പ്രിയ സുഹൃത്തുക്കളെ, ഇന്ന് എനിക്ക് വളരെ സവിശേഷമായ ദിവസമാണ്. ഇന്ന് എന്റെ ആദ്യകുഞ്ഞായ എന്റെ മകൾ കാറ്റ്‌ലിൻ അന്ന ദിനകരന്റെ ജന്മദിനമാണ്. ഇന്ന് അതിരാവിലെ, അവൾ ആവേശത്തോടെ ഉണരുകയും അതിയായ സന്തോഷത്തോടെ എല്ലാവരോടും തന്റെ ജന്മദിനമാണെന്ന് അറിയിക്കുകയും ചെയ്തു. കാറ്റ്‌ലിൻ എന്ന ദൈവഭയമുള്ള ഒരു കുട്ടിയെ ഞങ്ങൾക്ക് നൽകിയതിന് ഞാൻ എല്ലായ്പ്പോഴും ദൈവത്തോട് നന്ദിയുള്ളവനാണ്. കർത്താവിനായി തൻ്റെ പരമാവധി ചെയ്യാൻ അവൾ എപ്പോഴും ആഗ്രഹിക്കുന്നു. പുഞ്ചിരിയോടെയും യഥാർത്ഥമായ കരുതലോടെയും സ്നേഹത്തോടെയും അവൾ ആളുകളെ പരിചരിക്കുന്നു. മക്കൾ യഥാർത്ഥത്തിൽ ദൈവത്തിൽ നിന്നുള്ള ദാനമാണ്, ഈ വിലയേറിയ അനുഗ്രഹത്തിന് ഇന്ന് ഞങ്ങൾ അവനോട് നന്ദി പറയുന്നു. ദയവായി നിങ്ങളുടെ ജന്മദിന ആശംസകൾ ചാറ്റിലൂടെയോ ഇമെയിലിലൂടെയോ അവൾക്ക് അയയ്ക്കുക.
ഈ പ്രത്യേക ദിനത്തിൽ, ദൈവം നമുക്കോരോരുത്തർക്കും യെശയ്യാവ് 55:12-ൽ നിന്ന് ഒരു വിലയേറിയ സമ്മാനം നൽകുന്നു: "നിങ്ങൾ സന്തോഷത്തോടെ പുറപ്പെടും; സമാധാനത്തോടെ നിങ്ങളെ പറഞ്ഞയക്കും." ഇങ്ങനെയാണ് കർത്താവ് തന്റെ മക്കൾ ജീവിതത്തിൽ മുന്നേറണമെന്ന് ആഗ്രഹിക്കുന്നത് - ഭയത്തോടെയോ ആകുലതയോടെയോ കണ്ണീരോടെയോ അല്ല, മറിച്ച് സന്തോഷത്തോടെയും ദൈവത്തിന്റെ സമാധാനത്തോടെയും ഓരോ ചുവടിനെയും വഴിനടത്തിക്കൊണ്ടുമാണ്. കർത്താവ് പറയുന്നു, "എന്റെ കുഞ്ഞേ, കരയരുത്. നിരാശപ്പെടരുത്. ഞാൻ നിന്നോടുകൂടെ വരുന്നു." ഒരു യാത്രയ്ക്ക് പോകുന്ന ഒരു കൂട്ടം ആളുകളെക്കുറിച്ച് ചിന്തിക്കുക. സാധാരണയായി, യാത്ര സംഘടിപ്പിക്കുന്ന വ്യക്തി കടുത്ത സമ്മർദ്ദത്തിലും പിരിമുറുക്കത്തിലുമായിരിക്കും. എല്ലാ ക്രമീകരണങ്ങളും നടത്തിയ ശേഷവും, എല്ലാം പദ്ധതി അനുസരിച്ച് നടക്കുമോ എന്ന് അയാൾ ചിന്തിച്ചുകൊണ്ടിരിക്കുന്നു. ഗതാഗതം, ഭക്ഷണം, സമയം, എല്ലാവരും യാത്ര ആസ്വദിക്കുമോ എന്നതിനെക്കുറിച്ചെല്ലാം അയാൾ ആകുലപ്പെട്ടുക്കൊണ്ടിരിക്കും.
എന്നാൽ, യാത്രയിൽ പങ്കെടുക്കുന്ന ആളുകൾ സാധാരണയായി യാതൊരു ആകുലതയും കൂടാതെ സന്തോഷമുള്ളവരാണ്. അവർ പാടുകയും ചിരിക്കുകയും യാത്ര ആസ്വദിക്കുകയും ചെയ്യുന്നു. ചിലപ്പോൾ അവർ സംഘാടകനോട് ചോദിക്കാറുണ്ട്, "നിങ്ങൾ എന്തിനാണ് ഇത്ര വിഷമിക്കുന്നത്?" യാത്ര ആസൂത്രണം ചെയ്തയാളെ വിശ്വസിക്കുകയും അനുഭവം ആസ്വദിക്കുകയും ചെയ്യുക മാത്രമാണ് യാത്രക്കാർ ചെയ്യുന്നത്. അതുപോലെ, നിങ്ങളിൽ പലരും ജീവിതത്തിന്റെ ഒരു പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കുകയായിരിക്കാം. ഒരുപക്ഷേ നിങ്ങൾ ഒരു പുതിയ പദ്ധതി ആരംഭിക്കുകയായിരിക്കാം. ഉന്നത പഠനത്തിനായി നിങ്ങൾ ഒറ്റയ്ക്ക് വിദേശത്തേക്ക് യാത്രതിരിക്കുകയായിരിക്കാം. ഒരുപക്ഷേ നിങ്ങൾ മറ്റൊരു സ്ഥലത്ത് ഒരു പുതിയ ശുശ്രൂഷാനടപടി ആരംഭിക്കുകയായിരിക്കാം. നിങ്ങളിൽ ചിലർ ജോലിക്കായി കുടുംബത്തോടൊപ്പം താമസം മാറുകയായിരിക്കാം. നിങ്ങളുടെ മുമ്പിലുള്ള പുതിയ അധ്യായം എന്തുതന്നെയായാലും, കർത്താവ് പറയുന്നു, "അത് എന്റെ കൈകളിൽ സമർപ്പിക്കുക. ഞാൻ അത് ആസൂത്രണം ചെയ്യട്ടെ ". ദൈവം സർവ്വലോകത്തിന്റെയും നിർമ്മാതാവാണ്. നിങ്ങളുടെ ഭാവിയെക്കുറിച്ചുള്ള എല്ലാ വിശദാംശങ്ങളും അവനറിയാം. നിങ്ങൾക്കായി ഏറ്റവും മികച്ചത് ആസൂത്രണം ചെയ്യുമെന്ന് അവൻ വാഗ്ദാനം ചെയ്യുന്നു. അതുകൊണ്ട്, ഉത്കണ്ഠപ്പെടുകയോ ഭാരപ്പെടുകയോ ചെയ്യരുത്. സന്തോഷത്തോടെ അവനെ അനുഗമിക്കുക, അവന്റെ സമാധാനം നിങ്ങളെ നയിക്കാൻ അനുവദിക്കുക. അവൻ തന്റെ സമയത്ത് എല്ലാറ്റിനെയും മനോഹരമാക്കുകയും തന്റെ ഉദ്ദേശ്യത്തിനനുസരിച്ച് പരിപൂർണ്ണമാക്കുകയും ചെയ്യും.
ഇന്ന്, നമുക്ക് നമ്മുടെ എല്ലാ ആകുലതകളും ഭയങ്ങളും അനിശ്ചിതത്വങ്ങളും ദൈവത്തിന്റെ കൈകളിലേക്ക് സമർപ്പിക്കാം. നാം അവനിൽ പൂർണ്ണമായും വിശ്വസിക്കുമ്പോൾ, അവന്റെ സന്തോഷം നമ്മെ ശക്തിപ്പെടുത്തുകയും അവന്റെ സമാധാനം നമ്മെ നയിക്കുകയും ചെയ്യും. കർത്താവ് പ്രഖ്യാപിക്കുന്നു, "ഈ ഉത്തരവാദിത്തം ഇപ്പോൾ എന്റേതാണ്. എന്റെ മഹത്വത്തിനായി ഞാൻ ഇത് ചെയ്യും." അവൻ വാതിലുകൾ തുറക്കുകയും എല്ലാ വിഭവങ്ങളും നൽകുകയും ആളുകളുടെ മുമ്പാകെ അനുഗ്രഹം നൽകുകയും തന്റെ മഹത്തായ കൃപ നിങ്ങളുടെ ജീവിതത്തിൽ ചൊരിയുകയും ചെയ്യും. നിങ്ങൾ അവനോടൊപ്പം നടക്കുമ്പോൾ അവന്റെ രാജ്യത്തിനായി നിങ്ങൾ മഹത്തായ കാര്യങ്ങൾ ചെയ്യും.
PRAYER:
പ്രിയ കർത്താവേ, എന്നെ സന്തോഷത്തോടെ നയിക്കുകയും പൂർണ്ണ സമാധാനത്തോടെ വഴിനടത്തുകയും ചെയ്യുന്ന ദൈവമായിരിക്കുന്നതിന് ഞാൻ അങ്ങേയ്ക്ക് നന്ദി പറയുന്നു. ഇന്ന്, എന്റെ ജീവിതത്തിലെ ഓരോ പുതിയ അധ്യായവും ഞാൻ അങ്ങയുടെ സ്നേഹനിർഭരമായ കാരങ്ങളിൽ സമർപ്പിക്കുന്നു. എല്ലാ ഭയവും ഉത്കണ്ഠയും ആശയക്കുഴപ്പവും ഭാരവും എന്റെ ഹൃദയത്തിൽ നിന്ന് നീക്കേണമേ. അങ്ങയുടെ പദ്ധതികളിൽ വിശ്വസിക്കാനും അങ്ങയുടെ നേതൃത്വം മടിക്കാതെ പിന്തുടരാനും എന്നെ സഹായിക്കണമേ. എന്റെ മുന്നിൽ ശരിയായ വാതിലുകൾ തുറക്കുകയും ഞാൻ പോകുന്നിടത്തെല്ലാം എനിക്ക് കൃപ നൽകുകയും ചെയ്യണമേ. അങ്ങയുടെ ധനത്തിനും മഹത്വത്തിനും അനുസരിച്ച് എനിക്ക് ആവശ്യമുള്ളതെല്ലാം നൽകണമേ. അങ്ങയുടെ സന്തോഷത്താൽ എന്നെ നിറയ്ക്കുകയും അങ്ങയുടെ കൃപയാൽ എന്നെ ശക്തിപ്പെടുത്തുകയും അങ്ങയുടെ സമാധാനം കൊണ്ട് എന്റെ ഹൃദയത്തെയും മനസ്സിനെയും കാത്തുസൂക്ഷിക്കുകയും ചെയ്യണമേ. അങ്ങയുടെ മഹത്വത്തിനായി എന്റെ ജീവിതം ഉപയോഗിക്കുകയും അങ്ങയുടെ ഉദ്ദേശ്യം വിശ്വസ്തതയോടെ നിറവേറ്റാൻ എന്നെ സഹായിക്കുകയും ചെയ്യേണമേ. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.

ദൈവരാജ്യം കെട്ടിപ്പടുക്കുന്നതിൽ കൈകോർക്കുക
Donate Now


