എന്റെ പ്രിയ സുഹൃത്തുക്കളേ, ഇന്ന് രാവിലെ നിങ്ങളെ കാണാൻ കഴിയുന്നതിൽ എനിക്ക് വലിയ സന്തോഷമുണ്ട്. ഇന്ന് നാം സങ്കീർത്തനം 18:29 ധ്യാനിക്കുകയാണ്. അത് ഇപ്രകാരം പറയുന്നു, "നിന്നാൽ ഞാൻ പടക്കൂട്ടത്തിന്റെ നേരെ പാഞ്ഞുചെല്ലും; എന്റെ ദൈവത്താൽ ഞാൻ മതിൽ ചാടിക്കടക്കും." എന്റെ പ്രിയ സുഹൃത്തുക്കളേ, ഇന്ന് നിങ്ങൾ അതിജീവിക്കാൻ പ്രയാസപ്പെടുന്ന ഏതെങ്കിലും സാഹചര്യം നിങ്ങളുടെ ജീവിതത്തിലുണ്ടോ? ഒരുപക്ഷേ നിങ്ങൾ സാമ്പത്തിക സഹായത്തിനായി ദൈവത്തിങ്കലേക്ക് നോക്കുന്നുണ്ടാകാം. ഒരുപക്ഷേ നിങ്ങൾ ഒരു ജോലി ലഭിക്കാൻ വളരെക്കാലമായി കാത്തിരിക്കുകയായിരിക്കാം. അല്ലെങ്കിൽ നിങ്ങൾ വർഷങ്ങളായി ഒരു സ്ഥാനക്കയറ്റത്തിനായി കാത്തിരിക്കുകയായിരിക്കാം. ഒരുപക്ഷേ നിങ്ങൾ നിങ്ങളുടെ കുടുംബത്തിൽ നിരവധി പ്രശ്നങ്ങൾ നേരിടുകയോ നിങ്ങളുടെ അനിശ്ചിതമായ ഭാവിയെക്കുറിച്ച് ആശങ്കപ്പെടുകയോ ചെയ്തേക്കാം.
എന്നാൽ ഇന്ന്, ദാവീദ് പറയുന്നതുപോലെ, ദൈവത്തിന്റെ സഹായത്താൽ നിങ്ങളുടെ വഴിയിൽ വരുന്ന എല്ലാ തടസ്സങ്ങളെയും മറികടക്കാൻ നിങ്ങൾക്ക് കഴിയും. അതെ, തന്റെ എല്ലാ ശത്രുക്കളെയും പരാജയപ്പെടുത്താൻ ദൈവം ദാവീദിനെ പ്രാപ്തനാക്കിയപ്പോൾ, അവൻ ഇപ്രകാരം ആലപിച്ചു: "നിന്നാൽ ഞാൻ പടക്കൂട്ടത്തിന്റെ നേരെ പാഞ്ഞുചെല്ലും; എന്റെ ദൈവത്താൽ ഞാൻ മതിൽ ചാടിക്കടക്കും." ഇന്ന്, കർത്താവിന്റെ സഹായത്തോടെ നിങ്ങൾക്കും എല്ലാ തടസ്സങ്ങളെയും മറികടക്കാൻ കഴിയും.
ശിഷ്യന്മാർ ഗലീലക്കടലിനു കുറുകെ ഒരു പടകിൽ സഞ്ചരിക്കുമ്പോൾ ഒരു കൊടുങ്കാറ്റ് ഉണ്ടായതായി വേദപുസ്തകത്തിൽ നാം കാണുന്നു. തങ്ങൾ മുങ്ങി മരിക്കുമെന്ന് അവർ കരുതി. എന്നാൽ പെട്ടെന്ന്, ഒരു മനുഷ്യൻ വെള്ളത്തിന് മുകളിലൂടെ നടന്നു വരുന്നത് അവർ കണ്ടു. അത് യേശുവാണെന്ന് അവർ മനസ്സിലാക്കിയപ്പോൾ പത്രൊസ് പടകിൽ നിന്ന് ഇറങ്ങി വെള്ളത്തിന്മേൽ അവന്റെ അടുത്തേക്ക് നടക്കാൻ തുടങ്ങി. അതെ, പത്രൊസ് യേശുവിനെ നോക്കി അവന്റെ അടുത്തേക്ക് നടന്നു. എന്നാൽ പെട്ടെന്ന്, കൊടുങ്കാറ്റിലേക്കും തിരമാലകളിലേക്കും നോക്കിയപ്പോൾ അവൻ മുങ്ങാൻ തുടങ്ങി. ഉടനെ യേശു അടുത്തുവന്ന് അവന്റെ കരംപിടിച്ച് അവനെ രക്ഷിച്ചു.
അതുപോലെ, നമുക്ക് വലിയ വിശ്വാസം ഉണ്ടായിരിക്കുകയും "ദൈവം എന്നെ എല്ലാ പ്രശ്നങ്ങളിൽ നിന്നും വിടുവിക്കും" എന്ന് നാം പറയുകയും ചെയ്തിട്ടുണ്ടാകാം. കർത്താവിങ്കലേക്ക് തന്നെ നമ്മുടെ ദൃഷ്ടി പതിപ്പിച്ചിരിക്കാനും നമുക്ക് സാധിച്ചേക്കാം. എന്നാൽ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ നമ്മുടെ ശ്രദ്ധ ആ പ്രശ്നങ്ങളിലേക്കും നമുക്കെതിരെ സംസാരിക്കുന്ന ആളുകളിലേക്കും തിരിഞ്ഞേക്കാം. നാം ഇങ്ങനെ ചിന്തിക്കാൻ തുടങ്ങിയേക്കാം, "എനിക്ക് ഇതിനെ അതിജീവിക്കാൻ കഴിഞ്ഞില്ലെങ്കിലോ? എനിക്കിത് സംഭവിച്ചാലോ? ഞാൻ പരാജയപ്പെട്ടാലോ? ഞാൻ മരിച്ചുപോയാലോ?" ഇത്തരം ചിന്തകൾക്ക് നമ്മുടെ ഹൃദയത്തെ ഭയത്താലും ഉത്കണ്ഠയാലും നിറയ്ക്കാൻ കഴിയും. എന്നാൽ യേശു നമ്മെ രക്ഷിക്കാൻ വരികയും നമ്മുടെ കരം പിടിക്കുകയും ചെയ്യും. അവൻ പത്രൊസിനെ രക്ഷിച്ചതുപോലെ നമ്മെയും രക്ഷിക്കും. അപ്പോൾ, നാമും ഇങ്ങനെ പ്രഖ്യാപിക്കും: "നിന്നാൽ ഞാൻ പടക്കൂട്ടത്തിന്റെ നേരെ പാഞ്ഞുചെല്ലും; എന്റെ ദൈവത്താൽ ഞാൻ മതിൽ ചാടിക്കടക്കും." യേശു നമ്മെ വിടുവിക്കുമ്പോൾ, അവന്റെ ശക്തിയിലൂടെ നാം എല്ലാ തടസ്സങ്ങളെയും മറികടക്കും. ഇന്ന് നിങ്ങളുടെ കണ്ണുകൾ യേശുവിൽ ഉറപ്പിക്കുക. അവനാണ് നിങ്ങളുടെ ശക്തി. "ഞാൻ മുങ്ങിപ്പോകുന്നു" എന്ന് നിങ്ങൾ ഒരുപക്ഷേ പറയുന്നുണ്ടാകാം. എന്നാൽ ഓർക്കുക, യേശു തന്റെ കരം നീട്ടി നിങ്ങളെ രക്ഷിക്കും. ദാവീദ് പാടിയതുപോലെ നിങ്ങളും പാടും. അതിനാൽ, പ്രിയ സുഹൃത്തുക്കളെ, ഇന്ന്തന്നെ വിശ്വസിക്കുക. അപ്പോൾ നിങ്ങളുടെ ജീവിതത്തിൽ ദൈവത്തിന്റെ അത്ഭുതങ്ങൾക്ക് നിങ്ങൾ സാക്ഷ്യം വഹിക്കും.
PRAYER:
സ്നേഹവാനായ സ്വർഗ്ഗീയപിതാവേ, അങ്ങ് എന്റെ ശക്തിയും എന്നെ വിടുവിക്കുന്നവനുമാകുന്നു. എല്ലാ തടസ്സങ്ങളും മറികടക്കാനും എന്റെ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളിൽ നിന്നും എന്നെ വിടുവിക്കാനും എന്നെ സഹായിക്കണമേ. എന്റെ കുടുംബത്തിൽ സമാധാനം നൽകുകയും എന്റെ ജോലിസ്ഥലത്തെ എല്ലാ പ്രശ്നങ്ങളും നീക്കുകയും ചെയ്യണമേ. എന്നെ ഉയർത്തണമേ. എന്റെ എല്ലാ സാമ്പത്തിക ആവശ്യങ്ങളും നിറവേറ്റണമേ. എന്റെ ഭാവിയെയും പഠനത്തെയും ഞാൻ ചെയ്യുന്ന എല്ലാ ശ്രമങ്ങളെയും അനുഗ്രഹിക്കണമേ. അങ്ങയുടെ ബലമുള്ള കരം നീട്ടി എല്ലാ കൊടുങ്കാറ്റിൽ നിന്നും എന്നെ രക്ഷിക്കണമേ, എന്റെ ശരീരത്തെ സുഖപ്പെടുത്തണമേ. ഞാൻ എന്റെ ദൃഷ്ടി അങ്ങിൽത്തന്നെ ഉറപ്പിക്കാനും, ഭയത്തിന് എന്നെ കീഴടക്കാൻ അനുവദിക്കാതിരിക്കാനും സഹായിക്കണമേ. അങ്ങയുടെ ശക്തിയിലൂടെ എല്ലാ വെല്ലുവിളികളെയും മറികടക്കാനും മുന്നേറാനും എന്നെ സഹായിക്കണമേ. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.

ദൈവരാജ്യം കെട്ടിപ്പടുക്കുന്നതിൽ കൈകോർക്കുക
Donate Now


