പ്രിയ സുഹൃത്തേ, ഇന്നത്തെ വിലയേറിയ വാഗ്‌ദത്തം അപ്പൊ. പ്രവൃത്തികൾ 18:10-ൽ നിന്നുള്ളതാണ്, അവിടെ കർത്താവ് പൗലൊസിനോട് ഇങ്ങനെ പറഞ്ഞു, “ഞാൻ നിന്നോടുകൂടെ ഉണ്ടു; ആരും നിന്നെ കയ്യേറ്റം ചെയ്തു ദോഷപ്പെടുത്തുകയില്ല. ഈ പട്ടണത്തിൽ എനിക്കു വളരെ ജനം ഉണ്ടു." എത്ര ആശ്വാസകരമായ ഉറപ്പ്!  "ഞാൻ നിങ്ങളോടുകൂടെയുണ്ട് " എന്ന് ദൈവം വീണ്ടും വീണ്ടും ആവർത്തിക്കുന്നു. സർവ്വശക്തനായ ദൈവം നമ്മോടുകൂടെയുള്ളപ്പോൾ, നമുക്ക് വിരോധമായി നിൽക്കാൻ ആർക്കും കഴിയില്ല. അവൻ നമ്മെ നിരീക്ഷിക്കുകയും തന്റെ സാന്നിധ്യത്താൽ നമ്മെ വലയം ചെയ്യുകയും ദോഷത്തിൽ നിന്ന് നമ്മെ സംരക്ഷിക്കുകയും ചെയ്യുന്നു. ചിലപ്പോൾ ആളുകൾ നമുക്കെതിരെ ഉയരുമെന്നോ നമ്മെക്കുറിച്ച് ദോഷമായി സംസാരിക്കുമെന്നോ നാം ഭയപ്പെട്ടേക്കാം. എന്നാൽ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു, "ഭയപ്പെടേണ്ടാ." അവൻ മോശെയോടുകൂടെ ഇരുന്നതുപോലെ നിങ്ങളോടുകൂടെയും ഇരിക്കും. യോശുവ 3:7 - ൽ പറയുന്നു, “ഞാൻ നിങ്ങളോടുകൂടെ ഉണ്ടു എന്നു യിസ്രായേൽ എല്ലാം അറിയേണ്ടതിന്നു ഞാൻ ഇന്നു അവർ കാൺകെ നിന്നെ വലിയവനാക്കുവാൻ തുടങ്ങും." അതേ ദൈവം നിങ്ങളെ ഉയർത്തുകയും ജനങ്ങൾക്ക് മുന്നിൽ നിങ്ങളെ ആദരിക്കുകയും ചെയ്യും. അവൻ നിങ്ങളുടെ വഴികളെ അഭിവൃദ്ധിപ്പെടുത്തുകയും നിങ്ങളുടെ ജീവിതത്തെ തന്റെ ശക്തിയുടെ സാക്ഷ്യമാക്കി മാറ്റുകയും ചെയ്യും.

നിങ്ങൾ ദൈവത്തിന്റെ പദ്ധതി പിന്തുടരുമ്പോൾ എതിർപ്പിന്റെയോ നിരുത്സാഹത്തിന്റെയോ നിമിഷങ്ങൾ ഉണ്ടായേക്കാം. എങ്കിലും ദൈവം നിങ്ങളെ സംരക്ഷിക്കുമെന്നും കാക്കുമെന്നും വാഗ്ദാനം ചെയ്യുന്നു. നിങ്ങളുടെ ആത്മാവിനെ ഉപദ്രവിക്കാൻ അവൻ ഒരിക്കലും ആരെയും അനുവദിക്കില്ല. പുറപ്പാട് 23:27-30 പ്രഖ്യാപിക്കുന്നതുപോലെ, "എന്റെ ഭീതിയെ ഞാൻ നിന്റെ മുമ്പിൽ അയച്ചു നീ ചെല്ലുന്നേടത്തുള്ള ജാതികളെ ഒക്കെയും അമ്പരപ്പിക്കും." കർത്താവ് തന്നെ നിങ്ങളുടെ മുമ്പിൽ പോകുകയും നിങ്ങളുടെ യുദ്ധങ്ങൾ നടത്തുകയും നിങ്ങളുടെ പാതയിലെ തടസ്സങ്ങൾ നീക്കുകയും ചെയ്യും. ഒരിക്കൽ നിങ്ങളെ എതിർത്ത ആളുകൾ നിങ്ങളുടെ ജീവിതത്തിൽ ദൈവത്തിന്റെ അനുഗ്രഹം കാണുകയും ഭയഭക്തിയോടെ നിൽക്കുകയും ചെയ്യും. നിങ്ങൾ അവനുള്ളവരായതിനാൽ അവൻ അവരുടെ ഹൃദയങ്ങളിൽ നിങ്ങളെക്കുറിച്ച് ഒരു ഭയം ഉളവാക്കും. കർത്താവ് നിങ്ങളെ അഭിവൃദ്ധിപ്പെടുത്തുകയും താൻ വാഗ്ദാനം ചെയ്ത ഭൂമി നിങ്ങൾക്ക് നൽകുകയും നിങ്ങളുടെ അതിർ വിസ്താരമാക്കുകയും ചെയ്യും. സെഖര്യാവ് 2:5 ഇങ്ങനെ പറയുന്നു, "ഞാൻ അതിന്നു ചുറ്റും തീമതിലായിരിക്കും; ഞാൻ അതിന്റെ നടുവിൽ മഹത്വമായിരിക്കും." കർത്താവ് നിങ്ങളെ ഒരു തീമതിൽ പോലെ വലയം ചെയ്യുകയും എല്ലാ വശത്തും നിങ്ങളെ സംരക്ഷിക്കുകയും അവന്റെ മഹത്വം നിങ്ങളിലൂടെ പ്രകാശിക്കുകയും ചെയ്യും.

പ്രിയ സുഹൃത്തേ, കർത്താവാണ് നിങ്ങളുടെ തുണയും സംരക്ഷകനും. യോശുവ 1:5 ൽ അവൻ പറയുന്നു, "നിന്റെ ജീവകാലത്തു ഒരിക്കലും ഒരു മനുഷ്യനും നിന്റെ നേരെ നിൽക്കയില്ല." ഇന്ന് ഈ വാഗ്‌ദത്തത്തിൽ വിശ്വസിക്കുക. എല്ലാ കാലങ്ങളിലും, എല്ലാ യുദ്ധങ്ങളിലും, അവൻ നിങ്ങളെ വിളിച്ചിട്ടുള്ള എല്ലാ പ്രവർത്തികളിലും ദൈവം നിങ്ങളോടൊപ്പമുണ്ടാകും. ധൈര്യത്തോടെ മുന്നോട്ട് പോകുക. നിങ്ങളുടെ ജോലിയും ശുശ്രൂഷയും സന്തോഷത്തോടെ ചെയ്യുക. ആർക്കും അടയ്ക്കാൻ കഴിയാത്ത വാതിലുകൾ കർത്താവ് തുറക്കും. അവൻ ഹൃദയങ്ങളെ മൃദുവാക്കുകയും നിങ്ങൾക്ക് കൃപ നൽകുകയും നിങ്ങളുടെ ശബ്ദം കേൾക്കപ്പെടുംവിധം വഴിയൊരുക്കുകയും ചെയ്യും. ആവർത്തനപുസ്തകം 34:10 - ൽ  "യഹോവ അഭിമുഖമായി അറിഞ്ഞ മോശെ" യെക്കുറിച്ച് പറയുന്നതുപോലെ, നിങ്ങൾ ദൈവത്തോടുകൂടെ നടക്കുന്നുവെന്ന് നിങ്ങളെ കാണുന്നവർ അറിയും. അതെ, നിങ്ങൾ അവന്റെ പ്രിയ പൈതലാണ്, അവന്റെ സാന്നിധ്യം നിങ്ങളെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തരാക്കും.

PRAYER:
സ്‌നേഹവാനായ സ്വർഗ്ഗീയ പിതാവേ,അങ്ങ് എല്ലായ്പ്പോഴും എന്നോടൊപ്പമുണ്ടെന്ന അങ്ങയുടെ വാഗ്‌ദത്തത്തിന് നന്ദി. കർത്താവേ, അങ്ങയുടെ സന്നിധിയിൽ നടക്കാൻ എന്നെ ധൈര്യവും വിശ്വാസവും കൊണ്ട് നിറയ്‌ക്കേണമേ. ശത്രുവിന്റെ എല്ലാ ഉപദ്രവങ്ങളിൽ നിന്നും ആക്രമണത്തിൽ നിന്നും എന്നെ സംരക്ഷിക്കേണമേ. എനിക്കു വിരോധമായി ഉണ്ടാക്കുന്ന യാതൊരു ആയുധവും ഫലിക്കാതിരിക്കട്ടെ. അങ്ങയുടെ തീ മതിലാൽ എന്നെ ചുറ്റിക്കൊള്ളുകയും അങ്ങയുടെ മഹത്വം എന്റെ ഉള്ളിൽ നിറഞ്ഞിരിക്കുകയും ചെയ്യട്ടെ. മനുഷ്യരുടെ ദൃഷ്ടിയിൽ എനിക്ക് പ്രീതിയും എന്റെ ഹൃദയത്തിൽ സമാധാനവും നൽകേണമേ. ഞാൻ നടക്കേണ്ടതിന്നായി അങ്ങ് ഒരുക്കിയ എല്ലാ വാതിലുകളും തുറക്കേണമേ. എന്നെ എതിർക്കുന്നവർ എന്റെ ജീവിതത്തിൽ അങ്ങയുടെ അനുഗ്രഹത്തിന്റെ കരം കാണട്ടെ. അങ്ങ് എന്നോടുകൂടെ ഉണ്ടെന്നു അറിയേണ്ടതിന്നു മനുഷ്യരുടെ മുമ്പിൽ എന്നെ ഉയർത്തേണമേ. അങ്ങയുടെ മഹത്വത്തിനായി എന്നെ ഫലപ്രദമാക്കുകയും എന്റെ അതിരുകൾ വിസ്താരമാക്കുകയും ചെയ്യണമേ. യേശുവിന്റെ മഹത്തായ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.