എന്റെ വിലയേറിയ ദൈവമക്കളേ, ഞാൻ നിങ്ങളെ എല്ലാവരെയും സ്വാഗതം ചെയ്യുകയും നമ്മുടെ കർത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ അതുല്യമായ നാമത്തിൽ നിങ്ങൾക്ക് വന്ദനം പറയുകയും ചെയ്യുന്നു. ഇന്നത്തെ വാഗ്ദത്തം യിരെമ്യാവ് 30:17-ൽ നിന്നുള്ളതാണ്, അവിടെ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: "ഞാൻ നിന്റെ മുറിവുകളെ പൊറുപ്പിച്ചു നിനക്കു ആരോഗ്യം വരുത്തും." ഇത് ആശ്വാസം പകരുന്ന ഒരു വാക്യം മാത്രമല്ല - വേദനിക്കുന്ന ഓരോ ഹൃദയത്തോടുമുള്ള ദൈവത്തിന്റെ വ്യക്തിപരമായ വാഗ്ദത്തം കൂടിയാണ്.
ഒരുപക്ഷേ ഇന്ന് നിങ്ങൾ പറയുന്നുണ്ടാകാം, "എന്റെ കയ്യിൽ പണമില്ല. എനിക്ക് എന്റെ ആരോഗ്യം നഷ്ടപ്പെട്ടു. ഞാൻ മരിക്കാൻ പോകുകയാണെന്ന് എനിക്ക് തോന്നുന്നു. എല്ലാവരും എന്നെ ഉപേക്ഷിച്ചു. എന്നെ സഹായിക്കാൻ ആരുമില്ല. ഞാൻ ഇനി എന്തു ചെയ്യും?" കർത്താവ് സ്നേഹപൂർവം മറുപടി നൽകുന്നു, " ഞാൻ നിനക്കു ആരോഗ്യം വരുത്തും". അവനിലേക്ക് നോക്കാനും പൂർണ്ണഹൃദയത്തോടെ അവനെ അന്വേഷിക്കാനും മാത്രമാണ് അവൻ നിങ്ങളോട് ആവശ്യപ്പെടുന്നത്. നിങ്ങൾ അവനെ ആത്മാർത്ഥമായി അന്വേഷിക്കുമ്പോൾ, നിങ്ങൾക്ക് ആവശ്യമുള്ളതെല്ലാം അത്ഭുതകരമായ രീതിയിൽ അവൻ നൽകും.
യിരെമ്യാവ് 33:6 ൽ കർത്താവ് ഈ ഉറപ്പ് ആവർത്തിക്കുന്നു, അവൻ ആരോഗ്യം പുനഃസ്ഥാപിക്കുമെന്നും രോഗശാന്തിയും സമാധാനവും കൊണ്ടുവരുമെന്നും പറയുന്നു. വേദപുസ്തകത്തിലുടനീളം ദൈവം തന്റെ മക്കൾക്കുള്ള വിലയേറിയ വാഗ്‌ദത്തങ്ങൾ കൊണ്ട് തന്റെ വചനത്തെ നിറച്ചിരിക്കുന്നു. എന്നാൽ, വേദപുസ്തകം വായിക്കുന്നത് നാം ഒരു ശീലമാക്കുന്നുണ്ടോ എന്നതാണ് ചോദ്യം?. ദൈവവചനത്തിൽ രേഖപ്പെടുത്തിയിട്ടുള്ള എല്ലാ വാഗ്‌ദത്തങ്ങളും നമ്മുടെ നന്മയ്ക്കായി കർത്താവ് തന്നെ നേരിട്ട് അരുളിച്ചെയ്തതാണ്. ഈ വാഗ്‌ദത്തങ്ങൾ നാം വ്യക്തിപരമായി സ്വീകരിക്കുകയും അവ നമുക്കുള്ളതാണെന്ന് വിശ്വസിക്കുകയും വേണം.
"വിശ്വസിച്ചാൽ നീ ദൈവത്തിന്റെ മഹത്വം കാണും" എന്ന് യോഹന്നാൻ 11:40-ൽ യേശു പറയുന്നു. വിശ്വാസം ദൈവത്തിന്റെ അത്ഭുതകരമായ ഇടപെടലിനുള്ള വാതിൽ തുറക്കുന്നു. നിങ്ങളുടെ സാഹചര്യം എത്ര അസാധ്യമാണെന്ന് തോന്നിയാലും, അവന്റെ വാഗ്‌ദത്തത്തിൽ വിശ്വസിക്കുന്നത് നിങ്ങളുടെ ജീവിതത്തിൽ അവന്റെ മഹത്വം വെളിപ്പെടാൻ ഇടയാക്കുന്നു.
മലാഖി 4:2-ലും കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ എന്റെ നാമത്തെ ഭയപ്പെടുന്ന നിങ്ങൾക്കോ നീതിസൂര്യൻ തന്റെ ചിറകിൻ കീഴിൽ രോഗോപശാന്തിയോടുകൂടെ ഉദിക്കും." അതിനാൽ, കർത്താവുമായി അടുത്ത ബന്ധം നിലനിർത്തുക. എല്ലാ ദിവസവും പ്രാർത്ഥനയിലൂടെ അവനോട് സംസാരിക്കുക. അവന്റെ വചനം വായിച്ചുകൊണ്ട് അവന്റെ ശബ്ദം കേൾക്കുക. അവന്റെ മുമ്പിൽ വിശുദ്ധവും ദൈവഭക്തിയുള്ളതുമായ ജീവിതം നയിക്കുക. അങ്ങനെ ചെയ്യുമ്പോൾ, നിങ്ങളുടെ ജീവിതത്തെക്കുറിച്ച് അവൻ അരുളിച്ചെയ്ത ഓരോ വാഗ്‌ദത്തവും അവൻ നിറവേറ്റും.
ഇന്ന്, "ഞാൻ നിന്റെ മുറിവുകളെ പൊറുപ്പിച്ചു നിനക്കു ആരോഗ്യം വരുത്തും" എന്ന അവന്റെ ഉറപ്പ് ആത്മവിശ്വാസത്തോടെ സ്വീകരിക്കുക. നിങ്ങളുടെ മുറിവുകൾ ശാരീരികമോ വൈകാരികമോ സാമ്പത്തികമോ ആത്മീയമോ ആകട്ടെ, നിങ്ങളുടെ ജീവിതത്തിലെ തകർന്ന എല്ലാ മേഖലകളും പുനഃസ്ഥാപിക്കാൻ കർത്താവിന് കഴിയും. അവനെ ആശ്രയിക്കുകയും അവന്റെ വചനത്തിൽ വിശ്വസിക്കുകയും അവന്റെ അത്ഭുതകരമായ പുനഃസ്ഥാപനം അനുഭവിക്കുകയും ചെയ്യുക.
PRAYER:
പ്രിയ കർത്താവേ, എന്റെ ആരോഗ്യം പുനഃസ്ഥാപിക്കുകയും എന്റെ എല്ലാ മുറിവുകളും സൗഖ്യമാക്കുകയും ചെയ്യുമെന്ന അങ്ങയുടെ വിലയേറിയ വാഗ്‌ദത്തത്തിന് അങ്ങേക്ക് നന്ദി. പൂർണ്ണഹൃദയത്തോടെ അങ്ങയെ അന്വേഷിക്കാനും അങ്ങയുടെ അചഞ്ചലമായ വചനത്തിൽ ആശ്രയിക്കാനും എന്നെ സഹായിക്കണമേ. എല്ലാ സാഹചര്യങ്ങളിലും അങ്ങയുടെ മഹത്വം കാണുവാൻ കഴിയത്തക്കവിധം എന്റെ വിശ്വാസത്തെ ശക്തിപ്പെടുത്തണമേ. എന്റെ ജീവിതത്തിൽ നിന്ന് എല്ലാ രോഗങ്ങളും വേദനയും ഭയവും ഏകാന്തതയും നിരാശയും ഭാരവും നീക്കിക്കളയണമേ. അങ്ങയുടെ ദൈവികമായ സമാധാനവും സന്തോഷവും ശക്തിയും കൊണ്ട് എന്നെ നിറയ്ക്കണമേ. അങ്ങയോട് ചേർന്ന് നടക്കാനും, അങ്ങയുടെ വചനം ദിവസവും ധ്യാനിക്കാനും, അങ്ങേക്ക് പ്രസാദകരമായ വിശുദ്ധ ജീവിതം നയിക്കാനും എന്നെ സഹായിക്കണമേ. എന്റെ ജീവിതത്തിലെ തകർന്ന ഓരോ മേഖലയും പുനഃസ്ഥാപിക്കുകയും എന്റെ എല്ലാ ആവശ്യങ്ങളും അങ്ങയുടെ അത്ഭുതകരമായ രീതിയിൽ നിറവേറ്റുകയും ചെയ്യണമേ. എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ, അങ്ങയുടെ സാന്നിധ്യത്താൽ ഞങ്ങളെ വലയം ചെയ്യണമേ, അങ്ങയുടെ രോഗശാന്തി ശക്തി ഞങ്ങളുടെ ജീവിതത്തിന്റെ എല്ലാ ഭാഗങ്ങളിലൂടെയും ഒഴുകട്ടെ. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.

ദൈവരാജ്യം കെട്ടിപ്പടുക്കുന്നതിൽ കൈകോർക്കുക
Donate Now


