എന്റെ പ്രിയരേ, ഇന്നത്തെ വാഗ്ദത്ത വചനം എഫെസ്യർ 1:13, 14 -ൽ നിന്നുള്ളതാണ്: " അവനിൽ നിങ്ങൾക്കും നിങ്ങളുടെ രക്ഷയെക്കുറിച്ചുള്ള സുവിശേഷം എന്ന സത്യവചനം നിങ്ങൾ കേൾക്കയും അവനിൽ വിശ്വസിക്കയും ചെയ്തിട്ടു... നമ്മുടെ അവകാശത്തിന്റെ അച്ചാരമായ വാഗ്ദത്തത്തിൻ പരിശുദ്ധാത്മാവിനാൽ മുദ്രയിട്ടിരിക്കുന്നു." നിങ്ങൾ കർത്താവിൽ വിശ്വസിക്കുകയും, അവനെ അനുഗമിക്കാൻ തുടങ്ങുകയും, അവനിൽ ആശ്രയിക്കുകയും ചെയ്യുമ്പോൾ, അവൻ നിങ്ങൾക്ക് വാഗ്ദത്തം ചെയ്യപ്പെട്ട പരിശുദ്ധാത്മാവിനെ നൽകുകയും, ഒരു മുദ്രയായി അവനെ നിങ്ങളുടെ ഉള്ളിൽ സ്ഥാപിക്കുകയും ചെയ്യുന്നു. കർത്താവ് ഇന്ന് നിങ്ങൾക്ക് ഈ കൃപ നൽകട്ടെ. നിങ്ങൾ പരിശുദ്ധാത്മാവിനാൽ നിറഞ്ഞ തന്റെ ആലയമാണെന്ന് എല്ലാ മനുഷ്യരുടെയും മുമ്പാകെ പ്രഖ്യാപിക്കാൻ കർത്താവ് ഈ മുദ്ര നിങ്ങളുടെ മേൽ വയ്ക്കുന്നു. അതിനാൽ, ധൈര്യമായിരിക്കുക!

എന്റെ പ്രിയരേ, തനിക്കുള്ളവരെയും തന്റെ പരിശുദ്ധാത്മാവിനാൽ മുദ്രയിട്ടവരെയും കർത്താവ് അറിയുന്നു. 2 തിമൊഥെയൊസ് 2:19-ൽ നാം വായിക്കുന്നതുപോലെ, " കർത്താവു തനിക്കുള്ളവരെ അറിയുന്നു എന്നും കർത്താവിന്റെ നാമം ഉച്ചരിക്കുന്നവൻ എല്ലാം അനീതി വിട്ടകന്നുകൊള്ളട്ടെ എന്നും ആകുന്നു അതിന്റെ മുദ്ര." ഈ മുദ്ര എന്തിനെ സൂചിപ്പിക്കുന്നു? അത് ദുഷ്ടതയിൽ നിന്നും അനീതിയിൽ നിന്നും പിന്തിരിയുന്ന ഒരു ജീവിതത്തെ - പരിശുദ്ധാത്മാവ് നിറഞ്ഞ ഒരു ജീവിതത്തെ - സൂചിപ്പിക്കുന്നു. പുരുഷനോ സ്ത്രീയോ ആകട്ടെ, കർത്താവിന്റെ നാമം വഹിക്കുന്ന എല്ലാവരും ദുഷ്ടതയിൽ നിന്ന് പിന്തിരിയാൻ വിളിക്കപ്പെട്ടിരിക്കുന്നു. അനീതി നടപ്പാക്കുകയോ അത് നമ്മുടെ ജീവിതത്തെ ഭരിക്കാൻ അനുവദിക്കുകയോ ചെയ്യരുത്. കർത്താവ് ഇന്ന് നമുക്ക് ഈ കൃപ നൽകുന്നു. പരിശുദ്ധാത്മാവിന്റെ മുദ്ര അർത്ഥമാക്കുന്നത് ഇതാണ്. അതുകൊണ്ടാണ് അവൻ നമുക്ക് പരിശുദ്ധാത്മാവിനെ ഒരു ദാനമായി നൽകിയത്. ഒടുവിൽ നാം നമ്മുടെ സ്വർഗ്ഗീയ ഭവനത്തിൽ എത്തുന്നതുവരെ കർത്താവ് തന്നെ നമ്മെ മുദ്രയിടുകയും സംരക്ഷിക്കുകയും ചെയ്യുന്നു. എഫെസ്യർ 4:30-ൽ നാം ഇപ്രകാരം വായിക്കുന്നു: "ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കരുതു; അവനാലല്ലോ നിങ്ങൾക്കു വീണ്ടെടുപ്പുനാളിന്നായി മുദ്രയിട്ടിരിക്കുന്നതു." നിങ്ങൾ സ്വർഗ്ഗത്തിലെത്തുന്ന നിമിഷം വരെ, കർത്താവ് തന്റെ സാന്നിധ്യത്തിലൂടെ നിങ്ങളെ സുരക്ഷിതരാക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു. അവന്റെ പൂർണ്ണമായ ഇഷ്ടം നിറവേറ്റുന്നതിനായി അവൻ നിങ്ങളെ കാത്തുസൂക്ഷിക്കുന്നു, കൂടാതെ ഓരോ ദിവസവും അവന്റെ ഹിതപ്രകാരം ജീവിക്കാൻ ആവശ്യമായ കൃപയും ശക്തിയും അവൻ നിങ്ങൾക്ക് നിരന്തരം നൽകുന്നു.

തന്നെ ദുഃഖിപ്പിക്കാത്ത രീതിയിൽ ജീവിക്കാൻ അവൻ നിങ്ങൾക്ക് കൃപ നൽകുന്നു. എല്ലാ ദിവസവും ഈ കൃപ ലഭിക്കുന്നതിന് നാം നിരന്തരം പരിശുദ്ധാത്മാവിനാൽ നിറയണം. നമ്മുടെ ബലഹീനതെക്കു പരിശുദ്ധാത്മാവ് തുണനില്ക്കുന്നു എന്നും ആത്മാവു തന്നേ ഉച്ചരിച്ചു കൂടാത്ത ഞരക്കങ്ങളാൽ നമുക്കു വേണ്ടി പക്ഷവാദം ചെയ്യുന്നു എന്നും റോമർ 8:26 പറയുന്നു. അങ്ങനെ നമ്മുടെ ജീവിതത്തിൽ ദൈവത്തിന്റെ ഹിതം നിറവേറുന്നു. നാം തെറ്റുകൾ ചെയ്യുമ്പോഴും, നമ്മുടെ കുറവുകളെ അഭിമുഖീകരിക്കുമ്പോഴും, ക്ഷീണിച്ചുപോകുമ്പോഴും, മനസ്സിനെ അലട്ടുന്ന ചോദ്യങ്ങളാൽ വിഷമിക്കുമ്പോഴും, പരിശുദ്ധാത്മാവ് നമ്മുടെ ഉള്ളിൽ പ്രവർത്തിക്കുകയും ഉച്ചരിച്ചു കൂടാത്ത ഞരക്കങ്ങളാൽ നമുക്കുവേണ്ടി മധ്യസ്ഥത വഹിക്കുകയും ചെയ്യുന്നു. അപ്പോൾ, കർത്താവിന്റെ മുദ്ര പതിഞ്ഞതിന്റെ തെളിവ് നമ്മുടെ ജീവിതത്തിൽ ദൃശ്യമാകുന്നു. പരിശുദ്ധാത്മാവിന്റെ മുദ്ര നമ്മെ ദൈവത്തിന്റെ സ്വന്തം ജനമായി അടയാളപ്പെടുത്തുന്നു. നാം അവന്റെ ആലയമായി സംരക്ഷിക്കപ്പെടുന്നു. സ്വർഗ്ഗത്തിന് അവകാശികളായ ജനങ്ങളായി നാം തുടർന്നും ജീവിക്കുന്നു. അങ്ങനെ ഒരു ദിവസം നാം നമ്മുടെ സ്വർഗ്ഗീയ ഭവനത്തിൽ എത്തിച്ചേരുകയും ചെയ്യും.

2 കൊരിന്ത്യർ 1:21-ൽ എഴുതിയിരിക്കുന്നതുപോലെ, “ ഞങ്ങളെ നിങ്ങളോടുകൂടെ ക്രിസ്തുവിൽ ഉറപ്പിക്കുന്നതും നമ്മെ അഭിഷേകം ചെയ്തതും ദൈവമല്ലോ." കർത്താവ് നമ്മെ ക്രിസ്തുവിൽ ഉറപ്പിക്കുകയും, തന്റെ ഉദ്ദേശ്യങ്ങൾ നിറവേറ്റുന്നതിനായി നമ്മെ ഈ ലോകത്ത് സ്ഥാപിക്കുകയും ചെയ്യുന്നു. അവൻ നിങ്ങൾക്ക് ഈ കൃപ നൽകുമാറാകട്ടെ. 2 കൊരിന്ത്യർ 1:22 അനുസരിച്ച്, അവൻ നമ്മെ മുദ്രയിട്ടും ആത്മാവു എന്ന അച്ചാരം നമ്മുടെ ഹൃദയങ്ങളിൽ തന്നുമിരിക്കുന്നു. അവൻ നിങ്ങളെ തന്റെ സ്വന്തം പൈതലായി നയിക്കും. റോമർ 8:14-ൽ ഇപ്രകാരം പറയുന്നു: " ദൈവാത്മാവു നടത്തുന്നവർ ഏവരും ദൈവത്തിന്റെ മക്കൾ ആകുന്നു."

അതെ, നിങ്ങൾ ദൈവത്തിന്റെ പൈതലാണ്! കർത്താവ് നിങ്ങളെ സ്വന്തം പൈതലായി കാത്തുപരിപാലിക്കുകയും സംരക്ഷിക്കുകയും ചെയ്യുമാറാകട്ടെ. അവസാനം വരെ, അതായത്‌ നിങ്ങൾ സ്വർഗ്ഗത്തിൽ എത്തുന്നതുവരെ, നിങ്ങൾ അവനെ ദുഃഖിപ്പിക്കാതിരിക്കാൻ കർത്താവ് നിങ്ങളെ മുദ്രയിട്ട് നയിക്കുമാറാകട്ടെ. സ്വർഗ്ഗത്തിന് അവകാശിയായ ഒരാളായി അവൻ നിങ്ങളെ കാത്തുസൂക്ഷിക്കുകയും നിരന്തരം തന്റെ ആത്മാവിനാൽ നിങ്ങളെ നിറയ്ക്കുകയും നിങ്ങൾക്കുവേണ്ടി മധ്യസ്ഥത വഹിക്കുകയും തന്റെ വഴികളിൽ നിങ്ങളെ നടത്തുകയും ശക്തിപ്പെടുത്തുകയും സംരക്ഷിക്കുകയും ചെയ്യുമാറാകട്ടെ.

PRAYER:
പിതാവേ, അങ്ങയുടെ പരിശുദ്ധാത്മാവിനാൽ മുദ്രയിടപ്പെടുന്നതിനുള്ള ഈ കൃപ എനിക്ക് നല്കണമേ. ഈ കൃപയുടെ നദി എന്റെ ജീവിതത്തിൽ തുടർന്നും സമൃദ്ധമായി ഒഴുകട്ടെ. പരിശുദ്ധാത്മാവിനാൽ മുദ്രയിടപ്പെടാനും നയിക്കപ്പെടാനും അങ്ങയുടെ ഹിതം നിറവേറ്റാനും ക്രിസ്തുവിൽ അങ്ങയുടെ പൈതലായി ജീവിക്കാനും എന്റെ സ്വർഗ്ഗീയ ഭവനത്തിലെത്താനുമുള്ള കൃപ എനിക്കു നല്കണമേ. യേശുവിന്റെ നാമത്തിൽ, ആമേൻ.