എന്റെ പ്രിയരേ, കർത്താവ് നിങ്ങളെ വീണ്ടെടുക്കുകയും തന്റെ സ്വന്തം ജനമായി സൂക്ഷിക്കുകയും ചെയ്തിരിക്കുന്നു. പിശാചിന്റെയും പാപത്തിന്റെയും ദുഷ്ടന്റെയും വഞ്ചകന്റെയും കയ്യിൽ നിന്ന് അവൻ നിങ്ങളെ വീണ്ടെടുത്തിരിക്കുന്നു. ഇന്നത്തെ വാഗ്‌ദത്ത വാക്യമായ, യെശയ്യാവു 43:1, ഇപ്രകാരം പറയുന്നു, " ഞാൻ നിന്നെ വീണ്ടെടുത്തിരിക്കുന്നു; ഞാൻ നിന്നെ പേർ ചൊല്ലി വിളിച്ചിരിക്കുന്നു; നീ എനിക്കുള്ളവൻ തന്നേ." എത്ര വലിയ ഒരു അനുഗ്രഹം! നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകരുത്. കർത്താവ് പറയുന്നു, "നീ എന്റെ പൈതലാണ്. ഞാൻ നിന്നെ വീണ്ടെടുത്തിരിക്കുന്നു. നീ എന്റേതാണ്. ഞാൻ നിന്നെ ആരുടെയും കൈകളിലോ ഒരു പ്രശ്നത്തിന്റെയും കൈകളിലോ വിടില്ല. ഞാൻ നിന്നെ പേരുചൊല്ലി വിളിക്കുകയും നിന്നെ എന്റേതായി ചേർത്തുനിർത്തുകയും ചെയ്തിരിക്കുന്നു. ഞാൻ നിന്നെ പരിപാലിക്കും."
ഇന്ന് കർത്താവ് നിങ്ങൾക്ക് ഈ അനുഗ്രഹം നൽകുന്നു. അത് വിശ്വസിക്കുകയും അവന് നന്ദി പറയുകയും ആ അനുഗ്രഹം അനുഭവിക്കുകയും ചെയ്യുക. കർത്താവിനാൽ വീണ്ടെടുക്കപ്പെടുക എന്നതിനർത്ഥമെന്ത്? എഫെസ്യർ 1:7-ൽ ഇങ്ങനെ പറയുന്നു: " അവനിൽ നമുക്കു അവന്റെ രക്തത്താൽ അതിക്രമങ്ങളുടെ മോചനമെന്ന വീണ്ടെടുപ്പു ഉണ്ടു. അതു അവൻ നമുക്കു താൻ ധാരാളമായി കാണിച്ച കൃപാധനപ്രകാരം നല്കിയിരിക്കുന്നു." നാം പാപത്തിലാണ് ജീവിക്കുന്നതെങ്കിൽ, നാം പിശാചിന്റെ സ്വാധീനത്തിലാകും. എന്നാൽ കർത്താവ് നമ്മെ പാപത്തിൽ നിന്ന് മോചിപ്പിക്കുകയും തന്റെ മക്കളായി പരിവർത്തനം ചെയ്യുകയും ചെയ്യുന്നു. പാപം അറിയാത്ത യേശു നമുക്ക് വേണ്ടി ക്രൂശിൽ സ്വയം സമർപ്പിക്കപ്പെട്ടു. അവന്റെ വിലയേറിയ രക്തം സകല പാപങ്ങളിൽ നിന്നും നമ്മെ ശുദ്ധീകരിക്കുന്നു.
നാം യേശുവിന് നമ്മെത്തന്നെ സമർപ്പിച്ച്, "കർത്താവേ, അങ്ങയുടെ രക്തം കൊണ്ട് എന്റെ പാപങ്ങൾ കഴുകണമേ. എന്റെ ചിന്തകളെയും പ്രവൃത്തികളെയും ശുദ്ധീകരിക്കുകയും പാപപൂർണ്ണമായ ശീലങ്ങൾ നീക്കിക്കളയുകയും ചെയ്യണമേ" എന്ന് പ്രാർത്ഥിക്കുമ്പോൾ അവൻ നമ്മെ കഴുകി രൂപാന്തരപ്പെടുത്തുന്നു. പാപത്തിന്റെ സ്വാധീനവും സ്വഭാവവും അപ്രത്യക്ഷമാകുകയും യേശുവിന്റെ സ്വരൂപവും സ്വഭാവവും വിശുദ്ധിയും നമ്മുടെ ജീവിതത്തിൽ നിറയാൻ തുടങ്ങുകയും ചെയ്യുന്നു. നമ്മുടെ ശരീരങ്ങൾ അവന്റെ ആലയമായി മാറുകയും നമ്മുടെ ജീവിതം രൂപാന്തരപ്പെടുകയും ചെയ്യുന്നു. നിങ്ങളുടെ വായ് തുറന്ന് ഇപ്രകാരം പറയുക, "കർത്താവേ, എന്നെ വീണ്ടെടുക്കണമേ. അങ്ങയുടെ പൈതലെന്ന നിലയിൽ എന്നെ വീണ്ടെടുക്കണമേ. അങ്ങയുടെ സ്വന്തം ജനമായി എന്നെ വീണ്ടെടുക്കണമേ." യാചിക്കുന്ന എല്ലാവർക്കും കിട്ടും. യേശുവിന്റെ നാമത്തിൽ അപേക്ഷിക്കുക. അവൻ നിങ്ങളെ വീണ്ടെടുക്കുകയും തന്റെ പൈതലായി നിങ്ങളെ മാറ്റുകയും ചെയ്യും.
വീണ്ടെടുപ്പിന്റെ അനുഗ്രഹങ്ങൾ
ഒന്നാമതായി, ശാപത്തിൽ നിന്നുള്ള വീണ്ടെടുപ്പ്: പിശാചിന്റെയും പാപത്തിന്റെയും സ്വാധീനത്തിൽ നാം ജീവിക്കുമ്പോൾ, അത് നമ്മുടെ ജീവിതത്തിലേക്ക് ഒരു ശാപം കൊണ്ടുവരുന്നു. പണം, ആഗ്രഹങ്ങൾ, ദുർമോഹങ്ങൾ, മറ്റ് പാപകരമായ കാര്യങ്ങൾ എന്നിവയെല്ലാം ശാപമായിത്തീരാം. എന്നാൽ കർത്താവ് തന്റെ മക്കളെ ശാപത്തിൽ നിന്ന് വീണ്ടെടുക്കുന്നു. ഗലാത്യർ 3:13 ൽ നാം ഇക്കാര്യം വായിക്കുന്നു.
രണ്ടാമതായി, കർത്താവ് നിങ്ങൾക്ക് ജ്ഞാനവും നീതിയും വിശുദ്ധിയും നൽകുന്നു: 1 കൊരിന്ത്യർ 1:30-31 അനുസരിച്ച്, ക്രിസ്തു നമ്മുടെ ജ്ഞാനവും നീതിയും ശുദ്ധീകരണവും വീണ്ടെടുപ്പുമായിത്തീരുന്നു. മരണത്തിലേക്ക് നയിക്കുന്ന വഴികളിൽ ജീവിക്കുന്നതിനുപകരം, കർത്താവിന്റെ വീണ്ടെടുപ്പിലൂടെ നമുക്ക് ജ്ഞാനവും നീതിയും വിശുദ്ധിയും പ്രത്യാശയും ലഭിക്കുന്നു.
മൂന്നാമതായി, കഷ്ടപ്പാടുകളിൽ നിന്നും ദുരിതങ്ങളിൽ നിന്നും കർത്താവ് നിങ്ങളെ വീണ്ടെടുക്കുന്നു: സകല കഷ്ടത്തിൽനിന്നും കർത്താവ് തന്റെ ജീവനെ വീണ്ടെടുത്തിരിക്കുന്നു എന്ന് ദാവീദ് പ്രഖ്യാപിച്ചത് 1 രാജാക്കന്മാർ 1:29-30-ൽ നാം വായിക്കുന്നു. അതുപോലെതന്നെ, കർത്താവിന് നിങ്ങളെ കഷ്ടങ്ങളിൽ നിന്ന് അകറ്റിനിർത്താനും വീണ്ടെടുക്കാനും കഴിയും. നിങ്ങൾക്കെതിരെ അന്യായമോ ക്രിമിനൽ നടപടികളോ നടക്കുമ്പോഴും അവന് നിങ്ങളെ രക്ഷിക്കാനും സംരക്ഷിക്കാനും കഴിയും.
നാലാമതായി, നിങ്ങൾ സ്വർഗ്ഗത്തിലെത്തേണ്ടതിനായി അവൻ നിങ്ങളെ തന്റെ വീണ്ടെടുക്കപ്പെട്ട പൈതലായി നിലനിർത്തുന്നു: ഇയ്യോബ് 19:25-27 -ൽ ഇയ്യോബ് ഇപ്രകാരം പ്രഖ്യാപിച്ചു, "എന്നെ വീണ്ടെടുക്കുന്നവൻ ജീവിച്ചിരിക്കുന്നു. എന്റെ സ്വന്തകണ്ണു അവനെ കാണും."
കർത്താവ് നിങ്ങൾക്ക് ഈ കൃപ നൽകുകയും നിങ്ങൾ സ്വർഗത്തിൽ എത്തുന്നതുവരെ നിങ്ങളെ തന്റെ വീണ്ടെടുക്കപ്പെട്ട പൈതലായി കാത്തുസൂക്ഷിക്കുകയും ചെയ്യട്ടെ. അതിനാൽ, യേശുവിന്റെ പൈതലായി സന്തോഷത്തോടെ ജീവിക്കുക, വിശുദ്ധിയിൽ ജീവിക്കുക, ജ്ഞാനവും മഹത്വവും കൊണ്ട് നിറയുക, ശാപങ്ങളിൽ നിന്ന് വിടുതൽ അനുഭവിക്കുക, സ്വർഗ്ഗത്തിന്റെ പ്രത്യാശയോടെ ജീവിക്കുക. അങ്ങനെ കർത്താവിന്റെ വീണ്ടെടുപ്പിന്റെ അനുഗ്രഹം നിങ്ങളുടെമേൽ ചൊരിയട്ടെ. നിങ്ങളുടെ ജീവിതം അവന്റെ കരങ്ങളിൽ സമർപ്പിക്കുകയും അവന്റെ അനുഗ്രഹം അനുഭവിക്കുകയും ചെയ്യുക.
PRAYER:
പ്രിയ കർത്താവായ യേശുവേ, അങ്ങയുടെ വിലയേറിയ രക്തത്തിലൂടെ എന്നെ വീണ്ടെടുത്തതിനും അങ്ങയുടെ സ്വന്തം പൈതലായി എന്നെ പേരുചൊല്ലി വിളിച്ചതിനും അങ്ങേയ്ക്ക് നന്ദി. പാപം, ശാപങ്ങൾ, പാപസ്വഭാവങ്ങൾ, മോഹങ്ങൾ, തെറ്റായ ബന്ധങ്ങൾ, കഷ്ടപ്പാടുകൾ, എല്ലാവിധ ദുരിതങ്ങൾ എന്നിവയിൽ നിന്നെല്ലാം എന്നെ വീണ്ടെടുക്കണമേ. എന്റെ ചിന്തകളെയും പ്രവർത്തനങ്ങളെയും ശുദ്ധീകരിച്ച്, എന്നെ വിശുദ്ധീകരിക്കുകയും, അങ്ങയുടെ വിശുദ്ധ മന്ദിരമാക്കി എന്നെ രൂപാന്തരപ്പെടുത്തുകയും ചെയ്യണമേ. ജ്ഞാനവും നീതിയും വിശുദ്ധിയും സ്വർഗീയ പ്രത്യാശയും കൊണ്ട് എന്നെ നിറയ്ക്കണമേ. തിന്മയിൽ നിന്നും എല്ലാവിധ തെറ്റായ പ്രവൃത്തികളിൽ നിന്നും എന്നെ സംരക്ഷിക്കണമേ. എന്റെ കുടുംബത്തെ വീണ്ടെടുക്കുകയും അങ്ങയുടെ മഹത്വത്തിനായി ഞങ്ങളെ അഭിവൃദ്ധിപ്പെടുത്തുകയും ചെയ്യണമേ. അങ്ങയുടെ വീണ്ടെടുക്കപ്പെട്ട മക്കളായി ജീവിക്കാനും സ്വർഗത്തിലെത്താനും ഞങ്ങളെ സഹായിക്കണമേ. അങ്ങയുടെ അനുഗ്രഹവും നന്മയും സമൃദ്ധിയും കൃപയും ഇന്ന് ഞങ്ങളുടെമേൽ വസിക്കട്ടെ. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.

ദൈവരാജ്യം കെട്ടിപ്പടുക്കുന്നതിൽ കൈകോർക്കുക
Donate Now


