എന്റെ പ്രിയ സുഹൃത്തേ, ഇന്നത്തെ വാഗ്‌ദത്തം യെശയ്യാവ് 54:3 ൽ നിന്നുള്ളതാണ്: "നീ ഇടത്തോട്ടും വലത്തോട്ടും പരക്കും; നിന്റെ സന്തതി ജാതികളുടെ ദേശം കൈവശമാക്കുകയും ശൂന്യനഗരങ്ങളിൽ നിവാസികളെ പാർ‍പ്പിക്കയും ചെയ്യും." നിങ്ങളുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും നിങ്ങൾ വർദ്ധിക്കുകയും വികസിക്കുകയും അനുഗ്രഹങ്ങൾ നേടുകയും ചെയ്യുമെന്ന് കർത്താവ് വാഗ്ദാനം ചെയ്യുന്നു. എന്നാൽ പലപ്പോഴും, നമുക്ക് ബന്ധിക്കപ്പെട്ടിരിക്കുന്നതായി തോന്നുകയും വളരാൻ കഴിയാതെ വരികയും ചെയ്യുന്നു. സങ്കീർത്തനക്കാരൻ സങ്കീർത്തനം 116:16-ൽ ഇപ്രകാരം നിലവിളിക്കുന്നു: "യഹോവേ, ഞാൻ നിന്റെ ദാസൻ ആകുന്നു; നീ എന്റെ ബന്ധനങ്ങളെ അഴിച്ചിരിക്കുന്നു." പാപം, അസുഖം, പൈശാചിക അടിച്ചമർത്തൽ, ദുഷ്ടന്മാർ, നഷ്ടങ്ങൾ, പരാജയങ്ങൾ, ബലഹീനതകൾ എന്നിവയുടെ ശൃംഖലകൾ പലപ്പോഴും നമ്മെ ഉയരുന്നതിൽ നിന്ന് തടയുന്നു. എന്നിട്ടും, ദൈവം പ്രഖ്യാപിക്കുന്നു, "നീ എന്റെ ദാസൻ ആകുന്നു; ഞാൻ  നിന്റെ ബന്ധനങ്ങളെ അഴിക്കും." അവന്റെ കൈ നിങ്ങളുടെമേൽ വരുമ്പോൾ എല്ലാ ബന്ധനങ്ങളും തകരുകയും അനുഗ്രഹത്തിന്റെ വാതിൽ തുറക്കപ്പെടുകയും ചെയ്യുന്നു.

യിരെമ്യാവ് 30:18-20-ൽ കർത്താവ് നമുക്ക് വീണ്ടും ഉറപ്പുനൽകുന്നു: "ഞാൻ യാക്കോബിൻ കൂടാരങ്ങളുടെ പ്രവാസം മാറ്റി അവന്റെ നിവാസങ്ങളോടു കരുണ കാണിക്കും; നഗരം അതിന്റെ കൽക്കുന്നിന്മേൽ പണിയപ്പെടും; അരമനയും യഥാസ്ഥാനപ്പെടും. അവയിൽനിന്നു സ്തോത്രവും സന്തോഷിക്കുന്നവരുടെ ഘോഷവും പുറപ്പെടും; ഞാൻ അവരെ വർദ്ധിപ്പിക്കും; അവർ കുറഞ്ഞുപോകയില്ല; ഞാൻ അവരെ മഹത്വീകരിക്കും; അവർ എളിമപ്പെടുകയുമില്ല." എത്ര മഹത്തായ ഒരു വാഗ്‌ദത്തം! ദൈവം പറയുന്നു, അവൻ നിങ്ങളെ ഒരു അരമനപോലെ പുനർനിർമ്മിക്കുകയും നിങ്ങളെ വർദ്ധിപ്പിക്കുകയും സന്തോഷവും ഘോഷവും കൊണ്ട് നിങ്ങളെ നിറയ്ക്കുകയും ചെയ്യും. അവൻ നിങ്ങളുടെ കുടുംബം സ്ഥാപിക്കും, നിങ്ങളുടെ അടിച്ചമർത്തുന്നവരെ ശിക്ഷിക്കും, നിങ്ങളുടെ മക്കളെ  നിങ്ങൾക്ക് ചുറ്റും കൂട്ടിച്ചേർക്കും.

ഇതാണ് നമ്മുടെ സ്നേഹവാനായ പിതാവിന്റെ ഹൃദയം. അവൻ തന്റെ മക്കളെ വർദ്ധിപ്പിക്കുന്നതിൽ സന്തോഷിക്കുന്നു. ആവർത്തനം 7:13 അനുസരിച്ച്, കർത്താവ് പറയുന്നു, "അവൻ നിന്നെ സ്നേഹിച്ചു അനുഗ്രഹിച്ചു വർദ്ധിപ്പിക്കും." നിങ്ങൾ അവനെ സ്നേഹിക്കുകയും അവന്റെ നാമത്തെ ബഹുമാനിക്കുകയും ചെയ്യുന്നതിനാൽ, അവൻ നിങ്ങളെ എല്ലാ തടസ്സങ്ങൾക്കും മുകളിൽ ഉയർത്തും. അതിനാൽ, എന്റെ പ്രിയപ്പെട്ടവരേ, ഇന്ന് നിങ്ങൾ കാണുന്ന കാര്യങ്ങളിൽ നിരാശപ്പെടരുത്. പുന:സ്ഥാപനത്തിൻ്റെയും വർദ്ധനവിൻ്റെയും വികസനത്തിൻ്റെയും ദൈവമാകുന്നു ദൈവം. അവൻ നിങ്ങളെ വലത്തോട്ടും ഇടത്തോട്ടും വ്യാപിപ്പിക്കും. നിങ്ങളെ പിന്നോട്ട് വലിക്കുന്ന എല്ലാ ചങ്ങലകളും അവൻ തകർക്കുകയും നിങ്ങളുടെ കുടുംബത്തിലും ജോലിയിലും ശുശ്രൂഷയിലും ആത്മീയ ജീവിതത്തിലും നിങ്ങളെ വർദ്ധിപ്പിക്കുകയും ചെയ്യും. കർത്താവ് തന്റെ വാഗ്‌ദത്തങ്ങൾ നിറവേറ്റാൻ വിശ്വസ്തനായതിനാൽ അവന്റെ വചനത്തിൽ വിശ്വസിക്കുകയും വിശ്വാസത്തിൽ പ്രാർത്ഥിക്കുകയും ചെയ്യുക. 

PRAYER:
സ്വർഗ്ഗസ്ഥനായ പിതാവേ, എന്നെ അനുഗ്രഹിക്കാനും വർദ്ധിപ്പിക്കാനും ഉള്ള അങ്ങയുടെ വാഗ്ദാനത്തിന് നന്ദി. ബന്ധനങ്ങളുടെ എല്ലാ ചങ്ങലകളും തകർത്ത് എന്നെ മോചിപ്പിക്കേണമേ. അങ്ങയുടെ അനുഗ്രഹത്താൽ എന്നെ വലത്തോട്ടും ഇടത്തോട്ടും വ്യാപിപ്പിക്കേണമേ. എന്റെ ജീവിതത്തെയും, കുടുംബത്തെയും, ഭാവിയെയും ഒരു അരമന പോലെ പുനഃസ്ഥാപിക്കണമേ. എന്നെ അങ്ങയുടെ സ്നേഹത്തിൽ ഉറപ്പിക്കണമേ, എന്റെ ഭവനം നന്ദിയാൽ നിറയട്ടെ. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.