സങ്കീർത്തനം 36:9 പറയുന്നു, “നിന്റെ പക്കൽ ജീവന്റെ ഉറവുണ്ടല്ലോ; നിന്റെ പ്രകാശത്തിൽ ഞങ്ങൾ പ്രകാശം കാണുന്നു.” സകല അനുഗ്രഹങ്ങളുടെയും ഉറവിടവും ജീവൻ നൽകുന്നവനുമാണ് ദൈവം. അവനില്ലാതെ യഥാർത്ഥ സന്തോഷമോ സമാധാനമോ ഇല്ല. യോഹന്നാൻ 10:10-ൽ യേശു ഇത് സ്ഥിരീകരിക്കുന്നു, "അവർക്കു ജീവൻ ഉണ്ടാകുവാനും സമൃദ്ധിയായിട്ടു ഉണ്ടാകുവാനും അത്രേ ഞാൻ വന്നിരിക്കുന്നതു." അവൻ നല്കുന്ന ജീവൻ ശരീരത്തിന്റെ നിലനിൽപ്പു മാത്രമല്ല; ദൈവസാന്നിധ്യത്തിൽ നിന്നു ഒഴുകിയെത്തുന്ന സമൃദ്ധവും തൃപ്തികരവും നിത്യവുമായ ജീവൻ തന്നെയാണ്. അവൻ തന്നെയാണ് “ജീവന്റെ അപ്പം” (യോഹന്നാൻ 6:35), “വഴിയും, സത്യവും, ജീവനുമാകുന്നവൻ” (യോഹന്നാൻ 14:6). അവൻ നമ്മുടെ ആത്മാവിൽ ഉണ്ടെങ്കിൽ, നാം യഥാർത്ഥ ജീവിതം അനുഭവിക്കുന്നു, എന്നാൽ അവനില്ലാതെ, ഒരു മനുഷ്യൻ ലോകം മുഴുവൻ നേടിയാലും, അവന്റെ ആത്മാവ് നഷ്ടപ്പെടും (മർക്കൊസ് 8:36). പ്രിയ സുഹൃത്തേ, യേശുവിന് മാത്രമേ തന്റെ ജീവജലം കൊണ്ട് നിങ്ങളുടെ ഹൃദയത്തിന്റെ ദാഹം ശമിപ്പിക്കാൻ കഴിയൂ.

അതുകൊണ്ടാണ് യേശു യോഹന്നാൻ 4:14-ൽ ഇപ്രകാരം പറഞ്ഞത്, "ഞാൻ കൊടുക്കുന്ന വെള്ളം അവനിൽ നിത്യജീവങ്കലേക്കു പൊങ്ങിവരുന്ന നീരുറവായിത്തീരും.” ഒരു ഉറവ നിരന്തരം ഉയർന്നു പൊങ്ങുന്നതുപോലെ, നമ്മുടെ ഉള്ളിലെ ക്രിസ്തുവിന്റെ ജീവൻ നമ്മെ സന്തോഷവും സമാധാനവും കൊണ്ട് നിറച്ച്, കവിഞ്ഞൊഴുകുന്നു. യേശുവില്ലാതെ, ജനങ്ങൾ പാപത്തിന്റെ ഭാരം മൂലം തകർക്കപ്പെടുന്നു, എന്നാൽ ആത്മാവിലൂടെ വീണ്ടും ജനിക്കുമ്പോൾ (യോഹന്നാൻ 3:3,8) നാം ദൈവരാജ്യത്തിൽ പ്രവേശിക്കുന്നു. പരിശുദ്ധാത്മാവ് ദൈവസാന്നിധ്യത്താൽ നമ്മെ നിറയ്ക്കുകയും അവന്റെ സ്നേഹത്താൽ നാം കവിഞ്ഞൊഴുകുകയും ചെയ്യുന്നു. പ്രിയ സുഹൃത്തെ, നിങ്ങൾ അപേക്ഷിക്കുന്നുവെങ്കിൽ ഇന്നുതന്നെ കർത്താവു നിങ്ങളെ തന്റെ ആത്മാവിനാൽ നിറയ്ക്കുവാൻ സന്നദ്ധനാണ്. വിളക്കുകളിൽ എണ്ണയുമായി തയ്യാറായിരുന്ന അഞ്ച് ബുദ്ധിയുള്ള കന്യകമാരെക്കുറിച്ച് വേദപുസ്തകം നമ്മെ ഓർമ്മിപ്പിക്കുന്നു. എണ്ണ പരിശുദ്ധാത്മാവിനെ പ്രതിനിധീകരിക്കുന്നു. എണ്ണ നിറച്ചവർക്ക് മാത്രമേ മണവാളനെ കാണാൻ കഴിയൂ. അതുപോലെ, യേശു വീണ്ടും വരുമ്പോൾ അവനെ കണ്ടുമുട്ടാൻ നിങ്ങളും ഞാനും ആത്മാവിനാൽ നിറഞ്ഞിരിക്കണം.

അതുകൊണ്ട് നിങ്ങൾ ഇപ്പോൾ ആയിരിക്കുന്നതുപോലെ വരിക. ഒരുപക്ഷേ നിങ്ങൾക്ക് അയോഗ്യത തോന്നിയേക്കാം, ഒരുപക്ഷേ നിങ്ങൾ പാപവുമായി മല്ലിടുന്നുണ്ടാകാം, പക്ഷേ യേശു നിങ്ങൾക്കായി കാത്തിരിക്കുകയാണ്. "ഞാൻ സകലജഡത്തിന്മേലും എന്റെ ആത്മാവിനെ പകരും" എന്ന് അന്ത്യനാളുകളിൽ അവൻ വാഗ്ദാനം ചെയ്യുന്നു (യോവേൽ 2:28). അവൻ മുഖപക്ഷമില്ലാത്തവനാണ്, അവനെ വിളിച്ചപേക്ഷിക്കുന്ന ഏവർക്കും അവന്റെ ആത്മാവിനെ പ്രാപിക്കാൻ കഴിയും. ഇന്ന് രക്ഷയുടെ ദിവസമാണ്. താമസിക്കരുത്. "കർത്താവേ, അങ്ങയുടെ ആത്മാവിനാൽ എന്നെ നിറയ്ക്കണമേ. അങ്ങയുടെ വരവിനായി എന്നെ ഒരുക്കേണമേ" എന്ന് അവനോട് നിലവിളിക്കുക. അവൻ ജീവന്റെ ഉറവയും, ജീവന്റെ അപ്പവും, ജീവൻ തന്നെയുമാണ്. നിങ്ങൾ നിങ്ങളുടെ ഹൃദയം തുറക്കുകയാണെങ്കിൽ, അവൻ പ്രവേശിക്കുകയും ഇവിടെ മാത്രമല്ല, നിത്യതയിലും നിങ്ങൾക്ക് ജീവൻ നൽകുകയും ചെയ്യും. പ്രിയ സുഹൃത്തേ, മണവാളൻ വരുമ്പോൾ നിങ്ങൾ അവനെ എതിരേൽക്കാൻ ഒരുങ്ങിയിരിക്കുകയും അളവറ്റ സന്തോഷം കൊണ്ട് നിറഞ്ഞിരിക്കുകയും ചെയ്യട്ടെ.

PRAYER:
സ്വർഗ്ഗീയ പിതാവേ, ജീവന്റെ ഉറവിടമായതിന് ഞാൻ അങ്ങേക്ക് നന്ദി പറയുന്നു. കർത്താവായ യേശുവേ, അങ്ങ് ജീവന്റെ അപ്പമാണ്, അതിനാൽ ഇന്ന് എന്റെ ആത്മാവിനെ പോഷിപ്പിക്കേണമേ. അങ്ങയുടെ പരിശുദ്ധാത്മാവിനാൽ എന്നെ നിറയ്ക്കുകയും എന്നെ പുതിയവളാക്കുകയും ചെയ്യണമേ. എന്റെ പാപങ്ങളിൽ നിന്ന് എന്നെ കഴുകി നിർമ്മലമായ ഒരു ഹൃദയം എനിക്ക് നൽകേണമേ. അങ്ങ് വീണ്ടും വരുമ്പോൾ ഒരുങ്ങിയിരിക്കാൻ എന്നെ സഹായിക്കണമേ. എന്റെ ജീവിതത്തിൽ നിന്ന് എല്ലാ പാപഭാരവും നീക്കേണമേ. അങ്ങയുടെ സാന്നിധ്യത്തിൽ ഞാൻ സന്തോഷത്താലും സമാധാനത്താലും കവിഞ്ഞൊഴുകട്ടെ. എന്റെ കുടുംബത്തെയും സുഹൃത്തുകളെയും അങ്ങയുടെ ആത്മാവിനാൽ അനുഗ്രഹിക്കേണമേ. ഞാൻ അങ്ങയെ മുഖാമുഖം കാണുന്ന ദിവസം വരെ എന്നെ വിശ്വസ്തയോടെ നിലനിർത്തേണമേ. യേശുവിന്റെ മഹത്തായ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.