എന്റെ വിലയേറിയ ദൈവമക്കളേ! ഇന്നത്തെ വാഗ്ദത്ത വചനം സങ്കീർത്തനം 17:15 ആകുന്നു, "ഞാനോ, നീതിയിൽ നിന്റെ മുഖത്തെ കാണും; ഞാൻ ഉണരുമ്പോൾ നിന്റെ രൂപം കണ്ടു തൃപ്തനാകും." നിങ്ങൾ നീതിപൂർവ്വകമായ ജീവിതം നയിക്കണമെന്നും അവനുമായി അടുത്ത ബന്ധം പുലർത്തണമെന്നും കർത്താവ് ആഗ്രഹിക്കുന്നു. മത്തായി 5:8 ഇപ്രകാരം പറയുന്നു, "ഹൃദയ ശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ; അവർ ദൈവത്തെ കാണും." നിങ്ങൾ നിങ്ങളുടെ ഹൃദയം ശുദ്ധമായി സൂക്ഷിക്കുകയും ദൈവവചനം അനുസരിക്കുകയും ചെയ്യുമ്പോൾ, നിങ്ങളുടെ ജീവിതത്തിൽ അവന്റെ സാന്നിധ്യം നിങ്ങൾക്ക് അനുഭവപ്പെടും. അതെ, എല്ലാ സമയത്തും അവൻ നിങ്ങളോടുകൂടെയുണ്ടെന്ന് തിരിച്ചറിയാനും നിങ്ങൾക്ക് സാധിക്കും.
യേശു ഇപ്രകാരം പറഞ്ഞു: "ഞാനും പിതാവും ഒന്നാകുന്നു." തന്റെ പിതാവിനോട് വിശ്വസ്തത പുലർത്തുകയും അവന്റെ സാന്നിധ്യത്തിൽ സമയം ചെലവഴിക്കുകയും ചെയ്തതിനാലാണ് അവന് ഇത് പ്രഖ്യാപിക്കാൻ കഴിഞ്ഞത്. യേശു അതിരാവിലെ പിതാവിനെ അന്വേഷിച്ചിരുന്നു എന്ന് മർക്കൊസ് 1:35 നമ്മോട് പറയുന്നു. ദൈവത്തോടുള്ള പ്രാർത്ഥനയിൽ അവൻ രാത്രി കഴിച്ചു എന്ന് ലൂക്കൊസ് 6:12 പറയുന്നു. ദൈവത്തിന്റെ സന്നിധിയിൽ നിലനിൽക്കേണ്ടതിന്റെയും അവനോടുള്ള കൂട്ടായ്മ നിലനിർത്തേണ്ടതിന്റെയും പ്രാധാന്യത്തെക്കുറിച്ച് യോഹന്നാൻ 14:23-ഉം നമ്മെ പഠിപ്പിക്കുന്നു. നാം യേശുവിന്റെ മാതൃക പിന്തുടരുകയും എല്ലാ ദിവസവും ദൈവത്തോടൊപ്പം സമയം ചെലവഴിക്കുകയും വേണം.
ദാവീദും ഉത്സാഹത്തോടെ കർത്താവിനെ അന്വേഷിച്ചു. അതികാലത്തേ അവൻ ദൈവത്തെ ആത്മാർഥമായി അന്വേഷിച്ചതെങ്ങനെയെന്ന് സങ്കീർത്തനം 63:1 നമ്മോട് പറയുന്നു. വൈകുന്നേരത്തും കാലത്തും ഉച്ചെക്കും അവൻ പ്രാർത്ഥിച്ചു എന്ന് സങ്കീർത്തനം 55:17 പറയുന്നു. ദാവീദ് ഒരു ഇടയ ബാലൻ മാത്രമായിരുന്നെങ്കിലും ദൈവം അവനെ സമൃദ്ധമായി അനുഗ്രഹിക്കുകയും ഒരു പ്രവാചകനായി അവനെ ഉയർത്തുകയും ചെയ്തു. അപ്പൊ. പ്രവൃത്തികൾ 2:30-31 ൽ, ക്രിസ്തുവിന്റെ പുനരുത്ഥാനത്തെക്കുറിച്ച് പ്രസ്താവിക്കാൻ ദൈവം ദാവീദിനെ ഒരു പ്രവാചകനായി ഉപയോഗിച്ചതെങ്ങനെയെന്ന് നാം വായിക്കുന്നു. പ്രാർത്ഥനയിലൂടെ ദാവീദ് ദൈവവുമായി അടുത്ത ബന്ധം നിലനിർത്തുകയും കർത്താവ് അവനെ ശക്തിയോടെ ഉപയോഗിക്കുകയും ചെയ്തു. അതുപോലെ, നാം സ്ഥിരമായ ഒരു പ്രാർത്ഥനാജീവിതം വളർത്തിയെടുക്കുകയും രാവിലെ മുതൽ രാത്രി വരെ ദൈവവുമായി അടുത്ത കൂട്ടായ്മ നിലനിർത്തുകയും വേണം.
യേശുവിന്റെയും ദാവീദിന്റെയും വഴികൾ പിന്തുടരുമ്പോൾ നമ്മുടെ ജീവിതവും പ്രവർത്തനങ്ങളും ക്രിസ്തുവിന്റെ സ്വഭാവത്തെ പ്രതിഫലിപ്പിക്കും. നാം പൂർണ്ണഹൃദയത്തോടെ ദൈവത്തോട് ചേർന്നുനിൽക്കുകയും വിശ്വസ്തതയോടെ അവന്റെ വഴികൾ പിന്തുടരാൻ ആവശ്യമായ കൃപയ്ക്കായി അപേക്ഷിക്കുകയും ചെയ്യാം. ദാവീദിനെ ഉപയോഗിച്ചതുപോലെ, നമ്മെയും ഉയർത്താനും തന്റെ മഹത്വത്തിനായി ഉപയോഗിക്കാനും കർത്താവിന് കഴിയും. നമുക്ക് നമ്മുടെ ജീവിതത്തെ പരിശോധിക്കുകയും സ്വയം ഇങ്ങനെ ചോദിക്കുകയും ചെയ്യാം: എല്ലാ ദിവസവും രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും നാം ദൈവത്തോടൊപ്പം സമയം ചെലവഴിക്കുന്നുണ്ടോ? അവന്റെ സാന്നിധ്യത്തിനായി നാം യഥാർത്ഥത്തിൽ ദാഹിക്കുന്നുണ്ടോ? വരൂ, നമുക്ക് പ്രാർത്ഥനയിലൂടെ കർത്താവിനെ അന്വേഷിക്കുകയും നീതിപൂർവ്വകമായ ജീവിതം നയിക്കാനും അവനോട് ചേർന്നുനിൽക്കാനും എല്ലാ ദിവസവും അവന്റെ സാന്നിധ്യം അനുഭവിക്കാനുമുള്ള അവന്റെ കൃപ സ്വീകരിക്കുകയും ചെയ്യാം.
PRAYER:
പ്രിയ സ്വർഗ്ഗീയ പിതാവേ, നീതിയിൽ നടക്കാനും അങ്ങയോട് ചേർന്നുനിൽക്കാനും എനിക്ക് ശുദ്ധമായ ഹൃദയം നൽകണമേ. അങ്ങയുടെ സാന്നിധ്യത്തിനായുള്ള അഗാധമായ ദാഹത്തെ എന്നിൽ സൃഷ്ടിക്കണമേ. യേശുവും ദാവീദും ചെയ്തതുപോലെ എല്ലാ ദിവസവും രാവിലെയും ഉച്ചെക്കും വൈകുന്നേരവും അങ്ങയെ അന്വേഷിക്കാൻ എന്നെ സഹായിക്കണമേ. അങ്ങയുടെ വചനത്തെ വിശ്വസ്തതയോടെ അനുസരിക്കാനും എന്റെ എല്ലാ പ്രവർത്തനങ്ങളിലും അങ്ങയുടെ സ്വഭാവം പ്രതിഫലിപ്പിക്കാനും എന്നെ പഠിപ്പിക്കണമേ. ദിവസം മുഴുവനും അങ്ങയുടെ സാന്നിധ്യം അനുഭവിക്കാൻ എന്നെ സഹായിക്കണമേ. ദാവീദിനെപ്പോലെ എന്നെ ഉയർത്തുകയും അങ്ങയുടെ മഹത്വത്തിനായി എന്നെ ഉപയോഗിക്കുകയും ചെയ്യണമേ. എനിക്ക് സ്ഥിരമായ ഒരു പ്രാർത്ഥനാ ജീവിതവും അവസാനം വരെ വിശ്വസ്തത പുലർത്താനുള്ള കൃപയും നൽകണമേ. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.

ദൈവരാജ്യം കെട്ടിപ്പടുക്കുന്നതിൽ കൈകോർക്കുക
Donate Now


