പ്രിയ സുഹൃത്തുക്കളേ, ഇന്ന് നാം സങ്കീർത്തനം 46:10 ധ്യാനിക്കാൻ പോകുന്നു: "മിണ്ടാതിരുന്നു, ഞാൻ ദൈവമെന്നു അറിഞ്ഞു കൊൾവിൻ." അതെ, അവനാണ് നമ്മുടെ ദൈവം. അവൻ എല്ലാം നിയന്ത്രിക്കുകയും നമ്മുടെ ജീവിതത്തിന്റെ ഓരോ കാര്യങ്ങളും അറിയുകയും ചെയ്യുന്നു. അതുകൊണ്ടാണ് അവൻ ഇങ്ങനെ പറയുന്നത്, "എന്റെ കുഞ്ഞേ, മിണ്ടാതിരിക്കുക." ജനങ്ങൾ കലഹിക്കുകയും രാജ്യങ്ങൾ തകർന്നു വീഴുകയും ചെയ്തേക്കാം; എന്നാൽ അവൻ തന്റെ ശബ്ദം ഉയർത്തുമ്പോൾ ഭൂമി ഉരുകിപ്പോകുന്നു. നമുക്ക് ചുറ്റും നിരവധി കാര്യങ്ങൾ നടക്കുന്നുണ്ടാകാം. നമ്മുടെ ജീവിതത്തിൽ കോലാഹലങ്ങളും നിരവധി പോരാട്ടങ്ങളും നടന്നിരിക്കാം. എന്നാൽ കർത്താവ് എന്താണ് ചെയ്യുന്നത്? അവൻ ശബ്ദം ഉയർത്തുന്നു. "അവൻ ഭൂമിയുടെ അറ്റംവരെയും യുദ്ധങ്ങളെ നിർത്തൽചെയ്യുന്നു; അവൻ വില്ലൊടിച്ചു കുന്തം മുറിച്ചു രഥങ്ങളെ തീയിൽ ഇട്ടു ചുട്ടുകളയുന്നു. " നമ്മുടെ കർത്താവ് ഒരു വലിയ യോദ്ധാവാണ്. അവൻ നമ്മുടെ ജീവിതത്തിലെ പോരാട്ടങ്ങളോട് പോരാടുന്നു. അവൻ തീ അയയ്ക്കുന്നു. അവൻ ഗർജ്ജിക്കുന്നു. അവൻ ഞരക്കത്തോടെ മധ്യസ്ഥത വഹിക്കുന്നു. അവൻ നമ്മുടെ യുദ്ധങ്ങളെ നേരിടുന്നു. "മിണ്ടാതിരിക്കുക, നിശബ്ദരായിരിക്കുക." ദേഷ്യമുള്ള വാക്കുകൾ നിങ്ങളുടെ വായിൽ നിന്ന് പുറത്തുവരാൻ അനുവദിക്കരുത്.
ഞാൻ എന്റെ കൊച്ചുമകൾക്ക്, കുട്ടികൾക്കായുള്ള ഒരു വേദപുസ്തകം നൽകിയിരുന്നു. ഇന്ന്, അവൾ അത് വായിക്കുമ്പോൾ, അതിലെ ഒരു പേജിൽ ഇങ്ങനെ ഒരു ചിന്ത ഉണ്ടായിരുന്നു: "ദൈവം നമ്മുടെ അധരങ്ങളെ സ്നേഹിക്കുന്നു". അതിനാൽ, ദേഷ്യത്തിൽ വായ് തുറന്ന്, വേദനിപ്പിക്കുന്ന വാക്കുകൾ പറയരുത്. നിങ്ങൾ നിങ്ങളുടെ വായയെ സ്നേഹിക്കുകയും ചുണ്ടുകൾക്ക് നിറം നൽകുകയും ചെയ്തേക്കാം, എന്നാൽ നിങ്ങൾ കോപത്തോടെ സംസാരിക്കുന്നതിനുപകരം മിണ്ടാതിരിക്കുമ്പോൾ ദൈവം നിങ്ങളുടെ വായയെ സ്നേഹിക്കുന്നു. സ്വന്തമായി കാര്യങ്ങൾ ചെയ്യുന്നത് നിർത്തുക. നിങ്ങളുടെ ശബ്ദം ഉയർത്തുന്നത് നിർത്തുക. മിണ്ടാതിരിക്കുക, ശാന്തമായിരിക്കുക, അവൻ ദൈവമാണെന്ന് അറിയുക.
"ദൈവം നമ്മുടെ സങ്കേതവും ബലവും ആകുന്നു; കഷ്ടങ്ങളിൽ അവൻ ഏറ്റവും അടുത്ത തുണയായിരിക്കുന്നു." അതെ, ദൈവം നമ്മുടെ മദ്ധ്യേ ഉണ്ട്. നമ്മെ സഹായിക്കാൻ അവൻ കൂടെയുണ്ട്. മലകൾ കുലുങ്ങുകയും വസ്തുക്കൾ ഇല്ലാതാകുകയും ചെയ്തേക്കാം. ആളുകൾ നമ്മുടെ ജീവിതത്തിൽ നിന്ന് പെട്ടെന്ന് അപ്രത്യക്ഷമായേക്കാം." എനിക്ക് നിങ്ങളെ അറിയില്ല" അല്ലെങ്കിൽ "എനിക്ക് നിങ്ങളെ ആവശ്യമില്ല" എന്ന് പോലും അവർ പറഞ്ഞേക്കാം. എന്നാൽ കഷ്ടതയുടെ സമയങ്ങളിൽ ദൈവം എപ്പോഴും നമ്മുടെ സഹായിയാകുന്നു. അവൻ നമ്മുടെ സങ്കേതവും ബലവുമാകുന്നു. അവൻ തന്റെ ശബ്ദം ഉയർത്തുകയും നമുക്ക് വേണ്ടി യുദ്ധം ചെയ്യുകയും ചെയ്യും. അതിനാൽ, പ്രതികാരം ചെയ്യരുത്. നിങ്ങളോട് തർക്കിക്കുന്നവരോട് പോലും പ്രതികരിക്കരുത്. ശാന്തമായിരിക്കുക. ദൈവം നിങ്ങളെ സ്നേഹിക്കുന്നു. ദൈവം നിങ്ങളുടെ വായയെ സ്നേഹിക്കുന്നു, സൌമ്യവും സമാധാനപരവുമായ വാക്കുകളിൽ അവൻ ആനന്ദിക്കുന്നു. എന്റെ കൊച്ചുമകൾ ആ ചിന്ത വായിക്കുമ്പോൾ, നമ്മുടെ വായ മനോഹരമാണെന്ന് ദൈവത്തിന് എങ്ങനെ പറയാൻ കഴിയുമെന്ന് അവൾ എന്നോട് ചോദിച്ചു. ഞാൻ അവൾക്ക് അത് വിശദീകരിച്ചുകൊടുത്തു. ദാവീദിനെപ്പോലെ നാം എല്ലാ ദിവസവും ദൈവത്തോട് അപേക്ഷിക്കണം. ദാവീദ് ഇപ്രകാരം പ്രാർത്ഥിച്ചു: "വ്യസനത്തിന്നുള്ള മാർഗ്ഗം എന്നിൽ ഉണ്ടോ എന്നു നോക്കി, ശാശ്വതമാർഗ്ഗത്തിൽ എന്നെ നടത്തേണമേ" (സങ്കീർത്തനം 139:24). നമ്മുടെ വായിൽ നിന്ന് ദോഷകരമായതൊന്നും പുറത്തുവരരുത്. ഈ പ്രാർത്ഥന നാം എല്ലാ ദിവസവും പ്രാർത്ഥിക്കണം.
Prayer:
സ്നേഹവാനായ സ്വർഗ്ഗീയപിതാവേ, മിണ്ടാതിരിക്കാനും എല്ലാ ദിവസവും ശാന്തമായിരിക്കാനും എന്നെ സഹായിക്കണമേ. അങ്ങിൽ ആശ്രയിക്കാനും, എനിക്കുവേണ്ടി അങ്ങ് യുദ്ധം ചെയ്യുന്നുണ്ടെന്ന് വിശ്വസിക്കാനും എന്നെ പഠിപ്പിക്കണമേ. ദേഷ്യത്തിൽ സംസാരിക്കുന്നതിലും പ്രതികാരം ചെയ്യുന്നതിലും മറ്റുള്ളവരുമായി വഴക്കിടുന്നതിലും നിന്ന് എന്നെ കാത്തുകൊള്ളണമേ. എന്റെ ഹൃദയത്തിലും ഭവനത്തിലും ജോലിസ്ഥലത്തും അങ്ങയുടെ സമാധാനം ഭരിക്കട്ടെ. എല്ലാ എതിർപ്പുകളെയും തകർത്ത് എനിക്ക് വിജയം നൽകണമേ. അങ്ങ് എന്റെ സങ്കേതവും ബലവുമായിരിക്കണമേ; ഞാൻ മനുഷ്യരെയല്ല, അങ്ങിൽ മാത്രം ആശ്രയിക്കട്ടെ. എന്റെ ഹൃദയത്തിൽ നിന്ന് ഉത്കണ്ഠയും ഭയവും നീക്കണമേ. ഞാൻ പോകുന്നിടത്തെല്ലാം എനിക്ക് സ്ഥിരതയും സമാധാനവും സന്തോഷവും നൽകണമേ. മിണ്ടാതിരിക്കാനും അങ്ങിൽ വിശ്വസിക്കാനും എന്നെ സഹായിക്കണമേ. യേശുവിന്റെ നാമത്തിൽ, ആമേൻ.

ദൈവരാജ്യം കെട്ടിപ്പടുക്കുന്നതിൽ കൈകോർക്കുക
Donate Now


