പ്രിയ സുഹൃത്തുക്കളേ, ഇന്ന് അന്താരാഷ്ട്ര സമാധാന ദിനമാണ്. നമ്മെ സംബന്ധിച്ചിടത്തോളം, സകലബുദ്ധിയേയും കവിയുന്ന സമാധാനം കർത്താവിൽ നിന്നാണ് വരുന്നത്. ഇന്ന് നാം ദൈവവചനം കേൾക്കുമ്പോൾത്തന്നെ, അവന്റെ സമാധാനം നിങ്ങളുടെമേൽ വരുന്നു. സങ്കീർത്തനം 90:17-ൽ പറയുന്നതുപോലെ, "ഞങ്ങളുടെ ദൈവമായ യഹോവയുടെ പ്രസാദം ഞങ്ങളുടെമേൽ ഇരിക്കുമാറാകട്ടെ; ഞങ്ങളുടെ കൈകളുടെ പ്രവൃത്തിയെ സാദ്ധ്യമാക്കി തരേണമേ." എന്റെ സുഹൃത്തുക്കളേ, നിങ്ങൾ പുതിയ എന്തെങ്കിലും ആരംഭിക്കുകയായിരിക്കാം - ഒരു പുതിയ സംരംഭം, ഒരു ജോലി, ഒരു ബിസിനസ്സ്, ഒരു പ്രോജക്റ്റ് അല്ലെങ്കിൽ ഒരു തീസിസ്.

അത് വിജയിക്കുമോ അതോ അതിൽ നിങ്ങൾക്ക് വിജയം കൈവരിക്കാനാകുമോ എന്ന് നിങ്ങൾക്ക് അറിയാൻ കഴിഞ്ഞെന്നു വരില്ല. "കർത്താവേ, ഞാൻ വിജയിക്കുമോ?" എന്ന് നിങ്ങൾ ചിന്തിച്ചേക്കാം. ഇന്ന്, ഈ സങ്കീർത്തനത്തിലെ പ്രാർത്ഥന അനുസരിച്ച്, കർത്താവിന്റെ പ്രസാദം നിങ്ങളുടെ മേൽ ഇരിക്കുമാറാകട്ടെ. നിങ്ങളുടെ കൈകളുടെ പ്രവൃത്തിയെ അവൻ നിങ്ങൾക്കായി സാദ്ധ്യമാക്കിത്തരട്ടെ.

ഇതാണ് എന്റെ പിതാവിനും ഞങ്ങളുടെ ശുശ്രൂഷയ്ക്കും ഡൽഹിയിൽ അനുഭവപ്പെട്ടത്. ഞങ്ങൾ ഡൽഹി പ്രാർത്ഥനാ ഗോപുരം സ്ഥാപിച്ചപ്പോൾ, കർത്താവ് എന്റെ പിതാവിനോട് പറഞ്ഞു, "ഈ പ്രാർത്ഥനാ ഗോപുരത്തിൽ നിന്ന് രാജ്യത്തിനായി പ്രാർത്ഥിക്കാൻ ഞാൻ നിന്നോട് ആവശ്യപ്പെട്ടിരുന്നില്ലേ? എന്തുകൊണ്ട് നീ അത് ചെയ്തില്ല? " അദ്ദേഹം പറഞ്ഞു, "ഇപ്പോൾ അതിനുള്ള സമയമാണ്". രാജ്യത്തിന്റെ അധികാരകേന്ദ്രമായ പാർലമെന്റിനും പ്രധാനമന്ത്രിയുടെ വസതിക്കും സമീപം പ്രാർത്ഥനാ ഗോപുരം സ്ഥാപിക്കണമെന്ന് കർത്താവ് അദ്ദേഹത്തോട് അരുളിച്ചെയ്തു. അതിനായുള്ള കൃത്യമായ സ്ഥലവും അവൻ ഞങ്ങൾക്ക് കാണിച്ചുതന്നു. എന്നാൽ, അവിടെ അത് സ്ഥാപിക്കുന്നതിനായി, വാങ്ങാനോ വാടകയ്ക്കെടുക്കാനോ അനുയോജ്യമായ സ്ഥലം കണ്ടെത്തേണ്ടതുണ്ടായിരുന്നു.

രാജ്യത്തിനുവേണ്ടി പ്രാർത്ഥിക്കാൻ ഈ പ്രാർത്ഥനാ ഗോപുരം എങ്ങനെ സ്ഥാപിക്കുമെന്ന് ഞങ്ങൾ ചിന്തിക്കുകയായിരുന്നു. അതൊരു പുതിയ ആശയമായിരുന്നു. ആളുകളെ എവിടെ കണ്ടെത്തുമെന്നും സാമ്പത്തികം എവിടെ നിന്ന് വരുമെന്നും ഞങ്ങൾ ചിന്തിച്ചു. എന്നാൽ എന്റെ പിതാവ് ഞങ്ങളുടെ സംഘത്തോടൊപ്പം വിശ്വാസത്തോടെ മുന്നോട്ട് പോയി. അത്ഭുതകരമായി, പരിശുദ്ധാത്മാവ് ഞങ്ങളെ ഒരു പ്രത്യേക സ്ഥലത്തേക്ക് നയിച്ചു. അവർ ആ ഗോപുരത്തിന്റെ 21-ാം നില നിർമ്മിക്കുകയായിരുന്നു. ദൈവം എന്റെ പിതാവിന് നൽകിയ നിർദ്ദേശങ്ങൾക്കനുസൃതമായിത്തന്നെ, ആ കെട്ടിടം അതേ ത്രികോണാകൃതിയിലുള്ളതും മൂന്ന് ഭാഗങ്ങളോട് കൂടിയതുമായിരുന്നു. അധികാരകേന്ദ്രത്തിന് തൊട്ടടുത്തായി പാർലമെന്റും ഞങ്ങൾക്ക് കാണാൻ കഴിഞ്ഞു. അത്ഭുതത്തോടെ, ഞങ്ങൾ ഇങ്ങനെ പ്രാർത്ഥിച്ചപ്പോൾ: “കർത്താവേ, ഇതിനാവശ്യമായ സാമ്പത്തിക സഹായം ഞങ്ങൾ എങ്ങനെ കണ്ടെത്തും?” കർത്താവ് അരുളിച്ചെയ്തു: “ഞാൻ അതിനുള്ള ചെലവ് വഹിക്കും.” പ്രാർത്ഥനാ ഗോപുരം സ്ഥാപിക്കുന്നതിനായി, കൃത്യം ആവശ്യമായ തുക രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകൾ സംഭാവനയായി നൽകി.

കൃത്യസമയത്ത്തന്നെ എല്ലാം സംഭവിച്ചു; അത് ഒരു അത്ഭുതമായിരുന്നു. ആ പ്രാർത്ഥനാ ഗോപുരത്തിൽ വന്ന് പ്രാർത്ഥിക്കാനായി ദൈവം അതിശയകരമായ രീതിയിൽ പ്രാർത്ഥനാ മധ്യസ്ഥരെ എഴുന്നേൽപ്പിച്ചു. രാജ്യത്തുടനീളമുള്ള വിവിധ പ്രാർത്ഥനാ ഗോപുരങ്ങളിലേക്ക് കർത്താവ് വിളിച്ചുകൂട്ടിയ സാധാരണക്കാരായ മനുഷ്യരായിരുന്നു അവർ. രാജ്യത്തിനുവേണ്ടി പ്രാർത്ഥിക്കാനുള്ള വലിയൊരു ദാഹം അവൻ അവർക്ക് നൽകി. അപ്രതീക്ഷിതമായി അവർ ദേശീയ പ്രാർത്ഥനാ ഗോപുരത്തിൽ വന്ന് പ്രാർത്ഥിക്കുമായിരുന്നു. രാഷ്ട്രത്തിൽ താൻ ചെയ്യാൻ പോകുന്ന കാര്യങ്ങളെക്കുറിച്ച് കർത്താവ് അവരിലൂടെ പ്രവചിക്കുമായിരുന്നു. അത്ഭുതകരം! കർത്താവ് ഞങ്ങൾക്കുവേണ്ടി എല്ലാം ക്രമീകരിച്ചു. നമ്മുടെ ജീവിതത്തിനും ശുശ്രൂഷകൾക്കും തൊഴിൽമേഖലകൾക്കും വലിയ കൃപയും മികച്ച അവസരങ്ങളും ലഭ്യമാണ്. നമുക്ക് അവയെ നമ്മുടെ ജീവിതത്തിൽ ഇപ്പോൾ തന്നെ സ്വീകരിക്കാം.

PRAYER:
പ്രിയ കർത്താവായ യേശുവേ, അങ്ങയുടെ മഹത്തായ  പ്രസാദം അങ്ങയുടെ മക്കളുടെമേൽ വസിക്കുകയും അവരുടെ കൈകളുടെ പ്രവൃത്തിയെ സാദ്ധ്യമാക്കി തരുകയും ചെയ്യണമേ. പുതിയ പദ്ധതികൾ, ജോലികൾ, ബിസിനസുകൾ, ശുശ്രൂഷകൾ അല്ലെങ്കിൽ പഠനങ്ങൾ എന്നിവ ആരംഭിക്കുന്നവർക്ക് വാതിലുകൾ തുറക്കണമേ. അവർക്ക് അനുയോജ്യമായ സ്ഥലം, ശരിയായ ആളുകൾ, സാമ്പത്തികം, ടീം, ജ്ഞാനം, വൈദഗ്ദ്ധ്യം, കഴിവ് എന്നിവ നൽകണമേ. അങ്ങ് അത്ഭുതകരമായി ഡൽഹി പ്രാർത്ഥനാ ഗോപുരം സ്ഥാപിക്കുകയും രാജ്യത്തിനായി പ്രാർത്ഥിക്കാൻ മധ്യസ്ഥരെ ഉയർത്തുകയും ചെയ്തതുപോലെ, അങ്ങയുടെ മഹത്വത്തിനായി ഏറ്റെടുക്കുന്ന എല്ലാ പ്രവർത്തനങ്ങളും സാദ്ധ്യമാക്കി തരേണമേ. എല്ലാ ഭയവും അനിശ്ചിതത്വവും നീക്കി, അങ്ങയുടെ അഭിഷേകം അവരെ വിജയത്തിലേക്ക് നയിക്കുമാറാകട്ടെ. അവർ ചെയ്യുന്നതെല്ലാം അങ്ങയുടെ നാമത്തിന് ബഹുമാനം നൽകുന്നതും അങ്ങയുടെ ഉദ്ദേശ്യം നിറവേറ്റുന്നതുമാകട്ടെ. അങ്ങയുടെ കൃപയും പ്രസാദവും കരുതലും അവരുടെ മേൽ ഉണ്ടായിരിക്കട്ടെ. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.