എന്റെ പ്രിയ സുഹൃത്തേ, ഇന്ന് രാവിലെ നിങ്ങളെ അഭിവാദ്യം ചെയ്യാൻ കഴിയുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഇന്ന്, നാം മത്തായി 16:19 -ൽ നിന്ന് ധ്യാനിക്കുന്നു, “സ്വർഗ്ഗരാജ്യത്തിന്റെ താക്കോൽ ഞാൻ നിനക്കു തരുന്നു.” സ്വർഗ്ഗരാജ്യം എന്നാൽ എന്താണ് അർത്ഥമാക്കുന്നത്? ഇത് ദൈവത്തിന്റെ കാര്യങ്ങളെ സൂചിപ്പിക്കുന്നു. സ്വർഗ്ഗരാജ്യത്തിന്റെ താക്കോലുകൾ ദൈവം നമുക്ക് തരുന്നുവെന്ന് നാം വായിക്കുന്നു. ഈ താക്കോലുകൾ നമ്മുടെ ജീവിതത്തിൽ മൂന്ന് കാര്യങ്ങൾ തുറക്കുന്നു.

ഒന്നാമതായി, അവ പ്രവേശനം നൽകുന്നു. മത്തായി 16-ൽ, യേശു തന്റെ ശിഷ്യന്മാരോട് “നിങ്ങൾ എന്നെ ആർ എന്നു പറയുന്നു?” എന്ന് ചോദിച്ചപ്പോൾ, പത്രൊസ് ഇപ്രകാരം മറുപടി നൽകുന്നു, “നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു ആകുന്നു.” അവൻ യേശുവിനെ അംഗീകരിച്ചതിനാൽ, യേശു അവനോട് പറഞ്ഞു, “സ്വർഗ്ഗരാജ്യത്തിന്റെ താക്കോൽ ഞാൻ നിനക്കു തരും.” പത്രൊസിന് ദൈവത്തിന്റെ കാര്യങ്ങളിൽ പ്രവേശനം ലഭിച്ചു. ഇന്നും, നാം യേശുവിനെ ജീവനുള്ള ദൈവമായി അംഗീകരിക്കുമ്പോൾ, നമുക്ക് ദൈവത്തിന്റെ കാര്യങ്ങളിലേക്ക് പ്രവേശനം ലഭിക്കുന്നു. നാം അവനുമായി ബന്ധപ്പെട്ടിരിക്കുന്നു, ജീവനുള്ള ദൈവത്തിങ്കലേക്ക് നമുക്ക് പ്രവേശനം ലഭിക്കുന്നു.

രണ്ടാമതായി, ഈ താക്കോൽ നമുക്ക് അധികാരം നൽകുന്നു. എന്തു ചെയ്യാനുള്ള അധികാരം? അതേ തിരുവെഴുത്തിൽ യേശു പറയുന്നു, "നീ ഭൂമിയിൽ കെട്ടുന്നതു ഒക്കെയും സ്വർഗ്ഗത്തിൽ കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയിൽ അഴിക്കുന്നതൊക്കെയും സ്വർഗ്ഗത്തിൽ അഴിഞ്ഞിരിക്കും.” അതുകൊണ്ട്, നമുക്ക് എതിരായി വരുന്നതെല്ലാം കെട്ടാനുള്ള അധികാരം ദൈവം നമുക്ക് നൽകുന്നു. ദൈവത്തിന്റെ ശക്തിയാൽ നാം പറയുന്നതെന്തും അവൻ നിറവേറ്റിതരും. ഇതാണ് നാം വായിക്കുന്നത്, "നിങ്ങൾ എന്റെ നാമത്തിൽ എന്നോടു അപേക്ഷിക്കുന്നതു ഒക്കെയും ഞാൻ ചെയ്തുതരും." രാജ്യത്തിന്റെ താക്കോലുകൾ നാം കൈവശം വയ്ക്കുമ്പോൾ, നമുക്ക് അധികാരമുണ്ട്. യേശുവിന്റെ നാമത്തിൽ നാം അപേക്ഷിക്കുമ്പോൾ, അവൻ അത് ചെയ്യും.

മൂന്നാമതായി, ഈ താക്കോൽ നമുക്ക് ഉൾക്കാഴ്ച നൽകുന്നു. നമ്മുടെ സ്വന്തം ജഡത്തിലൂടെ, നമ്മുടെ സ്വന്തം മനസ്സിലൂടെ നോക്കുമ്പോൾ, അസാധ്യമായത് മാത്രമേ നമുക്ക് കാണാൻ കഴിയൂ. ഒരു സാഹചര്യത്തിൽ കുടുങ്ങിക്കിടക്കുമ്പോൾ, അടുത്തത് എന്താണെന്ന് അറിയാത്തതിനാൽ നാം നിരുത്സാഹപ്പെടുന്നു. എന്നാൽ സ്വർഗ്ഗരാജ്യത്തിന്റെ താക്കോൽ ഉപയോഗിച്ച്, അപ്പുറത്തുള്ളതിനെക്കുറിച്ചുള്ള ഉൾക്കാഴ്ച, ദിവ്യ ഉൾക്കാഴ്ച, നമുക്ക് ലഭിക്കുന്നു. നിങ്ങൾ ദൈവവുമായി ബന്ധപ്പെടുമ്പോൾ ദൈവം നിങ്ങൾക്ക് കാര്യങ്ങൾ വെളിപ്പെടുത്തും. "നീ മിശിഹാ ആകുന്നു" എന്ന് പത്രൊസ് പറഞ്ഞപ്പോൾ, അത് ജഡരക്തങ്ങൾ അല്ല, സ്വർഗ്ഗസ്ഥനായ പിതാവിനാൽ  വെളിപ്പെടുത്തപ്പെട്ടു എന്ന് പറഞ്ഞു. അത് ദൈവിക ഉൾക്കാഴ്ചയായിരുന്നു.

ആകയാൽ, സ്വർഗ്ഗരാജ്യത്തിലേക്കും ദൈവികകാര്യങ്ങളിലേക്കുമുള്ള ഈ താക്കോലുകൾ നമുക്ക് എങ്ങനെ ലഭിക്കും? ദൈവത്തിൽ ആശ്രയിക്കുക. അവൻ ആരാണെന്ന് അംഗീകരിക്കുക. അവനുമായി ബന്ധപ്പെടുക. ദൈവവുമായുള്ള നിങ്ങളുടെ നടത്തത്തിൽ ആത്മാർത്ഥത പുലർത്തുക. നിങ്ങളുടെ ജീവിതത്തിൽ നീതിമാനും വിശുദ്ധനുമായിരിക്കുക. ദൈവത്തിന്റെ കൽപ്പന പാലിക്കുക, അവൻ നിങ്ങൾക്ക് സ്വർഗ്ഗരാജ്യത്തിന്റെ താക്കോലുകൾ നൽകും. നിങ്ങളുടെ ജീവിതത്തിൽ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് അറിയാൻ നിങ്ങൾക്ക് വിശക്കുന്നുണ്ടോ? അടുത്തത് എന്താണെന്ന് അറിയാനും നിങ്ങളുടെ കണ്ണുകൾക്ക് കാണാൻ കഴിയുന്നതിനപ്പുറം എന്താണ് കിടക്കുന്നതെന്ന് അറിയാനും നിങ്ങൾക്ക് വിശക്കുന്നുണ്ടോ? എങ്കിൽ നിങ്ങൾക്ക് ഈ താക്കോലുകൾ ആവശ്യമാണ്. നിങ്ങൾക്ക് അവ ലഭിക്കുമ്പോൾ, ദൈവം നിങ്ങൾക്ക് എല്ലാം വെളിപ്പെടുത്തും. നിങ്ങളുടെ സ്വന്തം ജീവിതത്തിനുള്ളത് മാത്രമല്ല, സ്വർഗ്ഗരാജ്യത്തെക്കുറിച്ചുള്ള പ്രവേശനവും അധികാരവും ദർശനവും നിങ്ങൾക്ക് ലഭിക്കും. മറ്റുള്ളവർക്കായി സ്വർഗ്ഗരാജ്യത്തിന്റെ വാതിലുകൾ തുറക്കാനും, സുവിശേഷം പങ്കുവയ്ക്കാനും, ദൈവത്തിന്റെ പദ്ധതികൾ അവരുടെ ജീവിതത്തിലേക്ക് കൊണ്ടുവരാനും ദൈവം നിങ്ങൾക്ക് അധികാരം നൽകുന്നു. എത്ര ശക്തമായ ഒരു ദാനം!

PRAYER:
പ്രിയ കർത്താവേ, അങ്ങയുടെ രാജ്യത്തിന്റെ താക്കോലിന്റെ വാഗ്‌ദത്തത്തിന് നന്ദി. ജീവനുള്ള ദൈവത്തിൻറെ പുത്രനായ മിശിഹയായി ഞാൻ യേശുവിനെ അംഗീകരിക്കുന്നു. അങ്ങയുടെ ദിവ്യ സാന്നിധ്യത്തിലേക്കും അങ്ങയുടെ വിശുദ്ധ പാതകളിലേക്കും എനിക്ക് പ്രവേശനം നൽകേണമേ. തിന്മയെ പരാജയപ്പെടുത്താനും ഭൂമിയിൽ അങ്ങയുടെ ഇഷ്ടം സ്വതന്ത്രമാക്കാനുമുള്ള അധികാരം എന്നിൽ നിറയ്‌ക്കേണമേ. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്ന ഓരോ വാക്കും സ്വർഗ്ഗീയ ശക്തി വഹിക്കട്ടെ. കർത്താവേ, അപ്പുറം കാണാനും അങ്ങയുടെ ആത്മാവിനാൽ മനസ്സിലാക്കാനും എന്റെ കണ്ണുകൾ തുറക്കണമേ. എന്റെ സ്വന്തം ദർശനം നഷ്ടപ്പെടുമ്പോൾ എനിക്ക് ദിവ്യമായ ഉൾക്കാഴ്ച നൽകണമേ. മറ്റുള്ളവർക്കായി അങ്ങയുടെ രാജ്യം തുറന്നുകൊടുക്കാനും, അവരെ അങ്ങയുടെ സത്യത്തിലേക്ക് കൊണ്ടുവരാനും എന്നെ ഉപയോഗിക്കണമേ. എന്നെ എപ്പോഴും അങ്ങയോട് ബന്ധിപ്പിച്ച്, ആത്മാർത്ഥതയോടെ, വിശുദ്ധിയോടെ, വിശ്വസ്തതയോടെ നിലനിർത്തണമേ. യേശുവിന്റെ നാമത്തിൽ, ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.