എന്റെ പ്രിയ സുഹൃത്തുക്കളെ, ഇന്ന് രാവിലെ നിങ്ങളെ കാണാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്. ഇന്ന് നാം റോമർ 8:1 ധ്യാനിക്കുന്നു: "അതുകൊണ്ടു ഇപ്പോൾ ക്രിസ്തുയേശുവിലുള്ളവർക്കു ഒരു ശിക്ഷാവിധിയും ഇല്ല." ഈ അത്ഭുതകരമായ വാഗ്‌ദത്തമനുസരിച്ച്, നിങ്ങൾ ക്രിസ്തുയേശുവിൽ ആയിരിക്കുമ്പോൾ നിങ്ങളുടെ ജീവിതത്തിൽ ഒരു ശിക്ഷാവിധിയും ഇല്ല.
വ്യഭിചാരത്തിൽ പിടിക്കപ്പെട്ട ഒരു സ്ത്രീയെ പരീശന്മാർ യേശുവിന്റെ മുമ്പിൽ കൊണ്ടുവന്ന മനോഹരമായ ഒരു സംഭവം വേദപുസ്തകത്തിൽ നാം കാണുന്നു. യേശു ദൈവാലയത്തിൽ ഉപദേശിച്ചുകൊണ്ടിരിക്കുകയായിരുന്നു, പരീശന്മാർ അവനിൽ കുറ്റം കണ്ടെത്താൻ ആഗ്രഹിച്ചു. അവർ ആ സ്ത്രീയെ കൊണ്ടുവന്ന്, "ഇങ്ങനെയുള്ളവരെ കല്ലെറിയേണം എന്നു മോശെ ന്യായപ്രമാണത്തിൽ ഞങ്ങളോടു കല്പിച്ചിരിക്കുന്നു; നീ ഇവളെക്കുറിച്ചു എന്തു പറയുന്നു എന്നു ചോദിച്ചു." അവർ ചോദ്യം ചെയ്യുന്നത് തുടർന്നപ്പോൾ യേശു മിണ്ടാതെ നിന്നു. പിന്നീട് അവൻ പറഞ്ഞു, "നിങ്ങളിൽ പാപമില്ലാത്തവൻ അവളെ ഒന്നാമതു കല്ലു എറിയട്ടെ." അവർ ഓരോരുത്തരായി തങ്ങളുടെ കല്ലുകൾ താഴെയിട്ട് അവിടെനിന്നു പോയി.
അപ്പോൾ യേശു ആ സ്ത്രീയെ നോക്കി, “സ്ത്രീയേ അവർ എവിടെ? നിനക്കു ആരും ശിക്ഷ വിധിച്ചില്ലയോ ” എന്ന് ചോദിച്ചു. "ഇല്ല കർത്താവേ" എന്നു അവൾ പറഞ്ഞു. അപ്പോൾ യേശു പറഞ്ഞു, “ ഞാനും നിനക്കു ശിക്ഷ വിധിക്കുന്നില്ല: പോക, ഇനി പാപം ചെയ്യരുതു.” ദൈവത്തിന്റെ കാരുണ്യത്തിന്റെ എത്ര ശക്തമായ ഉദാഹരണം! യേശു പാപിയെ ശിക്ഷ വിധിച്ചില്ലെങ്കിലും അവളുടെ പാപജീവിതം ഉപേക്ഷിച്ച് നീതിയിൽ നടക്കാൻ സ്നേഹപൂർവം അവളെ വിളിച്ചു. അവളുടെ മുൻകാല തെറ്റുകളാൽ അവൻ അവളെ മുദ്രകുത്തിയില്ല. പകരം, അവൻ അവൾക്ക് വീണ്ടെടുപ്പും ഒരു പുതിയ തുടക്കവും വാഗ്ദാനം ചെയ്തു.
അതുപോലെ, നിങ്ങളുടെ ഭൂതകാലം കാരണം ആളുകൾ നിങ്ങളെ മുദ്രകുത്തിയിരിക്കാം. അവർ നിങ്ങളെ പരാജയപ്പെട്ടവൻ, കള്ളൻ, വഞ്ചകൻ, കപടൻ, അല്ലെങ്കിൽ വീണ്ടെടുപ്പിന് അർഹതയില്ലാത്ത ഒരാൾ എന്നിങ്ങനെ വിളിച്ചിട്ടുണ്ടാകാം. നിങ്ങളുടെ ജീവിതത്തിൽ നിന്ന് യാതൊരു നന്മയും ഉണ്ടാകില്ലെന്ന് അവർ പറഞ്ഞേക്കാം. നിങ്ങളുടെ തെറ്റുകൾ കാരണം ചിലർ നിങ്ങളെ നിരസിക്കുകയും നിങ്ങളെ തള്ളിക്കളയുകയും ചെയ്തിരിക്കാം. എന്നാൽ യേശു നിങ്ങളെ കാണുന്നത് മറ്റൊരു രീതിയിലാണ്. അവൻ നിങ്ങളെ സ്നേഹത്തോടും കൃപയോടും അനുകമ്പയോടും കൂടി നോക്കുന്നു.
ഇന്ന്, നിങ്ങളെ പിന്നോട്ട് വലിച്ചിട്ടുള്ള എല്ലാ പാപങ്ങളിൽ നിന്നും എല്ലാ പരാജയങ്ങളിൽ നിന്നും എല്ലാ മുറിവുകളിൽ നിന്നും എല്ലാ ഭാരങ്ങളിൽ നിന്നും നിങ്ങളെ വീണ്ടെടുക്കാൻ യേശു ആഗ്രഹിക്കുന്നു. നിങ്ങൾ കുറ്റബോധത്തിലും ലജ്ജയിലും കുടുങ്ങിക്കിടക്കാൻ അവൻ ആഗ്രഹിക്കുന്നില്ല. പകരം, തന്റെ സ്നേഹവും നീതിയും നിറഞ്ഞ ഒരു പുതിയ ജീവിതത്തിലേക്ക് അവൻ നിങ്ങളെ ക്ഷണിക്കുന്നു. പാപത്തെ മറികടക്കാൻ അവൻ നിങ്ങളെ സഹായിക്കുകയും അവനുമായി അടുത്ത് നടക്കാൻ നിങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
എന്റെ പ്രിയ സുഹൃത്തുക്കളേ, എല്ലാ പാപങ്ങളും, എല്ലാ വേദനാജനകമായ ഓർമ്മകളും, എല്ലാ ആസക്തികളും, എല്ലാ മുറിവുകളും, നിങ്ങളെ ദൈവത്തിൽ നിന്ന് അകറ്റിനിർത്തുന്ന എല്ലാ കാര്യങ്ങളും ഉപേക്ഷിക്കുക. ഇന്ന്, ക്രിസ്തുവിന്റെ പാപമോചനവും വീണ്ടെടുപ്പും സ്വീകരിക്കുക. അവൻ നിങ്ങൾക്ക് വാഗ്ദാനം ചെയ്യുന്ന പുതിയ തുടക്കം സ്വീകരിക്കുക. തന്നോടൊപ്പം ജീവിക്കാനും അവന്റെ വഴികളിൽ നടക്കാനും അവന്റെ പൈതലായിയിരിക്കുന്നതിൽ നിന്ന് ലഭിക്കുന്ന സമാധാനം ആസ്വദിക്കാനും ദൈവം നിങ്ങളെ സ്നേഹപൂർവം വിളിക്കുന്നു.
PRAYER:
പ്രിയ കർത്താവേ, ക്രിസ്തുയേശുവിൽ ഉള്ളവർക്ക് ശിക്ഷാവിധി ഇല്ലെന്ന അത്ഭുതകരമായ വാഗ്‌ദത്തത്തിന് അങ്ങേക്ക് നന്ദി. ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കുകയും ഞങ്ങൾക്ക് ഒരു പുതിയ തുടക്കം നൽകുകയും ചെയ്യുന്ന അങ്ങയുടെ കരുണയ്ക്ക് നന്ദി. അങ്ങിൽ നിന്ന് ഞങ്ങളെ അകറ്റിനിർത്തുന്ന എല്ലാ പാപ സ്വഭാവങ്ങളും ആസക്തിയും ശ്രദ്ധയെ വ്യതിചലിപ്പിക്കുന്ന കാര്യങ്ങളും ഭാരവും ഉപേക്ഷിക്കാൻ ഞങ്ങളെ സഹായിക്കേണമേ. ഞങ്ങളെ നിരസിച്ചതിനാലും വിമർശിച്ചതിനാലും മറ്റുള്ളവർ ഞങ്ങളുടെമേൽ ചാർത്തിയ മുദ്രകളാലും ഉണ്ടായ എല്ലാ മുറിവുകളും സൗഖ്യമാക്കണമേ. അങ്ങയുടെ സ്നേഹത്താൽ ഞങ്ങളുടെ ഹൃദയങ്ങളെ നിറയ്ക്കുകയും, ഞങ്ങൾ ക്രിസ്തുവിൽ പുതിയ സൃഷ്ടികളാണെന്ന് എപ്പോഴും ഓർമ്മിപ്പിക്കുകയും ചെയ്യണമേ. പ്രലോഭനത്തെ മറികടക്കാനും എല്ലാ ദിവസവും നീതിയിൽ നടക്കാനും അങ്ങയുടെ പരിശുദ്ധാത്മാവിലൂടെ ഞങ്ങളെ നയിക്കണമേ. അങ്ങയുടെ ശബ്ദം കേൾക്കാനും അങ്ങയുടെ വചനം അനുസരിക്കാനും അങ്ങയുടെ ദൃഷ്ടിയിൽ വിശുദ്ധവും പ്രസാദകരവുമായ ജീവിതം നയിക്കാനും ഞങ്ങളെ സഹായിക്കണമേ. അങ്ങയോടൊപ്പം ഒരു പുതിയ യാത്ര ആരംഭിക്കുന്ന അങ്ങയുടെ മക്കളെ അങ്ങയുടെ സമാധാനവും സന്തോഷവും ശക്തിയും കൊണ്ട് നിറയ്ക്കണമേ. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.

ദൈവരാജ്യം കെട്ടിപ്പടുക്കുന്നതിൽ കൈകോർക്കുക
Donate Now


