എന്റെ സുഹൃത്തേ, ദൈവത്തിന്റെ സാക്ഷ്യങ്ങളെയും പ്രവർത്തനങ്ങളെയും കുറിച്ച് ധ്യാനിക്കുമ്പോൾ നാം എല്ലാ കാര്യങ്ങളെക്കുറിച്ചും ഉൾക്കാഴ്ച നേടുകയും വിജയം കണ്ടെത്തുകയും ചെയ്യുന്നു. സങ്കീർത്തനം 119:99 പറയുന്നതുപോലെ, “നിന്റെ സാക്ഷ്യങ്ങൾ എന്റെ ധ്യാനമായിരിക്കകൊണ്ടു എന്റെ സകലഗുരുക്കന്മാരിലും ഞാൻ ബുദ്ധിമാനാകുന്നു." ദാനിയേൽ 5:11-ൽ ഒരു രാജ്യത്തെ രാജ്ഞി ദാനിയേലിനെക്കുറിച്ച് ഒരിക്കൽ ഇങ്ങനെ പറഞ്ഞു, “രാജാവേ, ദേവന്മാരുടേതുപോലുള്ള ഉൾക്കാഴ്ചയും ബുദ്ധിയും ജ്ഞാനവുമുള്ള ഒരു പുരുഷൻ നിന്റെ രാജ്യത്തിലുണ്ട്.” അതാണ് ദൈവം നിങ്ങൾക്ക് നൽകാൻ ആഗ്രഹിക്കുന്നത് : ദൈവിക ഉൾക്കാഴ്ച, ബുദ്ധി, ജ്ഞാനം. 1 കൊരിന്ത്യർ 12:8 ൽ പരാമർശിച്ചിരിക്കുന്നതുപോലെ പരിശുദ്ധാത്മാവിന്റെ വരങ്ങളിലൂടെയാണ് ഇത് വരുന്നത്, അതിനെ 'ജ്ഞാനവചനത്തിന്റെ വരം' എന്ന് വിളിക്കുന്നു. യേശുവിന്റെ ആത്മാവായ പരിശുദ്ധാത്മാവ് നിങ്ങളിൽ പ്രവേശിക്കുമ്പോൾ ദൈവത്തിന്റെ ജ്ഞാനം നിങ്ങളിൽ പ്രവേശിക്കുന്നു. അപ്പോൾ നിങ്ങൾക്ക് പ്രശ്നങ്ങൾ കാണാനും അവയുടെ കാരണങ്ങൾ മനസിലാക്കാനും ദൈവത്തിൽ നിന്ന് പരിഹാരം നേടാനും കഴിയും.
തന്റെ ശുശ്രൂഷയിൽ യേശു തന്നെ ഈ ജ്ഞാനവും ഉൾക്കാഴ്ചയും പ്രകടമാക്കി. കിണറ്റിൻകരയിൽ വച്ച് ശമര്യക്കാരിയെ കണ്ടുമുട്ടിയപ്പോൾ അവൻ പറഞ്ഞു: "സ്ത്രീയേ, അഞ്ചു ഭർത്താക്കന്മാർ നിനക്കു ഉണ്ടായിരുന്നു; ഇപ്പോൾ ഉള്ളവനോ ഭർത്താവല്ല." അവൾ അത്ഭുതപ്പെട്ട് പറഞ്ഞു, " നീ ദൈവത്തിന്റെ ഒരു പ്രവാചകനാണ്!" അവൾ അവനോട് ഒന്നും പറയാതെ തന്നെ, അവളുടെ ജീവിതത്തിലേക്ക് നോക്കി, അവളുടെ ദാമ്പത്യത്തിലെ പ്രശ്നങ്ങൾ വെളിപ്പെടുത്താൻ യേശുവിന് കഴിഞ്ഞു. പിന്നെ അവൻ അവൾക്ക് ജീവജലത്തിന്റെ നദികൾ, ദൈവത്തിൽ നിന്നുള്ള ജീവൻ നൽകുന്ന അനുഗ്രഹങ്ങൾ നൽകി. അതുപോലെ, ദുഷ്ടന്മാർ യേശുവിനെ വളഞ്ഞപ്പോൾ, മത്തായി 9:3-4 പറയുന്നു, "അവരുടെ ഹൃദയത്തിൽ ദോഷം നിരൂപിക്കുന്നത് അവൻ അറിഞ്ഞു". ദൈവത്തിൽ നിന്നുള്ള ജ്ഞാനം നിറഞ്ഞ മറുപടിയോടെ അവൻ അവരുടെ പദ്ധതികളെ മറികടന്നു. പരിശുദ്ധാത്മാവ് നൽകുന്ന ഉൾക്കാഴ്ചയും ജ്ഞാനവും വഴി നിങ്ങൾക്കും എല്ലാ ദുഷ്ടതകളെ മറികടക്കാൻ കഴിയും.
II ദിനവൃത്താന്തം 1:10 - ൽ ശലോമോൻ "കർത്താവേ, എനിക്കു ജ്ഞാനവും വിവേകവും തരേണമേ" എന്നു പ്രാർത്ഥിക്കുകയും ദൈവം അവന്നു ജ്ഞാനവും അറിവും എല്ലാറ്റിലും ഉൾക്കാഴ്ചയും നൽകി. അവൻ ഏതു കാര്യവും മനസ്സിലാക്കാൻ കഴിവുള്ളവനായിരുന്നു, അതിന്റെ ഫലമായി സമ്പത്തും ധനവും മാനവും അവന് ലഭിച്ചു. ഇന്ന് നിങ്ങൾക്കും അത് തന്നെ നൽകാൻ ദൈവം ആഗ്രഹിക്കുന്നു. നിങ്ങൾ ഇങ്ങനെ നിലവിളിക്കുമോ? "കർത്താവേ, അങ്ങയുടെ പരിശുദ്ധാത്മാവിനാൽ എന്നെ നിറയ്‌ക്കേണമേ. എനിക്ക് ജ്ഞാനവും അഭിവൃദ്ധിയും വേണം. മറ്റുള്ളവരുടെ ജീവിതത്തിലേക്ക് നോക്കി ഒരു പരിഹാരം കൊണ്ടുവന്ന് ഞാൻ അവരെ സഹായിക്കണം. ലോകത്തിലെ ദുഷ്ടന്മാരെ മറികടക്കാൻ എനിക്ക് ഉൾക്കാഴ്ചയും ജ്ഞാനവും ഉണ്ടായിരിക്കണം" ഇപ്പോൾ, നിങ്ങൾ ഇങ്ങനെ പ്രാർത്ഥിക്കുമ്പോൾ, അവൻ നിങ്ങളെ തന്റെ ആത്മാവിനാലും ദിവ്യജ്ഞാനത്താലും നിറയ്ക്കും!
PRAYER:
സ്നേഹവാനായ കർത്താവേ, എല്ലാ ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും ഉറവിടമായതിന് ഞാൻ അങ്ങേയ്ക്ക് നന്ദി പറയുന്നു. കർത്താവേ, അങ്ങയുടെ പരിശുദ്ധാത്മാവിനാൽ എന്നെ നിറയ്ക്കണമേ, അങ്ങയുടെ ജ്ഞാനം എന്റെ ഉള്ളിൽ ഒഴുകട്ടെ. പ്രത്യക്ഷതയ്ക്ക് അതീതമായി കാണാനും അങ്ങയുടെ സത്യം മനസ്സിലാക്കാനും എനിക്ക് ദിവ്യമായ ഉൾക്കാഴ്ച നൽകേണമേ. അങ്ങയുടെ വചനത്തെ ധ്യാനിക്കാനും അങ്ങയുടെ ചട്ടങ്ങൾക്കനുസൃതമായി നടക്കാനും എന്നെ പഠിപ്പിക്കണമേ. പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനുള്ള വിവേകവും കൃപയും എനിക്ക് നൽകേണമേ. അങ്ങയുടെ ജ്ഞാനം എല്ലാ ദിവസവും എന്റെ വാക്കുകളെയും പ്രവർത്തനങ്ങളെയും തീരുമാനങ്ങളെയും നയിക്കട്ടെ. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.

ദൈവരാജ്യം കെട്ടിപ്പടുക്കുന്നതിൽ കൈകോർക്കുക
Donate Now


