എന്റെ വിലയേറിയ സുഹൃത്തേ, നിങ്ങളുടെ കണ്ണുകളിലൂടെ നിങ്ങളെ ശക്തിപ്പെടുത്താൻ ദൈവം ആഗ്രഹിക്കുന്നു. നിങ്ങളുടെ കണ്ണുകൾ വളരെ ശക്തമാണ്. മത്തായി 13:16 പറയുന്നു, "നിങ്ങളുടെ കണ്ണു കാണുന്നതുകൊണ്ടും നിങ്ങളുടെ ചെവി കേൾക്കുന്നതുകൊണ്ടും ഭാഗ്യമുള്ളവ." നിങ്ങളുടെ കണ്ണുകൾ കാണാൻ തുടങ്ങുമ്പോൾ അവ അനുഗ്രഹിക്കപ്പെടുന്നു. നിങ്ങളുടെ കണ്ണുകൾ ആത്മാവിൽ കാണാൻ തുടങ്ങുമ്പോൾ, നിങ്ങളുടെ ശാരീരിക കണ്ണുകൾ കൊണ്ട് കാണുന്നതിനെ മാത്രമല്ല, ദൈവം നിങ്ങൾക്കായി ഒരുക്കിയിരിക്കുന്ന എല്ലാ അനുഗ്രഹങ്ങളും നിങ്ങൾ പ്രാപിക്കും.
നിങ്ങളുടെ കണ്ണുകൾ നിങ്ങളുടെ മുഴുവൻ ശരീരത്തിന്റെയും വിളക്കാണ്. മത്തായി 6:22-23 പറയുന്നു, "ശരീരത്തിന്റെ വിളക്കു കണ്ണു ആകുന്നു; കണ്ണു ചൊവ്വുള്ളതെങ്കിൽ നിന്റെ ശരീരം മുഴുവനും പ്രകാശിതമായിരിക്കും." നിങ്ങളുടെ കണ്ണുകൾ നിരന്തരം ദുഷ്ടകാര്യങ്ങളിലേക്കും മോഹജനകമായ ദൃശ്യങ്ങളിലേക്കും നിങ്ങളുടെ ഫോണിലൂടെയോ മറ്റ് മാർഗങ്ങളിലൂടെയോ വരുന്ന ലൌകികമായ ഇതരവിചാരങ്ങളിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കുകയാണെങ്കിൽ, ഇരുട്ട് നിങ്ങളുടെ ജീവിതത്തിലേക്ക് പ്രവേശിക്കുന്നു. അതുകൊണ്ടാണ് ഇയ്യോബ് 31:1-ൽ ഇയ്യോബ് ഇങ്ങനെ പ്രഖ്യാപിച്ചത്, "ഞാൻ എന്റെ കണ്ണുമായി ഒരു നിയമം ചെയ്തു; പിന്നെ ഞാൻ ഒരു കന്യകയെ നോക്കുന്നതെങ്ങനെ?" ഇന്ന്, നിങ്ങളുടെ കണ്ണുകൾ യേശുവിന് സമർപ്പിക്കുകയും അവയെ സംരക്ഷിക്കാൻ അവനോട് ആവശ്യപ്പെടുകയും ചെയ്യുക. അവന്റെ വെളിച്ചവും സത്യവും ജീവനും നിങ്ങളുടെ ശരീരത്തിലേക്ക് കൊണ്ടുവരുന്ന കാര്യങ്ങൾ മാത്രം നിങ്ങളുടെ കണ്ണുകൾ സ്വീകരിക്കട്ടെ. നിങ്ങളുടെ ശരീരം ഇരുട്ടിന്റെ വാസസ്ഥലമായിട്ടല്ല, പരിശുദ്ധാത്മാവിന്റെ ആലയമായി തുടരട്ടെ.
രണ്ടാമതായി, ദൈവം നിങ്ങളുടെ കണ്ണുകൾ തുറക്കുമ്പോൾ നിങ്ങൾ രക്ഷ അനുഭവിക്കുന്നു. അപ്പൊ. പ്രവൃത്തികൾ 26:18, മനുഷ്യരുടെ കണ്ണുകൾ തുറക്കുന്നതിനെക്കുറിച്ചും ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്കും സാത്താന്റെ അധികാരത്തിൽ നിന്ന് ദൈവത്തിങ്കലേക്കും തിരിക്കുന്നതിനെക്കുറിച്ചും സംസാരിക്കുന്നു, അങ്ങനെ അവർക്ക് പാപമോചനം ലഭിക്കും. ലൂക്കൊസ് 2:30 ൽ, ശിമ്യോൻ ശിശുവായ യേശുവിനെ കയ്യിൽ ഏന്തി, "നിന്റെ രക്ഷയെ എന്റെ കണ്ണു കണ്ടുവല്ലോ" എന്ന് പ്രഖ്യാപിച്ചു. നിങ്ങളുടെ കണ്ണുകൾ ദൈവത്തിന്റെ രക്ഷയിൽ ഉറച്ചുനിൽക്കുമ്പോൾ, നിങ്ങൾക്കെതിരെ നാശത്തിന് ആധിപത്യം സ്ഥാപിക്കാൻ കഴിയില്ല, നിങ്ങൾ നിരന്തരം അവന്റെ ഹിതപ്രകാരം നടക്കും.
മൂന്നാമതായി, തന്റെ സംരക്ഷണം കാണാൻ ദൈവം നിങ്ങളുടെ കണ്ണുകൾ തുറക്കുന്നു. 2 രാജാക്കന്മാർ 6:17-ൽ, എലീശയെ പിടിക്കാൻ ശത്രുരാജാവ് ഒരു വലിയ സൈന്യത്തെ അയച്ചപ്പോൾ, പ്രവാചകൻ സമാധാനത്തിൽ നിലകൊണ്ടു. അവന്റെ ബാല്യക്കാരൻ ഭയപ്പെട്ടു, എന്നാൽ എലീശാ പ്രാർത്ഥിച്ചു, "യഹോവേ, ഇവന്റെ കണ്ണു തുറക്കേണമേ". ഉടനെ എലീശയുടെ ചുറ്റും അഗ്നിമയമായ കുതിരകളും രഥങ്ങളും കൊണ്ടു മല നിറഞ്ഞിരിക്കുന്നതു ബാല്യക്കാരൻ കണ്ടു. ദൈവത്തിന്റെ സംരക്ഷണം ഇതിനകം തന്നെ അവിടെയുണ്ടായിരുന്നു; അവന് അത് കാണാൻ കഴിഞ്ഞില്ല. പിന്നീട്, എലീശാ പ്രാർത്ഥിക്കുകയും ശത്രു സൈനീകർക്ക് അന്ധത അനുഭവപ്പെടുകയും ചെയ്തു. അവരുടെ കണ്ണുകൾ വീണ്ടും തുറന്നപ്പോൾ അവർ പോയി. ഒരിക്കലും തിരിച്ചുവന്നില്ല. രാജാവ് ജ്ഞാനം തേടി എലീശയുടെ മുമ്പിൽ വന്നു. അതുപോലെ, നിങ്ങളുടെ ജീവിതത്തിന് ചുറ്റുമുള്ള ദൈവിക സംരക്ഷണം കാണാൻ ദൈവം നിങ്ങളുടെ കണ്ണുകൾ തുറക്കും. ഒരു ശത്രുവിനും, ഒരു ദുഷ്ടനും, ഒരു ഭൌമിക ശക്തിക്കും നിങ്ങൾക്കുവേണ്ടിയുള്ള ദൈവത്തിന്റെ ഉദ്ദേശ്യത്തെ തടയാൻ കഴിയില്ല.
ഒടുവിൽ, നിങ്ങളുടെ കണ്ണുകൾ തുറക്കുമ്പോൾ, നിങ്ങളുടെ ജീവിതത്തിനായുള്ള ദൈവത്തിന്റെ ആഹ്വാനം നിങ്ങൾക്ക് മനസ്സിലാകും. ശൗലിന്റെ കണ്ണുകൾ തുറക്കപ്പെടുകയും അവൻ ദൈവത്തിന്റെ ഏറ്റവും വലിയ അപ്പൊസ്തലന്മാരിൽ ഒരാളായ പൗലൊസായി രൂപാന്തരപ്പെടുകയും ചെയ്തതെങ്ങനെയെന്ന് അപ്പൊ. പ്രവൃത്തികൾ 9:18 പറയുന്നു. നിങ്ങളുടെ ജീവിതത്തിനായുള്ള തന്റെ വിളി, ഉദ്ദേശ്യം, നിയോഗം എന്നിവയും ദൈവം വെളിപ്പെടുത്തും. നിങ്ങളുടെ ആത്മീയ കണ്ണുകൾ തുറക്കുമ്പോൾ, നിങ്ങൾ അവന്റെ പദ്ധതിയിൽ നടക്കുകയും ആത്മവിശ്വാസത്തോടും ശക്തിയോടും കൂടി അവന്റെ ഇഷ്ടം നിറവേറ്റുകയും ചെയ്യും.
PRAYER:
പ്രിയ കർത്താവേ, ആത്മീയ ദൃഷ്ടിയെന്ന ദാനത്തിന് നന്ദി. അങ്ങയുടെ വെളിച്ചവും രക്ഷയും സംരക്ഷണവും അങ്ങ് എന്റെ ജീവിതത്തിനായി ഒരുക്കിയിരിക്കുന്ന വിളിയും കാണാൻ എന്റെ കണ്ണുകൾ തുറക്കേണമേ. അന്ധകാരം കൊണ്ടുവരുന്ന എല്ലാ കാര്യങ്ങളിൽ നിന്നും എന്റെ കണ്ണുകളെ സംരക്ഷിക്കുകയും അങ്ങയെ ബഹുമാനിക്കുന്ന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ എന്നെ സഹായിക്കുകയും ചെയ്യേണമേ. എന്റെ ശരീരം അങ്ങയുടെ വെളിച്ചത്താൽ നിറയുകയും പരിശുദ്ധാത്മാവിന്റെ ഒരു ആലയമായി നിലനിൽക്കുകയും ചെയ്യട്ടെ. അങ്ങയുടെ സാന്നിധ്യം തിരിച്ചറിയാനും അങ്ങയുടെ സംരക്ഷണത്തിൽ ആശ്രയിക്കാനും അങ്ങയുടെ ഉദ്ദേശ്യത്തിൽ വിശ്വസ്തതയോടെ നടക്കാനും വേണ്ടി എന്റെ വിവേകത്തിന്റെ കണ്ണുകൾ തുറക്കേണമേ. എന്റെ ജീവിതത്തിൽ നിന്ന് എല്ലാ അന്ധകാരങ്ങളും ഭയവും ആശയക്കുഴപ്പവും നീക്കേണമേ. അങ്ങയുടെ ശക്തിയാൽ എന്നെ രൂപാന്തരപ്പെടുത്തുകയും അങ്ങയുടെ പൂർണ്ണഹിതം നിറവേറ്റാൻ എന്നെ സഹായിക്കുകയും ചെയ്യണമേ. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.

ദൈവരാജ്യം കെട്ടിപ്പടുക്കുന്നതിൽ കൈകോർക്കുക
Donate Now


