പ്രിയ സുഹൃത്തുക്കളേ, ദൈവം നിങ്ങളെ തന്റെ പൂർണ്ണ സമാധാനത്താൽ നിറയ്ക്കാൻ ആഗ്രഹിക്കുന്നു. അത്, ഇടയ്ക്കിടെ ലഭിക്കുന്ന സമാധാനമോ താൽക്കാലിക സമാധാനമോ അല്ല, മറിച്ച് പരിപൂർണ്ണവും ശാശ്വതവുമായ സമാധാനമാണ്. അവൻ നിത്യപിതാവും സമാധാനപ്രഭുവുമാകുന്നു. നിങ്ങളുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും നിങ്ങൾ അഭിമുഖീകരിക്കുന്ന എല്ലാ സാഹചര്യങ്ങളിലും നിങ്ങൾ സമാധാനം അനുഭവിക്കണമെന്നതാണ് അവന്റെ ആഗ്രഹം. യെശയ്യാവു 26:3-ൽ വേദപുസ്തകം പറയുന്നു, "സ്ഥിരമാനസൻ നിന്നിൽ ആശ്രയം വെച്ചിരിക്കകൊണ്ടു നീ അവനെ പൂർണ്ണസമാധാനത്തിൽ കാക്കുന്നു." മറ്റൊരു വിവർത്തനം പറയുന്നത് നാം കർത്താവിൽ പൂർണ്ണമായും ആശ്രയിക്കുമ്പോൾ അവൻ നമുക്ക് തികഞ്ഞ സമാധാനം നൽകുന്നു എന്നാണ്. പലപ്പോഴും, നമ്മുടെ ഭാരം ഒറ്റയ്ക്ക് വഹിക്കാൻ ശ്രമിക്കുന്നതിനാൽ നാം കഷ്ടപ്പെടുന്നു. എന്നാൽ നാം ദൈവമുമ്പാകെ വന്ന്, "കർത്താവേ, എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ല. അങ്ങ് എനിക്കുവേണ്ടി എല്ലാം ചെയ്യുന്നു" എന്ന് പറയുകയും അവനിൽ പൂർണ്ണമായും വിശ്വാസം അർപ്പിക്കുകയും ചെയ്യുമ്പോൾ, അവന്റെ സമാധാനം നമ്മുടെ ഹൃദയങ്ങളെ നിറയ്ക്കാൻ തുടങ്ങുന്നു.
ദൈവം എന്താണ് ചെയ്യുന്നതെന്ന് നമുക്ക് കാണാൻ കഴിയാത്തപ്പോൾ പോലും, അവൻ മറഞ്ഞിരുന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് നമുക്ക് വിശ്വസിക്കാം. ദൈവം പലപ്പോഴും നമ്മുടെ ബുദ്ധിയ്ക്ക് അതീതമായ വഴികളിലൂടെയാണ് പ്രവർത്തിക്കുന്നത്. നിങ്ങൾക്ക് ഉടനടി ഉത്തരങ്ങൾ കാണാൻ കഴിഞ്ഞേക്കില്ല. നിങ്ങൾക്ക് ഈ പ്രവർത്തനരീതി മനസ്സിലാകണമെന്നില്ല. എന്നിരുന്നാലും, നിങ്ങൾ അവനിൽ ആശ്രയിക്കുമ്പോൾ ദൈവം നിങ്ങൾക്കുവേണ്ടി പ്രവർത്തിക്കും. അവൻ തന്റെ തക്കസമയത്ത് എല്ലാം നടപ്പാക്കുകയും തന്റെ ഹിതമനുസരിച്ച് കാര്യങ്ങൾ സമാധാനപരമായി സംഭവിക്കുമാറാക്കുകയും ചെയ്യും.
ഒന്നാമതായി, ദൈവം നമുക്ക് അവന്റെ സ്വർഗ്ഗീയ സമാധാനം നൽകുന്നു. വേദപുസ്തകത്തിലെ ഇയ്യോബ് 25:2 ൽ ദൈവം ഉന്നതസ്ഥലങ്ങളിൽ സമാധാനം പാലിക്കുന്നു എന്ന് പറയുന്നു. അവൻ സ്വർഗ്ഗത്തിലിരുന്ന് തന്റെ മക്കൾക്ക് സമാധാനം ഒരുക്കുന്നു. ആ ദൈവിക സമാധാനം വഹിച്ചുകൊണ്ട് യേശു സമാധാനപ്രഭുവായി ഈ ലോകത്തിലേക്ക് വന്നു. യോഹന്നാൻ 14:27 -ൽ എന്റെ സമാധാനം ഞാൻ നിങ്ങൾക്കു തരുന്നു എന്നു യേശു പറഞ്ഞു. അവൻ സ്നേഹപൂർവ്വം പറയുന്നു, "എന്റെ പൈതലേ, ഞാൻ നിനക്ക് എന്റെ സമാധാനം നൽകുന്നു". ഈ സമാധാനം ഭയം, ദുഃഖം, ഉത്കണ്ഠ, വേദന എന്നിവയെ നശിപ്പിക്കുന്നു. ലോകം ഭയവും അനിശ്ചിതത്വവും കൊണ്ടുവന്നേക്കാം, എന്നാൽ യേശു നമുക്കു സ്വർഗത്തിൽ നിന്ന് നേരിട്ട് വരുന്ന സമാധാനം നൽകുന്നു.
യേശുക്രിസ്തുവിന്റെ കുരിശിലെ ത്യാഗത്തിലൂടെയാണ് ഈ സമാധാനം നമുക്ക് ലഭ്യമായത്. കൊലൊസ്സ്യർ 1:20 അനുസരിച്ച്, യേശു ചൊരിഞ്ഞ രക്തത്താൽ നമുക്കുവേണ്ടി ദൈവവുമായി സമാധാനം സ്ഥാപിച്ചു. അവന്റെ ത്യാഗം നമ്മുടെ ജീവിതത്തിലേക്ക് സമാധാനം കൊണ്ടുവരുന്നതിനുള്ള വില നൽകി. നാം യേശുവിനെ വിശ്വസിക്കുകയും നമ്മുടെ ജീവിതങ്ങൾ അവന് സമർപ്പിക്കുകയും അവന്റെ മക്കളായി ജീവിക്കുകയും ചെയ്യുമ്പോൾ, അവന്റെ വിലയേറിയ രക്തം നമ്മെ പാപത്തിൽ നിന്ന് ശുദ്ധീകരിക്കുകയും ദൈവവുമായുള്ള സ്നേഹബന്ധത്തിലേക്ക് നമ്മെ കൊണ്ടുവരികയും ചെയ്യുന്നു. അപ്പോൾ ദൈവം തന്നെ നമ്മെ പരിപാലിക്കുന്നുണ്ടെന്ന് അറിഞ്ഞുകൊണ്ട് നാം അവന്റെ സമാധാനത്തിന്റെ പൂർണ്ണത ആസ്വദിക്കാൻ തുടങ്ങുന്നു.
രണ്ടാമതായി, ദൈവം നൽകുന്ന സമാധാനം മനുഷ്യന്റെ ബുദ്ധിയ്ക്ക് അതീതമാണ്. ഫിലിപ്പിയർ 4:6-7 ൽ, സകലബുദ്ധിയേയും കവിയുന്ന ദൈവസമാധാനത്തെക്കുറിച്ച് വേദപുസ്തകം പറയുന്നു. നമുക്ക് വിശദീകരിക്കാൻ കഴിയാത്ത വിധത്തിലാണ് പലപ്പോഴും ദൈവത്തിന്റെ അനുഗ്രഹങ്ങൾ വരുന്നത്. ഒരു ദിവസം നിങ്ങൾ തിരിഞ്ഞുനോക്കി ഇങ്ങനെ പറഞ്ഞേക്കാം, "ദൈവം എങ്ങനെയാണ് എന്റെ ജീവിതത്തിലേക്ക് ഇത്രയധികം അനുഗ്രഹങ്ങൾ കൊണ്ടുവന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല." അതാണ് ദൈവത്തിന്റെ പ്രവൃത്തി. സ്വർഗ്ഗം തന്റെ മക്കൾക്ക് അനുഗ്രഹങ്ങൾ ഒരുക്കുന്നു, യേശുവിന്റെ ത്യാഗത്തിലൂടെ ആ അനുഗ്രഹങ്ങൾ നമ്മുടെ ജീവിതത്തിലേക്ക് ഒഴുകുന്നു.
ഈ സമാധാനം, കഷ്ടപ്പാടുകൾക്കിടയിലും നിലനിൽക്കുന്നു. പ്രശ്നങ്ങൾ ഉണ്ടായേക്കാം. ബുദ്ധിമുട്ടുള്ള സാഹചര്യങ്ങൾ ഉയർന്നുവന്നേക്കാം. ദുഷ്ടർ നിങ്ങൾക്കെതിരെ അന്യായമായി പ്രവർത്തിച്ചേക്കാം. എന്നിട്ടും യേശു പറയുന്നു, "എന്റെ സമാധാനം ഞാൻ നിങ്ങൾക്ക് നൽകുന്നു". എല്ലാ പരീക്ഷണങ്ങളെയും എല്ലാ കഷ്ടപ്പാടുകളെയും മറികടക്കാൻ അവന്റെ സമാധാനം നിങ്ങളെ ശക്തിപ്പെടുത്തുന്നു. അപ്പോൾ ഭയത്തിന് കീഴടങ്ങുന്നതിനുപകരം, ദൈവം നിങ്ങളോടൊപ്പമുണ്ടെന്ന് അറിഞ്ഞുകൊണ്ട് നിങ്ങൾ ആത്മവിശ്വാസത്തോടെ നടക്കും. അവന്റെ സമാധാനം നിങ്ങളുടെ ഹൃദയത്തെ കാത്തുസൂക്ഷിക്കുകയും നിങ്ങളുടെ മനസ്സിനെ സംരക്ഷിക്കുകയും അവന്റെ സാന്നിധ്യവും അനുഗ്രഹങ്ങളും നിറഞ്ഞ ഒരു ജീവിതത്തിലേക്ക് നിങ്ങളെ നയിക്കുകയും ചെയ്യും. അതിനാൽ, പ്രിയ സുഹൃത്തേ, യേശുവിനെ പൂർണ്ണമായും വിശ്വസിക്കുക. നിങ്ങളുടെ മനസ്സ് അവനിൽ ഉറപ്പിക്കുക. എല്ലാ ഭാരവും അവന്റെ കൈകളിൽ സമർപ്പിക്കുക. ലോകത്തിന് നൽകാനോ കവർന്നെടുക്കാനോ കഴിയാത്ത തന്റെ ശാശ്വത സമാധാനം കൊണ്ട് ഇന്ന് നിങ്ങളുടെ ഹൃദയം നിറയ്ക്കാൻ സമാധാനപ്രഭു ആഗ്രഹിക്കുന്നു.
PRAYER:
പ്രിയ കർത്താവേ, എന്റെ സമാധാനപ്രഭുവും നിത്യ പിതാവുമായിരിക്കുന്നതിന് അങ്ങേക്ക് നന്ദി. സകലബുദ്ധിയേയും കവിയുന്ന അങ്ങയുടെ പൂർണ്ണ സമാധാനം കൊണ്ട് എന്റെ ഹൃദയത്തെ നിറയ്‌ക്കേണമേ. അങ്ങ് എന്താണ് ചെയ്യുന്നതെന്ന് എനിക്ക് കാണാൻ കഴിയാത്തപ്പോൾ പോലും അങ്ങയെ പൂർണ്ണമായി വിശ്വസിക്കാൻ എന്നെ സഹായിക്കണമേ. എന്റെ ജീവിതത്തിൽ നിന്ന് എല്ലാ ഭയവും ഉത്കണ്ഠയും ദുഃഖവും ആശയക്കുഴപ്പവും ഭാരവും നീക്കേണമേ. അങ്ങയുടെ സ്വർഗ്ഗീയ സമാധാനം എല്ലാ ദിവസവും എന്റെ ഹൃദയത്തെയും മനസ്സിനെയും സംരക്ഷിക്കട്ടെ. യേശുവിന്റെ വിലയേറിയ രക്തത്താൽ, എല്ലാ പാപങ്ങളിൽ നിന്നും എന്നെ ശുദ്ധീകരിച്ച് അങ്ങിലേക്ക് കൂടുതൽ അടുപ്പിക്കണമേ. അങ്ങയുടെ വാഗ്‌ദത്തങ്ങളിലുള്ള വിശ്വാസത്തോടെ എല്ലാ പരീക്ഷണങ്ങളെയും കഷ്ടപ്പാടുകളെയും മറികടക്കാൻ എന്നെ ശക്തിപ്പെടുത്തണമേ. എന്റെ കുടുംബത്തിലും ജോലിയിലും ഭാവിയിലും അങ്ങയുടെ സമാധാനം വാഴട്ടെ. ഞാൻ അങ്ങയുടെ അനുഗ്രഹങ്ങൾ അനുഭവിക്കുകയും എപ്പോഴും അങ്ങയുടെ സാന്നിധ്യത്തിൽ നടക്കുകയും ചെയ്യട്ടെ. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.

ദൈവരാജ്യം കെട്ടിപ്പടുക്കുന്നതിൽ കൈകോർക്കുക
Donate Now


