക്കറിയാമോ? ദൈവമായ തന്റെ ശക്തി പ്രകടിപ്പിക്കാനല്ല, മറിച്ച് നിങ്ങളോടുള്ള അവന്റെ അനുകമ്പ കൊണ്ടാണ്. മത്തായി 9:35,36-ൽ, വേദപുസ്തകം പറയുന്നു, യേശു പുരുഷാരത്തെ കണ്ടപ്പോൾ അവരെക്കുറിച്ചു മനസ്സലിഞ്ഞു. അവർ ഇടയനില്ലാത്ത ആടുകളെപ്പോലെയാണെന്ന് അവൻ പറഞ്ഞു. അവർ എങ്ങോട്ട് പോകും? അവർ എങ്ങനെ ജീവിക്കും?   ഞാനാകുന്നു മുഖ്യ ഇടയൻ. അവർക്കുവേണ്ടി ഞാൻ എന്റെ ജീവൻ നൽകും. അവരുടെ പാപങ്ങളും അവരുടെ ദുഃഖങ്ങളും വേദനകളും ഞാൻ നീക്കിക്കളയും. ഞാൻ അവരെ ജീവിപ്പിക്കും. ആ അനുകമ്പയോടെയാണ് യേശു നിങ്ങളെ നോക്കുന്നത്. അതുകൊണ്ടാണ് നിങ്ങളുടെ കണ്ണുനീർ തുടച്ചുമാറ്റാനും നിങ്ങളുടെ ദുഃഖം സന്തോഷമാക്കി മാറ്റാനും അവൻ നിങ്ങൾക്കായി അത്ഭുതങ്ങൾ ചെയ്യുന്നത്. ഇന്നത്തെ വാഗ്‌ദത്തം  മത്തായി 28:18 -ൽ  നിന്ന് എടുത്തതാണ്: "സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു." യേശു പറയുന്നു, "എനിക്ക് എല്ലാ അധികാരവുമുണ്ട്. അതിനാൽ, എന്റെ നാമത്തിൽ എന്തും ചോദിക്കുക. നിങ്ങൾക്ക് വേണ്ടി ഞാൻ അത് ചെയ്യും. നിങ്ങളുടെ ഏറ്റവും വലിയ പ്രശ്നങ്ങളേക്കാളും വലുതാണ് എന്റെ നാമം. എന്നാൽ നിങ്ങൾ എന്റെ നാമത്തിൽ ചോദിക്കണം." വെറുതെ ഇരുന്ന് "ദൈവം എല്ലാം ചെയ്യും" എന്ന് പറയുകയും എന്നിട്ട് എന്നെ കുറ്റപ്പെടുത്തുകയും ചെയ്യരുത്. എന്റെ മകനേ, എന്നോട് ചോദിക്കുക. എന്റെ മകളേ, എന്നോട് ചോദിക്കുക. പ്രാർത്ഥിക്കുക. പ്രാർത്ഥിക്കുക. അത്രയേ ഞാൻ നിങ്ങളോട്  ആവശ്യപ്പെടുന്നുള്ളൂ. ഞാൻ അത് ചെയ്യും. നിങ്ങൾ എന്നോട് ചെയ്യാൻ അപേക്ഷിക്കുന്നതു ഞാൻ ചെയ്യും. എത്ര വലിയ താഴ്മ. എത്ര വലിയ സ്നേഹം അവൻ നിങ്ങൾക്കായി കാണിക്കുന്നു. അവൻ പറയുന്നു, "എന്റെ കുഞ്ഞേ, അപ്പൻ നിങ്ങൾക്കായി  കാത്തിരിക്കുകയാണ്. ചോദിക്കൂ. അപ്പൻ നിങ്ങൾക്ക് വേണ്ടി എല്ലാം ചെയ്യും." അവൻ നിങ്ങളെ സ്നേഹിക്കുന്നു.

യേശു ഈ ലോകത്തിലായിരുന്നപ്പോൾ ചെയ്ത അത്ഭുതങ്ങൾ എന്തൊക്കെയാണ്? ഒന്നാമതായി, അവൻ ഒരു കന്യകയുടെ ഗർഭത്തിൽ ജനിച്ചു (മത്തായി 1:18). അവന് ഒരു കന്യകയുടെ ഗർഭത്തിൽ ജനിക്കാൻ കഴിയുമെങ്കിൽ, ഒന്നുമില്ലായ്മയിൽ നിന്ന്  നിങ്ങൾക്കായി എല്ലാം സൃഷ്ടിക്കാൻ അവന് കഴിയില്ലേ? അവൻ നിങ്ങളുടെ ഭവനത്തെ അനുഗ്രഹിക്കും. അവൻ നിങ്ങളുടെ പഠനത്തെ അനുഗ്രഹിക്കും. അവൻ നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ അനുഗ്രഹിക്കും. അവൻ നിങ്ങളുടെ വിവാഹജീവിതത്തെ അനുഗ്രഹിക്കും. അവൻ നിങ്ങളുടെ ഭാവിയെ അനുഗ്രഹിക്കും. ഒന്നുമില്ലായ്മയിൽ നിന്ന്, അവൻ നിങ്ങൾക്കായി എല്ലാം സൃഷ്ടിക്കും. അതാണ് അവന്റെ ശക്തി (റോമർ 4:17). രണ്ടാമതായി, ഒരു വലിയ കൊടുങ്കാറ്റ് ഉണ്ടായപ്പോൾ അവൻ സമുദ്രത്തിലെ വെള്ളത്തിന് മുകളിലൂടെ നടന്നു, തിരമാലകൾ വളരെ ഉയരത്തിലേക്ക് ഉയർന്നു (മർക്കൊസ് 6:49-50). അവൻ പറഞ്ഞു, “ഞാൻ തന്നേ ആകുന്നു; ഭയപ്പെടേണ്ടാ.” അവർ അവനെ പടകിൽ കയറ്റിയപ്പോൾ കൊടുങ്കാറ്റ് ശമിച്ചു. അവിടെ സമാധാനം ഉണ്ടായി. ഇന്ന് അവൻ നിങ്ങളുടെ പടകിൽ കയറുമ്പോൾ, ഇന്ന് നിങ്ങളുടെ ജീവിതത്തിൽ സമാധാനം ഉണ്ടാകും. അതാണ് യേശു നിങ്ങൾക്കായി ചെയ്യുന്ന അത്ഭുതം. മൂന്നാമതായി, അവൻ ഓരോരുത്തരുടെയും മേൽ കൈവെച്ചപ്പോൾ ജനങ്ങൾ സൌഖ്യം പ്രാപിച്ചു (ലൂക്കൊസ്‌ 8:43-44). അവൻ നിങ്ങളെ സ്പർശിക്കും. നിങ്ങൾ അവനെ സ്പർശിക്കുമ്പോൾ നിങ്ങൾ സൌഖ്യം പ്രാപിക്കും. അതെ, "യേശുവേ, അങ്ങേക്ക് മാത്രമേ എന്നെ സഹായിക്കാൻ കഴിയൂ" എന്ന് നിലവിളിച്ചുകൊണ്ട് നിങ്ങൾ അവനെ സ്പർശിക്കുമ്പോൾ, യേശുവിന്റെ ശക്തി നിങ്ങളുടെ ജീവിതത്തിലേക്ക് ഒഴുകിവരും. രോഗശാന്തി ഒഴുകിവരും. നിങ്ങൾ സുഖം പ്രാപിക്കും.

നാലാമതായി, അവൻ അഞ്ച് അപ്പങ്ങൾ എടുത്തു, അവയെ വർദ്ധിപ്പിച്ചു, ജനക്കൂട്ടത്തെ പോഷിപ്പിച്ചു. പുരുഷാരത്തെ പോഷിപ്പിക്കുന്ന അത്ഭുതം (ലൂക്കൊസ്‌ 9:16-17). നിങ്ങളുടെ കുടുംബത്തിലും നിങ്ങൾക്കുവേണ്ടി അവൻ ഇത് ചെയ്യില്ലേ? അവൻ നിങ്ങളെ എല്ലാവരെയും പോഷിപ്പിക്കുകയും കടബാധ്യതകളിൽ നിന്ന് അകറ്റി നിർത്തുകയും ചെയ്യും. അടുത്തതായി, അവൻ നിങ്ങളെ രോഗത്തിൽ നിന്ന് വിടുവിക്കും. അവൻ നിങ്ങളുടെ രോഗങ്ങളെ സൗഖ്യമാക്കും. "അവൻ രോഗങ്ങളെ നിങ്ങളിൽ നിന്ന് അകറ്റി നിർത്തും" (ലൂക്കൊസ്‌ 13:10-12). പതിനെട്ടു വർഷമായി കൂനിയായിരുന്ന  ഒരു സ്ത്രീയെ യേശു വിളിച്ചു, പിശാചിനെ പുറത്താക്കി, അവളെ സ്പർശിച്ചു, അവളെ സൌഖ്യമാക്കി. അവൾ നിവിർന്നു നിന്നു, പൂർണ്ണമായും സുഖം പ്രാപിച്ചു. ദൈവം നിങ്ങൾക്കുവേണ്ടിയും അത് ചെയ്യും. യേശുവിന് ഇപ്പോഴും സ്വർഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരവുമുണ്ട്. അവൻ ഇപ്പോഴും നിങ്ങളെ കരുണയോടെ നോക്കുന്നു. അവൻ ഇപ്പോഴും പറയുന്നു, “ഞാൻ തന്നേ ആകുന്നു; ഭയപ്പെടേണ്ടാ.” ഇന്ന്, നിങ്ങൾ അവന്റെ നാമത്തിൽ അപേക്ഷിക്കുകയും പ്രാർത്ഥനയിൽ അവനോട് നിലവിളിക്കുകയും ചെയ്താൽ, അവൻ നിങ്ങളുടെ കണ്ണുനീർ തുടച്ചുനീക്കുകയും നിങ്ങളുടെ ദുഃഖം സന്തോഷമാക്കി മാറ്റുകയും നിങ്ങളുടെ ജീവിതത്തിൽ സമാധാനം കൊണ്ടുവരികയും നിങ്ങളുടെ കുടുംബത്തെ പരിപാലിക്കുകയും നിങ്ങളുടെ രോഗങ്ങളെ സൗഖ്യമാക്കുകയും ഒന്നുമില്ലായ്മയിൽ നിന്ന് നിങ്ങൾക്ക് അനുഗ്രഹങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. അതാണ് നിങ്ങളെ സ്നേഹിക്കുന്ന, അത്ഭുതം പ്രവർത്തിക്കുന്ന യേശു.

PRAYER:
പിതാവായ ദൈവമേ, കരുണയോടും സ്നേഹത്തോടും കൂടി എന്നെ നോക്കുന്നതിനായി അങ്ങേക്ക് നന്ദി. എന്റെ കണ്ണുനീരും എന്റെ പോരാട്ടങ്ങളും എന്റെ ഹൃദയത്തിലെ എല്ലാ ഭാരങ്ങളും അങ്ങ് അറിയുന്നു.  കർത്താവായ യേശുവേ, സകല അധികാരവും അങ്ങേക്കുള്ളതാണെന്ന് ഞാൻ വിശ്വസിക്കുന്നു. ദയവായി എന്റെ ജീവിതത്തിലേക്ക് കടന്നുവരികയും എന്റെ ഉള്ളിലെ എല്ലാ കൊടുങ്കാറ്റുകളെയും ശാന്തമാക്കുകയും ചെയ്യണമേ. ഒന്നുമില്ലായ്മയിൽ നിന്ന് പോലും എനിക്ക് അനുഗ്രഹങ്ങൾ സൃഷ്ടിക്കുകയും എന്റെ എല്ലാ ആവശ്യങ്ങളും നിറവേറ്റുകയും ചെയ്യണമേ. അങ്ങയുടെ രോഗശാന്തി ശക്തി എന്റെ ശരീരത്തെയും മനസ്സിനെയും കുടുംബത്തെയും ഭാവിയെയും സ്പർശിക്കണമേ. വിശ്വാസത്തോടെ പ്രാർത്ഥിക്കാനും അങ്ങിൽ പൂർണ്ണമായും ആശ്രയിക്കാനും എന്നെ പഠിപ്പിക്കണമേ. അങ്ങയുടെ സമാധാനവും സന്തോഷവും അത്ഭുതങ്ങളും എന്റെ ജീവിതത്തിൽ നിറഞ്ഞൊഴുകട്ടെ. യേശുവിന്റെ മഹത്തായ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.