പ്രിയ സുഹൃത്തേ, സങ്കീർത്തനം 41:12-ൽ വേദപുസ്തകം ഇപ്രകാരം പറയുന്നു, “നീ എന്റെ നിഷ്കളങ്കത്വം നിമിത്തം എന്നെ താങ്ങുന്നു, നിന്റെ മുമ്പിൽ എന്നേക്കും എന്നെ നിർത്തിക്കൊള്ളുന്നു." നിഷ്കളങ്കത്വം ദൈവത്തിൻ്റെ സ്വഭാവമാണ്. ദൈവത്തിനും മനുഷ്യർക്കും മുന്നിൽ സത്യസന്ധനും നേരുള്ളവനും ആത്മാർത്ഥനുമായിരിക്കുക എന്നതാണ് അതിന്റെ അർത്ഥം. നാം നിഷ്കളങ്കരായി നടക്കുമ്പോൾ, കർത്താവ് നമ്മെ തന്റെ കരംകൊണ്ട് പിടിക്കുകയും തന്റെ സാന്നിധ്യത്തോട് അടുപ്പിക്കുകയും ചെയ്യുന്നു. ഒരു ഇരുണ്ട ലോകത്തിൽ സത്യസന്ധത വെളിച്ചം പോലെ പ്രകാശിക്കുന്നതിനാൽ മറ്റുള്ളവർക്ക് നമ്മുടെ ജീവിതത്തിലൂടെ ദൈവത്തിന്റെ സാന്നിധ്യം അനുഭവിക്കാൻ കഴിയും. കർത്താവായ യേശുക്രിസ്തു പൂർണ്ണമായ സത്യസന്ധതയോടെ ജീവിച്ചു. അവൻ സത്യം സംസാരിച്ചു, സ്നേഹത്തോടെ നടന്നു, പിതാവിന്റെ എല്ലാ വാഗ്‌ദത്തങ്ങളും നിറവേറ്റി. നാം അതേ പാതയിലൂടെ നടക്കുമ്പോൾ, ദൈവം നമ്മുടെ സംരക്ഷകനും മാർഗദർശിയും ആകുന്നു. സത്യസന്ധത വെറും നല്ല പെരുമാറ്റം മാത്രമല്ല; അത് നമ്മുടെ ഉള്ളിലെ ക്രിസ്തുവിന്റെ നീതിയുടെ പ്രതിഫലനവുമാണ്.

സദൃശവാക്യങ്ങൾ 20:7, പറയുന്നു, “പരമാർത്ഥതയിൽ നടക്കുന്നവൻ നീതിമാൻ; അവന്റെ ശേഷം അവന്റെ മക്കളും ഭാഗ്യവാന്മാർ." ഇതിനർത്ഥം പരമാർത്ഥത നമുക്ക് മാത്രമല്ല, നമ്മുടെ ഭാവി തലമുറകൾക്കും വേണ്ടിയുള്ളതാണ് എന്നാണ്. ഒരു പിതാവോ മാതാവോ സത്യത്തിലും വിശുദ്ധിയിലും നടക്കുമ്പോൾ, ആ പരമാർത്ഥതയുടെ അനുഗ്രഹങ്ങൾ അവരുടെ മക്കളിലേക്ക് ഒഴുകുന്നു. വചനം പാലിക്കുന്നവരെയും ആരും ശ്രദ്ധിക്കാത്തപ്പോൾപ്പോലും നീതിപൂർവം ജീവിക്കുന്നവരെയും ദൈവം സ്നേഹിക്കുന്നു. കർത്താവ് തന്നെയാണ് സത്യസന്ധതയുടെ ദൈവം. അവൻ ഒരിക്കലും തന്റെ വാക്ക് മാറ്റുകയോ തന്റെ വാഗ്ദാനം ലംഘിക്കുകയോ ചെയ്യുന്നില്ല. നാം അവനെ നിരാശപ്പെടുത്തുമ്പോഴൊക്കെയും അവൻ നമ്മെ സ്നേഹിക്കുകയും നാം നിലവിളിക്കുമ്പോഴൊക്കെയും വിശ്വസ്തതയോടെ സഹായിക്കുകയും ചെയ്യുന്നു. നമ്മുടെ ജീവിതത്തിൽ ഈ ഗുണത്തെ പ്രതിഫലിപ്പിക്കുമ്പോൾ, നമ്മുടെ 'അതെ' യഥാർത്ഥത്തിൽ 'അതെ' എന്നും 'ഇല്ല' യഥാർത്ഥത്തിൽ 'ഇല്ല' എന്നും ആകുമ്പോൾ, നാം പോകുന്നിടത്തെല്ലാം ക്രിസ്തുവിന്റെ സുഗന്ധം വഹിക്കുന്നു.

പ്രിയ സുഹൃത്തേ, നിഷ്കളങ്കതയുടെ അനുഗ്രഹങ്ങൾ ശക്തമാണ്. സദൃശവാക്യങ്ങൾ 11:3 പറയുന്നു: "നേരുള്ളവരുടെ നിഷ്കളങ്കത്വം അവരെ വഴിനടത്തും." നാം നേരായി നടക്കുമ്പോൾ, ദൈവം തന്നെ നമ്മുടെ തീരുമാനങ്ങളെ നയിക്കുകയും അപകടങ്ങളിൽ നിന്ന് നമ്മെ സംരക്ഷിക്കുകയും ചെയ്യുന്നു. നല്ലമനസ്സാക്ഷിയോടെ നടക്കുന്നവർ ആദരിക്കപ്പെടുമെന്നും അവരെ ദുഷിക്കുന്നവർ ലജ്ജിക്കപ്പെടുമെന്നും1പത്രൊസ് 3:16 പറയുന്നു. യൂദാസ് യേശുവിനെ ഒറ്റിക്കൊടുത്തപ്പോൾ പോലും, അവന്റെ സത്യസന്ധതയില്ലായ്മ അവനെ വല്ലാതെ ലജ്ജിപ്പിച്ചു. എന്നാൽ സത്യസന്ധതയോടെ നടക്കുന്നവർ ഉറച്ചുനിൽക്കുകയും ശക്തരായി നിലകൊള്ളുകയും ചെയ്യും. ഫിലിപ്പിയർ 4:8 നമ്മെ ഓർമ്മിപ്പിക്കുന്നത് ഇത്തരക്കാർ ഘനമായതും സത്യമായതും വിശുദ്ധമായതും രമ്യമായതും പ്രശംസനീയമായതുമായ കാര്യങ്ങൾ മാത്രമേ ചിന്തിക്കൂ എന്നതാണ്. സത്യവും വിശുദ്ധിയും കൊണ്ട് തിളങ്ങുന്ന ഈ മാന്യമായ മനസ്സും ശുദ്ധമായ മനസ്സാക്ഷിയും നമുക്കുണ്ടാകണമെന്ന് ദൈവം ആഗ്രഹിക്കുന്നു. നമ്മുടെ ഭവനങ്ങളും മക്കളും ഭാവിയും അവന്റെ അനുഗ്രഹങ്ങളാൽ നിറയുന്നതിനായി, നമ്മെ അവന്റെ സത്യസന്ധതയാൽ നിറയ്ക്കാൻ നമുക്ക് ദൈവത്തോട് അപേക്ഷിക്കാം.

PRAYER:
സ്നേഹവാനായ സ്വർഗ്ഗീയപിതാവേ, അങ്ങ് പൂർണ്ണ സത്യസന്ധതയുള്ള ദൈവമായതിന് അങ്ങേക്ക് നന്ദി. കർത്താവേ, അങ്ങേക്കും മനുഷ്യർക്കും മുമ്പിൽ നേരായി നടക്കാൻ എന്നെ സഹായിക്കണമേ. എന്റെ വാക്കുകൾ സത്യമായിരിക്കട്ടെ, എന്റെ പ്രവൃത്തികൾ ശുദ്ധമായിരിക്കട്ടെ, എന്റെ ഹൃദയം ആത്മാർത്ഥമായിരിക്കട്ടെ. എന്റെ ജീവിതത്തിൽ നിന്ന് എല്ലാ കപടതയും അഹങ്കാരവും വഞ്ചനയും നീക്കേണമേ. അങ്ങയുടെ ആത്മാവ് എന്നെ നീതിയുടെ പാതയിലേക്ക് നയിക്കട്ടെ. എന്റെ കുടുംബത്തെയും മക്കളെയും സത്യസന്ധതയുടെ ഫലങ്ങളാൽ അനുഗ്രഹിക്കണമേ. ലജ്ജയിൽ നിന്ന് ഞങ്ങളെ സംരക്ഷിക്കുകയും എല്ലാവർക്കും മുന്നിൽ മാന്യമായി ജീവിക്കാൻ ഞങ്ങളെ സഹായിക്കുകയും ചെയ്യേണമേ. ഞങ്ങളുടെ ജീവിതം അനുദിനം ക്രിസ്തുവിന്റെ സത്യവും സ്നേഹവും പ്രതിഫലിപ്പിക്കട്ടെ. അങ്ങയുടെ സാന്നിധ്യത്താൽ ഞങ്ങൾ എന്നേക്കും നയിക്കപ്പെടുകയും നിലനിർത്തപ്പെടുകയും അനുഗ്രഹിക്കപ്പെടുകയും ചെയ്യട്ടെ. യേശുവിന്റെ മഹത്തായ നാമത്തിൽ ഞങ്ങൾ പ്രാർത്ഥിക്കുന്നു, ആമേൻ.