പ്രിയ സുഹൃത്തേ, ഇന്നത്തെ വാഗ്‌ദത്തം യിരെമ്യാവ് 31:25-ൽ നിന്നുള്ളതാണ് - “ദാഹിച്ചിരിക്കുന്നവനെ ഞാൻ തണുപ്പിക്കും; വിശന്നു ക്ഷീണിച്ചിരിക്കുന്ന ഏവന്നും ഞാൻ തൃപ്തി വരുത്തും." നിങ്ങൾ പരമാവധി ശ്രമിച്ചാലും എത്രയോ തവണ നിങ്ങളുടെ ഹൃദയത്തിൽ ക്ഷീണം അനുഭവപ്പെട്ടിട്ടില്ലേ? നിങ്ങൾ നീതിപൂർവ്വം ജീവിച്ചിരിക്കാം, ധാരാളമായി കൊടുത്തിരിക്കാം, സ്വതന്ത്രമായി ക്ഷമിച്ചിരിക്കാം, നിങ്ങളുടെ കുടുംബത്തിനും, ജോലി സ്ഥലത്തിനും, അല്ലെങ്കിൽ കർത്താവിന്റെ ശുശ്രൂഷയ്ക്കും വേണ്ടി ക്ഷീണമറിയാതെ പ്രവർത്തിച്ചിരിക്കാം. എങ്കിലും, നിങ്ങളുടെ ശ്രമങ്ങൾക്ക് പ്രതീക്ഷിച്ചതുപോലെ ഫലം ലഭിക്കാതിരിക്കുമ്പോൾ, നിങ്ങളുടെ ആത്മാവ് ക്ഷീണിതവും ശൂന്യവും നിരാശയുമായി തീരുന്നു. നിങ്ങളുടെ വേദനയും ക്ഷീണവും ദൈവം മനസിലാക്കുന്നു. അതുകൊണ്ടാണ് യേശു, മത്തായി 11:28-ൽ നിങ്ങളെ വിളിക്കുന്നത്, "അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും." നിങ്ങളുടെ കുടുംബത്തിന്റെ ഭാരം, നിങ്ങളുടെ ജോലി, നിങ്ങളുടെ ഉത്തരവാദിത്തങ്ങൾ - എല്ലാം നിങ്ങൾ ഒറ്റയ്ക്ക് വഹിക്കുമ്പോൾ അത് വളരെ ഭാരമുള്ളതായി മാറുന്നു. എന്നാൽ നിങ്ങൾ അവയെ യേശുവിന്റെ അടുത്തേക്ക് കൊണ്ടുവരുമ്പോൾ, അവൻ വിശ്രമവും സമാധാനവും വാഗ്ദാനം ചെയ്യുന്നു.

മത്തായി 11:29-30-ൽ കർത്താവ് തുടരുന്നു, “എന്റെ നുകം ഏറ്റുകൊണ്ടു എന്നോടു പഠിപ്പിൻ ..... എന്റെ നുകം മൃദുവും എന്റെ ചുമടു ലഘുവും ആകുന്നു.” പലപ്പോഴും നമ്മുടെ സ്വന്തം പ്രശ്നങ്ങൾ, കുടുംബത്തിൻറെ പോരാട്ടങ്ങൾ, അല്ലെങ്കിൽ ജോലിയുടെ സമ്മർദ്ദങ്ങൾ എന്നിവയുടെ നുകം നാം സ്വയം ഏറ്റെടുക്കുന്നു എന്നതാണ് പ്രശ്നം. അതുകൊണ്ടാണ് നമ്മുടെ ശക്തി ഇല്ലാതാകുകയും നമ്മുടെ ആത്മാവ് തകരുകയും ചെയ്യുന്നത്. എന്നാൽ, കർത്താവ് നമ്മെ ആ ഭാരമേറിയ  ഭാരങ്ങളെ തന്റെ മൃദുവും ലഘുവുമായ നുകം ഉപയോഗിച്ച് മാറ്റാൻ ക്ഷണിക്കുന്നു. അവന്റെ നുകം എന്താണ്? അതായത് എല്ലാം അവന്റെ ഇഷ്ടപ്രകാരം ചെയ്യുക—അവന്റെ നാമത്തിൽ മറ്റുള്ളവരെ സ്നേഹിക്കുക, അവന്റെ നാമത്തിൽ ക്ഷമിക്കുക, അവന്റെ നാമത്തിൽ മറ്റുള്ളവർക്കായി പ്രാർത്ഥിക്കുക, അവന്റെ സാക്ഷിയായി സേവിക്കുക. നാം ഇത് ചെയ്യുമ്പോൾ, അവന്റെ സാന്നിധ്യം നമ്മെ നിറക്കുന്നു, അവന്റെ സമാധാനം നമ്മെ പിന്തുണയ്ക്കുന്നു, നമ്മുടെ ഉത്തരവാദിത്വങ്ങൾ ഭാരം പോലെ തോന്നുകയുമില്ല. പകരം, കർത്താവുതന്നെ നമ്മെ വഹിക്കുകയും  എല്ലാ ഭാരവും ലഘൂകരിക്കുകയും ചെയ്യുന്നു.

കർത്താവ് വിശ്രമം മാത്രമല്ല, പുനർനിർമ്മാണവും വാഗ്ദാനം ചെയ്യുന്നു. ഉത്തരം ലഭിക്കാത്ത പ്രാർത്ഥനകൾ, പൂർത്തീകരിക്കപ്പെടാത്ത സ്വപ്നങ്ങൾ, അല്ലെങ്കിൽ അനുഗ്രഹങ്ങളുടെ കാലതാമസം എന്നിവ കാരണം നിങ്ങളുടെ ആത്മാവ് ക്ഷീണിച്ചിരിക്കുകയാണെങ്കിൽ, അവൻ നിങ്ങളെ പുനഃസ്ഥാപിക്കുകയും പുതുക്കുകയും ചെയ്യുമെന്ന് ദൈവം പറയുന്നു. യോഹന്നാൻ 16:20 -ൽ നിങ്ങളുടെ ദുഃഖം സന്തോഷമായി മാറുമെന്ന് യേശു വാഗ്ദാനം ചെയ്യുന്നു. നിങ്ങൾ നിങ്ങളുടെ ആത്മാവിനെ അവനോടു ചേർക്കുമ്പോൾ (1 കൊരിന്ത്യർ 6:17) നിങ്ങളുടെ ഉള്ളിൽ നിന്നു ജീവജലത്തിന്റെ നദികൾ ഒഴുകും (യോഹന്നാൻ 7:38). പ്രാർത്ഥനയിലും, സേവനത്തിലും, അവന്റെ സ്നേഹം പങ്കിടുന്നതിലും നിങ്ങൾ ദൈവവുമായി പങ്കാളിയാകുമ്പോൾ, അവന്റെ സന്തോഷം നിങ്ങളുടെ ജീവിതത്തിൽ കവിഞ്ഞൊഴുകും. നിങ്ങൾക്ക് ശൂന്യമായി തോന്നുന്ന ഓരോ പ്രദേശവും സമൃദ്ധമായി നിറയും. എല്ലാ ദുഃഖവും സമാധാനമായി മാറും. ഓരോ കുറവും ദൈവിക കരുതൽ കൊണ്ട് മാറ്റിസ്ഥാപിക്കപ്പെടും. ഇന്ന് കർത്താവ് പറയുന്നു, "ഞാൻ നിങ്ങളെ തൃപ്തിപ്പെടുത്തും. ഞാൻ നിങ്ങളെ നിറയ്ക്കും. ഞാൻ നിങ്ങൾക്ക് വിശ്രമവും സമൃദ്ധിയും നൽകും."

PRAYER:
സ്നേഹവാനായ പിതാവേ, എന്റെ ക്ഷീണിതമായ ആത്മാവിനെ തൃപ്തിപ്പെടുത്തുമെന്നുള്ള അങ്ങയുടെ വാഗ്‌ദത്തത്തിന് നന്ദി. അങ്ങയുടെ വിശ്രമത്താൽ എന്നെ നിറയ്ക്കുകയും എന്റെ ഹൃദയത്തിലെ എല്ലാ ഭാരങ്ങളും നീക്കുകയും ചെയ്യണമേ. എന്റെ ജീവിതത്തിലെ ശൂന്യതയും ക്ഷീണവും അനുഭവപ്പെടുന്ന മേഖലകൾ പുനർനിർമ്മിക്കേണമേ. ഞാൻ സന്തോഷത്തോടെ അങ്ങയെ സേവിക്കുമ്പോൾ ജീവജലത്തിന്റെ നദികൾ എന്നിലൂടെ ഒഴുകട്ടെ. യേശുവിന്റെ മഹത്തായ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.