എന്റെ പ്രിയ സുഹൃത്തേ, ഇന്ന് കർത്താവിനോടൊപ്പം ആയിരിക്കുന്നതും അവന്റെ അനുഗ്രഹം സ്വീകരിക്കുന്നതും സന്തോഷകരമാണ്. നാം അത് ഒരുമിച്ച് സ്വീകരിക്കാൻ പോകുന്നു. അത് സങ്കീർത്തനം 119:148-ൽ നിന്നാണ്. ഇന്നത്തെ ഈ വാക്യം ഇപ്രകാരം പറയുന്നു, "തിരുവചനം ധ്യാനിക്കേണ്ടതിന്നു എന്റെ കണ്ണു യാമങ്ങളെ നോക്കിക്കൊണ്ടിരിക്കുന്നു". സങ്കീർത്തനക്കാരന്റെ വാഞ്ഛ നോക്കൂ: അവൻ എത്രമാത്രം ഉണർന്നിരിക്കുകയും ദൈവത്തിന്റെ വാഗ്‌ദത്തങ്ങളെക്കുറിച്ച് ധ്യാനിക്കാൻ കാത്തിരിക്കുകയും ചെയ്യുന്നു. ദൈവത്തിന്റെ വാഗ്‌ദത്തങ്ങൾ അതിശയകരവും കാത്തിരിക്കേണ്ടതുമാണ്. ഒരു കുടുംബത്തിൽ, മാതാപിതാക്കൾക്ക് തങ്ങളുടെ മക്കളെ വിട്ടു, പെട്ടെന്ന് ഒരു യാത്ര പോകേണ്ടിവന്നു. കുട്ടികൾ പറഞ്ഞു, "മമ്മി, ഡാഡി, ഞങ്ങൾ നിങ്ങളോടൊപ്പം വരാൻ പോകുന്നു; ഞങ്ങൾ നിങ്ങളെ വിടുകയില്ല". എന്നാൽ അവർ പറഞ്ഞു, "നിങ്ങൾക്ക് പരീക്ഷയുണ്ട്, ബന്ധുക്കൾക്കൊപ്പം കഴിയുകയും പരീക്ഷ എഴുതുകയും വേണം." അതിനാൽ, അവർ സമ്മതിച്ചു, "ശരി, നിങ്ങൾ ഞങ്ങൾക്ക് കളിപ്പാട്ടങ്ങളും സമ്മാനങ്ങളും കൊണ്ടുവന്നാൽ മാത്രം മതി" എന്ന് പറഞ്ഞു. മാതാപിതാക്കൾ "ശരി" എന്ന് പറഞ്ഞു. കുട്ടികൾ പറഞ്ഞു, "നിങ്ങൾ വാഗ്ദാനം ചെയ്യുമോ? ഞങ്ങൾക്ക് വാങ്ങിക്കൊടുത്തേ പറ്റൂ! " അവർ പറഞ്ഞു, "അതെ, അതെ, ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു-വിഷമിക്കേണ്ട, പോയി പഠിക്കുക".
മാതാപിതാക്കൾ മടങ്ങിയെത്തിയപ്പോൾ, കുട്ടികൾ അവരെ കണ്ടപ്പോൾ, അവർ ഓടി അവരുടെ മാതാപിതാക്കൾ കൊണ്ടുവന്ന സമ്മാനങ്ങൾ എന്താണെന്ന് കാണാൻ കാത്തിരുന്നു. വാസ്തവത്തിൽ, അവർ തങ്ങളുടെ വാഗ്ദാനം പാലിക്കുകയും എല്ലാ സമ്മാനങ്ങളും തുറന്ന് കാണിക്കുകയും ചെയ്തു. വിവിധ തരത്തിലുള്ള വസ്ത്രങ്ങൾ, വ്യത്യസ്ത ചോക്ലെറ്റുകൾ, ബിസ്‌കറ്റുകൾ, കളിപ്പാട്ടങ്ങൾ — ഒറ്റ സമ്മാനം മാത്രം അല്ല, അനവധി സമ്മാനങ്ങൾ അവർ തുറന്നു കാണിച്ചു. ഇങ്ങനെതന്നെയാണ് കർത്താവും നമുക്കു നൽകിയ വാഗ്ദാനങ്ങളെ ആദരിക്കുന്നത്. അവൻ സമൃദ്ധമായി കൊടുക്കുകയും തന്റെ വാക്ക് നിറവേറ്റുകയും ചെയ്യുന്നു. മുഴുവൻ സമയ ശുശ്രൂഷയ്ക്കായി കർത്താവ് എന്റെ മുത്തച്ഛനെ വിളിച്ച നിമിഷം ഞാൻ ഓർക്കുന്നു. അദ്ദേഹം ഒരു ബാങ്കിൽ ജോലി ചെയ്യുകയും വൈകുന്നേരങ്ങളിൽ ശുശ്രൂഷ ചെയ്യുകയും ചെയ്തിരുന്നു. കർത്താവ് അദ്ദേഹത്തെ വിളിച്ചപ്പോൾ, ബാങ്ക് ജോലി ഉപേക്ഷിച്ച് പൂർണ്ണമായും ശുശ്രൂഷയിൽ പ്രവേശിക്കാൻ അദ്ദേഹം വളരെ മടിച്ചു.
ആ നിമിഷത്തിൽ കർത്താവ് അദ്ദേഹത്തിന് ഒരു ദിവ്യാനുഭവം നൽകികൊണ്ട് മുഖാമുഖമായി ഇങ്ങനെ ചോദിച്ചു, "നീ പോകുന്നിടത്തെല്ലാം ഞാൻ നിന്നോടൊപ്പം വരാൻ സമ്മതിച്ചാൽ, എന്നെ സേവിക്കാൻ നീ സമ്മതിക്കുമോ?" എന്റെ മുത്തച്ഛൻ പറഞ്ഞു, "അതെ, കർത്താവേ". അപ്പോൾ, കർത്താവ് ഒരു ചുരുളിൽ ഇങ്ങനെ എഴുതി, "ഞാൻ, യേശു, ദിനകരൻ എവിടേക്കു പോകുന്നുവോ അവിടെയെല്ലാം കൂടെ പോകും", എന്ന് തന്റെ പേര് എഴുതി ഒപ്പിട്ടു. ഇന്നുവരെ, തലമുറകളായി അവൻ ആ വാഗ്‌ദത്തം നിറവേറ്റിയിട്ടുണ്ട്. ഇതാണ് ശുശ്രൂഷയിൽ കാര്യങ്ങൾ സംഭവിക്കാൻ കാരണം. അവൻ ഞങ്ങളെ തന്നോട് അടുപ്പിച്ചു നിർത്തുകയും ശുശ്രൂഷയ്ക്കുള്ള വാതിൽ തുറക്കുകയും ചെയ്തിട്ടുണ്ട്. ഞങ്ങൾ മുന്നോട്ട് വരുമ്പോഴെല്ലാം യേശു തന്നെത്തന്നെ ജനങ്ങൾക്ക് വെളിപ്പെടുത്തുന്നു. ദൈവവചനത്തിൽ നിന്ന് അവൻ നിങ്ങൾക്ക് കാണിച്ചുതരുന്ന ദൈനംദിന വാഗ്‌ദത്തം അവൻ നിറവേറ്റി തരും. അവന്റെ വാഗ്‌ദത്തങ്ങൾക്കായി വാഞ്ഛിക്കുന്ന ഒരു ഹൃദയത്തിനായി നമുക്ക് ദൈവത്തോട് പ്രാർത്ഥിക്കാമോ?
PRAYER:
സ്നേഹവാനായ കർത്താവേ, അങ്ങ് എന്റെ വാഗ്‌ദത്തങ്ങൾ പാലിക്കുന്ന കർത്താവാണ്. അങ്ങയുടെ വാഗ്‌ദത്തങ്ങൾ ശക്തമാണ്, ഓരോന്നിനും എന്റെ ജീവിതത്തെ മാറ്റാനുള്ള ശക്തിയുണ്ട്. എനിക്ക് സങ്കൽപ്പിക്കാൻ കഴിയുന്നതിലും അപ്പുറമായി അങ്ങ് സമൃദ്ധമായി അനുഗ്രഹിക്കുന്നു. അങ്ങയുടെ വാഗ്‌ദത്തങ്ങൾ കേൾക്കാനും എല്ലാ ദിവസവും അങ്ങയുടെ വചനം വായിക്കാനും എനിക്കുവേണ്ടിയുള്ള സന്ദേശം സ്വീകരിക്കാനും ആഗ്രഹിക്കുന്ന ഒരു ഹൃദയം ദയവായി എനിക്ക് നൽകേണമേ. ഞാൻ വായിക്കാനായി അങ്ങയുടെ മുമ്പിൽ ഇരിക്കുമ്പോൾ കർത്താവേ, എന്റെ കണ്ണുകളും ചെവികളും തുറക്കണമേ. അങ്ങയുടെ വാഗ്‌ദത്തങ്ങളുടെ രഹസ്യങ്ങൾ എനിക്കു വെളിപ്പെടുത്തേണമേ. എന്നോട് വ്യക്തിപരമായി സംസാരിക്കേണമേ, അങ്ങയുടെ വചനത്തിലൂടെ അങ്ങ് എന്നെ നയിക്കുമ്പോൾ അങ്ങയുടെ സാന്നിധ്യം എനിക്ക് അനുഭവപ്പെടട്ടെ. എന്റെ ജീവിതത്തിൽ അങ്ങ് പറഞ്ഞ എല്ലാ വാഗ്‌ദത്തങ്ങളും സാക്ഷാത്കരിക്കപ്പെടട്ടെ. എല്ലാ ദിവസവും പ്രത്യാശയോടും പ്രതീക്ഷയോടുംകൂടി അങ്ങയുടെ വാഗ്‌ദത്തങ്ങൾക്കായി ഞാൻ കാത്തിരിക്കുന്നു. യേശുവേ, ആ വാഞ്ഛയുള്ള ഹൃദയം ഇന്ന് അങ്ങിൽ നിന്ന് ഞാൻ സ്വീകരിക്കുന്നു. വിശ്വസ്തനും സത്യസന്ധനുമായിരിക്കുന്നതിന് അങ്ങേക്ക് നന്ദി. അങ്ങയുടെ വിലയേറിയ നാമത്തിൽ, ആമേൻ.

ദൈവരാജ്യം കെട്ടിപ്പടുക്കുന്നതിൽ കൈകോർക്കുക
Donate Now


