പ്രിയ സുഹൃത്തേ, സദൃശവാക്യങ്ങൾ 8:17 - ൽ കർത്താവ് പറയുന്നു, “എന്നെ സ്നേഹിക്കുന്നവരെ ഞാൻ സ്നേഹിക്കുന്നു; എന്നെ ജാഗ്രതയോടെ അന്വേഷിക്കുന്നവർ എന്നെ കണ്ടെത്തും." മറ്റൊരു വിവർത്തനത്തിൽ ഇങ്ങനെ പറയുന്നു: “പ്രഭാതത്തിൽ എന്നെ അന്വേഷിക്കുന്നവർ എന്നെ കണ്ടെത്തും.” ദിവസത്തിന്റെ ആരംഭത്തിൽ തന്നെ ദൈവത്തെ മുൻപിൽ വെയ്ക്കുമ്പോൾ, നമുക്ക് അവനെ കണ്ടെത്താനാകും. നിശ്ശബ്ദമായ സമയത്തെ തിരഞ്ഞെടുക്കുക, ഇരുട്ടായിരുന്നാലും എഴുന്നേറ്റ് ആത്മാർത്ഥമായി അവനെ അന്വേഷിക്കുക.
അപ്പോൾ നിങ്ങൾ തീർച്ചയായും അവനെ കണ്ടെത്തും. കർത്താവിനെ കണ്ടെത്താനായി അവനെ അന്വേഷിക്കുക. എന്റെ ഭർത്താവ് ഇത് പലപ്പോഴും പറയാറുണ്ട്. അതിരാവിലെ, മൂന്ന് മണി അദ്ദേഹത്തിന്റെ ഉണരുന്ന സമയമാണ്. "കർത്താവ് തന്നെ എല്ലാ ദിവസവും എന്നെ ഉണർത്തുന്നു" എന്ന് അദ്ദേഹം പറയും. നിങ്ങളോട് സംസാരിക്കാൻ ദൈവം ഇഷ്ടപ്പെടുന്ന സമയമാണിത്. പ്രവചനവചനത്തിലൂടെ കർത്താവ് എന്റെ ഭർത്താവിനോട് സംസാരിക്കുന്ന സമയമാണിത്. അവൻ അരുളിച്ചെയ്തു; അങ്ങനെ സംഭവിച്ചു എന്ന് വേദപുസ്തകം പറയുന്നു. അവൻ രാവിലെ സംസാരിക്കുന്ന വാക്കുകൾ ആ ദിവസം അവസാനിക്കുന്നതിന് മുമ്പ് തന്നെ നിറവേറും. എത്ര നല്ല ദൈവമാണ് നമുക്കുള്ളത്. യിരെമ്യാവ് 29:13 -ൽ കർത്താവ് പറയുന്നു, "നിങ്ങൾ എന്നെ അന്വേഷിക്കും; പൂർണ്ണഹൃദയത്തോടെ അന്വേഷിക്കുമ്പോൾ നിങ്ങൾ എന്നെ കണ്ടെത്തും."

"സത്യത്തിലും ആത്മാവിലും അവനെ ആരാധിക്കുക" എന്ന് വേദപുസ്തകം പറയുന്നു. നാം കർത്താവിനെ പൂർണ്ണഹൃദയത്തോടെ സ്നേഹിക്കണം. ദൈവം പറയുന്നു, "എന്റെ കല്പനകൾ ലഭിച്ചു പ്രമാണിക്കുന്നവൻ എന്നെ സ്നേഹിക്കുന്നവൻ ആകുന്നു; എന്നെ സ്നേഹിക്കുന്നവനെ എന്റെ പിതാവു സ്നേഹിക്കുന്നു; ഞാനും അവനെ സ്നേഹിച്ചു അവന്നു എന്നെത്തന്നേ വെളിപ്പെടുത്തും." അതെ, നാം പൂർണ്ണഹൃദയത്തോടെ കർത്താവിനെ അന്വേഷിക്കുമ്പോൾ, അവൻ നമുക്ക് തന്നെത്തന്നെ വെളിപ്പെടുത്തും. നാം ദൈവത്തെ കാണും. ഒരു ദിവസത്തിൽ 24 മണിക്കൂറും അവന്റെ സാന്നിധ്യം നമുക്ക് അനുഭവപ്പെടും. ഞങ്ങൾ ഒരു കുടുംബമായി അതിരാവിലെ തന്നെ ദൈവത്തെ അന്വേഷിക്കുന്നു. ഞങ്ങളുടെ പിതാവ്, സഹോദരൻ. D.G.S. ദിനകരൻ നേരത്തെ എഴുന്നേറ്റ് കൃത്യം രാവിലെ ആറ് മണിക്ക് കുടുംബാംഗങ്ങളെയെല്ലാം ഒരുമിച്ച് കൊണ്ടുവരാറുണ്ടായിരുന്നു. ഞങ്ങൾ, അതായത്, ഞാനും എന്റെ ഭർത്താവും കുട്ടികളും കാലതാമസം വരുത്തുമ്പോൾ, അദ്ദേഹം ഇതുപോലുള്ള ഒരു ഗാനം ആലപിക്കാൻ തുടങ്ങും, "അതിരാവിലെ കർത്താവിനെ അന്വേഷിക്കുക ...." ആ ഗാനം കേൾക്കുന്ന നിമിഷം തന്നെ ഞങ്ങൾ മാതാപിതാക്കളോടൊപ്പം പ്രാർത്ഥിക്കാനായി ഹാളിലേക്ക് ഓടിവരും. അത് പ്രാർത്ഥനയുടെ മനോഹരമായ സമയമായിരിക്കും. ആ പ്രാർത്ഥനകൾ കാരണമാണ് ഞങ്ങൾ ഇന്ന് ഇങ്ങനെ ആയിരിക്കുന്നത്.

പ്രിയ സുഹൃത്തേ, അതിരാവിലെ ദൈവത്തെ അന്വേഷിക്കുമ്പോൾ, ഒരു കുടുംബമായി നാം അനുഗ്രഹിക്കപ്പെടും. അപ്പോൾ നമുക്ക് ചുറ്റുമുള്ള ആളുകൾ നമ്മെക്കുറിച്ച് പറയും, അവർ കർത്താവിനാൽ അനുഗ്രഹിക്കപ്പെട്ട ജനമാണെന്ന്. നാം അവനെ ഉത്സാഹത്തോടെ അന്വേഷിക്കുമ്പോൾ അവനെ കണ്ടെത്തും. ഒരു കുടുംബമെന്ന നിലയിൽ യഥാർത്ഥ അനുഗ്രഹം നേടുക എന്നതാണ് അവനെ കണ്ടെത്താനുള്ള മാർഗം. കുടുംബമായി കർത്താവിനെ സ്നേഹിക്കുക. ഒരു കുടുംബമായി അവനെ സേവിക്കുക. എല്ലായ്പ്പോഴും ഒരു കുടുംബമായി ഒരുമിച്ച് നിൽക്കുക. അപ്പോൾ ദൈവം നമ്മെ സ്നേഹിക്കുകയും അവൻ തന്നെത്തന്നെ നമുക്ക് വെളിപ്പെടുത്തുകയും ചെയ്യും. ഒരു കുടുംബമായി  നാം ദൈവത്തിന്റെ മുമ്പാകെ സാക്ഷികളായി നിൽക്കും. ദൈവം നിങ്ങളോടൊപ്പം ഉണ്ടായിരിക്കട്ടെ, പ്രിയ സുഹൃത്തേ.

PRAYER:
സ്നേഹവാനായ സ്വർഗ്ഗീയപിതാവേ, അങ്ങയുടെ വചനത്തിലൂടെ എന്നോട് സംസാരിച്ചതിന് അങ്ങേയ്ക്ക് നന്ദി. അതിരാവിലെ എഴുന്നേറ്റ് അങ്ങയുടെ വിശുദ്ധ സാന്നിധ്യത്തിൽ എന്റെ ദിവസം ആരംഭിക്കാൻ ദയവായി എന്നെ സഹായിക്കണമേ. പൂർണ്ണഹൃദയത്തോടും ആത്മാവോടും കൂടി അങ്ങയെ സ്നേഹിക്കാൻ എന്നെ പഠിപ്പിക്കേണമേ. എന്റെ ചിന്തകളും പ്രവർത്തനങ്ങളും അങ്ങയുടെ നാമത്തിന് മഹത്വം കൊണ്ടുവരട്ടെ. അങ്ങയുടെ വചനത്തിലൂടെ എന്നോട് സംസാരിക്കുകയും എല്ലാ ദിവസവും രാവിലെ എന്നെ നയിക്കുകയും ചെയ്യണമേ. അങ്ങയുടെ സമാധാനവും ശക്തിയും കൊണ്ട് എന്റെ ഹൃദയം നിറയ്ക്കണമേ. കടന്നുപോകുന്ന ഓരോ ദിവസവും എന്നെ അങ്ങയോട് കൂടുതൽ അടുപ്പിക്കേണമേ. കർത്താവേ, അങ്ങയെ അന്വേഷിക്കാനും സേവിക്കാനും ഞങ്ങളെ സമർപ്പിക്കുമ്പോൾ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ. ദിവസം മുഴുവനും അങ്ങയുടെ സാന്നിധ്യം ഞങ്ങളോടൊപ്പം ഉണ്ടായിരിക്കട്ടെ. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.