എന്റെ സുഹൃത്തേ, നാം ഇതുപോലെയുള്ള മനോഹരമായ ഒരു പ്രാർത്ഥനയിലേക്ക് ആഴ്ന്നിറങ്ങാൻ പോകുന്നു: “കർത്താവേ, എന്റെ ധ്യാനം അങ്ങേക്കു പ്രസാദകരമായിരിക്കട്ടെ." സങ്കീർത്തനക്കാരൻ സങ്കീർത്തനം 104:34-ൽ പറയുന്നു, “എന്റെ ധ്യാനം അവന്നു പ്രസാദകരമായിരിക്കട്ടെ; ഞാൻ യഹോവയിൽ സന്തോഷിക്കും." മറ്റൊരു വിധത്തിൽ അവൻ പറയുന്നു, “ഞാൻ കർത്താവിൽ സന്തോഷിക്കും, ആ ധ്യാനം കർത്താവിന് പ്രസാദകരമായിരിക്കും.” നിങ്ങൾ വിഷമിക്കണമെന്ന് കർത്താവായ യേശു ആഗ്രഹിക്കുന്നില്ല. അവൻ പറയുന്നു, "എന്റെ പൈതലേ, വിഷമിക്കേണ്ട. വിചാരപ്പെടുന്നതിനാൽ നിങ്ങളുടെ നീളത്തോടു ഒരു മുഴം കൂട്ടുവാൻ നിങ്ങൾക്ക് കഴിയുമോ? നിങ്ങൾ എന്തിനാണ് വിഷമിക്കുന്നത്." നിങ്ങളുടെ ഭാരമെല്ലാം കർത്താവിന്റെമേൽ വയ്ക്കുക. ഇതാണ് യേശുവിന്റെ ഹൃദയം: എന്റെ കുഞ്ഞേ, വിചാരപ്പെടാതിരിക്കുക. എപ്പോഴും, “അങ്ങ് ഒരു നല്ല ദൈവമാണ്. അങ്ങ് ഞങ്ങളുടെ രക്ഷകനാണ്. അങ്ങ് ഞങ്ങളോടൊപ്പമുള്ള ദൈവമാണ്. അങ്ങ് അഭിഷിക്തനാണ്. അങ്ങ് എല്ലാം ഒരുക്കുന്നവനാണ്” എന്ന് പറഞ്ഞുകൊണ്ട് എന്റെ പൈതൽ എന്നിൽ സന്തോഷിക്കണം. എന്റെ കുഞ്ഞ് അത് തിരിച്ചറിയണം.

സ്നേഹമുള്ള ഈ കർത്താവായ യേശുവിനെ നിങ്ങൾ തിരിച്ചറിയുകയും അവനിൽ സന്തോഷിക്കുകയും ചെയ്യുമ്പോൾ, അവനെക്കുറിച്ചുള്ള നിങ്ങളുടെ ധ്യാനം അവന്റെ ദൃഷ്ടിയിൽ പ്രസാദകരമായിരിക്കും. നിങ്ങൾക്ക് അത് എങ്ങനെ ചെയ്യാൻ കഴിയും?  സങ്കീർത്തനം 49:3 പറയുന്നു, നിങ്ങൾ ദൈവത്തിന്റെ നന്മയെക്കുറിച്ച് ധ്യാനിക്കുകയും സന്തോഷിക്കുകയും ചെയ്യുമ്പോൾ, അത് നിങ്ങൾക്ക് വിവേകം നൽകുകയും പോകേണ്ട വഴിയെ കാണിച്ചുതരുകയും ചെയ്യും. നിങ്ങൾ സന്തോഷിക്കുകയും കർത്താവിനെ സ്തുതിക്കുകയും ചെയ്യുമ്പോൾ നിങ്ങളുടെ ഉള്ളിലെ പരിശുദ്ധാത്മാവ് ഉയിർത്തെഴുന്നേൽക്കും. അവൻ നിങ്ങളെ ദൈവത്തിന്റെ പദ്ധതിയിലേക്ക് നയിക്കും. സങ്കീർത്തനം 19:14 പറയുന്നതുപോലെ, നിങ്ങൾ ധ്യാനിക്കുകയും കർത്താവിൽ സന്തോഷിക്കുകയും ചെയ്യുമ്പോൾ നിങ്ങളുടെ വായിലെ വാക്കുകൾ പ്രസാദമായിരിക്കുകയും ദൈവം നിങ്ങളുടെ പ്രാർത്ഥനയ്ക്ക് ഉത്തരം നൽകുകയും ചെയ്യും. പലപ്പോഴും, "എനിക്ക് എങ്ങനെ പ്രാർത്ഥിക്കണമെന്ന് അറിയില്ല" എന്ന് നാം പറയുന്നു. നാം നമ്മുടെ പരാതികൾ, പിറുപിറുക്കൽ, ഞരക്കം എന്നിവ ചൊരിയുന്നു. നാം ദൈവത്തെ ചോദ്യം ചെയ്യുന്നു. എന്നാൽ നാം അവന്റെ നന്മയിൽ ധ്യാനിക്കുകയും സന്തോഷിക്കുകയും ചെയ്യുമ്പോൾ, ദൈവത്തിന്റെ പദ്ധതിക്കായുള്ള വാക്കുകൾ നമ്മുടെ വായിൽ വരികയും ആ പ്രാർത്ഥനയ്ക്ക് ദൈവം ഉത്തരം നൽകുകയും ചെയ്യുന്നു.

യോശുവ 1:8 പറയുന്നു, "തിരുവെഴുത്തുകളിലുള്ള ദൈവവചനം പ്രമാണിച്ചു ധ്യാനിക്കയും പ്രാർത്ഥിക്കയും ചെയ്യുവിൻ." അപ്പോൾ, യോശുവ 1:9 പ്രഖ്യാപിക്കുന്നതുപോലെ, നിങ്ങൾ ദൈവത്തിന്റെ സാന്നിധ്യം അനുഭവിക്കുകയും ശക്തരും ധീരരുമായിത്തീരുകയും നിങ്ങൾ പോകുന്നിടത്തെല്ലാം ദൈവം നിങ്ങളോടൊപ്പം വരുകയും ചെയ്യും. ഉല്പത്തി 24:63-ൽ, യിസ്‌ഹാക്ക് ഒരു ഭാര്യയ്ക്കായി കാത്തിരിക്കുമ്പോൾ, തന്റെ ജീവിതത്തെക്കുറിച്ചുള്ള ദൈവത്തിന്റെ പദ്ധതിയെക്കുറിച്ച് ധ്യാനിക്കുകയും ദൈവം ശരിയായ വ്യക്തിയെ നൽകണമെന്ന് പ്രാർത്ഥിക്കുകയും സന്തോഷിക്കുകയും ചെയ്തു. അവൻ ധ്യാനിച്ചുകൊണ്ടിരിക്കുമ്പോൾത്തന്നെ, അവന്റെ ഭാര്യ ഒട്ടകങ്ങളോടുകൂടെ അവന്റെ പാളയത്തിലേക്കു വരികയായിരുന്നു. നിങ്ങളുടെ ജീവിതത്തിലും ദൈവം ശരിയായ ജീവിതപങ്കാളിയെ നൽകും. ദൈവത്തിന്റെ നന്മയെക്കുറിച്ച് ധ്യാനിക്കുക,  അവന്റെ വചനം വായിക്കുകയും സന്തോഷിക്കുകയും ചെയ്യുക. നിങ്ങൾ സന്തോഷിക്കുമ്പോൾ ദൈവത്തിന്റെ വചനം നിങ്ങളുടെ വായിൽ നിന്ന് പുറപ്പെടും, നിങ്ങളുടെ പ്രാർത്ഥന ഉയർന്നുവരും, ഉത്തരം ദൈവത്തിൽ നിന്ന് വരും. സങ്കീർത്തനം 39:3 പറയുന്നതുപോലെ, നിങ്ങൾ കർത്താവിന്റെ സന്നിധിയിൽ ധ്യാനിക്കുമ്പോൾ, നിങ്ങളുടെ ഹൃദയത്തിന് ചൂടു പിടിക്കുകയും നിങ്ങൾ  നാവെടുത്തു സംസാരിക്കുകയും നിങ്ങൾക്ക് ഉത്തരം ലഭിക്കുകയും ചെയ്യും.

PRAYER:
പ്രിയ കർത്താവേ, അങ്ങയുടെ വചനത്തെക്കുറിച്ചുള്ള എന്റെ പ്രാർത്ഥനയും ധ്യാനവും എപ്പോഴും അങ്ങയെ പ്രസാദിപ്പിക്കട്ടെ. എന്റെ എല്ലാ വിചാരങ്ങളും അങ്ങയുടെ പാദങ്ങളിൽ വയ്ക്കാനും, അങ്ങ് ഒരു നല്ല ദൈവമാണെന്നും, എന്റെ രക്ഷകനാണെന്നും, എന്റെ ദാതാവാണെന്നും, കഷ്ടകാലങ്ങളിൽ എന്റെ ഏറ്റവും അടുത്ത തുണയാണെന്നും ഉള്ള അങ്ങയുടെ സത്യത്തിൽ വിശ്രമിക്കാനും എന്നെ പഠിപ്പിക്കണമേ. എന്നെ ശരിയായ വഴിയിൽ നയിക്കാൻ അങ്ങ് വിശ്വസ്തനാണെന്ന് വിശ്വസിച്ചുകൊണ്ട് എന്റെ ഹൃദയം എപ്പോഴും അങ്ങയുടെ സാന്നിധ്യത്തിൽ സന്തോഷിക്കട്ടെ. പരിശുദ്ധാത്മാവേ, അങ്ങയുടെ നന്മയെക്കുറിച്ചുള്ള ചിന്തകളാൽ എന്റെ മനസ്സും അങ്ങയെ പ്രസാദിപ്പിക്കുന്ന വാക്കുകളാൽ എന്റെ വായയും നിറയ്‌ക്കേണമേ. എന്റെ പ്രാർത്ഥനകൾ പരാതിയുള്ളതോ ഭയമുള്ളതോ ആയ ഹൃദയത്തിൽ നിന്നല്ല, നന്ദിയുള്ള ഹൃദയത്തിൽ നിന്ന് ഒഴുകുന്നതായിരിക്കട്ടെ. കർത്താവേ, എന്റെ പ്രാർത്ഥന കേട്ടതിനും എന്റെ അടുത്തായിരിക്കുന്നതിനും അങ്ങയുടെ പരിപൂർണ്ണമായ രീതിയിൽ ഉത്തരം നൽകിയതിനും ഞാൻ അങ്ങേയ്ക്ക് നന്ദി പറയുന്നു. യേശുവിന്റെ വിലയേറിയ നാമത്തിൽ, ആമേൻ.