എന്റെ വിലയേറിയ സുഹൃത്തേ, ഈ മാസം നിങ്ങൾ അവൻറെ രാജ്യത്തേക്ക് വിതച്ച എല്ലാത്തിനും ദൈവം നിങ്ങൾക്ക് സമൃദ്ധമായ വർദ്ധനവും പ്രതിഫലവും നൽകാൻ പോകുന്നു. ഈ മാസത്തേക്കുള്ള വാഗ്‌ദത്തം മലാഖി 3:10 ൽ നിന്നുള്ളതാണ്, “ഞാൻ നിങ്ങൾക്കു ആകാശത്തിന്റെ കിളിവാതിലുകളെ തുറന്നു, സ്ഥലം പോരാതെവരുവോളം നിങ്ങളുടെമേൽ അനുഗ്രഹം പകരും.” സത്യമായും, ദൈവം സമൃദ്ധിയുടെ ദൈവമാണ്. അവൻ നമുക്ക് സമൃദ്ധമായ കൃപയും (II കൊരിന്ത്യർ 9:8), സമൃദ്ധമായ ജീവനും (യോഹന്നാൻ 10:10), സമൃദ്ധമായ സ്നേഹവും നൽകുന്നു (പുറപ്പാട് 34:6). "ഞാൻ സ്നേഹത്താൽ സമൃദ്ധനാണ്, ഏറ്റുപറയുകയും അനുതപിക്കുകയും ചെയ്യുന്നവരോട് ഞാൻ ക്ഷമിക്കുന്നു" എന്ന് പറയുന്ന ദൈവമാണ് അവൻ. അവന് സമ്പത്തും ധാരാളമുണ്ട്. ഫിലിപ്പിയർ 4:19 -ൽ ഇപ്രകാരം പറയുന്നു,  "എന്റെ ദൈവമോ നിങ്ങളുടെ ബുദ്ധിമുട്ടു ഒക്കെയും മഹത്വത്തോടെ തന്റെ ധനത്തിന്നൊത്തവണ്ണം ക്രിസ്തുയേശുവിൽ പൂർണ്ണമായി തീർത്തുതരും." സങ്കീർത്തനം 36:8 പറയുന്നു, "നിന്റെ ആനന്ദനദി നീ അവരെ കുടിപ്പിക്കുന്നു."

നോഹയുടെ കാലത്ത് ഉല്പത്തി 7:11-ൽ ഉള്ളതുപോലെ ദൈവം ന്യായവിധിയിൽ വെള്ളപ്പൊക്കത്തിന്റെ വാതിലുകൾ തുറക്കുന്നു, എന്നാൽ നീതിപൂർവം ജീവിക്കുന്നവർക്ക് അവൻ അനുഗ്രഹിക്കാൻ സ്വർഗ്ഗത്തിന്റെ വാതിലുകൾ തുറക്കുന്നു. ആവർത്തനം 28:8 പറയുന്നു, "യഹോവ നിന്റെ കളപ്പുരകളിലും നീ തൊടുന്ന എല്ലാറ്റിലും നിനക്കു അനുഗ്രഹം കല്പിക്കും." ഇതിൽ നിങ്ങളുടെ കുടുംബം, ജോലി, ബിസിനസ്സ്, പഠനം, ശുശ്രൂഷ, ഭരണം എന്നിവ ഉൾപ്പെടുന്നു. നാം കർത്താവിനെ അനുസരിക്കുമ്പോഴാണ് ഈ അനുഗ്രഹങ്ങൾ ലഭിക്കുന്നത്. അനുസരണത്തെ അനുഗമിക്കുന്ന അനുഗ്രഹങ്ങൾ ഉണ്ടെന്ന് ആവർത്തനപുസ്തകം 28:1-2 പറയുന്നു. ദൈവം നിങ്ങളുടെ ഹൃദയത്തോട് അനുരഞ്ജനപ്പെടാനോ എന്തെങ്കിലും തിരികെ നൽകാനോ ഉദാരമായി നൽകാനോ അവന്റെ ശുശ്രൂഷയെ പിന്തുണയ്ക്കാനോ പറഞ്ഞാൽ, അനുസരിക്കുക. ആകാശത്തിന്റെ കിളിവാതിലുകൾ തുറന്ന് ദൈവം നിങ്ങളുടെ അനുസരണത്തെ മാനിക്കും.

എബ്രായർ 11:8 -ൽ അബ്രഹാം എങ്ങോട്ടാണ് പോകുന്നതെന്ന് അറിയാതെ അനുസരിക്കുകയും പോകുകയും ചെയ്തതെങ്ങനെയെന്ന് വിവരിക്കുന്നു. എങ്കിലും ദൈവം അവന്നും സാറായ്ക്കും ഒരു പുത്രനെയും ശക്തമായ ഒരു ജാതിയായി മാറുന്ന ഒരു അവകാശത്തെയും കൊടുത്തു. നാം അനുസരണയോടെ നടക്കുമ്പോൾ അവിടെ ഇല്ലാത്ത കാര്യങ്ങൾ ദൈവം അസ്തിത്വത്തിലേക്ക് വിളിക്കുന്നുവെന്ന് യെശയ്യാവു 51:2 ഉം ഉല്പത്തി 26:4-5 ഉം നമ്മെ ഓർമ്മിപ്പിക്കുന്നു. അനുസരണം സ്വർഗ്ഗത്തെ തുറക്കുന്നു. I ശമൂവേൽ 15:22 പറയുന്നു, "അനുസരിക്കുന്നതു യാഗത്തെക്കാളും നല്ലതു." വിവാഹത്തിൽ മറിയ ദാസന്മാരോട് പറഞ്ഞു, "അവൻ നിങ്ങളോട് പറയുന്നതുപോലെ ചെയ്യുക.” അവർ അനുസരിച്ചു, വെള്ളം ഏറ്റവും മധുരമുള്ള വീഞ്ഞായി മാറി. സ്വർഗ്ഗത്തിന്റെ വാതിലുകൾ തുറന്നു. അപ്പൊ. പ്രവൃത്തികൾ 5:29-ൽ അപ്പൊസ്തലന്മാർ പറഞ്ഞു, “മനുഷ്യരെക്കാൾ ദൈവത്തെ അനുസരിക്കേണ്ടതാകുന്നു.” അവരുടെ സമയം വരുന്നതുവരെ ആർക്കും അവരെ തടയാൻ കഴിഞ്ഞില്ല. അവർ യേശുവിനെ പ്രസംഗിക്കുകയും അത്ഭുതങ്ങൾ പ്രവർത്തിക്കുകയും രോഗശാന്തി കൊണ്ടുവരികയും ചെയ്തു.

നിങ്ങൾ അനുസരിക്കുമ്പോൾ, നിങ്ങൾക്ക് വിരോധമായി ഉണ്ടാക്കുന്ന ഒരു ആയുധവും ഫലിക്കയില്ല. അനുസരിക്കുകയും വിശ്വസിക്കുകയും ചെയ്യുക. റോമർ 5:19 പറയുന്നു, "ഏകന്റെ അനുസരണത്താൽ അനേകർ നീതിമാന്മാരായിത്തീരും." അനുസരണയുള്ളതും വിശ്വാസം നിറഞ്ഞതുമായ പ്രാർത്ഥനകൾക്ക് ഉത്തരമായി റോമർ 4:14 - ൽ അത്ഭുതങ്ങൾ വാഗ്ദാനം ചെയ്യുന്നു. 1 കൊരിന്ത്യർ 15:58 നമ്മോട് പറയുന്നത് കർത്താവിന്റെ വേല ചെയ്യുക എന്നാണ്; കർത്താവിൽ നിങ്ങളുടെ പ്രയത്നം ഒരിക്കലും വ്യർത്ഥമല്ല. നിങ്ങളുടെ മാതാപിതാക്കളെയും (എഫെസ്യർ 6:1) ഭൂമിയിലെ യജമാനന്മാരെയും (എഫെസ്യർ 6:5) സർക്കാർ നിയമങ്ങളെയും അനുസരിക്കുക, അപ്പോൾ നിങ്ങൾ അഭിവൃദ്ധി പ്രാപിക്കും. ഭാര്യമാരേ, കർത്താവിനെപ്പോലെ ഭർത്താക്കന്മാർക്ക് കീഴടങ്ങുവിൻ (എഫെസ്യർ 5:22-24) നിങ്ങളുടെ താഴ്മയിലൂടെ കുടുംബത്തിന് രക്ഷ ലഭിക്കും. നാം സമ്പന്നരാകേണ്ടതിന് യേശു ദരിദ്രനായി (II കൊരിന്ത്യർ 8:9). അവൻ അനുസരണത്തിൽ തന്നെത്താൻ താഴ്ത്തി, ഇപ്പോൾ ആകാശത്തിന്റെ കിളിവാതിലുകൾ നമുക്കായി തുറന്നിരിക്കുന്നു. ദൈവത്തെ കൊള്ളയടിക്കരുത്. മലാഖി 3 പറയുന്നത് നിങ്ങളുടെ വരുമാനത്തിന്റെ പത്തിലൊന്ന് ദൈവത്തിന് നൽകുക എന്നാണ്. നിങ്ങളുടെ പ്രതിജ്ഞകൾ നിറവേറ്റുക. ദൈവത്തിന്റെ ശുശ്രൂഷയെ പിന്തുണയ്ക്കുക (സങ്കീർത്തനം 16:2), ദരിദ്രർക്ക് നൽകുക (യെശയ്യാവ് 58:7-8), മറ്റുള്ളവരുടെ കണ്ണുനീർ തുടയ്ക്കുക. നിങ്ങൾ അനുസരിക്കുമ്പോൾ, ദൈവം ആകാശത്തിന്റെ കിളിവാതിലുകൾ തുറക്കുകയും നിങ്ങൾക്ക് കൈവശം വയ്ക്കാൻ കഴിയാത്ത അനുഗ്രഹങ്ങൾ ചൊരിയുകയും ചെയ്യും.

PRAYER:
പ്രിയ കർത്താവേ, ആകാശത്തിന്റെ കിളിവാതിലുകൾ തുറക്കുമെന്ന് വാഗ്ദാനം ചെയ്തതിന് അങ്ങേക്ക് നന്ദി. എന്റെ ജീവിതം അങ്ങയുടെ കവിഞ്ഞൊഴുകുന്ന കൃപ, സ്നേഹം, കരുതൽ എന്നിവയാൽ നിറയ്ക്കണമേ. അങ്ങയുടെ വചനത്തോടുള്ള സന്തോഷകരമായ അനുസരണത്തിൽ നടക്കാൻ എന്നെ സഹായിക്കണമേ. അങ്ങയുടെ ദിവ്യദാനത്തിൽ ആശ്രയിച്ച് ഉദാരമായി നൽകാൻ എന്നെ പഠിപ്പിക്കണമേ. എന്റെ ഹൃദയം അങ്ങയുടെ ശബ്ദത്തിന് ശ്രദ്ധ നൽകട്ടെ, അത് പിന്തുടരാൻ എപ്പോഴും തയ്യാറായിരിക്കട്ടെ. എന്റെ കൈകളുടെ പ്രവർത്തനത്തെ അനുഗ്രഹിക്കുകയും എന്റെ ഓരോ ചുവടും നയിക്കുകയും ചെയ്യേണമേ. എന്റെ ജീവിതം, എന്റെ സമ്പത്ത്, എന്റെ ബന്ധങ്ങൾ എന്നിവ ഉപയോഗിച്ച് അങ്ങയെ മാനിക്കാൻ എന്നെ സഹായിക്കേണമേ. ആർക്കും അടയ്ക്കാൻ കഴിയാത്ത വാതിലുകൾ തുറക്കേണമേ, അങ്ങയുടേതല്ലാത്ത എല്ലാ വഴികളും അടയ്‌ക്കേണമേ. അങ്ങയുടെ അനുഗ്രഹങ്ങളുടെ പൂർണ്ണതയിൽ ഞാനിപ്പോഴും എന്നേക്കും ജീവിക്കട്ടെ. യേശുവിന്റെ നാമത്തിൽ, ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.