എന്റെ വിലയേറിയ ദൈവപൈതലേ, നമ്മുടെ കർത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ മഹത്തായ നാമത്തിൽ ഞാൻ നിങ്ങൾക്ക് വന്ദനം പറയുന്നു. ഇന്ന് നാം സങ്കീർത്തനം 118:5 ധ്യാനിക്കാൻ പോകുന്നു. ഇത് മനോഹരമായ ഒരു വാക്യമാണ്. ഇത് ഇപ്രകാരം പറയുന്നു, “ഞെരുക്കത്തിൽ ഞാൻ യഹോവയെ വിളിച്ചപേക്ഷിച്ചു, യഹോവ ഉത്തരമരുളി എന്നെ വിശാലസ്ഥലത്താക്കി." എന്റെ സുഹൃത്തേ, സങ്കീർത്തനം 18:6 ലും ഇതുതന്നെയാണ് പറയുന്നത്, 2 ശമൂവേൽ 22:4-7 ലും ഈ സത്യം പ്രതിധ്വനിക്കുന്നു. പ്രത്യേകിച്ച് 4-ാം വാക്യത്തിൽ, "സ്തുത്യനായ യഹോവയെ ഞാൻ വിളിച്ചപേക്ഷിക്കും; എന്റെ ശത്രുക്കളിൽനിന്നു താൻ എന്നെ രക്ഷിക്കും" എന്ന് പറയുന്നു. 7-ാം വാക്യത്തിൽ അത് ഇപ്രകാരം പ്രഖ്യാപിക്കുന്നു, "എന്റെ കഷ്ടതയിൽ ഞാൻ യഹോവയെ വിളിച്ചു, എന്റെ ദൈവത്തോടു തന്നേ നിലവിളിച്ചു; അവൻ തന്റെ മന്ദിരത്തിൽനിന്നു എന്റെ അപേക്ഷ കേട്ടു; എന്റെ നിലവിളി അവന്റെ ചെവികളിൽ എത്തി." എന്റെ സുഹൃത്തേ, ഇതൊരു പ്രാർത്ഥനയാണ്! ഇത് കർത്താവിനോട് സംസാരിക്കുകയും നിങ്ങളുടെ ഹൃദയം തുറക്കുകയും നിങ്ങളുടെ ഹൃദയത്തിന്റെ എല്ലാ വേദനകളും ആവശ്യങ്ങളും അവന്റെ മുമ്പിൽ പകരുകയും ചെയ്യുന്നു.
യോനയും നിരവധി ദുരന്തങ്ങളിലൂടെ കടന്നുപോയ ദൈവദാസനായിരുന്നു, അവന് ഒറ്റയ്ക്ക് അവ സഹിക്കാൻ കഴിഞ്ഞില്ല. എന്നാൽ യോനാ 2:2 പറയുന്നു, " ഞാൻ എന്റെ കഷ്ടതനിമിത്തം യഹോവയോടു നിലവിളിച്ചു; അവൻ എനിക്കു ഉത്തരം അരുളി; ഞാൻ പാതാളത്തിന്റെ വയറ്റിൽനിന്നു അയ്യം വിളിച്ചു; നീ എന്റെ നിലവളി കേട്ടു." യോനയുടെ ജീവിതം, അവൻ എങ്ങനെ രക്ഷിക്കപ്പെട്ടു, ദൈവം അവനെ എങ്ങനെ വീണ്ടും അഭിഷേകം ചെയ്തു, അവനെ തന്റെ മഹത്വത്തിനായി എങ്ങനെ ഉപയോഗിച്ചു എന്നെല്ലാം നിങ്ങൾക്കറിയാമല്ലോ. അതുപോലെ, പ്രതിസന്ധികളിലൂടെയും പരീക്ഷണങ്ങളിലൂടെയും എല്ലാത്തരം പ്രശ്നങ്ങളിലൂടെയും കടന്നുപോകുമ്പോഴെല്ലാം നാം കർത്താവിനെ നോക്കണം. "യാചിപ്പിൻ എന്നാൽ നിങ്ങൾക്കു കിട്ടും" എന്ന വാഗ്‌ദത്തം ഉറപ്പാണ്. നിങ്ങളുടെ വായ തുറന്നു അവനോടു സംസാരിക്കുക. നിങ്ങളുടെ എല്ലാം, നിങ്ങളുടെ എല്ലാ ആവശ്യങ്ങളും, ഹൃദയത്തിന്റെ എല്ലാ വേദനകളും അവന്റെ സന്നിധിയിൽ പകരുക. അതാണ് പ്രാർത്ഥന.
നിങ്ങൾ II കൊരിന്ത്യർ 12:10 വായിച്ചാൽ, അത് ഇപ്രകാരം പറയുന്നു, "അതുകൊണ്ടു ഞാൻ ക്രിസ്തുവിന്നു വേണ്ടി ബലഹീനത, കയ്യേറ്റം, ബുദ്ധിമുട്ടു, ഉപദ്രവം, ഞെരുക്കം എന്നിവ സഹിപ്പാൻ ഇഷ്ടപ്പെടുന്നു." അതെ ഞാൻ എല്ലാം ദൈവത്തിന്റെ കൈകളിൽ ഏൽപ്പിക്കുമ്പോൾ, "ബലഹീനനായിരിക്കുമ്പോൾ തന്നേ ഞാൻ ശക്തനാകുന്നു" എന്ന് പൗലൊസ് എഴുതുന്നു, ഈ ലോകത്തിൽ നാം നിരവധി കഷ്ടപ്പാടുകളിലൂടെയും പ്രശ്നങ്ങളിലൂടെയും കടന്നുപോയേക്കാം, പ്രത്യേകിച്ച് ദൈവത്തിന്റെ ദാസന്മാർ, അവർ പലപ്പോഴും അവന്റെ നാമത്തിനായി വളരെയധികം സഹിക്കുന്നു. എന്നിരുന്നാലും, സന്തോഷത്തോടെയിരിക്കാനും എല്ലാം അവന്റെ കൈകളിൽ സമർപ്പിക്കാനും എല്ലാ സാഹചര്യങ്ങളിലും അവനെ വിശ്വസിക്കാനും നാം വിളിക്കപ്പെട്ടിരിക്കുന്നു. എന്തെന്നാൽ, നമ്മുടെ ബലഹീനതയിൽ അവന്റെ ശക്തി തികഞ്ഞുവരുകയും നമ്മുടെ പരീക്ഷണങ്ങളിൽ അവന്റെ മഹത്വം വെളിപ്പെടുകയും ചെയ്യുന്നു.
PRAYER:
പ്രിയ സ്വർഗ്ഗീയ പിതാവേ, അങ്ങയുടെ സ്നേഹനിർഭരമായ വാഗ്‌ദത്തത്തിന് ഞാൻ അങ്ങേക്ക് നന്ദി പറയുന്നു. ഞാൻ കഠിനമായി സമ്മർദ്ദത്തിലാകുമ്പോൾ, എനിക്ക് അങ്ങയോട് നിലവിളിക്കാൻ കഴിയുകയും അങ്ങ് എന്നെ കേൾക്കുകയും ചെയ്യുന്നതിൽ ഞാൻ നന്ദിയുള്ളവളാണ്. യോനയ്ക്ക് ആഴങ്ങളിൽ നിന്ന് ഉത്തരം നൽകിയതുപോലെ, ദാവീദിനെ വിശാലമായ ഒരു സ്ഥലത്തേക്ക് ഉയർത്തിയതുപോലെ, കർത്താവേ, ഇന്ന് എന്നെ സകല ഭാരത്തിൽ നിന്നും, സകല കഷ്ടതകളിൽ നിന്നും, സകല ഭയത്തിൽ നിന്നും ഉയർത്തണമേ. പ്രാർത്ഥനയിൽ എന്റെ ഹൃദയം അങ്ങയുടെ മുമ്പിൽ പകരാനും അങ്ങയുടെ അചഞ്ചലമായ സ്നേഹത്തിൽ ആശ്രയിക്കാനും എന്റെ ബലഹീനതയിൽ അങ്ങയുടെ ശക്തി കണ്ടെത്താനും എന്നെ പഠിപ്പിക്കണമേ. കർത്താവേ, എല്ലാ പരീക്ഷണങ്ങളെയും കഷ്ടപ്പാടുകളെയും ഞാൻ അങ്ങയുടെ കൈകളിൽ സമർപ്പിക്കുന്നു. അങ്ങയുടെ പരിപൂർണ്ണ സമാധാനവും അങ്ങയുടെ ധൈര്യവും അങ്ങയുടെ സന്തോഷവും കൊണ്ട് എന്നെ നിറയ്‌ക്കേണമേ. അങ്ങാണല്ലോ എന്റെ രക്ഷകനും എന്റെ ഗീതവും. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.